നുണ കോർത്തണിഞ്ഞ രക്തഹാരങ്ങൾ

''നിരന്തരം നുണ പറയുന്നത് ജനങ്ങളെ അതു വിശ്വസിപ്പിക്കാനല്ല, മറിച്ച്, ഇനിയൊരിക്കലും ഒന്നും വിശ്വസിക്കില്ലെന്ന് ഉറപ്പാക്കാനാണ്'': ജർമൻ തത്വചിന്തക ഹന്ന ആറന്‍റ്
Left out with resounding message
നുണ കോർത്തണിഞ്ഞ രക്തഹാരങ്ങൾMetro Vaartha
Updated on

അജയൻ

മുത്തശ്ശിക്കഥകളെ വെല്ലുന്നിടത്തോളം ഭാവന‌ാവിലാസം തുളുമ്പുന്ന നുണകളാണ് അടുത്ത കാലത്തായി കേരളം കേട്ടുകൊണ്ടിരിക്കുന്നത്. നവീൻ ബാബുവിന്‍റെ മരണം മുതൽ തൃശൂർ പൂരം അലങ്കോലമായിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വെളിപാട് വരെ (പൂരം കലങ്ങിയെന്നതൊക്കെ മറ്റുള്ളവരുടെ വെറും തോന്നൽ മാത്രം) നീളുന്നതാണ് ഇവയിൽ ഏറ്റവും പുതിയവ. ബദൽ വസ്തുതകളുടെ അണമുറിയാത്ത പ്രവാഹത്തിൽ പ്രതിഷേധിക്കാൻ പോലും മറന്ന് അന്തംവിട്ട് നിൽക്കുന്നു പൊതുജനം!

നവീൻ ബാബുവിന്‍റെ കുടുംബത്തിനൊപ്പം നിൽക്കും എന്നത് ഭരണവർഗത്തിന്‍റെ കണ്ണീരിൽ മുക്കിയെടുത്ത ഉറപ്പായിരുന്നു. പക്ഷേ, ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട പ്രതിയെ സംരക്ഷിച്ചു നിർത്തുന്നതും അവർ തന്നെ. കണ്ണൂർ ജില്ലാ പഞ്ചായത്തിന്‍റെ മുൻ പ്രസിഡന്‍റ് പി.പി. ദിവ്യയെ അറസ്റ്റ് ചെയ്യുമോ? ബുദ്ധിമുട്ടാണ്! ചോദ്യം ചെയ്യുമോ? ബാക്കിയുള്ളവരെയൊക്കെ ചോദ്യം ചെയ്തു കഴിഞ്ഞിട്ട് നോക്കാം. വേണ്ടപ്പെട്ടവരെ ബുദ്ധിമുട്ടിക്കാത്ത നീതിനിർവഹണത്തിന്‍റെ ആത്മസമർപ്പണം!

മുഖ്യമന്ത്രി പിണറായി വിജയൻ പതിവ് മൗനത്തിന്‍റെ വത്മീകത്തിൽ ഒളിച്ച സ്ഥിതിക്ക് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനോടു ചോദിച്ചൂ നോക്കൂ, കേട്ടു തഴമ്പിച്ച സാങ്കേതിക പദങ്ങൾ വീണ്ടും വീണ്ടും പൊട്ടിവിടരുന്നതു കേൾക്കാം- ''അന്വേഷണം നടക്കട്ടെ...'', ''മുഖ്യമന്ത്രി പറഞ്ഞതു പോലെ...'', ''ഉചിതമായ സമയത്ത് ഉചിതമായ നടപടി...'' ഒടുവിൽ അടിക്കുറിപ്പ് പോലെ ആവർത്തിക്കും, ''ഞങ്ങൾ നവീൻ ബാബുവിന്‍റെ കുടുംബത്തിനൊപ്പം നിൽക്കുന്നു.'' ഉചിതമായ സമയമെന്ന് പാർട്ടി സെക്രട്ടറി പറയുന്ന സമയം എത്ര അനുചിതമായിരിക്കുമെന്ന് സിപിഎം അനുഭാവികൾ അടക്കമുള്ള പൊതുജനങ്ങൾ ഇപ്പോൾ നന്നായി മനസിലാക്കിത്തുടങ്ങിയിരിക്കുന്നു.

