ഈ ലോക ജനസംഖ്യാ ദിനത്തില്‍ (ജൂലൈ 11), കുടുംബാസൂത്രണത്തിലെ ഇന്ത്യയുടെ അവിശ്വസനീയമായ യാത്രയെക്കുറിച്ചാണു നാം ചിന്തിക്കുന്നത്. നാം നമ്മുടെ വിജയങ്ങള്‍ ആഘോഷിക്കുന്നു. പ്രത്യാശ നിറഞ്ഞ ഭാവിക്കായി കാത്തിരിക്കുന്നു. വരാനിരിക്കുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നു.
നേതൃത്വവും പുരോഗതിയും
2024 മെയില്‍ നടന്ന 30ാം സമ്മേളനത്തില്‍ ഐക്യരാഷ്‌ട്ര സഭയുടെ ജനസംഖ്യാ വികസനം സംബന്ധിച്ച അന്താരാഷ്‌ട്ര സമ്മേളനത്തില്‍ അംഗീകരിച്ച കര്‍മപരിപാടിക്ക് ഇന്ത്യ ഉറച്ച നേതൃത്വം നല്‍കുക മാത്രമല്ല, മെച്ചപ്പെട്ട കുടുംബാസൂത്രണ സേവനങ്ങളിലൂടെയും ആരോഗ്യ ഫലങ്ങള്‍, പ്രത്യേകിച്ച് മാതൃ- ശിശു ആരോഗ്യം, അതിശയകരമായി മെച്ചപ്പെടുത്തുന്നതിലൂടെയും വലിയ പുരോഗതി പ്രകടമാക്കുകയും ചെയ്തു.
മാറ്റങ്ങളോടുള്ള പ്രതികരണം
80കളുടെ ഒടുവിലും 90കളുടെ തുടക്കത്തിലും ജനിച്ച ഇന്ത്യയിലെ സ്ത്രീകള്‍ ശരാശരി രണ്ടു കുട്ടികള്‍ മാത്രം എന്ന നിലയില്‍ ചെറിയ കുടുംബങ്ങള്‍ക്കാണു മുന്‍ഗണന നല്‍കുന്നത്. ഇതു കഴിഞ്ഞ ദശകത്തില്‍ ഗണ്യമായ മാറ്റം പ്രതിഫലിപ്പിച്ചു. ഈ കാലയളവില്‍ പകുതിയിലധികം സ്ത്രീകളും (57%) അവരുടെ പ്രത്യുത്പാദന പ്രായത്തില്‍ (15 മുതല്‍ 49 വയസ് വരെ) ആധുനിക ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സജീവമായി ഉപയോഗിക്കുന്നു. ഇവയുടെ വ്യാപകമായ ഉപയോഗം ഇന്ത്യയുടെ കുടുംബാസൂത്രണ പദ്ധതിയുടെ വിജയത്തെ ഉയര്‍ത്തിക്കാട്ടുന്നു.
കുടുംബാസൂത്രണം കേവലം ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ക്കും ഉപരിയാണ്. ഇതു സ്ത്രീകളുടെയും കുടുംബങ്ങളുടെയും സമൂഹങ്ങളുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും അവിഭാജ്യമാണ്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും യുവാക്കള്‍ക്കും അവകാശങ്ങളും തെരഞ്ഞെടുപ്പുകളും നല്‍കി ഇത് അവരെ ശാക്തീകരിക്കുന്നു. 10നും 24നും ഇടയില്‍ പ്രായമുള്ള 369 ദശലക്ഷം യുവാക്കളുള്ള ഇന്ത്യ, വികസിത ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ തയാറെടുക്കുന്ന ജനസംഖ്യാപരമായ പരിവര്‍ത്തനത്തിലാണ്.
പതിറ്റാണ്ടുകളായി, ചികിത്സാധിഷ്ഠിത രീതികള്‍ മുതല്‍ ലക്ഷ്യാധിഷ്ഠിത രീതികള്‍ വരെ കുടുംബാസൂത്രണത്തിന് വിവിധ സമീപനങ്ങള്‍ സ്വീകരിച്ചുകൊണ്ട് ഈ പരിപാടി ഗണ്യമായി വികസിച്ചു; ഇപ്പോഴിതു സ്വമേധയാ സ്വീകരിക്കുന്നതു വരെ എത്തിനിൽക്കുന്നു.
