ഏകലോക വ്യവസ്ഥിതിയുടെ മഹാ പ്രവാചകൻ

ശ്രീനാരായണ ഗുരുദേവന്‍റെ 170ാം ജയന്തിയോടനുബന്ധിച്ച് ശിവഗിരി മഠം, ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ്, പ്രസിഡന്‍റ്, സ്വാമി സച്ചിദാനന്ദ എഴുതുന്നു.
sree narayana guru Jayanti
ഏകലോക വ്യവസ്ഥിതിയുടെ മഹാ പ്രവാചകൻ
Updated on

ശ്രീനാരായണ ഗുരുദേവന്‍റെ 170ാമത് ജയന്തി കടന്നുവന്നിരിക്കുകയാണ്. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ഇപ്രാവശ്യത്തെ പരിപാടികള്‍ ലളിതവത്ക്കരിച്ചാണ് നടത്തുന്നത്. ഘോഷയാത്രയ്ക്ക് പകരം സങ്കീര്‍ത്തന യാത്രയാണ് മുഖ്യപരിപാടി.

"മനുഷ്യരെല്ലാം ഒന്ന് അതാണ് നമ്മുടെ മതം' എന്ന് ഗുരുദേവന്‍ പറഞ്ഞുവച്ചിട്ടുണ്ട്. മനുഷ്യരാശിയുടെ ഏകതയ്ക്ക് വേണ്ടിയാണ് ഗുരു നിലകൊണ്ടത്. മനുഷ്യരുടെ വാക്കിലും വിചാരത്തിലും പ്രവൃത്തിയിലുമുള്ള സകലവിധ ഭേദങ്ങളേയും വിപാടനം ചെയ്ത് മനുഷ്യരെയെല്ലാം ഒരേയൊരു അദ്വൈത സത്യത്തിന്‍റെ സ്ഫുരണങ്ങള്‍ മാത്രമാണെന്ന് ഗുരു കണ്ടു. അദ്വൈതം ഗുരുദേവനെ സംബന്ധിച്ച് സര്‍വതിന്‍റേയും ഏകതയ്ക്കു വേണ്ടിയുള്ള ദര്‍ശനമായിരുന്നു. ഗുരു അദ്വൈതിയായിരുന്നു, അദ്വൈതവാദിയായിരുന്നില്ല. അദ്വൈതത്തെ ഒരു ചിന്താപദ്ധതി എന്നതിനപ്പുറത്ത് അതിനെ ഒരു ജീവിതപദ്ധതിയായി പ്രായോഗിക വേദാന്തം ഗുരുദേവന്‍ ചമച്ചു. അതിന്‍റെ വെളിച്ചത്തില്‍ ജാതിമത ചിന്തകള്‍ക്കതീതമായി ലോകമെമ്പാടും അധിവസിക്കുന്ന മുഴുവന്‍ ജനതയും ഏകമായ പരംപൊരുളിന്‍റെ ആവിഷ്ക്കാരമായി ദര്‍ശിച്ച ഗുരു "എല്ലാവരും ആത്മസഹോദരര്‍' എന്ന് പാടി. ഇതാണ് ഗുരുവിന്‍റെ ജീവിത ദര്‍ശനം. ഇതിനെ കേന്ദ്രീകരിച്ച് ഗുരുദേവന്‍ ഏകലോക ദര്‍ശനം വിഭാവനം ചെയ്തു.

ഗുരുദേവന്‍ പ്രഖ്യാപിച്ച ഏകലോകദര്‍ശനത്തിന്‍റെ ആദ്യ ഉദ്ബോധനമാണ്

"ജാതിഭേദം മതദ്വേഷ-

മേതുമില്ലാതെ സര്‍വരും

സോദരത്വേന വാഴുന്ന

മാതൃകാസ്ഥാനമാമിത്''

എന്ന അരുവിപ്പുറം സന്ദേശമെന്നു പറയാം.

