അൻവർ - എഡിജിപി വിവാദത്തിൽ സതീശന്‍റെ ചെക്ക്

ആർക്കും തൊടാനാകാത്ത വിധത്തിൽ മുഖ്യമന്ത്രിയുടെ സ്വന്തം പരിചയ്ക്കു പുറകിലാണ് ഇന്നീ നിമിഷം വരെയും കേരളത്തിന്‍റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി
PV Anwar, MR Ajith Kumar
പി.വി. അൻവർ, എം.ആർ. അജിത് കുമാർ
Updated on

അജയൻ

ലക്ഷ്യം മറന്നു പോകുക എന്നതാണ് വിഡ്ഢിത്തത്തിന്‍റെ ഏറ്റവും പൊതുവായ രൂപം.

- ഫ്രെഡറിക് നീഷേ

ആർക്കും തൊടാനാകാത്ത വിധത്തിൽ മുഖ്യമന്ത്രിയുടെ സ്വന്തം പരിചയ്ക്കു പുറകിലാണ് ഇന്നീ നിമിഷം വരെയും കേരളത്തിന്‍റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി. എത്ര കാലം ഈ സംരക്ഷണം തുടരുമെന്ന ചോദ്യം പണ്ടു മുതലേ ഉയർന്നിരുന്നു. എഡിജിപി എം.ആർ. അജിത് കുമാർ, ആർഎസ്എസ് നേതാവുമായി നടത്തിയ ചർച്ചയെക്കുറിച്ച് സ്പീക്കർ എ.എൻ. ഷംസീർ നടത്തിയ പ്രതികരണം തന്നെയാണ് അതിന്‍റെ ഏറ്റവും വലിയ ഉദാഹരണം. ഗണപതിയുടേത് ആദ്യത്തെ പ്ലാസ്റ്റിക് സർജറിയായിരുന്നുവെന്നും ആദ്യത്തെ വിമാനം പുഷ്പകവിമാനമായിരുന്നുവെന്നുമൊക്കെയുള്ള പ്രചാരണത്തിനെതിരേ കുറച്ചു കാലം മുൻപ് ഷംസീർ ആഞ്ഞടിച്ചത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. അവിടെ നിന്നാണ് ആർഎസ്എസ് രാജ്യത്തെ ഒരു പ്രമുഖ സംഘടനയാണെന്ന തിരിച്ചറിവിലേക്ക് ഷംസീർ എത്തിയിരിക്കുന്നത്.

എഡിജിപി - അൻവർ വിവാദം ഉയർന്നതിൽ പിന്നെ കഴിഞ്ഞ 12 ദിവസത്തോളമായി മുഖ്യമന്ത്രി പിണറായി വിജയൻ ഏറെക്കുറെ ശബ്ദം നഷ്ടപ്പെട്ട വിധം മൗനത്തിലാണ്. എഡിജിപി വെറും പൊലീസ് ഉന്നതൻ മാത്രമല്ല, രാഷ്‌ട്രീയ വിഷയങ്ങളിൽ തീരുമാനമെടുക്കുന്ന വ്യക്തി കൂടിയാണെന്ന സാഹചര്യത്തിലാണ് വിമർശനം ശക്തമാകുന്നത്. പാർട്ടിക്കുള്ളിൽ നിന്നു തന്നെ വിമർശനം ഉയർന്ന സാഹചര്യത്തിൽ പിണറായി മൗനം വെടിഞ്ഞിട്ട് അധിക നാൾ ആയിട്ടില്ല. അധികം വൈകാതെ തന്നെ വീണ്ടും മൗനത്തെ കൂട്ടു പിടിക്കേണ്ട ഗതികേടിലാണിപ്പോൾ മുഖ്യമന്ത്രി.