ദേശീയ ജനസംഖ്യാ, ആരോഗ്യ നയങ്ങള്‍ കുടുംബാസൂത്രണത്തിന്‍റെ ആവശ്യകതയെ അഭിസംബോധന ചെയ്യേണ്ടതിന് ഊന്നല്‍ നല്‍കുന്നു. ഇത് കുട്ടികളുണ്ടാകാന്‍ ആഗ്രഹിക്കാത്ത അല്ലെങ്കില്‍ പ്രസവം വൈകിപ്പിക്കാന്‍ ആഗ്രഹിക്കുന്ന, ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കാത്ത സ്ത്രീകളുടെ ശതമാനമായി നിര്‍വചിക്കപ്പെടുന്നു.
കുടുംബാസൂത്രണം 2020, ഇപ്പോള്‍ കുടുംബാസൂത്രണം 2030 എന്നിവയിലൂടെ ആഗോളതലത്തില്‍ കുടുംബാസൂത്രണത്തിന് ഊന്നല്‍ നല്‍കുന്നതിനൊപ്പം, പ്രത്യുത്പാദന- മാതൃ- നവജാതശിശു- ശിശു- കൗമാര ആരോഗ്യ സമീപനത്തിന്‍റെ സ്ഥാപനവത്കരണത്തിലൂടെ 2012ല്‍ ഈ പരിപാടി ചരിത്രപരമായ നേട്ടം കൈവരിച്ചു. അവബോധം വളര്‍ത്തുക, സാമൂഹ്യ ഇടപഴകല്‍ വര്‍ധിപ്പിക്കുക, വിവരങ്ങളിലേക്കും സേവനങ്ങളിലേക്കും പ്രവേശനം മെച്ചപ്പെടുത്തുക, ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ പരിധി വിപുലീകരിക്കുക, അവസാന കോണിലും വിതരണം ചെയ്യുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുക, ഉയര്‍ന്ന ജനന നിരക്കുള്ള മേഖലകളില്‍ നൂതന തന്ത്രങ്ങള്‍ നടപ്പിലാക്കുക എന്നിവയില്‍ ഇതു ക്രമേണ ശ്രദ്ധ കേന്ദ്രീകരിച്ചു.
ഒരു രാജ്യത്തിന്‍റെ വളര്‍ച്ചയും വികസനവും ജനസംഖ്യാ ചലനാത്മകതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ദേശീയ, ഉപദേശീയതലത്തിൽ ജനന നിരക്കിന്‍റെ പുനഃസ്ഥാപന നിലവാരം നിലനിര്‍ത്തുകയും കൈവരിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. ദേശീയതലത്തില്‍ ഇന്ത്യ ഇതിനകം പ്രത്യുത്പാദന നിലവാരം കൈവരിച്ചിട്ടുണ്ട്.
മാതൃ- ശിശുരോഗങ്ങളും മരണ നിരക്കും കുറയ്ക്കാൻ കുടുംബാസൂത്രണം ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല, മാതൃ- ശിശു ആരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണു പരിപാടിയുടെ പ്രധാന ഘടകം. ഇതു മൊത്തത്തിലുള്ള നയ ലക്ഷ്യങ്ങള്‍ സമഗ്രമായ രീതിയില്‍ വിപുലീകരിച്ചു.
സംസ്ഥാനങ്ങളുടെ ജനസംഖ്യാപരമായ വൈവിധ്യം സവിശേഷമാണ്. അതിനനുസരിച്ച് കുടുംബാസൂത്രണ തന്ത്രങ്ങള്‍ പൊരുത്തപ്പെട്ടു. ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ ശ്രേണി വിപുലീകരിക്കുന്നതിനൊപ്പം വിവാഹപ്രായം, ആദ്യ കുഞ്ഞ് ജനിച്ച പ്രായം, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നേട്ടം തുടങ്ങിയ സാമൂഹിക പ്രശ്നങ്ങള്‍ക്കും ഈ തന്ത്രം ഗണ്യമായ പരിഗണന നല്‍കുന്നു. രാജ്യത്തിന്‍റെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ അഭിസംബോധന ചെയ്യുന്ന കുടുംബാസൂത്രണത്തിന് സമഗ്രമായ സമീപനം സൃഷ്ടിക്കാൻ ഈ ഘടകങ്ങള്‍ നിര്‍ണായകമാണ്.