ജാതിമതഭേദ വ്യത്യാസങ്ങള്‍ യാതൊന്നുമില്ലാതെ സര്‍വജനതയും ഒന്നായി സുഖസമൃദ്ധിയില്‍ സമത്വാധിഷ്ഠിതമായി കഴിയുന്ന ഒരേകലോക വ്യവസ്ഥിതി ഇതായിരുന്നു ഗുരുവിന്‍റെ ചിന്താമണ്ഡലത്തിലുണ്ടായിരുന്നത്. 1888 മുതല്‍ 1928 വരെയുള്ള 40 വര്‍ഷക്കാലം ആയുസും വപുസും ആത്മതപസും ബലിയര്‍പ്പിച്ച് ആഹര്‍നിശം ഗുരുദേവന്‍ കര്‍മ പ്രപഞ്ചത്തില്‍ വ്യാപരിച്ചത് സര്‍വരും സഹോദരരായി കഴിയുന്ന ഈ ഏകലോക വ്യവസ്ഥിതിക്ക് വേണ്ടിയായിരുന്നു.

ഭാരതത്തിന്‍റെ അഭിമാനമായ വിവേകാനന്ദ സ്വാമികള്‍ 1893ല്‍ ചിക്കാഗോയിലെ സര്‍വമത സമ്മേളന വേദിയില്‍ വച്ച് "അമേരിക്കയിലെ എന്‍റെ സഹോദരീ സഹോദരന്‍മാരെ' എന്ന വിശ്വസാഹോദര്യ മന്ത്രം മുഴക്കുന്നതിനും 5 വര്‍ഷം മുമ്പാണ് തികച്ചും ഗ്രാമീണരായിരുന്ന ഒരവധൂതന്‍ ഈ ഏകലോക സന്ദേശം മുഴക്കിയത് എന്ന് നാം അറിയണം. ഗുരുവിന്‍റെ അനുയായികള്‍ തന്നെ ഈ ആദ്യ സന്ദേശത്തിന്‍റെ അര്‍ത്ഥതലം വേണ്ടവണ്ണം അവധാരണം ചെയ്തിട്ടുണ്ടോ എന്ന് സംശയമാണ്. ശ്രീനാരായണസമൂഹം പോലും മഹാഗുരുവിനെ സാമുദായികതലത്തില്‍ കാണുന്നുവെന്നതാണ് ഏറ്റവും വലിയ ദുര്യോഗം.

ശ്രീനാരായണ ഗുരു ഒരു സന്ദേശം പറഞ്ഞു വയ്ക്കുക മാത്രമല്ല ചെയ്തത്. അതനുസരിച്ച് ജീവിച്ച് മാതൃക കാട്ടുകയും ചെയ്തു. "എന്‍റെ ജീവിതമാണ് എന്‍റെ സന്ദേശമെന്ന ആപ്ത വചനം കൂടുതല്‍ ഇണങ്ങുന്നത് ശ്രീനാരായണ ഗുരുവിലാണെന്ന് കാണാം. മനുഷ്യജാതിയുടെ ഏകതയെ കുറേക്കൂടി ആഴത്തില്‍ അഭിവീക്ഷണം ചെയ്തുകൊണ്ട് ഗുരു പാടി:

ഏകജാതിര്‍ഭവത്യേക

ദൈവമേകമതം മതം

തസ്മാദഭേദോ ള വയവാ:

വയം സര്‍വേ സാഹോദരാ:

എന്ന് ശിവഗിരി മഠം സ്ഥാപിക്കുന്ന കാലത്ത് 1904 ല്‍ തന്നെ ഗുരു വിളംബരം ചെയ്തിരുന്നു. അതിന്‍റെ മലയാളമൊഴിയാണ് 1920ല്‍ തൃപ്പാദങ്ങളുടെ 65ാം ജന്‍മദിനത്തിന് നല്‍കിയ ജാതി നിർണയം എന്ന കൃതിയിലെ "ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന സന്ദേശം. ഗുരുദേവന്‍ മിശ്രഭോജനത്തിനും "മിശ്രവിവാഹത്തിനുമായി നല്‍കിയ' മനുഷ്യരുടെ മതം, വേഷം ഭാഷ ഇവ എങ്ങനെയിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ടണ്ട് അന്യോന്യം വിവാഹവും പന്തീഭോജനവും ചെയ്യുന്നതിന് "യാതൊരു ദോഷവുമില്ല' എന്ന് ഉപദേശിക്കുമ്പോഴും മനുഷ്യരുടെ ഏകതയാണ് ഗുരു ലക്ഷീകരിച്ചത്.