VD Satheesan
വി.ഡി. സതീശന്‍

സതീശന്‍റെ മാസ്റ്റർ സ്ട്രോക്ക്

കഴിഞ്ഞ മേയിൽ ആർഎസ് എസ് നേതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനും തമ്മിൽ തൃശൂരിൽ കൂടിക്കാഴ്ച നടത്തിയെന്ന വിവരം പുറത്തുവിട്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഇത്തവണ തന്‍റെ കരുക്കൾ കൃത്യമായി തന്നെ നീക്കി. ആർഎസ്എസ് നേതാവുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയത് അജിത് കുമാറാണെന്ന്, സിപിഎമ്മിന്‍റെ പുതിയ വിമത മുഖമായ എംഎൽഎ പി.വി. അൻവർ വെളിപ്പെടുത്തിയതോടെ വിവാദം ഒന്നുകൂടി ആളിക്കത്തി. ഇതൊന്നും പോരാതെ വെറും പത്തു ദിവസം മുൻപ് തിരുവനന്തപുരത്തു വച്ച് മറ്റൊരു ആർഎസ്എസ് നേതാവുമായും എഡിജിപി കൂടിക്കാഴ്ച നടത്തിയെന്ന വാർത്തകൾ പുറത്തു വന്നതോടെ വിവാദം കൊഴുത്തു. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയതിന്‍റെ പേരിൽ പാർട്ടി കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഇ.പി. ജയരാജനെ പുറത്താക്കി അധിക നാളാകും മുൻപേയുണ്ടായ തിരിച്ചടിയിൽ സിപിഎം വീണിടത്തു കിടന്നുരുളുകയാണിപ്പോൾ.

എന്നാൽ, സതീശന്‍റെ കരുനീക്കങ്ങൾ അവസാനിച്ചിരുന്നില്ല. ഏറ്റവും സ്ഫോടനാത്മകമായൊരു വിവരം പ്രതിപക്ഷ നേതാവ് ഏറ്റവും ഒടുവിൽ പൊട്ടിക്കാനെന്നോണം മാറ്റിവച്ചിരുന്നു. എഡിജിപിയും ആർഎസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ചയിൽ ഒരു സിപിഎം നേതാവും ഒരു പ്രമുഖ വ്യവസായിയും കൂടി പങ്കെടുത്തിരുന്നു എന്ന വിവരം കൂടി പുറത്തു വിട്ടതോടെ സിപിഎം അക്ഷരാർഥത്തിൽ നടുക്കടലിലായി. പാർട്ടി കോൺഗ്രസിനു മുന്നോടിയായി പാർട്ടിയുടെ അടിസ്ഥാന ഘടകങ്ങൾ മുതലുള്ള യോഗങ്ങൾ നടക്കുന്നതിനോടനുബന്ധിച്ച് വിമത ശബ്ദങ്ങൾ ഉയർന്നു വരുന്ന കാലഘട്ടത്തിലാണ് ഈ പുതിയ പ്രതിസന്ധി.

Pinarayi Vijayan
പിണറായി വിജയൻ

വിരോധാഭാസത്തിന്‍റെ കുന്നുകൾ!

മുഖ്യമന്ത്രിയുടെ പരോക്ഷമായ അറിവെങ്കിലുമില്ലാതെ ആർഎസ്എസ് നേതാവുമായി അജിത് കുമാർ രഹസ്യ കൂടിക്കാഴ്ച നടത്തില്ലെന്നുള്ളത് പകൽ പോലെ വ്യക്തമാണ്. ഇന്‍റലിജൻസ് റിപ്പോർട്ടുകൾ പിറ്റേ ദിവസം തന്നെ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടാകണം. എന്നാൽ, അതിനു ശേഷം മാസങ്ങളോളം മുഖ്യമന്ത്രി അക്കാര്യത്തിൽ മൗനം പാലിച്ചു. ആശയങ്ങളുടെ പേരിൽ പാർട്ടി തെരഞ്ഞെടുത്ത ഉത്തരവാദിത്വമുള്ള നേതാവ് (പാർട്ടി നേതാക്കൾ ഇപ്പോഴാ വിഡ്ഢിത്തം മറക്കാൻ ശ്രമിക്കുകയാണ്), വോട്ട് ചെയ്തവരെയും പാർട്ടി ആശയങ്ങളെയും ഒരു പോലെ തിരിഞ്ഞു നിന്നു കൊഞ്ഞനം കുത്തുകയാണ്. വിരോധാഭാസത്തിന്‍റെ വലിയൊരു മല തന്നെയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതു തെളിഞ്ഞു വരാൻ അൻവറും സതീശനും വേണ്ടിവന്നു എന്നു മാത്രം.

ആർഎസ്എസ് ബന്ധത്തിന്‍റെ പേരിൽ മാത്രമല്ല, ഇതു വരെ എഡിജിപിക്കെതിരേ ഉയർന്നുവന്ന സകല ആരോപണങ്ങളുടെയും പേരിൽ പിണറായി നടപടി എടുക്കണമെങ്കിൽ, അൻവർ തന്‍റെ ആയുധത്തിന്‍റെ മൂർച്ച ഇനിയും കൂട്ടേണ്ടിയിരിക്കുന്നു. എഡിജിപിക്കെതിരായ അൻവറിന്‍റെ ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത് ഈ നാടകത്തെ കൂടുതൽ അപഹാസ്യമാക്കാനേ ഉതകുന്നുള്ളൂ. ആർക്കെതിരേയുള്ള അന്വേഷണമാണോ നടത്തുന്നത്, ആ അന്വേഷണ റിപ്പോർട്ടുകൾ അതേ ഓഫിസർക്കു നൽകേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോൾ പല ഓഫിസർമാരും നേരിടുന്നത്.

