ജോർജ് കുര്യൻ: അവകാശവാദങ്ങളില്ലാതെ, തേടിയെത്തിയ അംഗീകാരം

ദേശീയ പാർട്ടിയായ ബിജെപിയിൽ വർഷങ്ങളായി സജീവമായിരിക്കുമ്പോഴും വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ ഇതുവരെ ഒരു വിവാദത്തിലും തന്‍റെ പേരു കേൾപ്പിക്കാൻ ഇടവരുത്താത്ത നേതാവ്
ജോർജ് കുര്യൻ: അവകാശവാദങ്ങളില്ലാതെ, തേടിയെത്തിയ അംഗീകാരം
George KurianFile
Updated on

പി.ബി. ബിച്ചു

തിരുവനന്തപുരം: തെരഞ്ഞെടുപ്പുകളിലോ പാർട്ടി പുനഃസംഘടനാ യോഗങ്ങളിലോ യാതൊരു സ്ഥാനവും ആവശ്യപ്പെടാതെ, ഏൽപ്പിക്കുന്ന ഉത്തരവാദിത്വങ്ങൾ പൂർത്തിയാക്കി പാർട്ടിയുടെ അരികുപറ്റി നീങ്ങുന്ന ക്ഷമയുള്ള പ്രവർത്തകനായ ജോർജ് കുര്യന് ഒടുവിൽ അർഹിച്ച അംഗീകാരമായെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രിസ്ഥാനം. ദേശീയ പാർട്ടിയായ ബിജെപിയിൽ വർഷങ്ങളായി സജീവമായിരിക്കുമ്പോഴും വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ ഇതുവരെ ഒരു വിവാദത്തിലും തന്‍റെ പേരു കേൾപ്പിക്കാനിടവരാത്ത രീതിയിലുള്ള അച്ചടക്കവും പ്രസ്ഥാനത്തോടുള്ള കൂറും പുലർത്തിയിരുന്ന അദ്ദേഹത്തിന് ന്യൂനപക്ഷ പ്രാതിനിധ്യത്തിനപ്പുറം പൊതുരംഗത്തെ പ്രവര്‍ത്തനവും ക്ലീന്‍ ഇമേജുമാണ് അനുകൂലഘടകമായത്.

ബിജെപിയുടെ ക്രൈവസ്തവ മുഖമെന്ന് വിശേഷിപ്പിക്കാവുന്ന ജോര്‍ജ് കുര്യൻ, കേരളത്തിലെ ബിഷപ്പുമാരെ അനുനയിപ്പിക്കുന്നതിലും പാർട്ടിക്കൊപ്പം സഭകളെ കൊണ്ടുവരുന്നതിലും നിര്‍ണായക പങ്കു വഹിച്ചിരുന്നു. ഒരുപാധികളുമില്ലാതെ പതിറ്റാണ്ടുകള്‍ ഒരേപ്രസ്ഥാനത്തില്‍ ഉറച്ചുനിന്ന് പ്രവര്‍ത്തിച്ചതിന് ലഭിച്ച അംഗീകാരം കൂടിയായി മാറിയിരിക്കുകയാണ് കോട്ടയം കാണക്കാരി നമ്പ്യാകുളം സ്വദേശിയായ ജോർ‌ജ് കുര്യന് അറുപത്തി നാലാം വയസിൽ‌ ലഭിച്ച കേന്ദ്രമന്ത്രിപദം. അൽഫോൺസ് കണ്ണന്താനത്തിന് ശേഷം മോദി മന്ത്രിസഭയിൽ അംഗമാകുന്ന രണ്ടാമത്തെ കോട്ടയംകാരനാണ് ജോർജ് കുര്യൻ. ഏറ്റുമാനൂര്‍ കാണക്കാരി നമ്പ്യാകുളത്ത് 1960ല്‍ പൊയ്ക്കാരന്‍കാലായില്‍ കുര്യന്‍റെയും അന്നമ്മയുടെയും അഞ്ചുമക്കളില്‍ ഇളവനായാണു ജനനം. 1977ല്‍ അടിയന്തരാവസ്ഥക്കാലത്തു വിദ്യാര്‍ഥി ജനതയിലൂടെയാണു പൊതുരംഗത്തേക്ക് എത്തുന്നത്. 1980ല്‍ ബിജെപി രൂപീകൃതമായപ്പോള്‍ മുതല്‍ പാർട്ടിയ്ക്കൊപ്പമുണ്ട് ജോര്‍ജ് കുര്യന്‍.

