ഉദയനിധി മിടുക്കൻ! മിടുമിടുക്കൻ!
തകർത്തു! തിമർത്തു! പൊളിച്ചു! കലക്കി!
ആറായിരം വർഷമെങ്കിലും പഴക്കമുണ്ടെന്നു പറയപ്പെടുന്ന സനാതന ധർമ സൗധം ഇതാ പൊളിഞ്ഞു തറയിൽ വീണുടഞ്ഞു പാളീസായിക്കിടക്കുന്നു!
ഒരൊച്ചപ്പാടും വിപ്ലവവും വെടിവയ്പ്പും സാക്ഷരതായജ്ഞവും ഒന്നും കൂടാതെ സ്റ്റാലിന്റെ പുത്രൻ സനാതന ധർമം എന്ന അശ്രീകരത്തെ ആറടി മണ്ണിൽ കബറടക്കിക്കഴിഞ്ഞിരിക്കുന്നു.
മുപ്പത്തിമുക്കോടി ദൈവങ്ങളെയും ആചാര്യന്മാരെയും ഇതിഹാസ പുരാണങ്ങളെയും വേദ ശാസ്ത്രങ്ങളെയും ഒറ്റയടിക്ക് മൂപ്പർ സംഹരിച്ചിരിക്കുന്നു.
നമ്മുടെ മലയാളി ബുദ്ധിജീവികളും ചിന്തകരും പോലും പരസ്യമായി പറയാൻ ധൈര്യപ്പെടാത്ത കാര്യമല്ലേ, ചിന്ന അണ്ണാച്ചി പുല്ലു പോലെ പറഞ്ഞുവച്ചത്? ഇതല്ലേ, ശരിയായ നവോത്ഥാനം?
നമ്മൾ സാക്ഷര - നവോത്ഥാന മലയാളികൾ ഇപ്പോഴും ഗണപതിയുമായുള്ള യുദ്ധം വരെയേ ആയിട്ടുള്ളൂ താനും! എന്നു മാത്രല്ല, നാമജപ ഘോഷയാത്രയടക്കമുള്ള അഡ്ജസ്റ്റുമെന്റുകൾ നടത്തി നവോത്ഥാനത്തെ നമ്മൾ പിന്നോട്ടു തള്ളി മാറ്റുകയും ചെയ്തു.
കഷ്ടം! ഇനി എന്നാണ് സനാതന ധർമ വേതാളത്തിന്റെ "നട്ടെല്ലൂരി കൊട്ടയിലാക്കി ഐആറെട്ടിന് വളമാക്കുന്നത്'?
മോശം! മോശം!
ദ്രാവിഡ നിധി ഉദയം!
സനാതന ധർമപ്പനി നിർമാർജനത്തിന് ഉത്തരവിട്ട ഉദയനിധിക്ക് എന്തു പറ്റി എന്ന ചോദ്യം ഉദിക്കുന്നില്ല. ഉദയനിധി എന്തിന് ഈ വിധം ആജ്ഞാപിക്കാൻ വൈകി എന്ന ചോദ്യത്തിനാണ് പ്രസക്തി.
"ഗണപതിക്ക് തേങ്ങ ഉടയ്ക്കരുത്, ഗണപതിയെത്തന്നെ ഉടയ്ക്കണം' എന്നു പറഞ്ഞ പെരിയാർ ഇ.വി. രാമസ്വാമിയുടെ ശിഷ്യപരമ്പരയിലെ ഇളയ ആളും ഭാവി തമിഴക മുഖ്യമന്ത്രിയുമായ ഉദയനിധി ഇക്കാര്യങ്ങളൊക്കെ ഇപ്പോൾ പറഞ്ഞില്ലെങ്കിൽ പിന്നെ എപ്പോൾ പറയും?
