മുന്നണി പാക്കെജ്..!

special story union budget 2024
മുന്നണി പാക്കെജ്..!
Updated on

നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാരിന്‍റെ ആദ്യ ബജറ്റ് വമ്പൻ പരിഷ്കാരങ്ങളോ ഗംഭീര പ്രതികരണങ്ങളോ ഉയർത്തുന്നില്ല. ആന്ധ്രയിലെയും ബിഹാറിലെയും സഖ്യകക്ഷികളുടെ സമ്മർദത്തിനു വഴങ്ങിയ ബജറ്റ് എന്നതാണ് ഇതിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്. സഖ്യകക്ഷികൾക്കു വഴങ്ങുന്ന ഇത്തരമൊരു ബജറ്റ് മോദി സർക്കാരിന് അവതരിപ്പിക്കേണ്ടിവരുന്നതും ഇതാദ്യമാണ്. കഴിഞ്ഞ 10 വർഷവും ബിജെപിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷമുണ്ടായിരുന്നതിനാൽ പ്രാദേശിക കക്ഷികളുടെ സമ്മർദങ്ങൾ നിഷ്പ്രയാസം അതിജീവിക്കാൻ കഴിയുമായിരുന്നു. ഇപ്പോൾ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും ഇടഞ്ഞാൽ പ്രശ്നമാണ് എന്നതിനാൽ തന്നെ ബിഹാറിന്‍റെയും ആന്ധ്രയുടെയും പേര് നിർമല സീതാരാമന്‍റെ ബജറ്റ് പ്രസംഗത്തിൽ പലതവണ ഉയർന്നു കേട്ടു.

വെള്ളപ്പൊക്കവും പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട് അസം, ഹിമാചൽ പ്രദേശ്, ഉത്തരഖണ്ഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളുടെ പേര് നിർമല പറയുന്നുണ്ടായിരുന്നു. ഒഡിഷയെ രാജ്യത്തെ ടൂറിസം കേന്ദ്രമാക്കുന്നതിനെക്കുറിച്ചും ധനമന്ത്രി പറയുകയുണ്ടായി. ഇതുപോലുള്ള ചില പരാമർശങ്ങൾ ഒഴിച്ചാൽ ആന്ധ്രപ്രദേശിനും ബിഹാറിനും ലഭിച്ച പരിഗണന മറ്റു സംസ്ഥാനങ്ങളെ അസൂയപ്പെടുത്തുന്നതാണ്. ബജറ്റിലെ പ്രഖ്യാപനങ്ങളിൽ നിതീഷും നായിഡുവും സംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട് എന്നത് മോദി സർക്കാരിന് ആശ്വാസകരവുമാണ്. മോദി സർക്കാർ ദുർബലമാണെന്നും ഓഗസ്റ്റിൽ തന്നെ വീണേക്കാമെന്നും ഏതാനും ദിവസം മുൻപ് ലാലു പ്രസാദ് യാദവ് പറയുകയുണ്ടായി. കഴിഞ്ഞ ദിവസം കോൽക്കത്തയിൽ തൃണമുൽ കോൺഗ്രസിന്‍റെ റാലിയെ അഭിസംബോധന ചെയ്ത അഖിലേഷ് യാദവ് പ്രഖ്യാപിച്ചതും മോദി സർക്കാർ അധികകാലം നിലനിൽക്കില്ലെന്നാണ്.

പ്രതിപക്ഷത്തിന്‍റെ അത്തരം മോഹങ്ങളൊന്നും നടക്കാൻ പോകുന്നില്ലെന്നു നിതീഷിനെയും നായിഡുവിനെയും തൃപ്തിപ്പെടുത്തി ധനമന്ത്രി പറയാതെ പറയുകയാണ്. ആന്ധ്രയ്ക്കും ബിഹാറിനും പ്രത്യേക സഹായം നൽകിയതിനെ വിമർശിക്കുന്ന പ്രതിപക്ഷം നിതീഷ്, നായിഡുമാരിൽ നിന്ന് അകന്നുപോവുകയാണുണ്ടാവുക. സഖ്യകക്ഷികളെ പ്രീണിപ്പിക്കുന്ന ബജറ്റ്, കസേര സംരക്ഷിക്കുന്ന ബജറ്റ് എന്നൊക്കെയാണു രാഹുൽ ഗാന്ധി ആരോപിക്കുന്നത്. അത് ആന്ധ്രയും ബിഹാറും ഭരിക്കുന്നവർക്കു സുഖിക്കുന്നതാവില്ല. നേരത്തേ, കേന്ദ്ര മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചകളിൽ തങ്ങളുടെ സഹായങ്ങൾക്കു "പ്രത്യേക സഹായം' കിട്ടുന്നതിന് നിതീഷും നായിഡുവും ആവശ്യമുന്നയിച്ചിരുന്നു. ബജറ്റിനു മുൻപുള്ള ചർച്ചകളിൽ അവർ മുന്നോട്ടുവച്ച നിർദേശങ്ങൾ പരിഗണിച്ചാണ് സഹായപദ്ധതികൾ പ്രഖ്യാപിച്ചിട്ടുള്ളത്. പൊതുതെരഞ്ഞെടുപ്പിനു തൊട്ടുമുൻപാണ് ജെഡിയുവും തെലുങ്കുദേശവും എൻഡിഎയിൽ ചേർന്നത്. ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച് വിശാല സഖ്യത്തിന്‍റെ സർക്കാരുണ്ടാക്കിയിരുന്ന നിതീഷ് പെട്ടെന്നു ചുവടുമാറി വീണ്ടും ബിജെപിയോടു ചേരുകയായിരുന്നു. സർക്കാരുണ്ടാക്കിയാൽ പ്രത്യേക സഹായം ലഭിക്കണമെന്ന ആവശ്യം സഖ്യകക്ഷികളാവുമ്പോൾ തന്നെ ഇരു പാർട്ടികളും മുന്നോട്ടുവച്ചിട്ടുണ്ടാവാം. ബിജെപിക്കു തനിച്ച് ഭൂരിപക്ഷമില്ലാതാവുക കൂടി ചെയ്തപ്പോൾ ര‍ണ്ടു നേതാക്കളുടെയും ആവശ്യത്തിന് കരുത്തു കൂടുകയും ചെയ്തു.

