#തയാറാക്കിയത്: എൻ. അജിത്കുമാർ
സ്കൂള്‍ തുറന്നതോടെ ഓരോ ദിവസവും 50 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് രാവിലെ സ്കൂളിലേക്കും വൈകുന്നേരം തിരിച്ചും സഞ്ചരിക്കുന്നത്. സ്കൂളിനടുത്ത് താമസിക്കുന്ന കുട്ടികള്‍ നടന്നോ സൈക്കിളിലോ സഞ്ചരിക്കുമ്പോള്‍ ദൂരെ താമസിക്കുന്ന കുട്ടികള്‍ ബസുകളിലോ വാന്‍, സ്വന്തം വാഹനങ്ങള്‍, ഇരുചക്രവാഹനങ്ങള്‍, ഓട്ടോറിക്ഷകളിലോ ഒക്കെയാണ് യാത്ര ചെയ്യുന്നത്. ഇത് നമ്മുടെ റോഡുകളില്‍ വലിയ തിരക്കുണ്ടാക്കുകയും അപകടങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു. അല്‍പ്പമൊന്നു ശ്രദ്ധിച്ചാല്‍ ഒഴിവാക്കാവുന്നവയാണ് മിക്ക റോഡപകടങ്ങളും. റോഡില്‍ നടക്കുമ്പോഴും വാഹനങ്ങളില്‍ കയറുമ്പോഴുമെല്ലാം ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ.
രക്ഷിതാക്കളോട്
റോഡില്‍ എങ്ങനെ സുരക്ഷിതരായിരിക്കണമെന്ന് നിങ്ങളുടെ കുട്ടികളെ പറഞ്ഞ് മനസിലാക്കുക. കുട്ടികളില്‍ ഗതാഗത അവബോധമുണ്ടാക്കുകയും അവരെ റോഡ് നിയമങ്ങള്‍ പാലിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുക. എങ്ങനെയാണ് റോഡ് മുറിച്ചു കടക്കേണ്ടത്, കാറില്‍ യാത്രചെയ്യുമ്പോള്‍ എങ്ങനെയാണ് സീറ്റ് ബെല്‍റ്റ് ധരിക്കേണ്ടത് കാര്‍ നിര്‍ത്തുമ്പോള്‍ എവിടെയാണ് ഇറങ്ങേണ്ടത്,ഏതു വഴിയാണ് നടക്കേണ്ടത് തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുക. റോഡ് മുറിച്ചു കടക്കുമ്പോഴും നടപ്പാതയുടെ അരികിലൂടെ നടക്കുമ്പോഴും നിങ്ങള്‍ കുട്ടികളുടെ കയ്യില്‍ മുറുകെ പിടിക്കുക. റോഡ് മുറിച്ചു കടക്കുമ്പോള്‍ നിങ്ങള്‍ എന്താണ് ചെയ്യുന്നത് എന്ന് കുട്ടിയോട് പറഞ്ഞു കൊടുക്കുക. നിങ്ങളുടെ കുട്ടി നടപ്പാതയിലൂടെയാണ് നടക്കുന്നതെന്ന് ഉറപ്പുവരുത്തുക, വാഹനത്തില്‍ കയറുന്നതും ഇറങ്ങുന്നതും നടപ്പാതയുടെ അരികില്‍ വെച്ചാണെന്ന് ഉറപ്പു വരുത്തുക - റോഡിലെ ചിഹ്നങ്ങള്‍,വരകള്‍, ട്രാഫിക് ലൈറ്റുകള്‍ എന്നിവയെക്കുറിച്ച് കുട്ടികള്ക് വിശദീകരിച്ച് കൊടുക്കുക. റോഡ് മുറിച്ചു കടക്കാന്‍ സുരക്ഷിത സ്ഥലങ്ങള്‍ കണ്ടെത്തി കുട്ടിക്ക് മനസിലാക്കി കൊടുക്കുക. സ്കൂളിലേക്കും തിരിച്ചുമുള്ള കുട്ടികളുടെ യാത്രകള്‍ ഇടയ്ക്കിടെ നിരീക്ഷിക്കുക
