അവന് ഇനി ഏതു പാളയം ?? | ജ്യോത്സ്യന്‍

രാഷ്‌ട്രീയത്തിൽ പ്രത്യേക ശത്രുവോ മിത്രമോ ഇല്ല.
special story pv anwar
അവന് ഇനി ഏതു പാളയം ?? | ജ്യോത്സ്യന്‍
Updated on

കൊട്ടാര വിപ്ലവം ചായക്കോപ്പയിലെ കൊടുങ്കാറ്റാണെന്ന് പലപ്പോഴും കളിയാക്കാറുണ്ട്. അധികാര കേന്ദ്രങ്ങളിൽ ഉണ്ടാകുന്ന കോളിളക്കങ്ങളും തുടർന്നുള്ള അധികാര മാറ്റങ്ങളും തകർച്ചകളുമാണ് രാഷ്‌ട്രീയത്തിൽ ഇതുകൊണ്ടുദ്ദേശിക്കുന്നത്.

ഇടതുമുന്നണിയുടെ പിന്തുണയോടെ നിലമ്പൂരിൽ നിന്ന് വിജയിച്ച പി.വി. അൻവർ എംഎൽഎ ഇപ്പോൾ മുഖ്യമന്ത്രിക്കും ഇടതുമുന്നണിക്കും വലിയ തലവേദനയായി മാറിയിരിക്കുന്നു. തലവേദന എത്ര നാൾ തുടരുമെന്നാണ് ജനത്തിന് അറിയേണ്ടത്. മുഖ്യമന്ത്രി, സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എം.വി.ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവരുടെ വാക്കുകൾ വായിച്ചു നോക്കിയാൽ അൻവറിന് ഇനി ഇടതുപാളയത്തിൽ ഇടമില്ലെന്ന് കാണാം. പിന്നെ എങ്ങോട്ടെന്നാണ് അറിയേണ്ടത്.

യുഡിഎഫിലേക്ക് ചേക്കേറണമെങ്കിൽ ധാരാളം കടമ്പകളുണ്ട്. അതിലൊന്ന് മുസ്‌ലിം ലീഗിന്‍റെ ആസ്ഥാനമായ മലപ്പുറം പാണക്കാട്ടു നിന്നുള്ള പ്രതികരണമാണ്. യുദ്ധത്തിലും പ്രേമത്തിലും നിശ്ചിത സഞ്ചാര പാതകൾ ഇല്ലെന്നും ഏതു വഴിയിലൂടെയും ഇത്തരക്കാർക്ക് സഞ്ചരിക്കാം എന്നും പലപ്പോഴും പറയാറുണ്ടെങ്കിലും, തന്‍റെ പിതാമഹന്മാർ കൈയിലേന്തി ത്രിവർണ പതാക ഉപേക്ഷിച്ച് വലതു മുന്നണിയിൽ നിന്ന് ഇടതു മുന്നണിയിലേക്ക് ചേക്കേറി ചെങ്കൊടിയേന്തിയ അൻവറിന് ഇനി പുതിയൊരു പതാകയുമായി മുന്നോട്ടു പോകാനാവില്ല. കോഴിക്കോട്ടും മലപ്പുറത്തും ഇപ്പോൾ ഓടിക്കൂടിയ ജനം നാളെ കൂടെയുണ്ടാകുമോയെന്ന് പരിശോധിക്കണം. കാരണം ഓശാന പാടി ഒലിവ് ചില്ലകൾ കുലുക്കി, യെരൂശലേം ദേവാലയത്തിലേക്ക് ആവേശത്തോടെ യേശുക്രിസ്തുവിനെ എതിരേറ്റ അതേ ജനം തന്നെ ഇവനെ ക്രൂശിക്കുക, ബറാബസിനെ വിട്ടുതരിക എന്ന് വിളിച്ചു കൂവി. ബൈബിളിലെ പ്രധാനപ്പെട്ട ഈ സംഭവം മനുഷ്യരുടെ ചിന്തയ്ക്ക് എപ്പോഴും ഇടം നൽകുന്ന സന്ദർഭം കൂടിയാണ്.

ഇന്ത്യയുടെ ഉരുക്കു വനിത എന്ന് അഭിനന്ദിച്ച ഇന്ദിര ഗാന്ധിയെ രാക്ഷസി എന്ന് വിളിച്ചതും ഇത്തരത്തിൽ ഓർക്കേണ്ടതാണ്. കേരളത്തിൽ ആർ. ശങ്കർ മുഖ്യമന്ത്രിയാകാതിരിക്കാൻ പട്ടം താണുപിള്ളയെ മുഖ്യമന്ത്രിയാക്കിയവർ തന്നെ പിന്നീട് അദ്ദേഹത്തെ ആന്ധ്ര ഗവർണറാക്കി നാടുകടത്തി. തുടർന്നുവന്ന ആർ. ശങ്കർ മന്ത്രിസഭ അധികനാൾ അധികാരത്തിലിരുന്നില്ല.

ഏതാണ്ട് അതേ രാഷ്‌ട്രീയ മുന്നേറ്റമാണ് കേരളത്തിൽ ഇപ്പോൾ നടക്കുന്നത്. യുഡിഎഫും എൽഡിഎഫും മാറിമാറി അധികാരത്തിൽ വന്നിരുന്ന കേരളത്തിൽ ഒന്നിന് പുറകെ ഒന്നായി രണ്ട് ടേമുകൾ അധികാരത്തിലേറി പിണറായി വിജയൻ ചെങ്കൊടി പാറിച്ചു. സൂര്യപ്രഭയോടെ പിണറായിയെ കണ്ടിരുന്നവർ പിന്നീട് സൂര്യഗ്രഹണത്തിന് കോപ്പുകൂട്ടി. രാഷ്‌ട്രീയത്തിൽ പ്രത്യേക ശത്രുവോ മിത്രമോ ഇല്ല. ഇടതു പാളയത്തിൽ നിന്നിരുന്ന പലരും ഒരു സുപ്രഭാതത്തിൽ വലതു മുന്നണിയിലേക്ക് എത്തിയിട്ടുണ്ട്. അതുപോലെ തിരിച്ചും. ഇനി അൻവറിന് എത്തിച്ചേരാൻ ഇനി ഏതു പാളയമാണ് ഒരുക്കി വച്ചിരിക്കുന്നതെന്നു കാത്തിരുന്നു കാണാം എന്നേ ജോത്സ്യന് പറയാനുള്ളൂ.

Trending

No stories found.

Latest News

No stories found.