വികസനം വന്നല്ലേ പറ്റൂ..

ജനാധിപത്യ സംവിധാനത്തിൽ രാഷ്‌ട്രീയ കുറ്റപ്പെടുത്തലുകൾ സ്വാഭാവികമാണെങ്കിലും ഭരണ നിർവഹണത്തിൽ പ്രായോഗിക സമീപനം വേണമെന്നാണ് കൌടല്ല്യ ശാസ്ത്രം
വികസനം വന്നല്ലേ പറ്റൂ..
വികസനം വന്നല്ലേ പറ്റൂ..
Updated on

രാഷ്‌ട്രീയ പിടിവാശികൾ മാറ്റിവച്ച് മൂന്നാം നരേന്ദ്ര മോദി സർക്കാരിന്‍റെ 2024 ജൂലൈ 23ലെ ആദ്യ ബജറ്റ് വിശകലനം ചെയ്യാനും, കേരളത്തിനർഹമായ പരമാവധി സഹായം നേടിയെടുക്കാനുമുള്ള കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ തീരുമാനം സ്വാഗതാർഹമാണ്.

മുന്നണി സർക്കാരിന്‍റെ നിലനിൽപ്പിനെ ലക്ഷ്യം വച്ചുകൊണ്ട് മാത്രം ആന്ധ്രയ്ക്കും ബിഹാറിനും പ്രത്യേക സഹായം വാഗ്ദാനം ചെയ്തും, നിർമല സീതാരാമന്‍റെ ഏഴാമത്തെ ബജറ്റ് എന്ന് മുദ്ര കുത്തപ്പെടുകയും, നീതി ആയോഗ് വിളിച്ചിട്ടുള്ള യോഗത്തിൽ നിന്ന് ബിജെപി ഇതര മുഖ്യമന്ത്രിമാർ മാറി നിൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേരള മുഖ്യമന്ത്രിയുടെ ധീരമായ ഈ നടപടി.

കേന്ദ്രത്തിനെതിരെ കോടതിയിൽ പോയിട്ടുണ്ടെങ്കിലും കോടതി വഴിയുള്ള പരിഹാരം അത്ര എളുപ്പമല്ലെന്ന് നിയമം അറിയുന്നവർക്ക് മനസിലായിട്ടുണ്ട്. പരസ്പര ധാരണയും വിട്ടുവീഴ്ചയുമാണ് വേണ്ടതെന്ന് കേരള മുഖ്യമന്ത്രിക്കും മനസിലായി. കേന്ദ്ര വിവേചനത്തിനെതിരെ ശക്തമായ പ്രതിഷേധം ഡൽഹിയിലെ ജന്തർ മന്ദറിൽ നടത്തിയ പിണറായി വിജയൻ തന്നെയാണ് കേരളത്തിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിച്ചതും പിന്നീട് സ്നേഹപൂർവം യാത്രയച്ചതും. ഇതിന്‍റെ പേരിൽ മുഖ്യമന്ത്രിയെ കുറ്റം പറഞ്ഞവരുമുണ്ട്. ജനാധിപത്യ സംവിധാനത്തിൽ രാഷ്‌ട്രീയ കുറ്റപ്പെടുത്തലുകൾ സ്വാഭാവികമാണെങ്കിലും ഭരണ നിർവഹണത്തിൽ പ്രായോഗിക സമീപനം വേണമെന്നാണ് കൌടല്ല്യ ശാസ്ത്രം.

പാർലമെന്‍റിൽ ഔദ്യോഗിക പ്രതിപക്ഷ നേതാവാകാൻ എണ്ണം കൊണ്ട് അർഹതയില്ലാതിരുന്നിട്ടും എ.കെ. ഗോപാലനെ കേന്ദ്ര പ്രതിപക്ഷ നേതാവായി ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രു അംഗീകരിച്ചതും ആദരിച്ചതും ജനാധിപത്യ സംവിധാനത്തിൽ മാർഗദീപങ്ങളാണ്.

എയിംസ്, അതിവേഗ റെയ്‌ൽവേ, വിഴിഞ്ഞം തുറമുഖത്തിനുള്ള ഉദാരമായ കേന്ദ്ര സഹായം, ദേശീയപാതയുടെ വികസനത്തിനുള്ള സഹായം തുടങ്ങിയ കേന്ദ്ര വിഹിതങ്ങൾ കേരളത്തിന് ലഭിച്ചേ തീരൂ. അതിനായി കേരള മുഖ്യമന്ത്രി ജൂലൈ 27ന് ഉച്ച കഴിഞ്ഞ് മൂന്നരമണിക്ക് നടത്തിയ ഓൺലൈൻ കോൺഫറൻസിൽ സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ, കേരളത്തിന്‍റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയും മുൻ കേന്ദ്രമന്ത്രിയുമായ പ്രൊഫ. കെ.വി. തോമസ്, ചീഫ് സെക്രട്ടറി ‌‌ഡോ. വി. വേണു തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ട് എടുത്ത തീരുമാനങ്ങൾ പ്രാധാന്യമർഹിക്കുന്നു.