രണ്ടു കൂട്ടർക്കും ഒര ചോരയാണെങ്കിലും തമിഴകത്തിന്റെ ദ്രാവിഡ സ്വത്വബോധവും വീറും വാശിയും മാമലകൾക്കപ്പുറത്തുള്ള മലയാളിക്ക് പെട്ടെന്നു പിടികിട്ടിയെന്നു വരില്ല.
തല നിമിര്ന്തു നില്ലെടാ!
പാരമ്പര്യത്തിന്റെ അനർഘ നിധികൾ ഒളിപ്പിച്ചു വച്ച സമുദ്രമാണ് തമിഴകം.
ആന്ധ്രയിലെ തിരുപ്പതി മുതൽ കന്യാകുമാരി വരെയായിരുന്നു പുരാതന തമിഴ് ദേശം. അകം നാനൂറ്, പുറം നാനൂറ്, തിരുക്കുറൾ, ചിലപ്പതികാരം, മധുരൈ കാഞ്ചി തുടങ്ങിയവയെല്ലാം അക്കാലത്ത് രചിക്കപ്പെട്ട പ്രമുഖ കാവ്യങ്ങളാണ്. "തൊൽക്കാപ്പിയര്' എന്ന പ്രാചീന കവി എഴുതിയ "തൊൽക്കാപ്പിയം' ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള വ്യാകരണ ഗ്രന്ഥങ്ങളിലൊന്നാണ്. തിരുക്കുറളാകട്ടെ, ദ്രാവിഡ വേദവുമാണ്.
ഒന്നാം നൂറ്റാണ്ടിൽ കരിങ്കാല ചോളൻ നിർമച്ച ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ട് "കല്ലണ' എന്ന പേരിൽ ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജലസേചന പദ്ധതിയായി കാവേരിയിൽ ഇന്നും കാണാം.
കതിരു പൊട്ടി ചിതറി വീണ്, കടൽ തിളച്ചു ചൂടാറി, നദിയുണ്ടായി, മണലുണ്ടാകുന്നതിനു മുമ്പേ നന്മ വളർത്തിയ മധുരാ നഗരത്തിലെ പാണ്ഡ്യന്റെ മകളാണ് തമിഴക മങ്ക എന്നാണ് കവിഞ്ജർ കണ്ണദാസൻ പാടിയത്. ദ്രാവിഡ സ്ത്രീകളുടെ പുരികക്കൊടിയിൽ കാമദേവന്റെ സാന്നിധ്യമുണ്ടെന്നാണ് മറ്റൊരു കവിവാക്യം.
ഇത്തരം ഈടുവെയ്പ്പുകളുടെ ബലത്തിലാണു ബംഗാളിയായ വിവേകാനന്ദ സ്വാമികൾക്കൊപ്പം തിരുവള്ളുവരുടെ പ്രതിമയും കന്യാകുമാരിയുടെ തീരത്ത് നെഞ്ചു വിരിച്ചു നിലകൊള്ളുന്നത്.
"തമിഴനെൻട്രു ശൊല്ലെടാ, തലൈ നിമിര്ന്തു നില്ലെടാ' എന്ന ദ്രാവിഡ മണ്ണിന്റെ പടപ്പാട്ടാണ് കന്യാകുമാരിയിലെ സാഗരങ്ങളുടെ സംഗീതം.
അതെ! തമിഴൻ അവന്റെ സ്വന്തം ഇടങ്ങളിലേക്ക് ഉദയനിധിയിലൂടെ തിരിച്ചെത്തിയിരിക്കുകയാണ്!
തമിഴ് ദേശ വിജയം
ഉദയനിധിയുടെ തലമുറയ്ക്ക് അനുകൂലമായ രണ്ടു മൂന്നു കാര്യങ്ങൾ ഇതിന്റെയൊക്കെ ഫലമായി രൂപപ്പെട്ടിട്ടുണ്ട്.
ഒന്ന് - തമിഴകം ഭൗതികമായ പുരോഗതിയുടെ പാതയിലാണ്.