അഴിമതി തുടച്ചുനീക്കുമെന്നും ഓരോ ഫയലിലും ഓരോ ജീവിതമാണെന്നുമൊക്കെയുള്ള പഴയ മാസ് ഡയലോഗുകൾ ഉയർത്തിക്കാട്ടി, ഉദ്യോഗസ്ഥ അഴിമതിക്കെതിരായ പി.പി. ദിവ്യയുടെ പോരാട്ടത്തിന്‍റെ 'സദുദ്ദേശ്യത്തെ' ന്യായീകരിക്കാൻ ബുദ്ധിമുട്ടാണ്. പക്ഷേ, നവീൻ ബാബുവിന്‍റെ നാടായ പത്തനംതിട്ടയിലെ പാർട്ടി ഘടകത്തിൽ നിന്ന് ഉയർന്നുവന്ന പ്രതിഷേധത്തെ നിശബ്ദമാക്കാൻ ഇതേ 'സദുദ്ദേശ്യം' തന്നെയാണ് പാർട്ടിക്ക് തുണ. അതേ ശ്വാസത്തിൽ, നവീൻ ബാബു അഴിമതിക്കാരനായിരുന്നില്ലെന്ന് ആവർത്തിക്കാനും പാർട്ടി നിർബന്ധിതമാകുന്നു.

പെട്രോൾ പമ്പിന് അപേക്ഷിച്ച പരിയാരം മെഡിക്കൽ കോളെജ് ജീവനക്കാരന്‍റെ പരാതിയുമായി പാർട്ടിക്കു ബന്ധമില്ലെന്ന പെരുംനുണ വിശ്വസിക്കാൻ പ്രവർത്തകർ നിർബന്ധിതരായിരിക്കാം, പക്ഷേ, പൊതുജനത്തിന് അങ്ങനെയൊരു ബാധ്യതയില്ല. പെട്രോൾ പമ്പ് സ്വന്തമാക്കുന്നത് ഒരു കാഷ്വൽ ജീവിനക്കാരന് സ്വപ്നം കാണാൻ പോലും സാധിക്കുമോ എന്ന ചോദ്യത്തിനൊന്നും പാർട്ടിക്കു മുന്നിൽ പ്രസക്തിയില്ല. അത്തരം അപ്രിയ വിശദാംശങ്ങൾ പാർട്ടി 'പദ്ധതികളുടെ' ഭാഗമല്ലതന്നെ!

സാക്ഷാൽ പിണറായി വിജയന്‍റെ മകൾക്ക് സിഎംആർഎല്ലിൽ നിന്നു കിട്ടിയ പണത്തിന്‍റെ കാര്യത്തെക്കുറിച്ച് ഇൻകം ടാക്സ് ട്രൈബ്യൂണൽ പറഞ്ഞത് എല്ലാവരും ഓർമയിൽ നിന്നു മായ്ച്ചു കളയണമെന്നാണ് പാർട്ടി പറയുന്നത്. അതൊരു 'ചെറിയ' സ്വജന പക്ഷപാതം മാത്രം! രണ്ടു കമ്പനികൾ തമ്മിലുള്ള നിർദോഷമായൊരു ബിസിനസ് ഡീൽ മാത്രമായി പാർട്ടി അതിനെ എഴുതിത്തള്ളുകയും ചെയ്തു. വിഷയം നിയമസഭയിൽ ഉന്നയിച്ച പ്രതിപക്ഷ എംഎൽഎയെ വാക്കുകൾകൊണ്ട് ബുൾഡോസ് ചെയ്ത മുഖ്യമന്ത്രി, കുടുംബത്തിനൊപ്പം നിൽക്കുന്നതെങ്ങനെ എന്നു അന്നു തന്നെ തെളിയിച്ചതാണല്ലോ! സ്വാഭാവികമായും പാർട്ടിയുടെ അഴിമതി വിരുദ്ധ പോരാട്ടത്തിൽ ജനങ്ങൾ അതെല്ലാം അവഗണിക്കണമെന്നാണല്ലോ. വീണയ്ക്ക് കിട്ടിയ സൗജന്യങ്ങൾ പ്രമുഖ നേതാവിന്‍റെ മകൾ എന്ന നിലയിലായിരുന്നു എന്ന് ട്രൈബ്യൂണൽ റിപ്പോർട്ടിലുണ്ട്. പ്രമുഖ നേതാവിനെ വിശേഷിപ്പിക്കാൻ പിവി എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ, പിവി എന്നെഴുതിയിരിക്കുന്നത് തന്നെക്കുറിച്ചല്ലെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം!

ഈ വർഷം തൃശൂർ പൂരം തടസപ്പെട്ടെന്ന് എൽഡിഎഫ‌് ഘടകകക്ഷികൾക്കും പാർട്ടി അനുഭാവികൾക്കുമെല്ലാം അറിയാം. മന്ത്രിയും എംഎൽഎയും അടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെ വാഹനങ്ങൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിടത്ത് ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി 'രാജകീയമായി' ആംബുലൻസിൽ വന്നിറങ്ങി പ്രശ്നം 'പരിഹരിക്കുന്നത്' എല്ലാവരും കണ്ടതാണ്.

ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി കുപ്രസിദ്ധിയാർജിച്ചിട്ടും മുഖ്യമന്ത്രിയുടെ രോഷത്തിനു പാത്രമാകാത്ത, അന്നു ചുമതലയുണ്ടായിരുന്ന എഡിജിപിക്ക് ഇതിൽ പങ്കുണ്ടായിരുന്നോ എന്നറിയണമെങ്കിൽ സർക്കാരിന്‍റെ 'അന്വേഷണം' പൂർത്തിയാകണം. പക്ഷേ, അതിനൊക്കെ മുൻപേ പിണറായി വിളംബരം ചെയ്തു കഴിഞ്ഞു, പൂരം കലങ്ങിയിട്ടില്ലെന്ന്- ആചാരങ്ങളൊന്നും മുടങ്ങിയില്ല, വെടിക്കെട്ട് അൽപ്പം വൈകിയെന്നു മാത്രം! ഉപതെരഞ്ഞെടുപ്പ് പ്രചാരണച്ചൂടിൽ പിണറായിയുടെയും ബിജെപിയുടെയും ശബ്ദം ഒരേ പോലിരിക്കുന്നുണ്ടോ?

വയനാട് ദുരന്തത്തിനു പിന്നാലെ നരേന്ദ്ര മോദിയും പിണറായി വിജയനും ദുരിതബാധിതർക്ക് നിർലോപം പിന്തുണ പ്രഖ്യാപിച്ചു. പക്ഷേ, യഥാർഥ ദുരിതാശ്വാസം ഇപ്പോഴും അകലെയാണ്. ഒരു മൃതദേഹം മറവ് ചെയ്യാൻ 75,000 രൂപ വരെ ചെലവ് വരുമെന്നതടക്കം വിശദമായി തന്നെ പിണറായി സർക്കാർ എസ്റ്റിമേറ്റ് കൊടുത്ത ശേഷമാണിതെന്നോർക്കണം!

എന്തിനും ഏതിനും മാധ്യമങ്ങളെ പഴിചാരുക എന്നതാണിപ്പോൾ പിണറായി ലൈൻ. ഇറച്ചിക്കടയ്ക്കു മുന്നിലെ പട്ടികളെപ്പോലെയാണ് മാധ്യമ പ്രവർത്തകരെന്ന് ഒരു മുൻ എംപി വാചികവിസർജനം നടത്തിയത് ഇക്കഴിഞ്ഞ ദിവസമാണ്. പ്രക്ഷോഭത്തിനിടെ അടിയേറ്റു വീണ മുതിർന്ന സഖാവിന്‍റെ ചോരയെടുത്ത് സ്വന്തം കുപ്പായത്തിൽ പുരട്ടി വിഷ്വൽ കളറാക്കാൻ ഈ നേതാവ് ശ്രമിച്ചത് പണ്ട് കണ്ടുപിടിച്ചതും ഇറച്ചിക്കടയ്ക്കു മുന്നിൽ കാത്തു നിന്ന ഇതേ കൂട്ടം തന്നെയായിരുന്നല്ലോ.

പ്രതിസന്ധികളെല്ലാം മാധ്യമങ്ങൾ വളച്ചൊടിച്ച സർക്കാർ വിരുദ്ധ അജൻഡകളാണെന്നതാണ് അണികൾക്ക് വിഴുങ്ങാൻ കൊടുത്തിരിക്കുന്ന പുതിയ ക്യാപ്സൂൾ. പാർട്ടിക്കെതിരേ ഒരു സിൻഡിക്കറ്റ് പ്രവർത്തിക്കുന്നു എന്ന് പിണറായി പാർട്ടി സെക്രട്ടറിയായിരിക്കെ നടത്തിയ ആരോപണത്തിന്‍റെ തുടർച്ചയായി ഇതിനെ കാണാം. ആ സിൻഡിക്കറ്റ് എവിടെനിന്നാണ് പ്രവർത്തിക്കുന്നതെന്ന് എല്ലാവർക്കുമറിയാം എന്ന മറുപടി അന്നു പറഞ്ഞത് മറ്റാരുമല്ല, വി.എസ്. അച്യുതാനന്ദൻ ആയിരുന്നു. ഇന്ന് അനാരോഗ്യം വിഎസിനെ നിശബ്ദനാക്കിയിരിക്കുന്ന പശ്ചാത്തലത്തിൽ, സത്യത്തെ വളച്ചൊടിക്കുന്ന കലയെക്കുറിച്ച് ഹന്ന ആറന്‍റ് പറഞ്ഞത് ഒന്നുകൂടി ഓർത്തെടുക്കാം, ''സത്യവും നുണയും വേർതിരിച്ചറിയാൻ കഴിയാത്ത ഒരു ജനതയെ വച്ച് നിങ്ങൾക്ക് എന്തുവേണമെങ്കിലും ചെയ്യാം.''

Trending

No stories found.

Latest News

No stories found.