നടക്കാം വലതുവശം ചേര്‍ന്ന്
കാല്‍നടയാത്രക്കാര്‍ റോഡിന്റെ വലതുവശം ചേര്‍ന്നാണ് നടക്കേണ്ടത്. എതിരേ വരുന്ന വാഹനങ്ങളുടെ നീക്കം ശ്രദ്ധിച്ച് ആവശ്യമെങ്കില്‍ സുരക്ഷിതമായ ഇടത്തേക്ക് മാറാനും അഥവാ വാഹനത്തിനു മുന്നിലകപ്പെട്ടുപോയാല് തന്നെ വാഹനം ബ്രേക്ക് ചെയ്തോ വെട്ടിച്ചുമാറ്റിയോ ഡ്രൈവര്‍ക്ക് അപകടമൊഴിവാക്കാനും ഇത് സഹാ യിക്കും. റോഡിന്റെ ഇടതുവശം ചേര്‍ന്നു നടക്കുന്നവരെ വലിയ വണ്ടികളോടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് എളുപ്പ ത്തില്‍ കാണാന്‍ കഴിയില്ല. അതുകൊണ്ട് അത്തരം വണ്ടി കളുടെ ഇടതുപിന്ഭാഗം റോഡിന്റെ ഇടതുവശം ചേര്‍ന്നു പോകുന്ന കാല്‍നടയാത്രക്കാരെ ഉരസാനോ തട്ടാനോ ഉള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ചും ചെറിയ വളവു കള്‍ ഉള്ള സ്ഥലങ്ങളില്‍ വലതുവശം ചേര്‍ന്നു നടക്കുക എന്നത് കാല്നടയാത്രക്കാരന് അനുസരിക്കേണ്ട സുരക്ഷാ നിയമമാണ്.
ഫുട്പാത്തിലൂടെ നടക്കാം
റോഡിനോടു ചേര്‍ന്ന് ഫുട്പാത്ത് അഥവാ നടപ്പാത നിര്‍മ്മിച്ചിട്ടുണ്ടെങ്കില്‍ അതിലൂടെ മാത്രം നടക്കുക. മിക്കപ്പോഴും നഗരപ്രദേശങ്ങളിലും ഹൈവേകളിലും മാത്രമാവും ഫുട്പാത്തുകളുണ്ടാവുക. റോഡിന്റെ ടാര്ഭാഗത്തിനു പുറത്തുകൂടിമാത്രം നടക്കുക. ഇനി ടാര്ഭാഗത്തുകൂടിയോ തൊട്ടരികില്‍ കൂടിയോ മാത്രമേ നടക്കാന്‍ സൗകര്യമുള്ളുവെങ്കില് വലതുവശം ചേര്‍ന്നു നടന്നാല്‍ എതിര്‍ദിശയില്‍ നിന്നും വരുന്ന വാഹനങ്ങളെ നേരിട്ടു കാണാം. സുരക്ഷിത അകലം പാലിക്കുകയും ചെയ്യാം.
റോഡിൽ കൂട്ടംകൂടരുത്
റോഡിന്റെ ടാര്ഭാഗത്തിലൂടെ കൂട്ടംകടി നടക്കാന്‍ പാടില്ല. വാഹനങ്ങളുടെ വഴിയില്‍ നിന്നും സുരക്ഷിതമായ അകലം പാലിക്കാന്‍ കൂട്ടംകൂടി നടക്കുമ്പോള്‍ സാധി ച്ചെന്നു വരില്ല. ഒന്നില്‍ക്കൂടുതല്‍ പേര് ഒരുമിച്ചു നടക്കുമ്പോള്‍ അറിയാതെ സംസാരിച്ചു നിരന്നു നടക്കാനുള്ള പ്രവണതയുണ്ടാകുന്നു. സംസാരിച്ചുകൊണ്ട് റോഡില്‍ നടക്കുമ്പോള്‍ റോഡിലും വാഹനങ്ങളിലും ശ്രദ്ധകേന്ദ്രീകരിക്കാനും പെട്ടെന്ന് ഒഴിഞ്ഞുമാറാനും കഴിയില്ല. കുഞ്ഞനുജന്മാരോ അനിയത്തിമാരോ കൂടെയുണ്ടെങ്കില്‍ അവരുടെ കൈപിടിച്ച് റോഡരികില്‍ നിന്നും അകലത്തില്‍ നടത്തിക്കുക.