സംസ്ഥാന സർക്കാരിന്‍റെ ഓരോ വകുപ്പുകളും കേന്ദ്ര ബജറ്റിലെ അവരുമായി ബന്ധപ്പെടുന്ന കാര്യങ്ങൾ വ്യക്തമായും വിശദമായും പഠിച്ച് ആവശ്യമായ ശുപാർശകൾ 15 ദിവസത്തിനകം മുഖ്യമന്ത്രിക്കു സമർപ്പിക്കണം എന്നതാണ് പ്രധാന തീരുമാനം. ചീഫ് സെക്രട്ടറി ഇത് മോണിറ്റർ ചെയ്യും. കേരള മന്ത്രിസഭയിലെ അംഗങ്ങൾ അവരുടെ ഡൽഹിയിലെ വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥന്മാരുമായി നേരിട്ട് ചർച്ച് ചെയ്ത് കേന്ദ്രത്തിൽ നിന്ന് കിട്ടാവുന്നത്ര സഹായം നേടിയെടുക്കണം.

കേരള എംപിമാർ, കേന്ദ്രത്തിലെ കേരളവുമായി ബന്ധമുള്ള ഉന്നത ഉദ്യോഗസ്ഥർ, കേരള ഹൗസ് എന്നിവയെല്ലാം കേരള സർക്കാർ എടുക്കുന്ന ശുപാർശകൾ നടപ്പിലാക്കാൻ ഒന്നിച്ച് പ്രവർത്തിക്കണമെന്നതും നല്ലൊരു തീരുമാനമാണ്. കേന്ദ്ര പദ്ധതികൾ നടപ്പിലാക്കുമ്പോഴും കേന്ദ്ര സഹായം നേടുമ്പോഴും കേന്ദ്ര മാനദണ്ഡങ്ങൾ പാലിക്കേണ്ടിവരും എന്നതിൽ സംശയമില്ല.

കേന്ദ്ര സഹായവും സ്വകാര്യ നിക്ഷേപങ്ങളും ലഭിക്കാനുള്ള അനുകൂലമായ ഒരു സാഹചര്യം കേരളത്തിനുണ്ട്. വ്യവസായ- വിദ്യാഭ്യാസ രംഗത്ത് മുൻപന്തിയിൽ നിൽക്കുന്ന ധാരാളം മലയാളികൾ ഉണ്ട് എന്നത് വലിയൊരു നേട്ടമാണ്. എം.എ. യൂസഫലി, രവി പിള്ള, ഗൾഫാർ മുഹമ്മദാലി തുടങ്ങിയ വിദേശ മലയാളികളെയും ഇന്ത്യയിലുള്ള നൂറുകണക്കിന് കേരളീയരായ വ്യവസായികളെയും നമുക്ക് ഈ രംഗത്ത് പ്രയോജനപ്പെടുത്താം.

ടൂറിസം, വ്യവസായം, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം, വിഴഞ്ഞം പോർട്ട്, കൊച്ചി അന്തർ ദേശീയ വിമാനത്താവളം, കൊച്ചി മെട്രൊ എന്നിവയെല്ലാം കേരളീയരുടെ അഭിമാനപൂർവമായ നേട്ടങ്ങളായി എടുത്തു കാണിക്കാം. കേരളീയർ ലോകത്തിൽ എല്ലായിടത്തും സുപ്രധാന മേഖലകളിൽ വലിയ സ്വാധീനം ചെലുത്തുന്നവരാണ്.

മലയാള മനോരമയുടെ 25ാം ബജറ്റ് പ്രഭാഷണത്തിൽ പ്രസിദ്ധ ധനതത്വ വിദഗ്ധൻ ധർമ കീർത്തി ജോഷി പറഞ്ഞത് കേരളത്തെപ്പോലെ ഇന്ത്യ പുരോഗമിച്ചെങ്കിൽ എന്നാണ്. വികസിത രാജ്യങ്ങൾക്ക് തുല്യമായ ഒരു ജീവിതസൂചിക കേരളത്തിനുണ്ട് എന്നുള്ള അദ്ദേഹത്തിന്‍റെ കമന്‍റ് പ്രത്യേകം ശ്രദ്ധേയമാണ്. അഭിപ്രായ സ്വാതന്ത്ര്യമുള്ള ഒരു ജനസമൂഹം, ജനപ്രിയ വാർത്താ മാധ്യമങ്ങൾ, ശക്തമായ ജുഡീഷ്യറി, ജനാധിപത്യ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്ന രാഷ്‌ട്രീയ സംവിധാനങ്ങൾ എന്നിവയെല്ലാം കേരളത്തിന്‍റെ പ്രത്യേകമായ സ്വത്തുക്കളാണെന്നാണ് ജോത്സ്യന്‍റെയും അഭിപ്രായം. ഇത് കേരളത്തിന്‍റെ ആരോഗ്യകരവും, സുസ്ഥിരവും, ജനോപകാരപ്രദവുമായ വികസനത്തിന് പ്രയോജനപ്പെടുത്തണം.

Trending

No stories found.

Latest News

No stories found.