#ജോസഫ് എം. പുതുശേരി
കേരളത്തിലും വന്ദേ ഭാരതിന്റെ ചൂളം വിളി ഉയരുകയാണ്. ഉടൻ ഉണ്ടാകും, ഉണ്ടാകില്ല തുടങ്ങിയ അഭ്യൂഹങ്ങൾക്കൊടുവിലാണ് പെട്ടെന്ന് പ്രഖ്യാപനം ഉണ്ടായത്. ഉടൻ ഉണ്ടാവില്ല എന്ന വിലയിരുത്തിലിലേക്കാണ് എല്ലാവരും എത്തിയിരുന്നത് എന്നതു കൊണ്ട് പ്രഖ്യാപനം സൃഷ്ടിച്ച നടുക്കവും അതിശയവും ഉദ്വേഗവും താപനില പോലെ തന്നെ ഉയർന്നു നിൽക്കുന്നു.
പ്രതികരണങ്ങൾ പലവിധമായതും അതിന്റെ പ്രതിഫലനം തന്നെ. സംസ്ഥാന സർക്കാരിന് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി റെയ്ൽവേയുടെ ചുമതലയുള്ള മന്ത്രി തന്നെ അമിട്ടിന് തിരികൊളുത്തി. പിന്നെ അത് പടർന്നു കത്തുകയായിരുന്നു. ഒടുവിൽ സിപിഎം സെക്രട്ടറി തന്നെ രംഗത്തുവന്നു. വന്ദേ ഭാരത് സിൽവർ ലൈനിനു ബദലല്ലെന്നും, കെ-റെയ്ലിന്റെ സിൽവർലൈൻ വരിക തന്നെ ചെയ്യുമെന്നും അദ്ദേഹം അവകാശപ്പെട്ടു. വന്ദേ ഭാരതിൽ അപ്പം കൊണ്ടുപോയാൽ അത് കേടായിപ്പോകുമെന്നും സിൽവർ ലൈനിൽ തന്നെ കുടുംബശ്രീക്കാർ അപ്പം കൊണ്ടുപോകുമെന്നും പറയാനും അദ്ദേഹം മടിച്ചില്ല. അപ്പം വില്പന പ്രയോഗം പരിഹാസത്തിന്റെ പാതാളഗർത്തങ്ങളിലേക്ക് എത്തിച്ചിട്ടും അത് വിട്ടുപിടിക്കാൻ അദ്ദേഹം തയാറല്ലെന്നർഥം. നേതാക്കളുടെ ദീർഘവീക്ഷണം!
25ന് പ്രധാനമന്ത്രി പച്ചക്കൊടി കാട്ടുന്നതോടെ വണ്ടി കുതിക്കും, രാജ്യത്തെ 14ാമത്തേതും ദക്ഷിണ റെയ്ൽവേയുടെ 3ാമത്തേതുമായി. അങ്ങനെ കേരള മണ്ണിലും വന്ദേഭാരതിന്റെ ചൂളം വിളി മുഴങ്ങും.
എന്തിനാണ് ഇതിനെ എതിർക്കുന്നതെന്ന് എത്രയാലോചിച്ചിട്ടും പിടികിട്ടുന്നില്ല. യാത്രാ സമയം കുറയ്ക്കുന്ന വേഗം കൂടിയ വണ്ടി എന്നത് നമ്മുടെ ഒരു സ്വപ്ന സാക്ഷാത്കാരം തന്നെയല്ലേ? രണ്ടു വർഷത്തോളമായി സിൽവർ ലൈനിന്റെ പേരിൽ കേരളത്തിലുടനീളം നടന്ന പൊലീസ് അതിക്രമങ്ങളും ജനകീയ പ്രതിരോധവുമെല്ലാം ഇതിന്റെ പേരിലായിരുന്നില്ലേ?
ആരൊക്കെ അല്ലെന്നു പറഞ്ഞാലും സിൽവർ ലൈനിന് ബദലായുള്ള വേഗ വണ്ടി എന്നതുതന്നെയാണ് വന്ദേ ഭാരതിന്റെ പ്രസക്തി. കേന്ദ്ര സർക്കാരിന്റെ വന്ദേ ഭാരത് പ്രഖ്യാപനം വന്നതിനുശേഷം സിൽവർ ലൈൻ വിരുദ്ധ പ്രക്ഷോഭ വേദികളിലെല്ലാം മുഴങ്ങിയ മുറവിളി വന്ദേ ഭാരതിനു വേണ്ടിയുള്ളതായിരുന്നു. നിലവിലെ പാത ബലപ്പെടുത്തി യാത്രാ സമയം കുറയ്ക്കുന്ന വേഗ വണ്ടി. അതാണിപ്പോൾ എത്തിയിരിക്കുന്നത്.
