റീന വർഗീസ് കണ്ണിമല
കെഎസ്ഇബിയുടെ ബിൽ വർധനയ്ക്കുള്ള ശുപാർശയ്ക്കെതിരെ ജനരോഷമിരമ്പുകയാണ്.2027 വരെ വൈദ്യുതി നിരക്കു വർധന ആവശ്യപ്പെട്ട് റെഗുലേറ്ററി കമ്മീഷനു മുമ്പാകെ കെഎസ്ഇബി സമർപ്പിച്ച ശുപാർശയെ തുടർന്നു നടക്കുന്ന തെളിവെടുപ്പാണ് ഇപ്പോൾ നടന്നു വരുന്നത്.നാളെ എറണാകുളം ടൗൺ ഹാളിലാണ് തെളിവെടുപ്പ്.
ലാഭമുണ്ടായതായി കെഎസ്ഇബിയുടെ രേഖകൾ പറയുമ്പോഴും അവസാനം നഷ്ടത്തിൽ കലാശിക്കുന്നതാണ് ഈ ബിൽ വർധനയ്ക്കു കാരണമായി കെഎസ്ഇബി പറയുന്നത്.എന്നാൽ ബജറ്റ് രേഖകൾ പറയുന്നത് 2021-22 വർഷം 97.66 കോടി ലാഭം കാണിച്ച രേഖയിൽ 2022-23 വർഷം 1023.62 കോടിയുടെ നഷ്ടമുണ്ടായി എന്നാണ്.വൈദ്യുതി വാങ്ങിയതിലുണ്ടായ ഭീമമായ ചെലവാണ് ഈ നഷ്ടത്തിനു കാരണം എന്ന് ലാഭ-നഷ്ടക്കണക്കുകൾ ഉൾപ്പെടുന്ന ബാലൻസ് ഷീറ്റ് വ്യക്തമാക്കുന്നു.ഇതേ സമയം കെഎസ്ഇബിയ്ക്ക് 11.33 ശതമാനം വരുമാനം കൂടിയതായി 2023 ലെ ബജറ്റ് രേഖകൾ പറയുന്നു.
വൈദ്യുതി വാങ്ങലിലുണ്ടായ ഭീമമായ ചെലവാണ് നഷ്ടത്തിന് കാരണമായതെന്ന് ലാഭ-നഷ്ടക്കണക്കുകളുടെ ബാലൻസ് ഷീറ്റിൽ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ 16996.42 കോടിയുടെ വരുമാനം 18922.96 കോടിയായി വർധിക്കുകയും ചെയ്തു. ഇതിൽ നിന്നു രണ്ടു കാര്യങ്ങൾ വ്യക്തമാകുന്നു.നിലവിൽ കെഎസ്ഇബിയിലെ നഷ്ടം സ്വാഭാവികമായി ഉണ്ടായതല്ല, ഉണ്ടാക്കപ്പെട്ടതാണ്. അതു കൊണ്ടു തന്നെ ഈ നഷ്ടം പൊതുജനങ്ങൾ സഹിക്കേണ്ടതുണ്ടോ എന്ന് രണ്ടാമതൊന്നു കൂടി ആലോചിക്കേണ്ടതുണ്ട്.