മാന്നാനം കെ.ഇ. കോളെജ്, നാട്ടകം ഗവ. കോളെജ്, പാലാ സെന്‍റ് തോമസ് കോളെജ് എന്നിവിടങ്ങളില്‍ നിന്നു ബിരുദവും ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. എം.ജി സര്‍വകലാശാലയുടെ സ്‌കൂള്‍ ഒഫ് ലീഗല്‍ തോട്‌സില്‍ നിന്ന് എല്‍എല്‍ബി പഠിച്ചിറങ്ങി ഡല്‍ഹി കോടതിയിൽ വരെ അഭിഭാഷകനായി പ്രാക്‌ടീസ് ചെയ്തിരുന്നു പാലാ രൂപത അംഗമായ ജോർജ് കുര്യൻ. പ്രിഡിഗ്രി കാലത്ത് ഇടത് വിദ്യാർഥി സംഘടനാ പ്രവര്‍ത്തകരില്‍ നിന്ന് മര്‍ദ്ദനമേറ്റപ്പോഴും വിടാതെ സംഘടനയിൽ തുടർന്നു. പിന്നീട് യുവമോർച്ച പ്രവർത്തകനായി യുവമോർച്ച സംസ്ഥാന- കേന്ദ്ര ഭാരവാഹിയായുള്ള ഉയര്‍ച്ചയും വളരെപ്പെട്ടന്നായിരുന്നു. കണിശക്കാരനായ സംഘാടകനായതിനാൽ പാർട്ടി നേതൃത്വത്തിലെത്തുന്നവർക്ക് ഏതു ചുമതലയും വിശ്വസിച്ച് ഏൽപ്പിക്കാമായിരുന്ന ജോർജ് കുര്യനെ തിരിച്ചറിഞ്ഞ് ആദ്യം കൂടെക്കൂട്ടിയത് ദേശീയ നേതാവ് ഒ. രാജഗോപാൽ ആയിരുന്നു. രാജഗോപാല്‍ കേന്ദ്രമന്ത്രി ആയിരുന്നപ്പോള്‍ അദ്ദേഹത്തിനൊപ്പവും പിന്നീട് 2017ൽ ദേശീയ ന്യൂപക്ഷ കമ്മീഷന്‍ ഉപാധ്യക്ഷന്‍ എന്ന നിലയിലും ജോര്‍ജ്ജ് കുര്യന്‍ പ്രവര്‍ത്തിച്ചു.

നാല് ദശാബ്ദക്കാലം ബിജെപി സംസ്ഥാന ഓഫീസിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കാനായതും സംഘാടനത്തിലെ മികവുകൊണ്ടു തന്നെയായിരുന്നു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ്, ദേശീയ നിര്‍വാഹക സമിതി അംഗം, സംസ്ഥാന വക്താവ്, യുവമോര്‍ച്ച അഖിലേന്ത്യ വൈസ് പ്രസിഡന്‍റ്, അഖിലേന്ത്യാ സെക്രട്ടറി, നൂനപക്ഷ മോര്‍ച്ച അഖിലേന്ത്യ ജനറല്‍ സെക്രട്ടറി, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി, എഡ്യൂക്കേഷന്‍ സൊസൈറ്റി സെക്രട്ടറി, ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം പാര്‍ലമെന്‍റ് മണ്ഡലത്തിന്‍റെചുമതലയും അദ്ദേഹത്തിനായിരുന്നു. ഇവിടെ ബിജെപി സ്ഥാനാർഥിയായ രാജീവ് ചന്ദ്രശേഖറുടെ വലിയ മുന്നേറ്റത്തിന് പിന്നിൽ ജോർജ് കുര്യന്‍റെ അധ്വാനവുമുണ്ട്. 1991 ലും 1998 ലുമായി ലോക്സഭയിലേക്കും 2016 ല്‍ പുതുപ്പള്ളിയില്‍നിന്നും നിയമസഭയിലേയ്ക്കും മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. കേന്ദ്രമന്ത്രിയാകുമെന്ന് നേരത്തെ അറിയിപ്പ് ലഭിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്‍റെ ഭാര്യ പോലും സ്ഥാനലബ്ധിയെക്കുറിച്ചറിയുന്നത് മാധ്യമങ്ങളിൽ‌ നിന്നാണെന്നതാണ് കുര്യനും ബിജെപിയും തമ്മിലുള്ള ബന്ധം. റിട്ട.മിലിറ്ററി നഴ്സായ ഒ.ടി അന്നമ്മയാണ് ഭാര്യ. ആദര്‍ശും ആകാശുമാണ് മക്കള്‍.

Trending

No stories found.

Latest News

No stories found.