രണ്ട് - അതുകൊണ്ടു തന്നെ അവർക്ക് ആത്മാഭിമാനവും ചങ്കുറപ്പും വർധിച്ചിരിക്കുന്നു.
മൂന്ന് - മുമ്പേ ഉണ്ടായിരുന്ന ദ്രാവിഡ മഹത്വ ബോധം ഇപ്പോഴത്തെ അനുകൂല സാഹചര്യങ്ങൾ മൂലം കൂടുതൽ ശക്തിയാർജിച്ചിരിക്കുന്നു.
തമിഴകത്തിന്റെ ഭാവി ശോഭനമാണ് എന്നതാണ് മറ്റൊരു വസ്തുത. വ്യവസായ രംഗത്ത് തമിഴ്നാടിന് ദക്ഷിണേന്ത്യയിൽ ഒന്നാം സ്ഥാനമുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ സാധാരണക്കാർക്ക് ലഭിച്ചു തുടങ്ങി എന്നതാണ് മാറ്റത്തിന്റെ വേറൊരു കാരണം. കൃഷിക്ക് വൈദ്യുതി സൗജന്യം, സ്ത്രീകൾക്ക് ബസ് യാത്ര സൗജന്യം, പെൺകുട്ടികൾക്ക് ലാപ്ടോപ്പ് സൗജന്യം, പാവപ്പെട്ട കുടുംബങ്ങൾക്ക് അരി സൗജന്യം.
തീർന്നില്ല, നേട്ടങ്ങളുടെ കണക്കുകൾ പിന്നെയുമുണ്ട്.
ഇന്ത്യയുടെ മൊത്തം കയറ്റുമതിയിൽ 9.25 ശതമാനവും തമിഴ് നാട്ടിൽ നിന്നത്രെ. 41 പ്രത്യേക സാമ്പത്തിക മേഖലകളും അഞ്ച് വ്യാവസായിക ഇടനാഴികളും ഇപ്പോഴവിടെയുണ്ട്. ഇന്ത്യയുടെ മൊത്തം ഭക്ഷ്യ സംസ്കരണ ഉത്പാദനത്തിന്റെ എട്ട് ശതമാനം തമിഴർ സംഭാവന ചെയ്യുന്നു. ഈ സ്ഥിതിക്ക് തമിഴ് വികാരം ഊതിക്കത്തിക്കാതെ ഉദയനിധി എന്തിനു വെറുതെയിരിക്കണം?
തമിഴന്റെ മലയാള രാജ്യം!
തമിഴ് ദേശീയതയെക്കുറിച്ച് പറയുമ്പോൾ കേരളപ്പിറവിക്കു മുമ്പ് സ്വതന്ത്ര തിരുവിതാംകൂർ എന്ന പേരിൽ ഒരു മലയാള രാജ്യം സ്ഥാപിക്കാൻ ഉണ്ടായ നീക്കവും ഓർക്കേണ്ടതുണ്ട്.
മദ്രാസിലെ മൈലാപ്പുരിൽ ജനിച്ച തങ്കത്തമിഴനായിരുന്ന തിരുവിതാംകൂർ ദിവാൻ സർ സി.പി. രാമസ്വാമി അയ്യരാണ് ഇതിന് പ്രേരക ശക്തിയായത്.
തിരുവിതാംകൂറിനെ 1947 ഓഗസ്റ്റ് മുതല് പൂർണാധികാരമുള്ള സ്വതന്ത്ര തിരുവിതാംകൂർ രാജ്യമായി മഹാരാജാവ് ശ്രീ ചിത്തിര തിരുനാൾ വിളംബരം ചെയ്തതും ഈ രാജ്യത്തിൽ നിന്ന് പാക്കിസ്ഥാനിലേക്ക് അംബാസഡറെ അയക്കാൻ തീരുമാനിച്ചതും ഇന്ന് ഒരു തമാശയായി തോന്നാം.