ഗുരുദേവന്‍ ബാല്യകാലത്ത് താഴുന്നവര്‍ എന്ന് അകറ്റിനിര്‍ത്തപ്പെട്ടവരുമായി കൂട്ടുകൂടി അയിത്തത്തെ ലംഘിച്ചതും ഉപരിവിദ്യാഭ്യാസ കാലത്ത് കുഷ്ഠരോഗിയായ ചാത്തൻ പുലയനെ ചികിത്സിച്ചു ഭേദമാക്കിയതും 1904ല്‍ ഡോ. പല്‍പ്പു വഴി ചെമ്പഴന്തിയില്‍ പുലയര്‍ക്കായി സ്കൂള്‍ സ്ഥാപിച്ചതും (1904 ലെ വിവേകോദയം കാണുക) ജാതിഭേദ വിപാടനവും അവിടുത്തെ കാരുണ്യവുമായിരുന്നുവല്ലോ. നമ്മെ ഒരവതാരമായി ആരെങ്കിലും കാണുന്നുണ്ടെങ്കില്‍ അത് ജാതിഭേദത്തെ ദൂരീകരിക്കുവാന്‍ എന്നുകൂടി പറയണമെന്ന് ഗുരു മൊഴിഞ്ഞിട്ടുണ്ട്. ഏകലോകവ്യവസ്ഥസ്ഥിതിയുടെ ചിന്താധാരയാണ് ഈ ഗുരുദേവ മൊഴിയുടെ സാരം.

ഒരിക്കല്‍ ഗുരുദേവന്‍ ശിഷ്യനായ സി.വി. കുഞ്ഞുരാമനോടായി പറഞ്ഞു. "ബുദ്ധന്‍റെ കാലത്ത് ഹിംസ കലശലായിരുന്നു. അതിനാല്‍ ബുദ്ധന്‍ അഹിംസാ ധര്‍മത്തിന് മുഖ്യത കല്‍പ്പിച്ചു. ക്രിസ്തുവിന്‍റെ കാലത്ത് സ്നേഹത്തിന്‍റെ അഭാവമായിരുന്നു. അതിനാല്‍ ക്രിസ്തു സ്നേഹത്തിന് പ്രാധാന്യം നല്‍കി. നബിയുടെ കാലത്ത് സാഹോദര്യത്തിന് മുഖ്യത കല്‍പ്പിക്കേണ്ടത് ആവശ്യമായിരുന്നിരിക്കാം, അതിനാല്‍ അദ്ദേഹത്തിന്‍റെ മതത്തില്‍ സാഹോദര്യത്തിന് മുഖ്യത കാണുന്നു. ഇന്ന് ഇന്ത്യയുടെ ആവശ്യമെന്താണ്. "ജാതികള്‍ തമ്മിലും മതങ്ങള്‍ തമ്മിലുമുള്ള മത്സരത്തില്‍ നിന്നും മോചനം'.