ചുഴികളും വഴിത്തിരിവുകളും

വിവാദത്തെ ആളിക്കത്തിച്ച അൻവറിന് പാർട്ടിയിലെ ഒരു വലിയ വിഭാഗത്തിന്‍റെയും, സിപിഎമ്മിനെ പിന്തുണയ്ക്കുന്ന നേതാക്കളുടെയും പിന്തുണ ലഭിക്കുന്നതോടെ, ആർഎസ്എസിനും ബിജെപിക്കും അനുകൂലമായൊരു അന്തരീക്ഷമാണ് സൃഷ്ടിക്കപ്പെടുന്നത്. അവിശുദ്ധമായ ബന്ധത്തിന് സർവ സംരക്ഷണവും നൽകുന്നത് എഡിജിപി അജിത് കുമാറും. പുതിയ വഴിത്തിരിവുകൾ പാർട്ടിക്കുള്ളിൽ അനാരോഗ്യകരമായ വർഗീയ ചേരിതിരിവുകൾ ഉണ്ടാക്കുന്നുവെന്നത് അതീവ ദുഃഖകരമാണ്.

ഇനിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ മൗനം വെടിയണം. അജിത് കുമാറും ആർഎസ്എസ് നേതാവുമായുള്ള ചർച്ചയെക്കുറിച്ച് അദ്ദേഹം അറിഞ്ഞിരുന്നോ എന്ന കാര്യത്തിൽ വിശദീകരണം നൽകണം. അക്കാര്യം അറിഞ്ഞിരുന്നില്ല എന്നാണ് മുഖ്യമന്ത്രിയുടെ മറുപടിയെങ്കിൽ, തന്‍റെ മേശയിലെത്തിയ ഇന്‍റലിജൻസ് റിപ്പോർട്ട് എന്തുകൊണ്ട് അവഗണിച്ചു എന്നു വ്യക്തമാക്കണം. ഇനിയിപ്പോൾ‌ രഹസ്യകൂടിക്കാഴ്ചയെക്കുറിച്ച് അറിയാമായിരുന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നതെങ്കിൽ, ഇത്തരത്തിൽ രാഷ്‌ട്രീയ വിഷയങ്ങളിൽ ഇടപെടുന്നൊരു ഉദ്യോഗസ്ഥൻ എങ്ങനെയാണ് കേരളത്തിന്‍റെ ക്രമസമാധാന പാലനം കൈകാര്യം ചെയ്യുന്നതെന്ന ചോദ്യത്തിനു മറുപടി പറയാനും മുഖ്യമന്ത്രി ബാധ്യസ്ഥനാണ്.

കാര്യങ്ങൾ കൂടുതൽ മോശമാകുകയാണ്. ലൈംഗികാതിക്രമ ആരോപണങ്ങളെത്തുടർന്ന് ഒരിക്കൽ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്തു നിന്ന് പുറത്താക്കിയ പി. ശശിയെ പിന്നീട് ഇരുകൈകളും നീട്ടി സ്വീകരിക്കുന്നതാണ് നാം കണ്ടത്. അജിത് കുമാറിനെക്കൂടി ആ പട്ടികയിലേക്ക് ഉൾപ്പെടുത്തുന്നതോടെ മുഖ്യമന്ത്രിയുടെ കഷ്ടകാലത്തിന്‍റെ ആഴം ഒന്നു കൂടി വർധിക്കും. വിവാദങ്ങൾ ഇതാദ്യമായല്ല പിണറായിയെ പിടികൂടുന്നത്. പ്രൈവറ്റ് സെക്രട്ടറി ശിവശങ്കർ ജയിലിൽ എത്തിയതായിരുന്നു അതിൽ ഏറ്റവും ഒടുവിലത്തേത്. അടുത്ത ഇര ആരാണെന്നറിയാൻ കേരളം മുഴുവൻ പിണറായി വിജയനിലേക്ക് ഉറ്റു നോക്കുകയാണ്.

Trending

No stories found.

Latest News

No stories found.