കായിക വളർച്ചയ്ക്ക് ഒത്തുചേരാം | ജ്യോത്സ്യൻ

together for the growth of sports
കായിക വളർച്ചയ്ക്ക് ഒത്തുചേരാം | ജ്യോത്സ്യൻ
Updated on

2024 നവംബർ 4 തിങ്കളാഴ്‌ച എറണാകുളത്ത് ആരംഭിച്ച സംസ്ഥാന സ്കൂൾ കായികമേള കേരളത്തിന്‍റെയും രാജ്യത്തിന്‍റെ തന്നെയും വലിയ കായിക മാമാങ്കമായി മാറിയിരിക്കുന്നു. 39 കായിക ഇനങ്ങളിലായി 25,000ത്തോളം വിദ്യാർഥികളാണ് മേളയിൽ പങ്കെടുത്തത്. ഭിന്നശേഷിക്കാരും പ്രവാസി വിദ്യാർഥികളുമടങ്ങിയ ഈ കായിക മാമാങ്കം ഒരു മിനി ഒളിപിംക്സ് തന്നെയായിരുന്നു.

കേരളത്തിന്‍റെ വ്യവസായ നഗരമായ കൊച്ചിയിൽ 17 വേദികളിലായിട്ടാണ് മൽസരങ്ങൾ നടത്തിയത്. പങ്കെടുക്കുന്നവർക്കുള്ള താമസം, ഭക്ഷണം, യാത്രാ സൗകര്യം എന്നിവ കൊച്ചി നഗരത്തിലും കോലഞ്ചേരി ഉൾപ്പെടെയുള്ള നഗരപ്രാന്തങ്ങളിലും ഒരുക്കിയിരുന്നു. 1,200 വോളന്‍റിയർമാരുള്ള കായികമേളയിൽ എൻസിസി, എസ്പിസി, സ്കൗട്ട്സ് ആൻഡ്‌ ഗൈഡ്സ് എന്നീ സംഘടനകളെല്ലാം ഒത്തുചേർന്നിരുന്നു. ഒപ്പം 500ഓളം അധ്യാപകരും. ആധുനിക ശബ്ദ വെളിച്ച സംവിധാനങ്ങൾ ഒരുക്കിയ ഇത്തരം മേളകൾ ഭംഗിയായി നടത്താൻ കേരളത്തിന് കഴിവുണ്ടെന്ന് ഇതോടെ തെളിയിച്ചിരിക്കുന്നു.

കായികരംഗത്ത് ധാരാളം പ്രതിഭകളെ സംഭാവന ചെയ്തിട്ടുള്ള നാടാണ് കേരളം. ഇന്ത്യൻ കായിക മേഖലയുടെ വളർച്ചയ്ക്ക് പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളോടൊപ്പം കേരളവും വലിയ പങ്ക് വഹിക്കുന്നു. എന്നാൽ 133 കോടി ജനങ്ങളുള്ള ഇന്ത്യയ്ക്ക് ഇതുവരെയും ഒളിംപിംക്സിൽ വലിയ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്നത് വലിയൊരു നാണക്കേടായി നിൽക്കുന്നു.

ആ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണമെങ്കിൽ വിവിധ കായിക രംഗങ്ങളിൽ ചെറുപ്രായത്തിൽ തന്നെ കുട്ടികൾക്ക് വിദഗ്ധരായ പരിശീലകരുടെ സഹായത്തോടു കൂടി ആവശ്യമായ പരിശീലനം ലഭ്യമാകാനുള്ള സാഹചര്യമുണ്ടാക്കണം. ബുദ്ധിപരമായ വളർച്ചയ്ക്കൊപ്പം കായിക വളർച്ചയ്ക്കും പ്രാധാന്യം നൽകണം. കിന്‍റർ ഗാർഡൻ മുതൽ ഉന്നത വിദ്യാഭ്യാസ മേഖല വരെ നല്ല പരിഗണന സ്പോർട്സിന് നൽകണം.

ആരോഗ്യമുള്ള ജനതയാണ് ഒരു രാജ്യത്തിന്‍റെ സമ്പത്ത്. ദൈവത്തിന്‍റെ സ്വന്തം നാടായ കേരളം വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം എന്നിവയിലെല്ലാം അഭിമാനകരമായ നേട്ടങ്ങളുണ്ടാക്കി മുന്നേറുന്നു. കലോൽസവങ്ങൾക്ക് നൽകുന്ന പ്രാധാന്യം കായികോത്സവങ്ങൾക്കും നൽകിയാൽ ഇന്ത്യയ്ക്ക് മാതൃകയായി കേരള സംസ്ഥാനം മാറുമെന്ന കാര്യത്തിൽ ജോത്സ്യന് സംശയമില്ല.

രാഷ്‌ട്രീയ അഭിപ്രായ വ്യത്യാസങ്ങളും, പിണക്കങ്ങളും ഒരു വശത്ത് നടക്കുമ്പോൾ തന്നെ കായിക മേഖലയുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് എല്ലാവരും കൈകോർക്കണം എന്നാണ് ജോത്സ്യന് പറയാനുള്ളത്.

Trending

No stories found.

Latest News

No stories found.