ബസില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും
ബസിനു കാത്തുനില്ക്കുമ്പോഴും കയറുമ്പോഴും യാത്രചെയ്യുമ്പോഴുമെല്ലാം വേണ്ട മുന്കരുതലെടുത്താല് ഒരുവിധം അപകടങ്ങളൊക്കെ ഒഴിവാക്കാം.ബസ് വരുന്നതു കാണുമ്പോള്‍ റോഡുവക്കില്‍ നിന്നും ഒരടിയെങ്കിലും പിന്നിലേക്ക് മാറിനില്‍ക്കണം. ഡ്രൈവര്‍ക്ക് ബസ് റോഡരികിലേക്ക് ചേര്‍ത്തുനിര്‍ത്താന്‍ സാധിക്കണം. ബസ് പൂര്‍ണമായി നിര്‍ത്തുന്നതുവരെ കാത്തു നില്ക്കുക. ബസിനു പിറകേ ഓടുകയോ ബസില്‍ ചാടിക്കയറുകയോ ചെയ്യരുത്. ഉള്‍ക്കൊള്ളാവുന്നതിലധികം യാത്രക്കാര്‍ ഉള്ള ബസില്‍ കയറാനുള്ള ശ്രമം ഉപേക്ഷിക്കുക. അല്പസമയത്തേക്കാള് വിലപ്പെട്ടത് നമ്മുടെ ജീവനും ശരീരവുമാണല്ലോ. തിരക്കു കുറഞ്ഞ ബസ് വരുന്നതുവരെ കാത്തുനില്ക്കുക. ബസില്‍നിന്ന് ഇറങ്ങേണ്ടവരെല്ലാം ഇറങ്ങിക്കഴിഞ്ഞശേഷം ക്യൂ പാലിച്ച് ബസില്‍ കയറുക.
ബസില്‍ കയറിയാല്‍, നില്ക്കുകയാണെങ്കില് ഇരുകൈകളുംകൊണ്ട് കമ്പിയില്‍ പിടിച്ച് എവിടെയെങ്കിലും ചാരി നില്ക്കുക. വാതിലിനു സമീപം നില്ക്കാതിരിക്കാന് പ്രത്യേകം ശ്രദ്ധിക്കണം. ഫുഡ്ബോര്ഡിലേക്ക് ഇറങ്ങി നില്‍ക്കരുത്. പിന്‍സീറ്റിലിരിക്കുന്നവരും റോഡിനു സമീപമിരിക്കുന്നവരും കമ്പിയില്‍ ബലമായി പിടിച്ചുതന്നെ ഇരിക്കുക.
കൈയോ തലയോ ശരീരത്തിന്റെ ഏതെങ്കിലും ഭാഗമോ കൈവശമുള്ള സാധനങ്ങളോ ബസിനു പുറത്തേക്ക് തള്ളിനില്ക്കുന്നവിധം ഇരിക്കരുത്. ജനാലയില്‍ കൈവയ് ക്കുമ്പോള് ബസിന്റെ ഉള്ളില്‍ മാത്രമായിരിക്കണം. ആദ്യമായി ബസില്‍ കയറുന്ന കൂട്ടുകാര്‍ക്ക് ഛര്‍ദ്ദിക്കാനുള്ള പ്രവണതയുണ്ടെങ്കില്‍ കൂടി തല പുറത്തേക്കിടരുത്. പ്ലാസ് റ്റിക് കവര്‍ കൈയില്‍ക്കരുതി അതിലേക്ക് ഛര്‍ദ്ദിക്കുക.