വൈദ്യുതി വാങ്ങാൻ ചെലവിടുന്നതും ജീവന ആനുകൂല്യച്ചെലവും കഴിഞ്ഞാൽ കാര്യമായി നീക്കിയിരിപ്പില്ല എന്ന് കണക്കുകൾ വെളിപ്പെടുത്തുന്നു. വൈദ്യുതി വാങ്ങിയ ചെലവിനത്തിൽ 11240.62 കോടിയും ജീവജീവനക്കാർക്കുള്ള ആനുകൂല്യത്തിനായി 4147.99 കോടിയും നീക്കിവെച്ചാൽ മറ്റ് വികസന പദ്ധതികൾക്കോ പ്രവർത്തനങ്ങൾക്കോ പണം തികയാത്ത അവസ്ഥയായതിനെ തുടർന്ന് 2024 ജനുവരിയിൽ അത്യാവശ്യപ്രവർത്തനങ്ങളൊഴിച്ചുള്ള പ്രവർത്തികൾ തുടരേണ്ടതില്ലെന്നു ചെയർമാൻ സർക്കുലർ ഇറക്കിയിരുന്നു. ഇപ്പോഴാകട്ടെ, 2023-24 ലെ ജീവനക്കാരുടെ ചെലവിന്‍റെ പുതുക്കിയ എസ്റ്റിമേറ്റ് ചെലവ് 4548.17 കോടി രൂപയും 2024-25 ലെ അതേ തുക 4777.76 കോടി രൂപയുമാണ്. ഈ തുക കണ്ടെത്തുന്നതിന്‍റെ ഭാഗമായാണ് വൈദ്യുതി ബിൽ വർധനയ്ക്കായി കെഎസ്ഇബി ശ്രമിക്കുന്നത്. 2022ൽ 30,321 ആയിരുന്ന ഇലക്‌ട്രിസിറ്റി എംപ്ലോയി അംഗസംഖ്യ കെഎസ്ഇബി ഫയൽ ചെയ്ത പെറ്റീഷൻ പരിഗണിച്ച് 2022-23 മുതൽ 2026-27 വരെയുള്ള കാലത്ത് 33,296 ആക്കാൻ റെഗുലേറ്ററി പാനൽ അനുവദിച്ചത് 2022 ജൂലൈയിൽ ആയിരുന്നു.
മുൻ ചെയർമാൻ ബി.അശോകിന്‍റെ കാലത്ത് കെഎസ്ഇബിക്ക് 1,200 കോടി രൂപയുടെ പ്രവർത്തന ലാഭം ഉണ്ടായിരുന്നു. നേരത്തെ വിവിധ വൈദ്യുത കമ്പനികളുമായി ആരംഭിച്ച പവർ പർച്ചേസ് കരാറുകൾ റദ്ദാക്കിയതാണ് സത്യത്തിൽ കെഎസ്ഇബിയുടെ ഈ നഷ്ടത്തിനു വലിയൊരു കാരണം. സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ റദ്ദാക്കിയ ചർച്ചകൾ പുനരാരംഭിച്ച് മുടങ്ങിയ പവർ പർച്ചേസ് കരാറുകൾ പുനരാരംഭിക്കുകയാണ് വേണ്ടത്. നമുക്കു നിലവിലുള്ള വൈദ്യുതനിലയങ്ങളിൽ നിന്നു പോലും കാര്യക്ഷമമായി വൈദ്യുതി ഉൽപാദിപ്പിക്കാൻ വൈദ്യുതിബോർഡിനാകുന്നില്ല എന്നത് വൈദ്യുതി ബോർഡിന്‍റെ കാര്യക്ഷമതയില്ലായ്മയാണ് എന്ന് പേരു പറയാനാഗ്രഹിക്കാത്ത ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. പള്ളിവാസൽ ,ഭൂതത്താൻ കെട്ട് ജലവൈദ്യുത പദ്ധതികൾ വേഗത്തിലാക്കുകയാണ് വേണ്ടത്. കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ദീർഘകാല പവർ പർച്ചേസ് കരാർ റദ്ദാക്കിയത് പുന:സ്ഥാപിക്കണം.
