അജയൻ
ചോറിന്‍റെ പാകമറിയാൻ അരിമണി ഒരെണ്ണം എടുത്തു നോക്കിയാൽ മതി. കേരള സർക്കാരിന്‍റെ ചോറ്റുകലത്തിൽനിന്നെടുത്തു നോക്കുന്ന ആ അരിയുടെ പേരാണ് സജി ചെറിയാൻ, സാംസ്കാരിക വകുപ്പ് മന്ത്രി. പാർട്ടിയെയും സർക്കാരിനെയും ഒരു പോലെ പ്രതിരോധത്തിലാക്കുന്ന വിവാദ പ്രസ്താവനകൾ നടത്തുന്നതിൽ അസാമാന്യ വൈഭവം പ്രകടിപ്പിക്കുന്ന ഈ അരിമണിക്ക് സർക്കാരിന്‍റെയും പാർട്ടിയുടെയും പിന്തുണ നിർലോപം തുടരുകയും ചെയ്യുന്നു. കൂട്ടുത്തരവാദിത്വത്തിന്‍റെ പ്രതീകമല്ല ഈയൊരു മന്ത്രിയെങ്കിൽ അങ്ങനെയൊരു നിരുപാധിക പിന്തുണയ്ക്ക് പ്രസക്തിയില്ലല്ലോ!
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ക്രൈസ്തവ സഭാ നേതാക്കളാണ് ഇക്കുറി മന്ത്രിയുടെ അസംബന്ധ ആക്രമണത്തിന് ഇരകളായത്. മണിപ്പൂർ അക്രമത്തിന്‍റെ കാര്യത്തിൽ നിശബദ്ത പാലിച്ച സഭാ നേതാക്കൾ പ്രധാനമന്ത്രിയുടെ വിരുന്നിൽ കേക്കും വീഞ്ഞും കഴിച്ച് രോമാഞ്ചമണിഞ്ഞെന്ന മട്ടിലായിരുന്നു പ്രസ്താവന. ന്യൂനപക്ഷ വോട്ടുകൾ സമാഹരിക്കുന്നതിനാണ് പ്രധാനമന്ത്രി ക്രിസ്ത്യൻ നേതാക്കളെ വിരുന്നിനു വിളിച്ചതെന്നു കൂടി പറഞ്ഞുവയ്ക്കുക മാത്രമല്ല, ''ഒരു ഓട്ടോ റിക്ഷയിൽ കൊള്ളാനുള്ള ആളുകൾ മാത്രമാണ് ക്രിസ്ത്യൻ ന്യൂനപക്ഷം'' എന്നു കൂട്ടിച്ചേർക്കുകയും ചെയ്തു. പക്ഷേ, ഒരുകാലത്ത് രാജ്യമാകെ വ്യാപിച്ചു കിടന്ന അദ്ദേഹത്തിന്‍റെ പാർട്ടി ഇന്നെങ്ങനെയാണ് കേരളത്തിലേക്കൊതുങ്ങിയ ന്യൂനപക്ഷമായതെന്ന് ആരും അദ്ദേഹത്തോടു ചോദിച്ചില്ല.
വിവാദ പ്രസ്താവനയുടെ കാര്യത്തിൽ മുഖ്യമന്ത്രിയുടെ പിന്തുണ തുടക്കത്തിൽ കിട്ടിയെങ്കിലും, സഭാ നേതാക്കൾ പ്രതിഷേധസ്വരമുയർത്തിയതോടെ കാര്യങ്ങൾ കൈവിട്ടു പോകുമെന്നായി. സജി ചെറിയാൻ പ്രസ്താവന പിൻവലിക്കുന്നതുവരെ ക്രിസ്ത്യാനികൾ സർക്കാരിനോടു സഹകരിക്കില്ലെന്നും അവരിലൊരാൾ പ്രഖ്യാപിച്ചു. ഇതെത്തുടർന്ന് മന്ത്രി വാർത്താസമ്മേളനം വിളിച്ച് 'വീഞ്ഞും കേക്കും രോമാഞ്ചവും' പ്രസ്താവന പിൻവലിച്ച ശേഷമാണ് മുഖ്യമന്ത്രി നടത്തിയ വിരുന്നിൽ സഭാ നേതാക്കൾ പങ്കെടുത്തത്. വിവാദ ഭാഗം പിൻവലിച്ചെങ്കിലും രാഷ്‌ട്രീയ നിലപാടിൽ ഉറച്ചു നിൽക്കുന്നതായി മന്ത്രി വാർത്താ സമ്മേളനത്തിൽ ആവർത്തിച്ചിരുന്നു.
