ഇംഗ്ലണ്ടിലും ക്യാനഡയിലുമായി നിരവധി ഫെലോഷിപ്പുകൾ നേടിയ ശസ്ത്രക്രിയാ പരിശീലകൻ, ഹോപ്കിൻസിൽ ഡോക്ടർമാരായ വിൻസെന്‍റ് ഗോട്ട്, ജോർജ്ജ് ടൗൺ സർവകലാശാലയിൽ ചാൾസ് ഹഫ്നഗൽ എന്നിവരുടെ ഫെലോ. ഇന്ന് നമ്മെ വിട്ടു പോയ ഡോ.വല്യത്താനെ പറ്റിയുള്ള വിശേഷണങ്ങൾ പറഞ്ഞാൽ തീരില്ല . ഡോ.വല്യത്താനെ രാഷ്ട്രം പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഹൃദയവിശാലതയാണ് ഇന്നു നാം കാണുന്ന ശ്രീചിത്രാ മെഡിക്കൽ കോളെജ്. ഉന്നത വിദ്യാഭ്യാസവും ഉന്നത നിലവാരവും വിദേശരാജ്യങ്ങളിൽ നേടിയിട്ടും രാജ്യസ്നേഹം ഒന്നു കൊണ്ടു മാത്രം ഇന്ത്യയിലേക്ക് തിരിച്ചുവരാൻ അദ്ദേഹത്തിനു തോന്നിയ വലിയ മനസാണ് ഇന്ത്യൻ ആരോഗ്യമേഖലയ്ക്ക് തന്നെ നേട്ടമായത്. 1972ൽ ഇന്ത്യയിൽതിരികെയെത്തുമ്പോൾ ന്യൂഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ തികഞ്ഞ അനിശ്ചിതത്വത്തോടെ തുടക്കം. ഡോ. ഹുഫ്‌നഗൽ ഉൾപ്പെടെ നിരവധി സുഹൃത്തുക്കളും സഹപ്രവർത്തകരും അമേരിക്ക വിട്ടുപോകാൻ തീരുമാനിക്കുന്നത് വിഡ്ഢിത്തമാണെന്ന് അദ്ദെഹത്തോട് പറഞ്ഞു.
എന്നാലത് കേരളത്തിന്‍റെ തിലകക്കുറിയായി മാറിയതാണ് നമ്മൾ പിന്നീടു കണ്ടത്. അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്ന കാലം. തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ സെന്‍ററിലെ പുതിയതും ശൂന്യവുമായി കിടന്ന കെട്ടിടത്തിൽ സ്പെഷ്യാലിറ്റികൾക്കായി ഒരു ആശുപത്രി വികസിപ്പിക്കാൻ മുഖ്യമന്ത്രി അച്യുതമേനോൻ ഡോ.വല്യത്താനോട് ആവശ്യപ്പെട്ടു. അതിനായുള്ള സകല സ്വാതന്ത്ര്യവും അധികാരവും നൽകി.രണ്ടു വർഷത്തിനുള്ളിൽ തന്നെ ആശുപത്രി ആരംഭിക്കുകയും ഹൃദ്രോഗികൾക്കും ന്യൂറോളജിക് രോഗികൾക്കുമായി ആശുപത്രി സൗകര്യങ്ങൾ വിപുലപ്പെടുത്തുകയും ചെയ്തു. ഇതിനൊപ്പം തന്നെ ഇന്ത്യാഗവണ്മെന്‍റിന്‍റെ സയൻസ് ആന്‍ഡ് എൻജിനീയറിങ് റിസർച്ച് കൗൺസിലിന്‍റെ പിന്തുണയോടെ ഹൃദയോപകരണങ്ങളുടെ വികസനവും തുടങ്ങി. ഇതിന് പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ പിന്തുണയും ലഭിച്ചു.