ഇറങ്ങേണ്ട സ്ഥലമാകാറാകുമ്പോള് അതിനുവേണ്ടി തയാറാകുക. ഫുട്ബോര്‍ഡിലേക്ക് ഇറങ്ങി നില്‍ക്കുകയോ വാതിലിനു മുന്നിലേക്ക് കടന്നു നില്‍ക്കുകയോ വേണ്ട. ബസ് നിന്നതിനുശേഷം മാത്രം വാതില്‍ തുറന്ന് പുറത്തുകടക്കുക. ഇറങ്ങിക്കഴിയും മുമ്പ് ബസ് വിടുന്നുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം. ബസ് വിട്ടുപോവുക യാണെങ്കില്‍ ചാടിയിറങ്ങരുത്. ധൃതികൂട്ടി പടിയില്‍ തട്ടി വീഴാതെ ശ്രദ്ധിക്കുക.
ബസില്‍നിന്ന് ഇറങ്ങിക്കഴിഞ്ഞാല്‍ റോഡില്‍ നിന്നും ഫുട്പാത്തിലേക്കോ റോഡരികിലേക്കോ മാറിനിന്ന് ചുറ്റും വീക്ഷിക്കുക. ബസ് കടന്നുപോയതിനുശേഷം മാത്രം യാത്ര തുടര്‍ന്നാല്‍ മതി. ഇറങ്ങിയാലുടന്‍ റോഡിലൂടെ നടന്നു മാറാനോ റോഡു മുറിച്ചുകടക്കാനോ ശ്രമിക്കരുത്. സുരക്ഷിതമായ ഇടം കണ്ടുപിടിച്ച് ക്രോസിംഗ് ഡ്രില്‍ രീതിയില്‍ തന്നെ റോഡ് മുറിച്ചുകടക്കുക.
സൈക്കിളുകാരും ശ്രദ്ധിക്കണം
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന വാഹനമായി മാറിക്കൊണ്ടിരിക്കുകയാണ് സൈക്കിള്‍. രണ്ടു ചക്രത്തിലോടുന്നതിനാല് ബാലന്‍സുതെറ്റി മറി ഞ്ഞു വീഴാന്‍ സാധ്യത ഏറ്റവും കൂടുതലുള്ള വാഹനവും ഇതുതന്നെ. സൈക്കിള്‍ ഓടിക്കുമ്പോള്‍ റോഡിന്റെ ഇടതുവശം ചേര്‍ന്ന് വളരെ കുറഞ്ഞ വേഗതയില്‍ വേണം പോകാന്‍. ഇറക്കം ഇറങ്ങുമ്പോള്‍ ബ്രേക്ക് പിടിച്ച് പരമാവധി വേഗത കുറച്ച് പോവുക. ഇരുകൈകളും ഉപയോഗിച്ച് ഹാന്‍ഡില്‍ മുറുകെപ്പിടിച്ച് പുളയാതെ നോക്കണം. കൂട്ടുകാര്‍ ചേര്‍ന്ന് റോഡിലൂടെയുള്ള മത്സരയോട്ടം വലിയ അപകടങ്ങള്‍ക്ക് കാരണമാകും. കൂട്ടുകാര്‍ ചേര്‍ന്ന് ഒരുമിച്ചാണ് സൈക്കിളില്‍ യാത്രയെങ്കില്‍ ഒറ്റവരിയായി മാത്രം ഓടിക്കുക. മുന്നിലെ സൈക്കിളുമായി സുരക്ഷിതമായ അകലം പാലിക്കുക.