ഇന്ത്യയിൽ പലയിടത്തും സ്മാർട്ട് മീറ്റർ വിജയകരമായി ഉപയോഗിക്കുന്നു എന്നിരിക്കെ കേരളം ആറു മാസത്തെ മീറ്റർ റീഡിങിനു മാത്രം 10,000ത്തിനും 21,000ത്തിനുമിടയിൽ ശമ്പളം നൽകി 3000ത്തിലധികം മീറ്റർ റീഡർമാരെ വയ്ക്കുന്നതിനെതിരെ കേരളത്തിലെ ജനങ്ങൾക്കിടയിൽ വൻ പ്രതിഷേധത്തിനു കാരണമായി. സ്മാർട്ട് മീറ്റർ സമ്പ്രദായം കൊണ്ടു വന്നാൽ ഇവർക്ക് ജോലി നഷ്ടപ്പെടുമെന്ന വാദം ഉയർത്തിയാണ് കെഎസ്ഇബി യൂണിയനുകൾ എതിർക്കുന്നത്.ഇവരാകട്ടെ മീറ്റർ റീഡിങ് എടുക്കാൻ വരുമ്പോൾ അനധികൃത ചാർജുകളും വൻ തുകയും ഉപഭോക്താക്കളുടെ മേൽ ഇലക്‌ട്രിസിറ്റി ബിൽ ആയി ചുമത്തുന്നത് ഇപ്പോൾ പതിവാണ്.സത്യത്തിൽ ഈ മീറ്റർ റീഡർമാരിൽ മുക്കാൽപങ്കും ഉപഭോക്താക്കളെ കൊള്ള ചെയ്യുന്നു എന്ന പരാതിയും സോഷ്യൽ മീഡിയയിൽ ശക്തമാണ്. ദ്വൈമാസ ബില്ലിംഗ് മൂലം ഉപഭോഗം മിനിമം സ്ലാബിന് മുകളിൽ പോകുകയും അതുവഴി കെ.എസ്.ഇ.ബി അമിതലാഭം ഉണ്ടാക്കുകയും ചെയ്യുന്നുവെന്നാണ് ആക്ഷേപങ്ങളിലൊന്ന്. മീറ്റർ റീഡിംഗ് ഉൾപ്പെടെയുള്ള ചെലവ് കുറയ്ക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്ത് രണ്ട് മാസത്തിലൊരിക്കൽ വൈദ്യുതി ബില്ല് മാറ്റിയത് മൂലം കെഎസ്ഇബിയ്ക്ക് ഉപയോഗിച്ചതിലും അധികം തുകയുടെ ബില്ലാണ് സാധാരണക്കാർ അടയ്ക്കേണ്ടി വരുന്നത്.
സ്വകാര്യ കമ്പനികളെ കൂടി കേരളത്തിലേക്കു ക്ഷണിച്ചാൽ കെഎസ്ഇബിയുടെ ഈ ആധിപത്യം തകരും. ആരോഗ്യകരമായ ബിസിനസ് മാത്സര്യം ഉടലെടുക്കും.ആവശ്യത്തിനു മാത്രം കഴിവും യോഗ്യതയുമുള്ള ഉദ്യോഗസ്ഥരെ നിലനിർത്തി ബാക്കിയുള്ളവരെ ഒഴിവാക്കണം.ഇതൊക്കെയാണ് കെഎസ്ഇബിയ്ക്ക് രക്ഷപെടാനുള്ള മാർഗങ്ങളായി ജനകീയ സംവാദങ്ങളിൽ ഉയർന്നു കേൾക്കുന്നത്.
സ്വകാര്യ കമ്പനിയിൽ നിന്നു വൈദ്യുതി വാങ്ങുന്ന ഡൽഹിയിൽ ജനങ്ങൾക്ക് വളരെ കുറഞ്ഞ ചെലവിലാണ്(400 യൂണിറ്റിന് 500 രൂപ) അതു നൽകുന്നത്.മഹാരാഷ്ട്രയിൽ പ്രതിമാസം ആണ് വൈദ്യുതി ബിൽ.വടക്കേ ഇന്ത്യയിൽ പലയിടത്തും സ്മാർട്ട് മീറ്റർ വിജയകരമായി ഉപയോഗിച്ചു വരുന്നു.ഇന്ത്യ ഇത്രയധികം മുന്നേറിയിട്ടും എന്തു കൊണ്ടാണ് കേരളം ജനങ്ങൾക്ക് ഇരുട്ടടി നൽകാൻ മാത്രം സുപ്രീം കോടതി വരെ പോകുന്നത് എന്ന ചോദ്യത്തിനു മാത്രം കെഎസ്ഇബിക്ക് ഉത്തരമില്ല.