180 കിലോമീറ്റർ വേഗത്തിൽ ഓടാൻ കഴിയുന്ന വണ്ടി. എന്നാൽ നമ്മുടെ പരിമിതികൾ ആ വേഗതയ്ക്കു വിലങ്ങുതടിയായി നിൽക്കുന്നു. നിലവിലുള്ള പാതയിലൂടെ 90 മുതൽ 110 കിലോമീറ്റർ വരെ സ്പീഡിൽ ഓടാമെന്നാണ് ഇതിനകം വ്യക്തമാക്കപ്പെട്ടിട്ടുള്ളത്. പാത ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ജോലികൾ നടക്കുന്നു. അത് പൂർത്തിയാകുന്നതോടെ സ്പീഡിൽ നേരിയ വർധന കൂടിയുണ്ടാവും. അപ്പോഴും സ്ഥാപിത വേഗശേഷി ആര്ജിക്കാനാവില്ല.
പാതയിലെ വളവുകൾ നിവർക്കണം. അതിന്റെ സർവെ ആരംഭിച്ചു. ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം ഏർപ്പെടുത്തണം. നിലവിലുള്ള പാതയോട് ചേർന്ന് എടുത്തിട്ടുള്ള ഭൂമിയും ബഫർ സോണും ഉപയോഗപ്പെടുത്തിയാൽ പുതിയ പാത നിർമാണവും നടക്കും. ഇതൊക്കെ മുൻഗണനാ ക്രമത്തിൽ റെയ്ൽവേ തന്നെ നടത്തുന്ന പണികളുമാണ്. എന്നുവച്ചാൽ, സംസ്ഥാന സർക്കാരിന് ഒരു സാമ്പത്തിക ബാധ്യതയും ഉണ്ടാവില്ല.
വേഗ ട്രെയ്ൻ ലഭിച്ച പശ്ചാത്തലത്തിൽ പൂർണ വേഗം ആർജിക്കാൻ പ്രതിബന്ധമായി നിൽക്കുന്ന ഈ കുറവുകൾ പരിഹരിക്കുന്നത് പരമാവധി വേഗത്തിലാക്കാൻ സമ്മർദം ചെലുത്തുകയല്ലേ വേണ്ടത്? അതിനുപകരം ഇപ്പോഴും സില്വര്ലൈന് തന്നെ ശരണം എന്ന് ആവർത്തിക്കുന്നത് ആരിൽ നിന്നോ അച്ചാരം വാങ്ങിയതിന്റെ പ്രതിഫലനമായല്ലേ വിലയിരുത്താനാവൂ.
2 ലക്ഷം കോടി രൂപയുടെ കടബാധ്യതയും വൻ പരിസ്ഥിതി നാശവും പതിനായിരങ്ങളുടെ കുടിയിറക്കലും ഒഴിവാക്കുന്ന വന്ദേഭാരത് സിൽവർ ലൈനിനു ബദലല്ല എന്ന് വീണ്ടും ഉച്ചൈസ്തരം ഉദ്ഘോഷിക്കുന്നത് അതിലെ കാണാച്ചരടിന്റെ നിയന്ത്രണ ബലം കൊണ്ടല്ലാതെ മറ്റെന്താണ്? സിൽവർ ലൈൻ രൂപകല്പനയിൽ കണക്കാക്കിയിരിക്കുന്ന വേഗത 132 കിലോമീറ്ററാണ്. അത് വന്ദേഭാരത് അധീകരിക്കുമെന്ന് ഉറപ്പായിട്ടും അതിനു വേണ്ടി ഹാജരാക്കുന്ന വക്കാലത്തിനു പിന്നിൽ ദുരുപദിഷ്ട ലക്ഷ്യങ്ങളാണുള്ളത്.