ഒരാള്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന രീതിയിലാണ് സൈക്കിള്‍ രൂപസംവിധാനം ചെയ്തിരിക്കുന്നത്. ലഗേജ് കാര്യറില്‍ ആളെക്കയറ്റുന്നത് അപകടകരമാണ്. വളവുകളിലും കവലകളിലും പതുക്കെപ്പോവുക. ഇവിടെയെല്ലാം എതിരെ ഒരു വാഹനത്തെ പ്രതീക്ഷിക്കുക. അങ്ങിനെ ഒരു വാഹനം വന്നാല്‍ തന്റെ സൈക്കിള്‍ യാത്ര സുരക്ഷിത സ്ഥാനത്തായിരിക്കത്തക്കവിധം വേണം സൈക്കിളോടിക്കാന്‍. മഴക്കാലത്ത് ഒരു കൈയിലോ തോളിലോ കുടയുമായി യാത്രചെയ്യുന്നത് അപകടം ക്ഷണിച്ചുവരുത്തും. മഴക്കോട്ടാണ് സുരക്ഷിതം. ഓടി ക്കൊണ്ടിരിക്കുന്ന മറ്റു വാഹനങ്ങളില്‍ പിടിച്ചുകൊണ്ടുള്ള സൈക്കിള്‍ യാത്രയും അപകടമുണ്ടാകും. സൈക്കിള്‍ നല്ല നിലയില്‍ സൂക്ഷിക്കേണ്ടതാണ്. ലൈറ്റുകളും ബ്രേക്കും പതിവായി പരിശോധിക്കുക. ബെല്‍ , റിഫ്ളക്റ്റേഴ്സ് എന്നിവ ശരിയായ രീതിയില്‍ സൂക്ഷിക്കുക. ഇറക്കം ഇറങ്ങുമ്പോള്‍ ബ്രേക് കൊടുത്ത് വേഗം കുറച്ച് ഇറങ്ങുക. മഴക്കാലത്ത് ഒരു കയ്യില്‍ കുട തുറന്നു പിടിച്ച് സൈക്കിള്‍ ഓടിക്കരുത്. മഴക്കോട്ടിട്ട് പതുക്കെ സൈക്കിള്‍ ഓടിക്കുക. സൈക്കിള്‍ ഹെല്‍മറ്റ് ധരിക്കാന്‍ പത്യേകം ശ്രദ്ധിക്കണം
റോഡ് ക്രോസ് ചെയ്യുമ്പോള്‍
കേരളത്തില്‍ കാല്‍നടയാത്രക്കാര്‍ എറ്റവും കൂടുത അപകടത്തില്‍പ്പെടുന്നത് റോഡ് മുറിച്ചുകടക്കുമ്പോഴാണ്. മുന്പില്നോക്കാതെ പെട്ടെന്ന് റോഡിനുകുറുകെ ചാടുന്നതും ഓടുന്നതുമാണ് ഇത്തരം അപകടങ്ങള്‍ പെരുകാന്‍ കാരണം. ചിലര്‍ റോഡിന്റെ ഒരുവശത്തേക്കു മാത്രം നോക്കി റോഡു മുറിച്ചുകടക്കുന്നു. അവരെ നോക്കി നടക്കുന്നവരും അറിയാതെ അത് പിന്തുടരുന്നു. ഇതും അപകടത്തിന് കാരണമാകും. സീബ്രാ വരയുള്ളിടങ്ങളില് സീബ്രാവരയില്‍ കൂടി മാത്രം റോഡ് മുറിച്ചു കടക്കുക. സീബ്രാ വരയില്‍ വാഹനങ്ങളേക്കാള്‍ മുന്‍ഗണന കാല്‍നടയാത്രക്കാര്‍ക്കാണ്. കാല് നടയാത്രക്കാര്ക്കുവേണ്ട സിഗ്നല്‍ കൊടുത്തിട്ടുള്ളിടങ്ങളില് അവിടെ മാത്രം റോഡ് മുറിച്ചു കടക്കുക. കാല് നടയാത്രക്കാര്‍ക്കു വേണ്ടിയുള്ള പച്ച സിഗ്നല്‍ തെളിയുന്ന വരെ കാത്തു നില്ക്കുക. പോലീസ് നിയന്ത്രിത കവലകളില്‍ പോലീസുകാരന് സിഗ്നല്‍ കാണിക്കുന്നതു വരെയും കാത്തുനില്ക്കുക. റോഡു മുറിച്ചു കടക്കുമ്പോള്‍ പാലിക്കേണണ്ട സുരക്ഷാ നിയമങ്ങള്‍ ലോകാരോഗ്യസംഘടനയുടെ ആഗോള റോഡുസുരക്ഷാ വിഭാഗം തയാറാക്കിയിട്ടുണ്ട്.