മിഷന്‍ പരിവാര്‍ വികാസ്
ബിഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, അസം എന്നീ 7 സംസ്ഥാനങ്ങളില്‍ ഉയര്‍ന്ന ജനന നിരക്കുള്ള 146 ജില്ലകളില്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങളിലേക്കും കുടുംബാസൂത്രണ സേവനങ്ങളിലേക്കും പ്രവേശനം വര്‍ധിപ്പിക്കുന്നതിനായാണ് 2016ല്‍ ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ പ്രധാന കുടുംബാസൂത്രണ പരിപാടികളിലൊന്നായ മിഷന്‍ പരിവാര്‍ വികാസ് (എംപിവി) ആരംഭിച്ചത്.
സാരഥി വാഹനങ്ങള്‍ (ബോധവത്കരണ വാഹനങ്ങള്‍), യുവതികള്‍ക്കു ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ലഭിക്കുന്നതിനുള്ള സാമൂഹ്യ തടസങ്ങള്‍ പരിഹരിക്കുന്നതിനായുള്ള സാസ് ബഹു സമ്മേളനങ്ങള്‍ എന്നിവ ഉപയോഗിച്ച് ബോധവത്കരണം നടത്തി. പുതുതായി വിവാഹിതരായ ദമ്പതികള്‍ക്കു കുടുംബാസൂത്രണത്തെക്കുറിച്ചും ഉത്തരവാദിത്വമുള്ള രക്ഷാകര്‍തൃ സമ്പ്രദായങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിന് നയീ പഹേല്‍ കിറ്റുകള്‍ നല്‍കി. ഇത്തരം യജ്ഞങ്ങള്‍ വഴി കുടുംബാസൂത്രണ സേവനങ്ങളിലേക്ക് പരിവര്‍ത്തനപരമായ സമീപനമുണ്ടായി. അതേസമയം, ഗുണനിലവാരമുള്ള സേവനങ്ങളും ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ തടസരഹിത വിതരണവും ഉറപ്പാക്കാന്‍ ആരോഗ്യ സംവിധാനം സജ്ജീകരിച്ചു.
ഈ പരിപാടി നടപ്പാക്കുന്ന ജില്ലകളില്‍ ആധുനിക ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ ഉപയോഗം ഗണ്യമായി മെച്ചപ്പെട്ടു. ഇത് എംപിവി ഇടപെടലുകളുടെ ഗുണപരമായ സ്വാധീനമാണു സൂചിപ്പിക്കുന്നത്. മാറുന്ന ജനസംഖ്യാ ശാസ്ത്രത്തിനും ജനസംഖ്യയുടെ ആവശ്യങ്ങള്‍ക്കും അനുസൃതമായി, 2016-17 സാമ്പത്തിക വര്‍ഷം ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ വിപുലീകരിച്ചു. ദേശീയ ആസൂത്രണ പരിപാടി നിലവില്‍ ഗര്‍ഭനിരോധന ഉറകള്‍, ഗര്‍ഭാശയ ഗര്‍ഭനിരോധന ഉപകരണങ്ങള്‍, വായിലൂടെ നല്‍കുന്ന ഗുളികകള്‍, എംപിഎ കുത്തിവയ്പ്പുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന വിവിധ ആധുനിക ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. 10 സംസ്ഥാനങ്ങളില്‍, രണ്ട് ജില്ലകള്‍ വീതം ഉള്‍ക്കൊള്ളുന്ന, സബ്‌ഡെര്‍മല്‍ ഇംപ്ലാന്‍റുകളും ചര്‍മത്തിലൂടെ നല്‍കുന്ന കുത്തിവയ്പുകളും (അന്‍റാര-എസി) പ്രാരംഭ ഘട്ടത്തിലാണ്. വരുംവര്‍ഷങ്ങളില്‍ ഇന്ത്യയൊട്ടാകെ വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.