ജാതിമതാദി ഭേദചിന്തകളുടെ വിമോചകനായിരുന്നുവല്ലോ ഗുരുദേവന്‍, ബുദ്ധന്‍, ക്രിസ്തു, നബി തുടങ്ങിയ ജഗദ് ഗുരുക്കന്മാരുടെ പരമ്പരയില്‍ ആധുനിക ഭാരതം ലോകത്തിന് സംഭാവന ചെയ്ത ശ്രീനാരായണ ഗുരു ഒരു ശ്രീനാരായണ മതത്തിനല്ല സര്‍വഭേദരഹിതമായ ഒരേകലോക വ്യവസ്ഥിതിക്കായി നിലകൊണ്ടു. "പലമതസാരവുമേകം. ജഗദിയിലിമ്മതമേകം' എന്നു 1897ല്‍ ഉപദേശിച്ച ഗുരുദേവന്‍ മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന് കേവലമനുഷ്യത്വത്തിന് പ്രാധാന്യം നല്‍കി മതദര്‍ശനം അവതരിപ്പിക്കുന്നു. "മനുഷ്യന്‍ കെട്ടുപോയാല്‍ പിന്നെ മതം കൊണ്ട് എന്ത് പ്രയോജനം' മതമല്ല മനുഷ്യനാണ് വലുതെന്ന് ഗുരു പഠിപ്പിക്കുന്നു.

ഏത് മതത്തില്‍ കൂടിയും മനുഷ്യന് നന്നാകുവാന്‍ സാധിക്കും. അതിനാല്‍ മതപരിവര്‍ത്തനം ചെയ്യേണ്ടണ്ട ആവശ്യമില്ലാ എന്ന് ഗുരു സിദ്ധാന്തിക്കുന്നു. 1924ല്‍ "വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ്' എന്ന സിദ്ധാന്തത്തിന്‍റെ വെളിച്ചത്തില്‍ ഗുരുദേവന്‍ ഏഷ്യയിലാദ്യമായി സര്‍വമത സമ്മേളനം അദ്വൈതാശ്രമത്തില്‍ വിളിച്ചുകൂട്ടി. ഹിന്ദുവും ക്രിസ്ത്യാനിയും ഇസ്‌ലാമും ബൗദ്ധനും ജൈനനും തുടങ്ങി പ്രമുഖ മതത്തിലെ ആചാര്യര്‍ ഒത്തുകൂടി "പലമതസാരവുമേകം' എന്ന ദര്‍ശനത്തിന്‍റെ വെളിച്ചത്തില്‍ അന്നാദ്യമായി ഏകമതദ ര്‍ശനം ചര്‍ച്ച ചെയ്യപ്പെട്ടു. ഇപ്പോള്‍ സര്‍വമത സമ്മേളനത്തിന്‍റെ ശതാബ്ദി ശിവഗിരി മഠത്തിന്‍റെ നേതൃത്വത്തില്‍ ഒരുവര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന പരിപാടികളോടെ രാജ്യത്തുടനീളം ആഘോഷിക്കുകയാണ്. ശ്രീബുദ്ധന്‍, യേശു ക്രിസ്തു, മുഹമ്മദ് നബി എന്നിവര്‍ ഓരോ മതങ്ങളുടെ സ്ഥാപകരായി അറിയപ്പെടുമ്പോള്‍ ഗുരു മതം സ്ഥാപിക്കാതെ ഏകലോക വ്യവസ്ഥിതിയെ പ്രാപിക്കുന്നു.

1924ലെ സര്‍വമത സമ്മേളനത്തെത്തുടര്‍ന്ന് എല്ലാവരും എല്ലാ മതങ്ങളും സമബുദ്ധിയോടും സമഭക്തിയോടും കൂടി പഠിക്കുന്ന ഒരു സര്‍വമത പാഠശാലയ്ക്കും ഗുരുദേവന്‍ ശിവഗിരിയില്‍ ശിലാസ്ഥാപനം ചെയ്തു. ഇപ്പോള്‍ സാവധാനമെങ്കിലും ആശാവഹമായ രീതിയില്‍ പ്രസ്തുത സര്‍വമത പാഠശാല ശിവഗിരിയില്‍ പ്രവര്‍ത്തിച്ചുവരികയാണ്. എല്ലാ മതവിശ്വാസികളുടെ ഇടയിലും ഇത്തരം സര്‍വമത പാഠശാലകള്‍ ആരംഭിക്കേണ്ടത് മറ്റെന്തിനേക്കാളും ഉപരി രാജ്യത്തിന് ഇന്നാവശ്യമാണ്.

