S.A. Dange
എസ്.എ. ഡാങ്കെ

ഇടതുപക്ഷത്തെ വേട്ടയാടുന്ന ഡാങ്കെയുടെ പ്രേതം

സിപിഎമ്മിന്‍റെ പിറവിക്കു കാരണമായ എസ്.എ. ഡാങ്കെയുടെ കോൺഗ്രസ് അനുകൂല നിലപാട് ഒരിക്കൽക്കൂടി ചർച്ചയാകുന്നു. സിപിഐക്ക് ഇത് ആവേശം പകരുമ്പോൾ സിപിഎം കുരുക്കിലാണ്.
Published on

അജയൻ

1964ൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ പിളർപ്പിനു കാരണമായ എസ്.എ. ഡാങ്കെയുടെ നിലപാടുകൾ അറുപതു വർഷത്തിനിപ്പുറവും പ്രസക്തമായി നിൽക്കുന്നു. കൈയിലിരിപ്പ് കൊണ്ടുണ്ടായ പ്രശ്നങ്ങളാൽ കലുഷിതമായ ഇടതുപക്ഷത്തെ സംബന്ധിച്ച്, ചരിത്രത്തെക്കുറിച്ചുള്ള ഓർമപ്പെടുത്തൽ കാലോചിതവുമാണ്.

1964 ഏപ്രിൽ 11നാണ് 32 അംഗങ്ങൾ സിപിഐ ദേശീയ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോരുകയും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) എന്ന പുതിയ പ്രസ്ഥാനത്തിനു രൂപം നൽകുകയും ചെയ്തത്. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയെ നയിച്ച ഡാങ്കെ, പണ്ഡിറ്റ് ജവഹർലാൽ നെഹ്റു നേതൃത്വം നൽകുന്ന കോൺഗ്രസ് സർക്കാരിനെ പിന്തുണയ്ക്കുന്നതിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. സോവ്യറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആശീർവാദവും ഈ നിലപാടിനുണ്ടായിരുന്നു. എന്നാൽ, ആഗോള ഇടതുപക്ഷ പ്രസ്ഥാനത്തിന്‍റെ യഥാർഥ മാർഗദീപം ചൈനയാണെന്ന നിലപാടിലായിരുന്നു വിഘടിത വിഭാഗം. 1962ൽ ഇന്ത്യയെ ചൈന ആക്രമിച്ചതൊന്നും അവർ കാര്യമാക്കിയില്ല.

EMS
ഇ.എം.എസ്. നമ്പൂതിരിപ്പാട്
''ചൈന ചൈനയുടേതെന്നും ഇന്ത്യ ഇന്ത്യയുടേതെന്നും അവകാശപ്പെടുന്ന പ്രദേശത്തെച്ചൊല്ലിയുള്ള സംഘർഷം'' എന്നാണ് ചൈന നടത്തിയ കടന്നുകയറ്റത്തെ ഇ.എം.എസ്. നമ്പൂതിരിപ്പാട് വിവാദപരമായി വ്യാഖ്യാനിച്ചത്

''ചൈന ചൈനയുടേതെന്നും ഇന്ത്യ ഇന്ത്യയുടേതെന്നും അവകാശപ്പെടുന്ന പ്രദേശത്തെച്ചൊല്ലിയുള്ള സംഘർഷം'' എന്നാണ് ചൈന നടത്തിയ കടന്നുകയറ്റത്തെ ഇ.എം.എസ്. നമ്പൂതിരിപ്പാട് വിവാദപരമായി വ്യാഖ്യാനിച്ചത്. പിളർപ്പിനു മുൻപു തന്നെ ഇന്ത്യയിലെ ഇടതുപക്ഷത്തിലുള്ള ഭിന്നത തുറന്നു കാട്ടുന്ന സൂചനകളായിരുന്നു ഇതെല്ലാം.

രണ്ടു ടേം പൂർത്തിയാക്കിയ നരേന്ദ്ര മോദി സർക്കാരിനെതിരേ മൂന്നാം വട്ടം നടത്തിയ പോരാട്ടത്തിലൂടെ കോൺഗ്രസ് വീണ്ടും ദേശീയശ്രദ്ധയിലേക്കു വന്നുകഴിഞ്ഞു. സിപിഎമ്മിന്‍റെ അവശേഷിക്കുന്ന ഏക കോട്ടയായ കേരളത്തിലും അതിന്‍റെ പ്രതിഫലനങ്ങൾ ദൃശ്യമായി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയം സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുകയും, പാർട്ടി നേരിടുന്ന വെല്ലുവിളികൾ വർധിപ്പിക്കുകയും ചെയ്തു.

