ന്യായവിലയ്ക്ക് മരുന്ന് കിട്ടാൻ...

"മഹാരോഗത്തിന്‍റെ മരുന്നു വിപണി' എന്ന ഈ ലേഖകന്‍റെ അന്വേഷണ പരമ്പര 2011 ഒക്റ്റോബർ 8 മുതൽ 12വരെ "കേരള കൗമുദി' പ്രസിദ്ധീകരിച്ചു
To get medicine at fair price special story
ന്യായവിലയ്ക്ക് മരുന്ന് കിട്ടാൻ...
Updated on

പാൻക്രിയാസ് കാൻസർ ചികിത്സയ്ക്ക് ഒഴിവാക്കാനാവാത്ത കുത്തിവയ്പ് മരുന്നാണ് ജെംസിറ്റബൈൻ. ഇതിന്‍റെ വിപണി വില 6,256 രൂപ. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളെജിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയായ എസ്എടിയോട് ചേർന്നുള്ള ഇൻ ഹൗസ് ഡ്രഗ് ബാങ്കിലെ (ഐഎച്ച്ഡിബി)വില്പന വില 616 രൂപ. അതായത്, 90 ശതമാനം വില കുറവ്. കാൻസർ ചികിത്സയ്ക്ക് വ്യാപകമായി ഉപയോഗിക്കുന്ന വീനറ്റ് 100 എംജിയുടെ 10 ഗുളികയുടെ വിപണിവില 695 രൂപയാണ്.109 രൂപയ്ക്ക് ഇത് ഐഎച്ച്ഡിബിയിൽ കിട്ടും.

കാരുണ്യ ഫാർമസിയിലെ വിലയും ഐഎച്ച്ഡിബിയിലെ വിലയും മുമ്പ് തുല്യമായിരുന്നു. അതുകൊണ്ടാണ് ഐഎച്ച്ഡിബി വില ഇവിടെ പരാമർശിക്കുന്നത്.

പ്രോസ്റ്റേറ്റ് കാൻസറിനുള്ള അമിറാറ്റോസോണിന്‍റെ 250 മില്ലിഗ്രാമിന്‍റെ 120 ഗുളികയുടെ വില്പന വില 42,350 രൂപ. 5,806 രൂപയ്ക്ക് ഇത് ഐഎച്ച്ഡിബിയിൽ നിന്ന് വാങ്ങാം. 86 ശതമാനം വിലക്കുറവ്. ബ്ലഡ് കാൻസർ രോഗികൾക്ക് വേണ്ട ബോർട്ടെസോമിബ് 2 എംജി ഇൻജക്ഷന്‍റെ വിപണി വില 3,890 രൂപ. ഐഎച്ച്ഡിബി വില 544 രൂപ. 3,346 രൂപ കുറവിലാണ് ഈ മരുന്ന് ലഭിക്കുന്നത്. ഇതേ രോഗത്തിനു തന്നെ വേണ്ടിവരുന്ന ഫിൽഗ്രാസ്റ്റിം ഇൻജക്ഷന് 1,299 രൂപയാണ് വിപണി വില. 205 രൂപയേ ഇതിന് ഐഎച്ച്ഡിബിയിൽ നൽകേണ്ടതുള്ളൂ.

കുടൽ കാൻസർ ചികിത്സയ്ക്കുള്ള കാപഡ് 500 എംജിയുടെ 10 ഗുളികയ്ക്ക് 1,260 രൂപ വിപണി വില. 181 രൂപയാണ് ഇതിന് ഐഎച്ച്ഡിബി ഈടാക്കുന്നത്. ബ്രസ്റ്റ് കാൻസർ രോഗികൾക്ക് വേണ്ടിവരുന്ന ലെട്രസോൾ 1.5 എംജിയുടെ 10 ഗുളികയുടെ വില 208 രൂപ. ഐഎച്ച്ഡിബിയിൽ ഇതിന് 36 രൂപയേയുള്ളൂ. കാൻസർ രോഗികളുടെ പ്രതിരോധശേഷി കൂട്ടുന്നതിന് ഉപയോഗിക്കുന്ന അഡ്കുമിൻ സിറപ് 100 എംഎല്ലിന് 2350 രൂപയാണ് വിപണി വില. 451 രൂപയ്ക്ക് ഇത് ഐഎച്ച്ഡിബിയിൽ നിന്ന് വാങ്ങാം.