നിരവധി വിദേശ രാജ്യങ്ങളിലും വിദേശ യൂണിവേഴ്സിറ്റികളിലും പഠിച്ചപ്പോഴും അലോപ്പതിയിൽ അഗ്രഗണ്യനായപ്പോഴും ഡോ.വല്യത്താൻ ഇന്ത്യൻ സംസ്കൃതിയെയും ഇന്ത്യൻ മെഡിസിനെയും ചേർത്തു പിടിച്ചു എന്നതാണ് അദ്ദേഹത്തിന്‍റെ മഹത്വത്തിന്‍റെ മറ്റൊരു മുഖം.
1999ൽ മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറായി സ്ഥാനമേറ്റ അദ്ദേഹം ഭാരതീയ ആയുർവേദാചാര്യനായ ചരകനെ കുറിച്ച് പഠനം നടത്തി. ഇതിന് ഹോമി ഭാഭ കൗൺസിൽ സീനിയർ ഫെലോഷിപ്പ് നൽകി. ദ ലെഗസി ഒഫ് ചരക എന്ന പുസ്തകം ഇങ്ങനെ പിറവിയെടുത്തതാണ്. പിന്നീട് ഒരു നാഷണൽ റിസർച്ച് പ്രൊഫസർ എന്ന നിലയ്ക്ക് അദ്ദേഹം സുശ്രുതനേയും വാഗ്ഭട്ടയെയും കുറിച്ചും പഠനങ്ങൾ നടത്തി. ആയുർവേദത്തിലെ ഗ്രേറ്റ് ത്രീയെ കുറിച്ചുള്ള ലെഗസി വാല്യങ്ങളുടെ പരമ്പര തന്നെ അദ്ദേഹം എഴുതി പൂർത്തീകരിച്ചു.
“ഇക്കാലത്ത് ഭൗതികശാസ്ത്രജ്ഞർ, രസതന്ത്രജ്ഞർ, രോഗപ്രതിരോധശാസ്ത്രജ്ഞർ, തന്മാത്രാ ജീവശാസ്ത്രജ്ഞർ എന്നിവർക്ക് ആയുർവേദ വൈദ്യരുമായി സംവദിക്കാൻ കഴിയുന്ന ഒരു പൊതുസ്ഥലവുമില്ല. ആയുർവേദം വൈദ്യശാസ്ത്രത്തിന്‍റെ മാത്രമല്ല, ഇന്ത്യയിലെ എല്ലാ ജീവശാസ്ത്രങ്ങളുടെയും മാതാവാണ്. ഇതൊക്കെയാണെങ്കിലും, ആയുർവേദത്തിൽ നിന്ന് ശാസ്ത്രം പൂർണ്ണമായും വിട്ടുനിൽക്കുകയാണ്. എന്നാൽ ഇവ മുന്നേറ്റം നടക്കുന്ന ഇന്‍റർ ഡിസിപ്ലിനറി മേഖലകളാണ്.' മുൻപൊരു അഭിമുഖത്തിൽ ഡോ.വല്യത്താൻ പറഞ്ഞു.
ആയുർവേദത്തെ കുറിച്ച് പഠിക്കാൻ അത്യധികമായ താൽപര്യമുണ്ടായിരുന്ന ഡോ.വല്യത്താൻ ആയുർവേദ പണ്ഡിതനായ രാഘവൻ തിരുമുൽപാടിന്‍റെ കീഴിലും പഠിക്കാനെത്തിയിരുന്നു. അനന്തമായ ആകാശത്തോളം വിലപിടിപ്പുള്ള ദീർഘവീക്ഷണം ഇന്ത്യയ്ക്കു സമ്മാനിച്ച പത്മഭൂഷൺ ഡോ.മാർത്താണ്ഡ വർമ ശങ്കരൻ വല്യത്താൻ ഇനി ഇന്ത്യൻ ജനതയുടെ ഹൃദയങ്ങളിൽ ജീവിക്കും.