ദേശീയതലത്തിൽ കരുത്തുറ്റ ശക്തിയായി കോൺഗ്രസ് തിരിച്ചെത്തിക്കഴിഞ്ഞു. സിപിഎമ്മിന്‍റെ ആശയങ്ങൾക്ക് കടകവിരുദ്ധമായ നയങ്ങൾ പിന്തുടരുന്ന പാർട്ടിയാണ് ബിജെപി. ബിജെപിയെ എതിർക്കുന്ന വിശാല പ്രതിപക്ഷ സഖ്യത്തെ നയിക്കാൻ കോൺഗ്രസ് സജ്ജമായി. ആ മുന്നണിയുടെ ഭാഗമാകാൻ സിപിഎം നിർബന്ധിതവുമാണ്. പ്രതിപക്ഷത്തിനു മുന്നോട്ടുള്ള മാർഗം കോൺഗ്രസുമായുള്ള സഖ്യം മാത്രമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തുകഴിഞ്ഞു. ആറു പതിറ്റാണ്ടു മുൻപ് അന്നത്തെ വിമതരും പിന്നീട് സിപിഎമ്മുമായി മാറിയ വിഭാഗം തള്ളിക്കളഞ്ഞ ഡാങ്കെയുടെ അതേ ആശയവുമായി പൊരുത്തപ്പെടുന്നതാണ് യെച്ചൂരി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന നിലപാട്.

Sitaram Yechuri
സീതാറാം യെച്ചൂരി

യാഥാർഥ്യം ഇതായിരിക്കെ, മുഖ്യമന്ത്രിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ നേതൃത്വം നൽകുന്ന കേരളത്തിലെ സിപിഎമ്മിനുള്ളത് വേറിട്ട കാഴ്ചപ്പാടാണ്. കേരളത്തിൽ പാർട്ടിയുടെ മോശം പ്രകടനത്തിനു കാരണം ദേശീയതലത്തിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയതാണ് എന്നായിരുന്നു, തെരഞ്ഞെടുപ്പ് ദുരന്തം വിശകലനം ചെയ്യാൻ ചേർന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ പിണറായിയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും വാദിച്ചത്!

പിണറായി സർക്കാരിന്‍റെ പ്രവർത്തനവും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാതിരിക്കാൻ തരമില്ല. സർക്കാരിനെതിരേ ഉയർന്ന അഴിമതി ആരോപണങ്ങളുടെ പരമ്പരകളും, സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോൾ സർക്കാർ നടത്തിയ ധൂർത്തും, ക്ഷേമ പെൻഷനുകൾ കുടിശികയായതും, പാർട്ടിയുടെ വിദ്യാർഥി - യുവജന വിഭാഗങ്ങൾ അഴിച്ചുവിട്ട അക്രമങ്ങളുമെല്ലാം ജനരോഷത്തിനു കാരണമായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും, അക്രമങ്ങളെ ന്യായീകരിച്ച രീതിയും, സാധാരണക്കാരിൽനിന്നും അധ്വാനവർഗത്തിൽനിന്നും അകന്ന് ഉപരിവർഗവുമായുണ്ടാക്കിയ അടുപ്പവുമെല്ലാം ഇതിന് ആക്കം കൂട്ടി. ഏറ്റവും താഴേത്തട്ട് മുതൽ ജില്ലാ തലം വരെയുള്ള തെരഞ്ഞെടുപ്പ് വിശകലന യോഗങ്ങളിൽ വോട്ടർമാരുടെ വികർഷണം കൃത്യമായി പ്രതിഫലിക്കുകയും ചെയ്തു.

Pinarayi Vijayan
പിണറായി വിജയൻ

സിപിഎമ്മിന്‍റെ അടിസ്ഥാന വോട്ടർമാരിൽ ഗണ്യമായൊരു പങ്ക് ബിജെപിയിലേക്കു ചാഞ്ഞിട്ടുണ്ടെന്നാണ് കേന്ദ്ര നേതൃത്വം പോലും വിലയിരുത്തിയത്. താഴേത്തട്ടിലുള്ള പ്രവർത്തനം വീണ്ടും സജീവമാകണമെന്നു നിർദേശിച്ച നേതൃത്വം, നേതാക്കൾ ജനങ്ങൾനിന്ന് അകലുന്നതിനെതിരേ മുന്നറിയിപ്പും നൽകിയിരുന്നു. പക്ഷേ, ഇത്തരം ആശങ്കൾക്കെല്ലാം നേരേ കണ്ണടയ്ക്കുകയാണ് പാർട്ടി സംസ്ഥാന ഘടകം. മുഖ്യമന്ത്രിയുടെ ശൈലി മാറ്റേണ്ട ആവശ്യമില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ആവർത്തിക്കുന്നതു തന്നെ ഇതിനു തെളിവാണ്. പകരം, 'തെറ്റിദ്ധാരണ' എന്നു പാർട്ടി വിശേഷിപ്പിക്കുന്ന കാര്യങ്ങൾ തിരുത്താൻ ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിക്കാനാണ് നേതൃത്വത്തിന്‍റെ പദ്ധതി. കുറ്റം ജനങ്ങളുടേതാണെന്നാണ് പാർട്ടി ഇപ്പോഴും വിശ്വസിക്കുന്നത്, അല്ലെങ്കിൽ അങ്ങനെ വിശ്വസിപ്പിക്കാനാണ് ശ്രമിക്കുന്നത്.