അവയവം മാറ്റിവച്ചവർക്കുള്ള ഇമ്മ്യുണോസപ്രസന്‍റ് ആയ മൊഫിലെറ്റ് 360 എംജി ഗുളികകളുടെ 10 എണ്ണത്തിന് 1,233 രൂപയാണ് വിപണി വില.121 രൂപയാണ് ഇതിന് ഐഎച്ച്ഡിബി വില.1,112 രൂപയുടെ വ്യത്യാസം!

ഇതിത്രയും വിശദമായി പറയാനുള്ള കാരണം, ആരോഗ്യ മന്ത്രി വീണാ ജോർജിന്‍റെ അറിയിപ്പാണ്. കാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നുകള്‍, അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് ശേഷം ഉപയോഗിക്കേണ്ട മരുന്നുകള്‍ എന്നീ വില കൂടിയ മരുന്നുകള്‍ സംസ്ഥാനത്ത് ലാഭം ഒട്ടുമില്ലാതെ രോഗികള്‍ക്ക് നല്‍കുമെന്നായിരുന്നു അത്. 800ഓളം വിവിധ മരുന്നുകള്‍ കമ്പനി വിലയ്ക്ക് തന്നെ ലഭ്യമാകും. സംസ്ഥാന സര്‍ക്കാരിന്‍റെ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ലിമിറ്റഡിന്‍റെ (കെഎംഎസ് സിഎല്‍) കാരുണ്യ ഫാര്‍മസികള്‍ വഴിയായിരിക്കും കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ ലഭ്യമാക്കുക. ഇതിനായി കാരുണ്യ ഫാര്‍മസികളില്‍ "ലാഭ രഹിത കൗണ്ടറുകള്‍' ആരംഭിക്കും. ഈ മാസം പദ്ധതി ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

നിലവില്‍ സംസ്ഥാനത്ത് 74 കാരുണ്യ ഫാര്‍മസികളാണുള്ളത്. ഇന്ത്യയിലെ വിവിധ ബ്രാന്‍ഡഡ് കമ്പനികളുടെ 7,000ത്തോളം മരുന്നുകളാണ് ഏറ്റവും വില കുറച്ച് കാരുണ്യ ഫാര്‍മസികള്‍ വഴി നല്‍കുന്നത്. ഇത് കൂടാതെയാണ് കാന്‍സറിനും അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കുമുള്ള മരുന്നുകള്‍ പൂര്‍ണമായും ലാഭം ഒഴിവാക്കി നല്‍കുന്നത്. എല്ലാ ജില്ലകളിലേയും പ്രധാന കാരുണ്യ ഫാര്‍മസികള്‍ വഴിയായിരിക്കും ലാഭ രഹിത കൗണ്ടറുകള്‍ ആരംഭിക്കുക. ഇതിനായി പ്രത്യേകം ജീവനക്കാരേയും നിയോഗിക്കുമെന്ന് മന്ത്രി അറിയിച്ചു.

"മഹാരോഗത്തിന്‍റെ മരുന്നു വിപണി' എന്ന ഈ ലേഖകന്‍റെ അന്വേഷണ പരമ്പര 2011 ഒക്റ്റോബർ 8 മുതൽ 12വരെ "കേരള കൗമുദി' പ്രസിദ്ധീകരിച്ചു. പരമ്പരയുടെ അവസാന റിപ്പോർട്ട് പ്രസിദ്ധീകരിച്ച ദിവസം അന്നത്തെ ആരോഗ്യ മന്ത്രി അടൂർ പ്രകാശിനോട് കൂടിക്കാഴ്ചയ്ക്ക് അനുമതി ചോദിച്ചു. നിയമസഭ സമ്മേളിക്കുന്ന അവസരമായതിനാൽ അവിടെ വച്ചായിരുന്നു കൂടിക്കാഴ്ച. പരമ്പരയുടെ അവസാന ഭാഗത്ത് മിൽമ മാതൃകയിൽ കെഎംഎസ്‌സിഎല്‍ മെഡിക്കൽ സ്റ്റോറുകൾ ആരംഭിച്ചാൽ രോഗികൾക്ക് വൻ വിലക്കിഴിവ് ലഭിക്കുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