എക്സ്പ്രസ് വേകൾ, ഹൈവേ വികസനത്തിന് 26,000 കോടി, മെഡിക്കൽ കോളെജ്, പവർ പ്ലാന്‍റ്, പൂർവോദയ പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള വികസനം, പ്രളയദുരിതം നേരിടാൻ 11,500 കോടി എന്നിങ്ങനെ നിരവധി പദ്ധതികളാണു ബിഹാറിന്. ആന്ധ്രയിൽ തലസ്ഥാന നിർമിതിക്ക് 15,000 കോടിയുണ്ട്. ഹൈദരാബാദ്- ബംഗളൂരു വ്യവസായ ഇടനാഴി വളരെ പ്രാധാന്യമുള്ള പ്രഖ്യാപനമാണ്. റെയ്‌ൽവേ, റോഡ് അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കുള്ള സഹായവും കർഷകർക്കുള്ള പ്രത്യേക സഹായവും ആന്ധ്രയ്ക്കു ലഭിക്കും. കേരളവും തമിഴ്നാടും അടക്കം പല സംസ്ഥാനങ്ങളും യാതൊരു പരാമർശവുമില്ലാതെ ഒതുങ്ങിപ്പോയപ്പോഴാണ് ഈ രണ്ടു സംസ്ഥാനങ്ങളുടെ പേര് നിറഞ്ഞുനിന്നത്. രാഷ്‌ട്രീയം മാറ്റിനിർത്തിയാൽ, വൻ പ്രഖ്യാപനങ്ങൾ ഇല്ലെങ്കിലും മോദി സർക്കാരിന്‍റെ നയത്തുടർച്ച ബജറ്റിൽ കാണാനുണ്ട്. ഉന്നത വിദ്യാഭ്യാസം, നൈപുണ്യ വികസനം, ചെറുകിട ഇടത്തരം സംരംഭങ്ങൾക്കുള്ള സഹായം തുടങ്ങിയവയിലെ ഫോക്കസ് ശ്രദ്ധേയമാണ്. തൊഴിൽ സാധ്യതകൾ വർധിപ്പിക്കാനും ചില ശ്രമങ്ങൾ ബജറ്റിലുണ്ട്. യുവാക്കൾക്ക് ഈ ബജറ്റ് പ്രാധാന്യം നൽകുന്നുവെന്നു പലരും ചൂണ്ടിക്കാണിക്കുന്നതും അതുകൊണ്ടാണ്. ടൂറിസം വികസനത്തിനു ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള പ്രാധാന്യവും വ്യവസായികൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒരുകോടി യുവാക്കൾക്ക് കോർപ്പറേറ്റ് ഇന്‍റേൺഷിപ്പ് ലഭ്യമാക്കാനുള്ള പദ്ധതി ഫലപ്രദമായി നടപ്പാക്കാൻ കഴിയേണ്ടതാണ്. വിദ്യാഭ്യാസവും വ്യാവസായിക തൊഴിലും തമ്മിലുള്ള അന്തരം കുറയ്ക്കാൻ ഇത്തരം പദ്ധതികൾ അത്യാവശ്യം. ചെറുകിട- ഇടത്തരം- സൂക്ഷ്മ സംരംഭങ്ങൾക്ക് ഈടില്ലാതെ വായ്പ നൽകുന്നത് ഈ മേഖലയുടെ ആത്മവിശ്വാസം ഉയർത്തും. മുദ്ര വായ്പാ പരിധി 20 ലക്ഷം രൂപയാക്കിയതും എടുത്തുപറയേണ്ടതാണ്. ഏഞ്ചൽ നികുതി റദ്ദാക്കിയത് തീർച്ചയായും സ്റ്റാർട്ടപ്പുകളെ തുണയ്ക്കും. ആദായ നികുതിയിൽ ഇപ്പോൾ പ്രഖ്യാപിച്ച ഇളവുകൾക്കപ്പുറത്ത് നിയമത്തിന്‍റെ സമഗ്രമായ പരിശോധനയും വരാനിരിക്കുകയാണ്. തർക്കങ്ങളും വ്യവഹാരങ്ങളുമൊക്കെ കുറയ്ക്കാനുള്ള നടപടികൾ ഉണ്ടാവുമെന്നാണ് ധനമന്ത്രി അവകാശപ്പെടുന്നത്. ആദായ നികുതി റിട്ടേൺ വൈകിയാൽ ക്രിമിനൽ നടപടി സ്വീകരിക്കില്ലെന്ന പ്രഖ്യാപനം പൊതുവേ സ്വാഗതം ചെയ്യപ്പെടും.

Trending

No stories found.

Latest News

No stories found.