അതേസമയം, എൽഡിഎഫിന്‍റെ ഭാഗമായ യുഡിഎഫ് പരസ്യമായി തന്നെ സിപിഎമ്മിന്‍റെ വിദ്യാർഥി വിഭാഗത്തെ അപലപിച്ചു. സിപിഐ നേതാക്കൾ മുഖ്യമന്ത്രിയുടെ പ്രവർത്തനത്തെ വിമർശിച്ചു. അവർ എൽഡിഎഫ് വിട്ട് യുഡിഎഫിലേക്കു മടങ്ങാനുള്ള സാധ്യതകളിലേക്കു കൂടിയാണ് ഇതെല്ലാം വിരൽ ചൂണ്ടുന്നത്. 1969ൽ സിപിഐ യുഡിഎഫിന്‍റെ ഭാഗമായതിന്‍റെ ഓർമകൾ ഉണർത്തുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ. അന്നു സിപിഐ നേതാവ് സി. അച്യുതമേനോന്‍റെ നേതൃത്വത്തിൽ സുസ്ഥിരമായൊരു സംസ്ഥാന സർക്കാരും ഇവിടെ പ്രവർത്തിച്ചിരുന്നു. എന്നാൽ, അടിയന്തരാവസ്ഥയ്ക്കു ശേഷം സിപിഐ എൽഡിഎഫിന്‍റെ ഭാഗമാകുകയും, സിപിഎമ്മിന്‍റെ 'വല്യേട്ടൻ' മനോഭാവം സഹിച്ച് ഇതുവരെ അവിടെ തന്നെ തുടരുകയും ചെയ്തു. ദേശീയതലത്തിൽ കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി വലിയ സാധ്യതകൾ തുറന്നിടുമ്പോൾ, അവരുമായി ചേർന്നു പ്രവർത്തിക്കുന്നതു തന്നെയാണ് പ്രായോഗിക രാഷ്‌ട്രീയം. അതുതന്നെയാണ് അവരുടെ പഴയ നേതാവ് ഡാങ്കെ മുൻപേ പറഞ്ഞതും.

ഇങ്ങനെയൊരു സാഹചര്യത്തിൽ പ്രശ്നത്തിന്‍റെ കാതൽ സിപിഎമ്മിൽ മാത്രമായി ഒതുങ്ങുനിൽക്കുന്നു. 'സർവശക്തമായ' കേരള ഘടകം, ഡാങ്കെയോടു യോജിക്കുന്ന കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാടിനെ നിരാകരിക്കുന്നു. കേന്ദ്ര നേതൃത്വത്തെ പോലും താങ്ങിനിർത്തുന്നത് 'സമ്പന്നമായ' സംസ്ഥാന ഘടകമാണെന്നാണ് കേരള നേതാക്കളുടെ വാദം. കേന്ദ്ര നേതാക്കൾ കോൺഗ്രസ് അനുകൂല നിലപാടുമായി മുന്നോട്ടുപോയാൽ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് അവർ മുന്നറിയിപ്പും നൽകുന്നു. സംസ്ഥാന ഘടകത്തെ സംബന്ധിച്ച്, മുസ്‌ലിം ലീഗിനെ പാട്ടിലാക്കാമെന്ന മോഹം മങ്ങിക്കഴിഞ്ഞു. തുടരെ രണ്ടു ടേമുകൾ ഭരിച്ച മുന്നണിക്ക് മൂന്നാം വട്ടം ഭരണം പിടിക്കുക ദുഷ്കരമായിരിക്കും, പ്രത്യേകിച്ച് സിപിഐ കൂടി ഒപ്പമില്ലെങ്കിൽ. അങ്ങനെ സംഭവിച്ചാൽ ബംഗാളിലും ത്രിപുരയിലും നേരിട്ടതിനു സമാനമായ തകർച്ച തന്നെയാവും സിപിഎം കേരളത്തിലും അഭിമുഖീകരിക്കുക.