"പരമ്പര ഞാൻ വായിച്ചു. അതിൽ നിർദേശിച്ചിട്ടുള്ളതു പോലെ ന്യായവില മെഡിക്കൽ സ്റ്റോറുകൾ തുടങ്ങും'- മന്ത്രി പ്രഖ്യാപിച്ചു. എത്ര നാളിനുള്ളിൽ തുടങ്ങുമെന്ന് ലേഖകന്‍റെ ചോദ്യം.അന്നത്തെ കെഎംഎസ്‌സിഎല്‍ എംഡി ബിജു പ്രഭാകറിനെ (ഇപ്പോഴത്തെ കെഎസ്ഇബി സിഎംഡി) അപ്പോൾത്തന്നെ മന്ത്രി വിളിച്ചു. ആദ്യ മെഡിക്കൽ സ്റ്റോർ മെഡിക്കൽ കോളെജ് ഗോഡൗണിനോട് ചേർന്ന് ഒരു മാസത്തിനുള്ളിൽ തുടങ്ങാമെന്ന് എംഡി. "സർക്കാർ കാര്യമായതിനാൽ 6 മാസത്തിനുള്ളിൽ തുടങ്ങുമെന്ന് കൊടുക്കാം, പക്ഷെ ഓരോ മാസവും അതിന്‍റെ പുരോഗതി വാർത്തയാക്കും'- അത് മന്ത്രിക്കും സമ്മതം. എങ്ങനെയും ന്യായവില മെഡിക്കൽ സ്റ്റോർ എന്നതായിരുന്നു താല്പര്യം.

ഒരു മാസം എന്നത് മൂന്നു മാസമായെങ്കിലും, കാരുണ്യ ഫാർമസി തുടങ്ങാനായി. മരുന്നു വാങ്ങാൻ വമ്പൻ ക്യൂ. അത്ര വില വ്യത്യാസമായിരുന്നു. കാരുണ്യ ഫാർമസിയുടെ തിരുവനന്തപുരം മെഡിക്കൽ കോളെജിലെ ആദ്യ സ്റ്റോറിൽ വാർഷിക വിറ്റുവരവ് ബിജു പ്രഭാകർ എംഡിയായിരുന്ന കാലയളവിൽ 32 കോടി രൂപ വരെയായി ഉയർന്നു. അടുത്ത നിയമസഭാ സമ്മേളനത്തിൽ എംഎൽഎമാർ അവരവരുടെ മണ്ഡലങ്ങളിൽ കാരുണ്യ ഫാർമസി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടു. ആദ്യഘട്ടമെന്ന നില‍യിൽ ഒരു നിയോജക മണ്ഡലത്തിൽ കുറഞ്ഞത് 2 എന്ന നിലയിൽ 300 കാരുണ്യ ഫാർമസി ആരംഭിക്കുമെന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആരോഗ്യമന്ത്രി അടൂർ പ്രകാശും ഉറപ്പു നൽകി.

വളരെപ്പെട്ടെന്നാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. മെഡിക്കൽ സ്റ്റോറുടമകളുടെ ദേശീയ സംഘടനാ പ്രസിഡന്‍റ് മുഖ്യമന്ത്രിയേയും മന്ത്രിമാരേയും കണ്ടു. അപ്പോഴാണ്,പിറവം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 5 കോടി രൂപ ഇവർ നൽകിയതായി പ്രചാരണമുണ്ടായി. അതെന്തായാലും, അതിനുശേഷം ഇഴഞ്ഞു നീങ്ങിയ കാരുണ്യ ഫാർമസി ഇതുവരെയും 300ലെത്തിയില്ല! ഇപ്പോഴും 74ലെത്തി നിൽക്കുന്നേയുള്ളൂ! ജനങ്ങൾക്ക് ഏറെ ആശ്വാസം കിട്ടുന്ന ഒരു സംവിധാനം എന്തുകൊണ്ടാണ് ഇങ്ങനെ മുടന്തുന്നത്?

മുമ്പ്, കാരുണ്യ ഫാർമസിയിൽ രോഗികളുടെ തിരക്ക് എപ്പോഴും കാണാമായിരുന്നു. ഇപ്പോൾ 10 മരുന്നു വാങ്ങാൻ പോയാൽ പകുതി കിട്ടിയാൽ ഭാഗ്യം! നേരത്തെ, കാരുണ്യ ഫാർമസിയിൽ മരുന്ന് പർച്ചേസ് ചെയ്യാൻ മുതിർന്ന സർക്കാർ ഡോക്റ്റർമാരുടെ പാനലുണ്ടായിരുന്നു. അവർ നിർദേശിക്കുന്ന മരുന്നുകൾ വാങ്ങുകയും അതിന്‍റെ വിലയും വിലക്കുറവും വെബ് സൈറ്റിൽ കൊടുക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ രോഗികൾക്ക് അവരുടെ മരുന്നിന്‍റെ വില കൃത്യമായി അറിയാമായിരുന്നു. സുതാര്യമായ ആ സംവിധാനം കെഎംഎസ്‌സിഎല്ലിലെ അഴിമതിക്കാർ അട്ടിമറിച്ചു. അത് വീണ്ടും കൊണ്ടുവരുന്നത് രോഗികൾക്ക് വലിയ ആശ്വാസമായിരിക്കും.

ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗ്സ് അസോസിയേഷൻ പുറത്തുവിട്ട 2022ലെ കണക്കനുസരിച്ച്, ആ വർഷം മരുന്ന് വിപണിയുടെ വിറ്റുവരവ് 11 ശതമാനം വർധനവോടെ 12,500 കോടി രൂപയായാണ് ഉയർന്നത്. രാജ്യത്തെ മൊത്തം മരുന്ന് ഉപഭോഗത്തിൽ കേരളത്തിന്‍റെ വിഹിതം 7 ശതമാനമാണ്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 2.77 ശതമാനം മാത്രം അധിവസിക്കുന്ന സംസ്ഥാനത്താണിത്. കൊവിഡ് കാലയളവിൽ കേരളീയരുടെ മരുന്ന് ഉപഭോഗം 30 ശതമാനം കുറഞ്ഞു. അക്കാലയളവിൽ 7,500 കോടി രൂപയുടെ മരുന്നായിരുന്നു വിറ്റത്. അടുത്തവർഷം, 2021ൽ വിറ്റുവരവ് 11,100 കോടി രൂപയോളമായി.

ഇപ്പോൾ, കാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നുകള്‍, അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് ശേഷം ഉപയോഗിക്കേണ്ട മരുന്നുകള്‍ എന്നിവ കുറഞ്ഞ വിലയ്ക്ക് സർക്കാർ നൽകുന്നത് നല്ല കാര്യം. മറ്റെല്ലാ മരുന്നുകളും വലിയ വിലക്കുറവിൽ കൊടുക്കാൻ കാരുണ്യക്ക് കഴിയുമെന്നിരിക്കേ, എന്തുകൊണ്ട് അതിന് തയ്യാറാവുന്നില്ല?

പ്രധാന മരുന്നു കമ്പനികളിലൊന്നിന്‍റെ ഉത്തരവാദപ്പെട്ട വ്യക്തി പറഞ്ഞത് ഇങ്ങനെ: 40 ശതമാനം വിലക്കുറവിൽ മരുന്നുകൊടുക്കാമെന്ന് അവർ വാഗ്ദാനം ചെയ്തത്. "25 ശതമാനം വിലക്കുറവിൽ മതി, ബാക്കി ഞങ്ങൾക്ക് നൽകിയാൽ മതി'യെന്നായിരുന്നു കുറഞ്ഞ വിലയ്ക്ക് മരുന്ന് നൽകാൻ ചുമതലപ്പെട്ട ആളിന്‍റെ നിർദേശം! വിളവു തിന്നുന്ന അത്തരം "വേലി' കളെ ഒഴിവാക്കിയാൽ സർക്കാരിന് ഒരു മുതൽ മുടക്കുമില്ലാതെ സംസ്ഥാനത്തൊട്ടാകെ കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ നൽകാനാവും. അതെങ്ങനെയെന്ന് ഐഎച്ച്ഡിബിയിലോ തിരുവനന്തപുരം മെഡിക്കൽ കോളെജിനോടനുബന്ധിച്ചുള്ള ന്യായവില മരുന്നുവിതരണ കേന്ദ്രമായ പേയിങ് കൗണ്ടറിലോ അന്വേഷിച്ചാൽ മതി.

സർക്കാർ ആശുപത്രികളിൽ ആവശ്യമായ എല്ലാ മരുന്നുകളുമില്ലെന്നത് വസ്തുതയാണ്. അതുകൊണ്ടുതന്നെ ഇത്തരം ന്യായവില മരുന്നുകടകൾ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെല്ലാം വ്യാപകമാക്കണം. അത് രോഗികൾക്ക് പകരുന്ന ആശ്വാസം വലുതായിരിക്കും. അതിന് മുന്നിട്ടിറങ്ങിയാൽ ഇപ്പോൾ15,000 കോടിയോളം രൂപയായിട്ടുള്ള സംസ്ഥാനത്തെ ഔഷധ വിപണിയെ നിയന്ത്രിക്കുന്നവർ സർക്കാരിന്‍റെ തീരുമാനം അട്ടിമറിക്കാൻ ശ്രമിക്കും. അഴിമതിക്കാരായ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ പിന്തുണയും ഇക്കൂട്ടർക്കുണ്ടാവും. അതിനെ മറികടക്കാനുള്ള ഇച്ഛാശക്തി സംസ്ഥാനത്തെ ഭരണ നേതൃത്വം പ്രകടിപ്പിക്കുമോ എന്ന് കാത്തിരുന്നു കാണാം.

Trending

No stories found.

Latest News

No stories found.