ഓട്ടോറിക്ഷ: എന്തെല്ലാം ശ്രദ്ധിക്കണം
ഉള്ളില്ക്കൊള്ളാവുന്നതിലധികം കുട്ടികളെക്കയറ്റിയുള്ള ഓട്ടോറിക്ഷയാത്ര അപകടം ക്ഷണിച്ചുവരുത്തും. മുച്ചക്രവാഹനമായതിനാല്‍ മറ്റുവാഹനങ്ങളെക്കാള്‍ അപ്രതീക്ഷിതമായ കുലുക്കവും മറ്റും യാത്രാവേളയില്‍ ഓട്ടോറിക്ഷയില്‍ കൂടുതലായുണ്ടാകാനും കുട്ടികള്‍ തെറിച്ചുവീഴാനും സാധ്യത കൂടുതലാണ്. സ്കൂള്‍ ബാഗുകളും മറ്റും പുറത്തേക്ക് തള്ളിനില്ക്കുന്നവിധം തൂക്കിയിടരുത്. ഡ്രൈവറുടെ സീറ്റില്‍ കുട്ടികളെയിരുത്തി യാത്രചെയ്യുന്നതും വിലക്കണം.
അകലം മുന്നില്‍ക്കാണാം
ദൂരെനിന്നും വരുന്ന വാഹനത്തിന്റെ വേഗത മനസില്‍ കണ്ടാണല്ലോ നാം റോഡു മുറിച്ചുകടക്കുക. ഈ സമയം കണക്കാക്കുമ്പോള്‍ നാം ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
(1) വാഹനം നമ്മുടെയടുത്തെത്താന് എത്ര ദൂരം പിന്നിടാനുണ്ട്, അതിന്റെ വേഗത
(2) ആ വാഹനം നമ്മുടെയടുത്തെത്തുമ്പോള് ഡ്രൈവര്‍ക്ക് വാഹനം നിര്‍ത്തുന്നതിനും അതിനുളള തയാറെടുപ്പുകള്‍ക്കും വേണ്ട സമയം, ഇതിനെ പ്രതികരണ സമയമെന്നു പറയും. ഡ്രൈവര്‍ ഇത്തരം തീരുമാനങ്ങളെടുക്കുന്നതിനുള്ളില് വാഹനം സഞ്ചരിക്കുന്ന ദൂരമാണ് പ്രവൃത്തി ദൂരം അല്ലെങ്കില്‍ റിയാക്ഷന് ടൈം. ബ്രേക്ക് ചെയ്തതിനുശേഷം ആ വാഹനം സഞ്ചരിക്കുന്ന ദൂരമാണ് ബ്രേക്കിങ് ദൂരം. ഒരു വാഹനം നിര്‍ത്തുന്നതിനാവശ്യമായ ആകെ ദൂരത്തെ സ്റ്റോപ്പിങ് ദൂരം എന്നും പറയും.
ഒരു വാഹനം വരുന്നത് മണിക്കൂറല്‍ 60 കി.മീ വേഗതയിലാണെങ്കില്‍ അത് നിര്‍ത്തുവാനുള്ള ദൂരം = പ്രവൃത്തി ദൂരം + ബ്രേക്കിങ് ദൂരം = 12 + 20 = 32 മീറ്റര്‍ ആയിരിക്കും. വാഹനം ഓടുന്നത് 80 കി.മീ വേഗതയിലാണെങ്കില്‍ നിര്‍ത്തുവാനുള്ള ദൂരം = 15 മീ. പ്രവൃത്തിദൂരം + 35 മീറ്റര്‍ ബ്രേ ക്കിങ് ദൂരം = 50 മീറ്റര്‍ ആയിരിക്കും. വാഹനം കടന്നുവരുന്നത് 100 കി.മീ വേഗതയിലാണെങ്കിലോ നിര്‍ത്തുവാനുളള ദൂരം = 20 മീ, പ്രവൃത്തിദൂരം + 60 മീ. ബ്രേക്കിങ് ദൂരം = 80 മീ. ആയിരിക്കും.