മതപരിവര്‍ത്തന കോലാഹലങ്ങളും മതതീവ്രവാദ പ്രവര്‍ത്തനങ്ങളും കൊണ്ട് കലുഷിതമായ ലോകത്ത് എല്ലാവരും എല്ലാമതങ്ങളും സമബുദ്ധിയോടും സമഭക്തിയോടും കൂടി എല്ലാ മതങ്ങളുടെയും സിദ്ധാന്തങ്ങള്‍ പഠിക്കണം. അപ്പോള്‍ മതത്തിന്‍റെ പേരിലുള്ള വിവാദങ്ങള്‍ കുറയും. ഈ മഹിതമായ കാഴ്ചപ്പാടാണ് ഗുരുവിന് ഉണ്ടായിരുന്നത്. ഗുരുദേവന്‍ ആറ്റം യുഗത്തിന്‍റെ ഋഷിയാണ്. കാലഘട്ടത്തിന്‍റെ ശബ്ദം ശ്രവിച്ച് അതിനനുസൃതമായി ഗുരുതത്ത്വ ദര്‍ശനം അവതരിപ്പിച്ചു. ഏതു പരിഷ്കൃത രാജ്യത്തെ ആധുനികരായ ചിന്തകർ പോലും ഗുരുദര്‍ശനത്തെ ഉള്‍ക്കൊണ്ടു സ്വാംശീകരിക്കും. വരാന്‍ പോകുന്ന നൂറ്റാണ്ടുകളും ഗുരുദേവന്‍റെ മുന്നില്‍ കൈവണങ്ങി നില്‍ക്കും. ഗുരുദേവന്‍ സംസ്കൃതം, മലയാളം, തമിഴ് എന്നീ മൂന്നു ഭാഷകളിലായി രചിച്ച 70 ഓളം വരുന്ന കൃതികള്‍ ലോക ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. അത് വായിക്കുന്ന ഏതു മനീഷിയും ഗുരുദര്‍ശനത്തെ സ്വാംശീകരിക്കും.

ഗുരു ഉപദേശിക്കുന്നു "സൂക്ഷ്മാന്വേഷണത്തെ സഹായിക്കുന്ന മാര്‍ഗദര്‍ശികള്‍ മാത്രമാണ് മതങ്ങള്‍ സൂക്ഷ്മം അറിഞ്ഞവന് മതം പ്രമാണമല്ല, മതത്തിന് അവന്‍ പ്രമാണമാണ്' ഈ താത്വിക നിലപാടില്‍ നിന്നുകൊണ്ടാണ് ഗുരുദേവന്‍ ഒരു പ്രത്യേക മതത്തിലും ഉള്‍പ്പെടുന്നില്ല എന്ന് തുറന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ സൂക്ഷ്മമായ തത്വത്തെ ഈശ്വരനെ സാക്ഷാത്ക്കരിക്കുവാന്‍ അതാത് മതവിശ്വാസികള്‍ അവരവരുടെ മതത്തെത്തന്നെ പ്രമാണമാക്കി മതസിദ്ധാന്തങ്ങളെ പിന്‍തുടരുക തന്നെ വേണം. എന്നാല്‍ അത് മറ്റൊരു വിശ്വാസിയുടേയും ജീവിതത്തിനും ചര്യകള്‍ക്കും വിഘാതം വരുത്തുന്ന തരത്തിലാകാന്‍ പാടില്ല. മതാതീതമായ വിശ്വദര്‍ശനമാണ് ശ്രീനാരായണദര്‍ശനം.