പ്രവര്‍ത്തനത്തിന് ആഹ്വാനം
"അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യത്തിനും ക്ഷേമത്തിനുമായി ഗര്‍ഭധാരണത്തിന്‍റെ ആരോഗ്യകരമായ സമയവും ഇടവേളയും' എന്ന പ്രമേയത്തില്‍, 2024ലെ ലോക ജനസംഖ്യാ ദിനം ആഘോഷിക്കുമ്പോള്‍, വിവിധ സംസ്ഥാനങ്ങളിലെ സഹപ്രവര്‍ത്തകരുടെ പരിശ്രമങ്ങളെയും എഎന്‍എം, ആശ പ്രവര്‍ത്തകര്‍, നിര്‍ണായക വിവരങ്ങളും സേവനങ്ങളും നല്‍കുന്നതില്‍ മുന്‍നിരയിലുള്ള താഴേത്തട്ടിലെ മറ്റ് പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെയുള്ള നമ്മുടെ ആരോഗ്യ പ്രവര്‍ത്തകരുടെ അക്ഷീണമായ അര്‍പ്പണബോധത്തെ ഞങ്ങള്‍ വിലമതിക്കുന്നു.
ഗുണമേന്മയുള്ള ആരോഗ്യ സംരക്ഷണ സേവനങ്ങളും വൈവിധ്യമാര്‍ന്ന ഗര്‍ഭനിരോധന മാര്‍ഗങ്ങളും ലഭ്യമാക്കുക എന്നത് നിര്‍ണായകമാണ്. പ്രവേശനവുമായി ബന്ധപ്പെട്ട തടസങ്ങള്‍, ഗര്‍ഭനിരോധന മാര്‍ഗങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍, അവബോധത്തിന്‍റെ അഭാവം, ഭൂമിശാസ്ത്രപരവും സാമ്പത്തികവുമായ വെല്ലുവിളികള്‍, നിയന്ത്രിത സാമൂഹിക- സാംസ്‌കാരിക മാനദണ്ഡങ്ങള്‍ എന്നിവ മറികടക്കാന്‍ ഗവണ്മെന്‍റ് പ്രതിജ്ഞാബദ്ധമാണ്. താത്കാലികവും ദീര്‍ഘകാലത്തേക്കുള്ളതുമായ ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ ലഭ്യത ഉറപ്പാക്കല്‍, മതിയായ ബജറ്റ് വിഹിതം, ആരോഗ്യ കേന്ദ്രങ്ങളിലും സാമൂഹ്യ പ്രവര്‍ത്തകര്‍ മുഖേനയും തടസമില്ലാതെ വിതരണം ചെയ്യല്‍ എന്നിവ ഉള്‍പ്പെടെ, കുടുംബാസൂത്രണ സേവന വിതരണം മെച്ചപ്പെടുത്താൻ ഗണ്യമായ നിക്ഷേപം നടത്തുന്നു. കൂടാതെ, ആയുഷ്മാന്‍ ആരോഗ്യ മന്ദിരങ്ങളിലൂടെ കുടുംബാസൂത്രണ സേവനങ്ങള്‍ വ്യാപിപ്പിക്കുന്നു.
നമ്മുടെ കുടുംബാസൂത്രണ ലക്ഷ്യങ്ങള്‍ കൈവരിക്കാൻ എല്ലാ പങ്കാളികളുടെയും സഹകരണവും അര്‍പ്പണബോധവും ആവശ്യമാണ്. ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ ശ്രേണി വിപുലീകരിച്ച്, യുവാക്കളുടെ പ്രത്യുത്പാദന ആരോഗ്യത്തിന് മുന്‍ഗണന നല്‍കേണ്ടത് അത്യാവശ്യമാണ്. കൂടാതെ, ഇന്ത്യയുടെ ജനസംഖ്യാപരമായ മെച്ചം സുസ്ഥിര വികസനം, നഗരവത്കരണം, കുടിയേറ്റം എന്നിവയുടെ സങ്കീര്‍ണതകളെ നയിക്കണം.
ഈ ലോക ജനസംഖ്യാ ദിനത്തില്‍, രാജ്യത്തുടനീളമുള്ള പാര്‍ശ്വവത്കരിക്കപ്പെട്ടതും കരുതല്‍ ആവശ്യമുള്ളതുമായ സമൂഹങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ഏവര്‍ക്കും ശോഭനവും ആരോഗ്യകരവുമായ ഭാവികെട്ടിപ്പടുക്കുമെന്ന് നമുക്കു പ്രതിജ്ഞയെടുക്കാം. നമുക്കൊരുമിച്ച് ഈ കാഴ്ചപ്പാട് യാഥാര്‍ഥ്യമാക്കാം.