റോഡ് ക്രോസ് ചെയ്യുമ്പോള്‍ മുകളില്‍ പറഞ്ഞ രീതിയില്‍ സുരക്ഷിത അകലത്തെക്കുറിച്ച്, അതായത് കടന്നുവരുന്ന വാഹനത്തിലെ ഡ്രൈവര്‍ക്ക് നിങ്ങളെക്കണ്ട് വാഹനം ബ്രേക്ക് ചെയ്ത് നിര്‍ത്തുവാന്‍ കഴിയുന്ന ദൂരത്തെക്കുറിച്ച് മനസില്‍ ഏകദേശ ധാരണ ഉണ്ടാക്കിയ ശേഷം മാത്രം റോഡ് മുറിച്ചുകടക്കുക.
കെര്‍ബ് ഡ്രില്‍
റോഡ് മുറിച്ചു കടക്കുമ്പോള്‍ പാലിക്കേണ്ട മറ്റൊരു നിയമമാണ് കെര്ബ്ഡ്രില്.
നടപ്പാതയുടെ അരികില്‍ നില്ക്കുക.
വലതുവശത്തേക്ക് നോക്കുക.
ഇടതുവശത്തേക്ക് നോക്കുക.
വീണ്ടും വലതുവശത്തേക്ക് നോക്കുക.
രണ്ടുവശത്തും വാഹനങ്ങളില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം റോഡ് മുറിച്ചുകടക്കുക. സാധാരണ റോഡുകള്‍ മുറിച്ചുകടക്കുമ്പോള്‍ കെര്‍ബ് ഡ്രില്‍ പാലിച്ചു മാത്രമേ റോഡ് മുറിച്ചു കടക്കാവൂ.നിങ്ങള്‍ക്ക് മറ്റുള്ള വാഹനങ്ങളെയും വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് നിങ്ങളെയും വ്യക്തമായി കാണാന്‍ സാധിക്കുന്ന ഇടങ്ങളില്‍ നിന്നുമാത്രം റോഡ് മുറിച്ചു കടക്കുക. വളവുകള്‍, കയറ്റം, ഇറക്കം എന്നിവയുള്ള സ്ഥലങ്ങളില്‍ റോഡ് മുറിച്ചു കടക്കരുത്
റോഡരികില്‍ നിന്നും അല്‍പ്പം പുറകിലേക്ക് മാറി നില്ക്കുക
എല്ലാ ദിക്കുകളിലേക്കുമുള്ള വാഹനങ്ങള്‍ നോക്കുക.
ദൂരെ നിന്നും വരുന്ന വാഹനങ്ങളുടെ ശബ്ദം ശ്രദ്ധിക്കുക.
വാഹനങ്ങളൊന്നുമില്ലാത്ത സമയത്ത് എപ്പോള്‍ സുരക്ഷിതമായി റോഡ് മുറിച്ചു കടക്കാം എന്ന് ചിന്തിക്കുക.
സാവധാനം നടന്ന് റോഡ് മുറിച്ചു കടക്കുക. മുറിച്ചുകടക്കുമ്പോഴും വാഹനങ്ങളെ ശ്രദ്ധിക്കുകയും നിരക്ഷീക്കുകയും വേണം.
റോഡിന്റെ എല്ലാ ദിശകളും വ്യക്തമായി കാണുന്ന ഇടം മാത്രം ഇതിനായി തെരഞ്ഞെടുക്കുക.
കുറ്റിച്ചെടികള്‍, പാര്‍ക്കു ചെയ്തിരിക്കുന്ന വാഹനങ്ങള്‍ എന്നിവയുടെ തൊട്ടടുത്തുകൂടി റോഡ് ക്രോസ് ചെയ്യരുത്.