ഗുരുദേവന്‍ മതപരമായി സ്വീകരിച്ച ഒന്നുരണ്ടു നിലപാടുകള്‍കൂടി ഇവിടെ ഉദാഹരിക്കാം. ഗുരുദേവന്‍റെ 1918ലെ സിലോണ്‍ സന്ദര്‍ശന വേളയില്‍ ഒരു ധനികനായ മുസ്‌ലിം ഖാദര്‍ ഗുരുഭക്തനായി 1926ല്‍ രണ്ടാം പ്രാവശ്യം ഗുരുദേവന്‍ സിലോണിലെത്തിയപ്പോള്‍ ഖാദര്‍ സ്കന്ദ സ്വാമിയായി സംന്യാസം സ്വയം സ്വീകരിച്ചിരുന്നു. തന്നെ കൂടി ഗുരുവിന്‍റെ ശിഷ്യസംഘത്തില്‍ ചേര്‍ക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചപ്പോള്‍ "ഖാദറിന് ഖാദറായിരുന്ന് നമ്മുടെ സംഘത്തില്‍ ചേരാം. ഖാദര്‍ സ്കന്ദ സ്വാമിയാകേണ്ടതില്ല' എന്ന് ഗുരുദേവന്‍ മൊഴിഞ്ഞു. അതുപോലെ ആലുവ അദ്വൈതാശ്രമത്തിലെ അന്തേവാസിയായിരുന്ന ചാക്കോ മഞ്ഞവസ്ത്രമുടുത്ത് ശ്രീനാരായണ ദാസായി വന്നപ്പോള്‍ "നമ്മുടെ ആശ്രമത്തില്‍ ചാക്കോ ചാക്കോയായിരുന്നാല്‍ മതി, ശ്രീനാരായണ ദാസ് ആകേണ്ടതില്ലായെന്നായിരുന്നു' ഗുരുവിന്‍റെ അഭിമതം.

ഗുരുവിന്‍റെ എത്രയും ഉദാരമായ ഈ നിലപാട് ഇന്നത്തെ അതത് വിശ്വാസികള്‍ അംഗീകരിച്ചാല്‍ മതത്തിന്‍റെ പേരിലുള്ള പ്രശ്നങ്ങള്‍ അവസാനിക്കും. ഏതായാലും ഈ ഉദാരമായ നിലപാടിലൂടെ മാത്രമേ മത സംഘട്ടനങ്ങളുടേയും മതങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങളുടേയും വേരറുക്കാന്‍ സാധിക്കൂ. എല്ലാ മതങ്ങളേയും വിശ്വത്തേയും ഒന്നായിക്കാണുന്ന ഒരു മഹാപുരുഷനു മാത്രമേ ഇതു സാധിക്കൂ. അതുകൊണ്ടാണ് ഗുരു വിശ്വമാനവികതയുടെ പ്രവാചകനായത്.

നെയ്യാറ്റിന്‍കര ഭാഗത്ത് കുറേപ്പേര്‍ മതപരിവര്‍ത്തനത്തിന് വിധേയമായി, പിന്നീട് എസ്എന്‍ഡിപി യോഗ പ്രവര്‍ത്തനങ്ങള്‍ ശക്തമായപ്പോള്‍ അവരില്‍ പലരും തിരികെ എത്തുകയും അവരെ ഗുരുദേവന്‍ സ്വീകരിക്കുകയും ചെയ്തതായി വിവേകോദയത്തില്‍ കാണുന്നുണ്ട്. സ്വധര്‍മത്തില്‍ നിന്നും മതം മാറ്റപ്പെട്ടവര്‍ പിന്നീട് മടങ്ങിവരാന്‍ തയ്യാറായാല്‍ അവരെ തിരികെ പ്രവേശിപ്പിക്കാം എന്നാണ് ഗുരുവിന്‍റെ കാഴ്ചപ്പാട്. മതത്തിന് ആഭ്യന്തരവും ബാഹ്യവുമായ രണ്ട് ഭാഗങ്ങള്‍ ഉണ്ട്. ബാഹ്യമായ മതപരിവര്‍ത്തന സംരഭങ്ങള്‍ നിരുത്സാഹപ്പെടുത്തേണ്ടതാണ്. ആന്തരികമായ പരിവര്‍ത്തനം വിവേകിയായ മനുഷ്യരില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. അതിനാല്‍ ആ രീതിയിലും മതപരിവര്‍ത്തനം ആവശ്യമില്ലെന്ന് ഗുരുദേവന്‍ സിദ്ധാന്തിക്കുന്നു. സി.വി. കുഞ്ഞിരാമനുമായി ഗുരുദേവന്‍ നടത്തിയ സംവാദത്തിലും തൃപ്പാദങ്ങള്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. മതത്തിന് ഉപരി മനുഷ്യനെ സ്നേഹിക്കുവാന്‍ ഗുരുദേവന്‍ പഠിപ്പിക്കുന്നു. ഈ ശുദ്ധമനുഷ്യത്വ ദര്‍ശനമാണ് യഥാര്‍ത്ഥ ഗുരുദര്‍ശനം. ഗുരു വിശ്വത്തെ ഒന്നായിക്കണ്ടു. ജാതി, മതം, ദേശം എന്നിവയുടെ വേലിക്കെട്ടുകള്‍ ഗുരുദേവന്‍ പൊളിച്ചുകളഞ്ഞു. മനുഷ്യരെല്ലാം ഒന്ന് അതാണ് നമ്മുടെ മതം എന്ന് പ്രഖ്യാപിച്ചു.