ട്രാക്കുകളുടെ ശേഷിയനുസരിച്ച് 180 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാവുന്ന വന്ദേഭാരത് ട്രെയ്നുകൾ തദ്ദേശീയമായി നിർമിച്ച ട്രെയ്ൻ സെറ്റുകളാണ്. 52 സെക്കൻഡ് കൊണ്ട് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ കഴിയും. ഷൊർണൂർ - മംഗലാപുരം പാതയിൽ 130 കിലോമീറ്റർ വേഗത്തിൽ ഇപ്പോൾത്തന്നെ ഓടിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
തദ്ദേശീയമായ നിർമാണം നമുക്ക് അഭിമാനം പകരുന്നുവെന്നത് മാത്രമല്ല സവിശേഷത. മെയിന്റനൻസും മറ്റും പെട്ടെന്ന് നിർവഹിക്കാം. വിദേശ നിർമിത സാമഗ്രികളിലേക്ക് കടക്കുമ്പോൾ അവരുമായി ഉണ്ടാക്കുന്ന സർവീസ് എഗ്രിമെന്റ് പ്രകാരമേ അത്തരം കാര്യങ്ങളൊക്കെ നിർവഹിക്കാനാവൂ. അത് കാലതാമസത്തിനും കൂടുതൽ ചെലവിനുമിടയാക്കും. സിൽവർലൈനിന്റെ കാര്യത്തിലും ഇതുതന്നെയേ സംഭവിക്കൂ. വിദേശ വായ്പയും അവരുടെ സാധന സാമഗ്രികളും സ്വീകരിക്കുമ്പോൾ അവരുമായി ഉണ്ടാക്കുന്ന സർവീസ് എഗ്രിമെന്റ് പ്രകാരമേ അനുബന്ധ പ്രവർത്തനങ്ങൾ നിർവഹിക്കപ്പെടൂ.
വിദേശ വായ്പയുടെ പിൻബലത്തിൽ ലഭിച്ച ഇലക്ട്രിക് ബസുകൾ ഇപ്പോൾ കൊച്ചിയിൽ കാടുപിടിച്ചു കിടക്കുന്നതു തന്നെ ഇതിന് ഏറ്റവും നല്ല ഉദാഹരണം. മെയിന്റനൻസിന് ആവശ്യമായ സാധനസാമഗ്രികൾ അവിടെ നിന്ന് വരണം. അതിന്റെ കാലതാമസവും അധികച്ചെലവും. അതുകൊണ്ടാണ് തദ്ദേശീയ സാങ്കേതികവിദ്യയിലെ നിർമാണ മികവ് ഇവിടെ നമുക്ക് അനുഗ്രഹമാകുക.
ടിക്കറ്റ് നിരക്ക് പരിഗണിക്കുമ്പോഴും വന്ദേഭാരത് തന്നെയാവും ലാഭകരം. അപ്പോഴും അത് സാധാരണക്കാരന് എത്രമാത്രം പ്രാപ്യമാകും എന്നതാണ് ചോദ്യം. സിൽവർലൈൻ ചർച്ചചെയ്യപ്പെട്ടപ്പോഴും ഞങ്ങൾ ഇക്കാര്യം പങ്കുവച്ചിരുന്നു. അതുകൊണ്ടാണ് ഗോവിന്ദൻ മാസ്റ്ററുടെ അപ്പക്കച്ചവടം പരിഹാസ്യമായി മാറിയത്. എത്ര കൊട്ട അപ്പം വിറ്റാൽ സിൽവർലൈൻ ടിക്കറ്റെടുക്കാം എന്നതാണ് പ്രശ്നം!
ഇവിടെയാണ് സാധാരണക്കാരന്റെ പൊതുഗതാഗതം മെച്ചപ്പെടുത്താനുള്ള നടപടികളുടെ അനിവാര്യത. സാമ്പത്തിക സൗകര്യമുള്ളവർ വന്ദേഭാരതിൽ വേഗത്തിൽ പൊയ്ക്കൊള്ളട്ടെ. എന്നാൽ അതിന് കഴിയാത്ത മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരന്റെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിൽ ഇത് തടസമായിക്കൂടാ. റെയ്ൽ ഗതാഗത പ്രശ്നങ്ങൾക്കുള്ള ഒറ്റമൂലിയായി ഇത് പരിണമിക്കരുത്.
കുറഞ്ഞ നിരക്കിൽ യാത്ര സാധ്യമാക്കുന്ന ട്രെയ്ൻ സൗകര്യങ്ങളും കെഎസ്ആർടിസി പോലുള്ള പൊതു ഗതാഗത സംവിധാനങ്ങളും കൂടുതൽ ശക്തിപ്പെടണം. ഇപ്പോൾ തന്നെ കെഎസ്ആർടിസി. ഊർധശ്വാസം വലിക്കുകയാണ്. അതിന് ജീവശ്വാസം പകരാനായില്ലെങ്കിൽ ഉണ്ടാകുന്ന വിപത്ത് വിവരണാതീതമായിരിക്കും.