2018ലെ പ്രളയകാലത്ത് ചെങ്ങന്നൂരിൽ നടത്തിയ നിലവിളിയിലൂടെയാണ് സജി ചെറിയാൻ കേരളമാകെ ശ്രദ്ധിക്കപ്പെടുന്നത്. അന്ന് സർക്കാർ സംവിധാനത്തെ കുറ്റപ്പെടുത്തുന്ന വിധത്തിൽ സംസാരിച്ച എംഎൽഎ മന്ത്രിയായപ്പോൾ അതൊക്കെ വിഴുങ്ങി. പിന്നീട് ഭരണഘടനയെക്കുറിച്ചുള്ള 'കുന്തം കുടച്ചക്രം' പ്രസ്താവനകൾ അടക്കം അദ്ദേഹം വിവാദങ്ങളിൽ നിറഞ്ഞു തന്നെ നിന്നു. ഇടക്കാലത്ത് മന്ത്രിസ്ഥാനം വരെ നഷ്ടമായി.
സിപിഎം നേതാക്കൾക്കും സ്വന്തം മാതാപിതാക്കൾക്കുമെതിരേ ആരോപണം ഉന്നയിച്ച അനുപമ ചന്ദ്രൻ എന്ന യുവതിയെ അവഹേളിച്ചു സംസാരിച്ചതിനും സജി ചെറിയാൻ കുടുക്കിലായിട്ടുണ്ട്. കെ-റെയിൽ പ്രക്ഷോഭം കത്തിനിന്ന കാലത്ത്, പദ്ധതിക്ക് ബഫർ സോൺ ഇല്ലെന്ന വിഡ്ഢിത്തം വിളമ്പിയും മന്ത്രി ആളായി. അന്നത്തെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പിറ്റേന്ന് ഇതു തിരുത്തിയപ്പോൾ ഒരു മടിയുമില്ലാതെ അംഗീകരിക്കുകയും ചെയ്തു മന്ത്രി.
കനാൽ നിർമിച്ചില്ലെങ്കിൽ നെൽ കൃഷി നടക്കില്ലെന്നു കർഷകർ പരാതി പറഞ്ഞ വേദിയിൽ, കൃഷി മന്ത്രിയെ സാക്ഷി നിർത്തി സജി ചെറിയാൻ നൽകിയ വിദഗ്ധോപദേശം, നിങ്ങൾ കൃഷി ചെയ്യണമെന്നു നിർബന്ധമില്ലെന്നും, ചെയ്തില്ലെങ്കിൽ അയൽ സംസ്ഥാനങ്ങളിൽനിന്ന് അരി വാങ്ങുമെന്നുമായിരുന്നു. കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും സമര പോരാട്ടങ്ങളുമായി ഇഴചേർന്നു കിടക്കുന്ന സ്വന്തം പാർട്ടിയുടെ വേരുകളെക്കുറിച്ചുള്ള അറിവില്ലായ്മയോ മറവിയോ ആകാം മന്ത്രിയെക്കൊണ്ട് ഇതു പറയിച്ചത്.
ഇങ്ങനെയൊരു മന്ത്രിയെ തിരുത്താൻ മുഖ്യമന്ത്രിയോ സർക്കാരോ പാർട്ടിയോ ശ്രമിക്കുന്നില്ലെന്നു മാത്രമല്ല, ആവും വിധം സംരക്ഷിക്കുകയും ചെയ്യുന്നതാണു കണ്ടുവരുന്നത്. കേരളത്തിന്‍റെ സംസ്കാരം പോഷിപ്പിക്കാൻ നിയുക്തമായ വകുപ്പിന്‍റെ മന്ത്രി അസംബന്ധ നാടകങ്ങളുടെ ആചാര്യസ്ഥാനത്താണ് ഇരിപ്പുറപ്പിക്കുന്നത്.