ആത്മോപദേശശതകത്തില്‍

"അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താ-

ലവനിയിലാദിമമായൊരാത്മരൂപം

അവനവനാത്മസുഖത്തിനാചരിക്കു-

ന്നവയപരന്നു സുഖത്തിനായ് വരേണം''

എന്ന് ഉപദേശിക്കുന്നുണ്ട്.

അവനും ഇവനും ഇനി മറ്റൊരാളും ആദിമമായ ആത്മസത്തയുടെ അംശങ്ങള്‍ തന്നെയാണ്. എല്ലാവരും ഒന്നിന്‍റെ തന്നെ വകഭേദങ്ങള്‍മാത്രം. അതിനാല്‍ ആത്മസഹോദരരെ എന്തിനു മതം മാറ്റണമെന്ന് ഗുരു ചോദിക്കുന്നു. ഒരേ ഒരു സത്തയുടെ സ്ഫുരണങ്ങളായ മനുഷ്യര്‍ പരസ്പരം സ്നേഹിച്ചും സഹായിച്ചും കഴിയുക എന്നതാണ് ജീവിതധര്‍മ്മമായി ഗുരു സിദ്ധാന്തിക്കുന്നത്. ശ്രീനാരായണ സ്മൃതിയില്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്‌ലിങ്ങളും ബൗദ്ധമത വിശ്വാസികളും ജൈന മതസ്ഥരും എല്ലാവരും ഒരേ ഒരു ആത്മസുഖത്തെ പ്രാപിക്കുവാനാണ് ആഗ്രഹിക്കുന്നത്. അതിനാല്‍ എല്ലാ മതവിശ്വാസികളും ഏകമാണെന്നും ഗുരുദേവന്‍ അഭിപ്രായപ്പെടുന്നു. ആത്മോപദേശ ശതകത്തില്‍

"അഖിലരുമാത്മസുഖത്തിനായ് പ്രയത്നം

സകലവുമിങ്ങു സദാപി ചെയ്തിടുന്നു;

ജഗതിയിലിമ്മതമേകമെന്നു ചിന്തി-

ച്ചഘമണയാതകതാരമര്‍ത്തിടേണം''

എന്ന് ഗുരു പറയുന്നു.

ആത്മസുഖത്തിനായി മതവിശ്വാസികളും ശ്രമിക്കുന്നതിനാല്‍ പലമതങ്ങളില്ല. മതം ഏകമാണ് എന്നാണ് ഗുരുവിന്‍റെ പക്ഷം. ഇത് മനസിലാക്കി എല്ലാവരുമായി അനുരഞ്ജനത്തില്‍ സാത്വിക ജീവിതം നയിക്കുവാന്‍ സാധിക്കണം.