തമിഴ്നാട് ട്രാൻസ്പോർട്ട് സംവിധാനം പഠിക്കാൻ പോയ കേരള സംഘം അദ്ഭുതപ്പെട്ടു മടങ്ങിയെന്നാണ് റിപ്പോർട്ട്. സ്ത്രീകൾക്കുള്ള യാത്രാസൗജന്യമടക്കം ഒട്ടേറെ ആനുകൂല്യങ്ങൾ നൽകുമ്പോഴും അവിടെ കോർപ്പറേഷൻ പ്രതിസന്ധികളില്ലാതെ ലാഭകരമായി പ്രവർത്തിക്കുന്നു. സർക്കാരിന്റെ പൂർണ കൈത്താങ്ങും നിരീക്ഷണവുമാണ് ഇതിനു പിന്നിലെ വിജയരഹസ്യം എന്നത് മറക്കുന്നില്ല. അടുത്ത സംഘം പഠനയാത്രയ്ക്കുള്ള തയാറെടുപ്പിലാണ്. പൊതു ഗതാഗതം, പൊതുജനാരോഗ്യം പോലെതന്നെ സർക്കാർ ജനങ്ങൾക്ക് നൽകേണ്ട അടിസ്ഥാന സേവനമാണ്. ആ രീതിയിൽ നമ്മുടെ നയം മാറണം. പഠന സംഘത്തിന്റെ റിപ്പോർട്ടിൽ ഇതൊക്കെ പരിഗണിക്കണം.
കാലുകുത്താൻ സ്ഥലമില്ലാത്ത, തിക്കും തിരക്കുമുള്ള ട്രെയ്ൻ സർവീസുകൾ നമ്മുടെ പതിവ് കാഴ്ചയാണ്. ജീവിതം കെട്ടിപ്പടുക്കാനുള്ള സാധാരണക്കാരന്റെ നെട്ടോട്ടത്തിന്റെയും പെടാപ്പാടിന്റെയും തത്രപ്പാട്. ഇത് കാണാതെ പോകരുത്. പൊതു ഗതാഗതം ശക്തിപ്പെടേണ്ടതിന്റെ ആവശ്യകതയാണ് ഇത് നമ്മോട് നിരന്തരം മന്ത്രിക്കുന്നത്.
കാലം മാറി. അതനുസരിച്ചുള്ള മാറ്റങ്ങൾ നാമും സാംശീകരിക്കുകയാണ്. അവിടെയാണ് വന്ദേഭാരതിന്റെ പ്രസക്തി. കൽക്കരി ഉപയോഗിച്ചുള്ള "തീ'വണ്ടിയിൽ നിന്ന് ഡീസലിലേക്കും വൈദ്യുതിയിലേക്കുമൊക്കെയായി മാറിയ പരിണാമ പ്രക്രിയ. അത് കാലാനുസൃതമായി രൂപപ്പെടുന്ന മാറ്റമാണ്. അതുകൊണ്ടാണ് വന്ദേഭാരത് താജ്മഹൽ പോലെ എന്തോ മഹാത്ഭുതമായി ചിത്രീകരിക്കുന്നതിനെതിരേ വിമർശനം ഉയർന്നത്. ഇത് കാലാനുഗതമായ പുരോഗതി. ഒപ്പം വേഗയാത്രയ്ക്ക് ഇന്ന് നമുക്ക് ലഭിക്കാവുന്ന മുന്തിയ ട്രെയ്ൻ യാത്രാ സൗകര്യം.
മാത്രവുമല്ല, സിൽവർലൈനിന്റെ പേക്കിനാവ് കാണാൻ വിധിക്കപ്പെട്ടവർക്ക് സമാശ്വാസത്തിന്റെ ഒരു ശുഭ സൂചന. ആ നിലയിലാണ് വന്ദേ ഭാരതിന്റെ ചൂളം വിളിക്ക് മുഴക്കത്തേക്കാളേറെ സ്വീകാര്യതയുടെ ആസ്വാദനമുണ്ടാകുന്നത്.
വാൽക്കഷണം :
വന്ദേഭാരത് റേക്ക് കേരളത്തിലേക്കെത്തുന്നത് ഒരു സംഭവം തന്നെയാണ്; കാഴ്ചഭംഗി കൊണ്ടും കൗതുകം കൊണ്ടും. പക്ഷേ അത് രഹസ്യമാക്കി വച്ച് ഒരു വിഭാഗത്തിന് മാത്രമുള്ള ആഘോഷമാക്കി മാറ്റിയത് അൽപത്തമായി. എല്ലാവരും അണിനിരന്ന് സർവ സന്നാഹങ്ങളോടെ ഹൃദ്യമായി നൽകേണ്ട വരവേൽപ്പിന്റെ ശോഭ കെടുത്തുന്നതായി. വിഭാഗീയതയുടെ ഈ കാലഘട്ടത്തിൽ എല്ലാവരെയും ഒരുമിപ്പിച്ച് അണിനിരത്താൻ കഴിയുന്ന ഒരു സുവർണാവസരമാണ് അതിലൂടെ നഷ്ടമായത്.