ബസില്‍ നിന്നോ മറ്റു വാഹനത്തില്‍ നിന്നോ ഇറങ്ങി ആ വാഹനം പോയിക്കഴിഞ്ഞതിനു ശേഷം മാത്രം റോഡ് മുറിച്ചുകടക്കുക.
അകലെ നിന്നും വരുന്ന വാഹനങ്ങളുടെ ശബ്ദം ശ്രദ്ധിക്കുക. ആ വാഹനത്തിന്റെ വേഗതയെ പറ്റിയും അത് നമ്മുടെ അടുത്തെത്താന്‍ എടുക്കാവുന്ന സമയത്തെക്കു റിച്ചും മനസില്‍ ഒരു ധാരണയുണ്ടാക്കണം. റോഡ് മുറിച്ചു കടക്കുമ്പോള്‍ ഓടരുത്, വേഗതയില്‍ നടക്കാം. മുതിര്‍ന്നവര്‍ കൂടെയെുടെങ്കില് അവരുടെ കൈപിടിച്ച് മാത്രം റോഡ് കുറുകെ കടക്കുക. ഒന്നില്‍ കൂടുതല്‍ പേരുണ്ടെങ്കില്‍ ഒരുമിച്ച് ക്രോസ് ചെയ്യുന്നതാണ് നല്ലത്.
നാലുവരിപ്പാതയില്‍ രണ്ടുഘട്ടമായി റോഡ് മുറിച്ചു കടക്കുക.
ടാഫിക് ഐലന്റില്‍ തെളിയുന്ന അടയാളങ്ങള്‍
ചുവന്ന ലൈറ്റ് : നിര്‍ത്തുക.
ചുവപ്പും തവിട്ടു മഞ്ഞനിറത്തിലുള്ള ലൈറ്റും ഒരുമിച്ച് കണ്ടാല്‍ യാത്രതുടരാന്‍ തയാറാകുക. എന്നാല്‍ യാത്ര തുടങ്ങരുത്.
പച്ച അടയാളം: ചിഹ്നം തെളിഞ്ഞ ദിശയിലേക്ക് മാത്രം പോകാം.
തവിട്ടു മഞ്ഞ നിറത്തിലുള്ള അടയാളം: നിര്‍ത്താനുള്ള ലൈനിനുമുമ്പേ വാഹനം നിര്‍ത്തുക.
മിന്നി പ്രകാശിക്കുന്ന പച്ചനിറം: കാല്‍നടയാത്രക്കാരെയും മറ്റു വാഹനങ്ങളെയും ശ്രദ്ധിച്ച് സാവധാനം മുന്നോട്ടു നീങ്ങുക.
മിന്നി മിന്നി പ്രകാശിക്കുന്ന തവിട്ടു മഞ്ഞനിറം: സാവധാനവും ശ്രദ്ധാപൂര്‍വവും വാഹനം ഓടിക്കാം.
മിന്നി മിന്നി പ്രകാശിക്കുന്ന ചുവപ്പു ലൈറ്റ്: നിങ്ങളുടെ വാഹനം നിര്‍ത്തി മറ്റു ഭാഗങ്ങളില്‍ നിന്നു വരുന്ന വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സൗകര്യം നല്കി ക്കൊണ്ട് സാവധാനം ശ്രദ്ധയോടെ മുന്നോട്ടു നീങ്ങാം.
ചുവന്ന കാല്‍നടയാത്രക്കാരന്റെ അടയാളം: കാല് നടയാത്രക്കാരന് റോഡു മുറിച്ചു കടക്കാന്‍ പാടില്ല.
പച്ച കാല്‍നടയാത്രക്കാരന്റെ അടയാളം: കാല്‍നട യാത്രക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കാം.
മിന്നി മിന്നി തെളിയുന്ന കാല്‍നടയാത്രക്കാരന്റെ പച്ച പ്രകാശം കാല്‍നടയാത്രക്കാര്‍ വളരെ ശ്രദ്ധയോടു കൂടി മാത്രം റോഡു മുറിച്ചു കടക്കുക.