ശാസ്ത്രവും സയന്‍സും പുരോഗതിയെ പ്രാപിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഏവരും തികച്ചും ഏകത്വബോധത്തോടെ ജീവിക്കണമെന്ന ഗുരുദേവന്‍റെ ഉപദേശത്തിന് ഏറെ പ്രസക്തിയുണ്ട്. അതുപോലെ എല്ലാവരും എല്ലാ മതസിദ്ധാന്തങ്ങളും സമഭാവനയോടെ പഠിച്ചറിയുക. അതിനാവശ്യമായ സര്‍വമത പഠന കേന്ദ്രങ്ങള്‍ വ്യാപകമായി സ്ഥാപിക്കുക. എല്ലാറ്റിനേയും അംഗീകരിക്കുക. എന്‍റെ മതം മാത്രം വലുത് മറ്റേതെല്ലാം അപൂർണം തുടങ്ങിയ ചിന്താഗതികള്‍ ഉപേക്ഷിക്കുക. എല്ലാമതത്തിലും നന്‍മയെ ദര്‍ശിക്കുവാന്‍ ശീലിക്കുക. തുടങ്ങിയ ആശയങ്ങള്‍ ശ്രീനാരായണസമൂഹത്തെ പ്രബുദ്ധരാക്കട്ടെയെന്ന് ആശംസിക്കുന്നു. ജാതിമത ദേശാദി വിഭാഗീയ ചിന്താഗതികള്‍ക്കതീതമായി എല്ലാവരും ഈശ്വരസത്തയുടെ അംശമെന്ന ബോധത്തില്‍ ആത്മസഹോദരരായി കഴിയുന്നതാണ് ഗുരു വിഭാവനം ചെയ്യുന്ന ഏകലോകം. ആ ഏകലോകം സൃഷ്ടിക്കുവാന്‍ ജാതിമതഭേദമെന്യേ എല്ലാവരും പ്രവര്‍ത്തിക്കാന്‍ തയ്യാറാകണം. സ്വാമി ജോണ്‍ ധര്‍മതീര്‍ത്ഥര്‍ പറഞ്ഞു. ശ്രീനാരായണ ഗുരുദേവന്‍ ഭാവിലോകത്തിന്‍റെ പ്രവാചകന്‍. സഹോദരനയ്യപ്പന്‍ പാടി.

"സുവർണകാലം കഴിഞ്ഞില്ല

വരുന്നേയുള്ളൂ കാക്കുവിന്‍

വരുത്തേണ്ടതു നിങ്ങളുടെ

ശ്രമത്താലെന്നുമോര്‍ക്കുവിന്‍''.

ഗുരു വിഭാവനം ചെയ്യുന്ന ഏകലോക വ്യവസ്ഥിയാണ് സുവർണകാലം. അത് വരുത്താന്‍ എല്ലാവരും മുന്നിട്ടിറങ്ങണം. ഇതു വായിക്കുന്ന ഏവരും തങ്ങളുടെ കടമ നിര്‍വഹിക്കുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തണം. ഏകലോക വ്യവസ്ഥിതിയുടെ പ്രവാചകനായ ഗുരുദേവന്‍റെ ചിന്താസരണിക്കൊത്തു നാമും മുന്നേറുക.

"വാദങ്ങള്‍ ചെവിക്കൊണ്ട്

മതപ്പോരുകള്‍ കണ്ടും

മേദസ്ഥിരനായങ്ങു

വസിപ്പൂ മലപോലെ''.

കുമാര മഹാകവി ഗുരുദേവനെക്കുറിച്ചെഴുതിയ ഈ വരികള്‍ നമ്മുടേയും ജീവിത ദര്‍ശനമാകട്ടെ. ഏവര്‍ക്കും ശ്രീനാരായണ ഗുരുദേവ ജയന്തി ആശംസകള്‍.

Trending

No stories found.

Latest News

No stories found.