ഡൽഹിയിലെ നടരാജൻ
സനാതന ധർമ വിവാദത്തിലേക്കു നമുക്ക് ഇനി തിരിച്ചു വരിക, സുഹൃത്തുക്കളേ!
ഈ സനാതന ചിന്തയുടെ സമുദ്രത്തിൽ അമീബ മുതൽ നീലത്തിമിംഗലം വരെ സ്വച്ഛന്ദം വിഹരിക്കുന്നുണ്ട്. തമിഴകത്തിന് ഈ ധർമത്തെ പാടെ നിരാകരിക്കാൻ സധിക്കുമെന്ന് തോന്നുന്നില്ല.
ശിവന്റെ അവതാരമെന്നു കരുതുന്ന അഗസ്ത്യ മുനിയാണു തമിഴകത്തിന്റെ ആത്മാവ് എന്ന കാര്യം മറക്കരുത്. തമിഴിന്റെ വ്യാകരണം ചമച്ച തൊൽക്കാപ്പിയര് അഗസ്ത്യന്റെ ശിഷ്യനായിരുന്നു.
ശിവഭക്തരായ നായനാർമാർ ഹിമാലയത്തിലെ ശിവനെ ഭജിച്ചും പാടിയും നാട്ടിലെമ്പാടും സഞ്ചരിച്ചു. ചിദംബര ക്ഷേത്രത്തിലെ മൂർത്തിയാണല്ലോ നടരാജനായി, നൃത്തതിന്റെയും കലയുടെയും തലതൊട്ടപ്പനായി ഉലകമെങ്ങും പേരുകേട്ടത്.
ജി 20 ഉച്ചകോടി നടക്കുന്ന ഡൽഹിയിലെ പ്രഗതി മൈതാനിയിലെ ഭാരത മണ്ഡപ കവാടത്തിനു മുമ്പിൽ ദേശീയതയുടെ അടയാളമായി ചിദംബരത്തെ നടരാജ വിഗ്രഹം പ്രദർശിപ്പിച്ചിട്ടുണ്ട്.
പതഞ്ജലി മഹർഷി രചിച്ച ചരണ- ശൃംഗ- രഹിത നടരാജ സ്തോത്രം ദീർഘ സ്വരങ്ങൾ ഉൾപ്പെടാത്ത സൃഷ്ടിയെന്ന നിലയിൽ പ്രശസ്തം.
ചിദംബര രഹസ്യം
ധർമം എന്നാൽ കർമവും കടമയുമാണ്. മനുഷ്യർ എക്കാലവും പുലർത്തേണ്ട അടിസ്ഥാന മൂല്യങ്ങളായ ദയയും സ്നേഹവും നിഷ്ക്കാമ കർമവുമാണ് ഊ സംഗതികൾ. ഇവയെ കൊറോണയോ സിഫിലിസോ പോലെ നിർമാർജനം ചെയ്താൽ ലോകം ഒരു മരുഭൂമിയായി മാറിപ്പോകും. മറ്റൊരു രീതിയിൽ പറഞ്ഞാൽ മനുഷ്യന്റെ നിതാന്തമായ അന്വേഷണത്തിന്റെ ബാക്കിയാണ് സനാതന ധർമം.
ആചാര്യന്മാരിലൂടെയും പ്രവാചകന്മാരിലൂടെയും "നേതി, നേതി' - ഇതല്ല, ഇതല്ല എന്നു പറഞ്ഞ് നമ്മൾ അന്വഷണം തുടരുകയാണ്. അതാണ് മനുഷ്യായനം!
മനുഷ്യന്റെ അനാദിയായ തീർത്ഥയാത്ര! സ്വർണ പാത്രം കൊണ്ടു മറച്ചിരിക്കുന്ന ചിദംബര രഹസ്യം തേടിയുള്ള യാത്ര!
Krpramodmenon@gmail.com
9447809631.