'അടിമ'കൾക്ക് ലാവണം, സമർഥർക്ക്‌ 'പണി'

താത്കാലിക നിയമനങ്ങളെക്കുറിച്ച് നിയമങ്ങളിലും ചട്ടങ്ങളിലുമുള്ള കർശന വ്യവസ്ഥകളോടൊപ്പം തന്നെ കോടതികളുടെ നിരവധി ഇടപെടലുകളുമുണ്ടായിട്ടുണ്ട്.
'അടിമ'കൾക്ക് ലാവണം, സമർഥർക്ക്‌ 'പണി'
Updated on

പിൻവാതിൽ നിയമന വിവാദം നാം ആദ്യമായി കേൾക്കുന്നതല്ല. മാത്രമല്ല, കേട്ടു തഴമ്പിച്ച ഒരു സംജ്ഞയായി അത് മുന്നിൽ നിൽക്കുകയുമാണ്. ഒരുപക്ഷേ, വീണ്ടും വീണ്ടും ഇത് ആവർത്തിക്കാൻ ഇടയാകുന്നതിന്‍റെ ഒരു കാരണവും അതാവാം. പഴകിയതു കൊണ്ട് പ്രശ്നത്തിന്‍റെ ഗൗരവം നഷ്ടപ്പെട്ടു എന്ന ഉപാധി മറയാക്കി നിയമനങ്ങൾ ഒളിച്ചുകടത്താനുള്ള കൗശലം. ഓരോ പ്രാവശ്യം പിടിക്കപ്പെടുമ്പോഴും "ഇനി ഇത് ആവർത്തിക്കാതിരിക്കാനുള്ള കരുതലും ജാഗ്രതയും ഉണ്ടാകും' എന്ന സ്ഥിരം പല്ലവി! "നിയമാനുസരണമുള്ള നടപടികളേ ആവർത്തിക്കാൻ പാടുള്ളൂ' എന്ന അന്ത്യശാസനം!

എന്നാൽ അന്ത്യശാസനങ്ങൾ അറുതിയില്ലാതെ ആവർത്തിക്കാൻ പരുവത്തിൽ പിൻവാതിൽ നിയമനങ്ങൾ അരങ്ങുവാഴുന്നതാണ് വർത്തമാനകാല യാഥാർഥ്യം. നിയമങ്ങളും ചട്ടങ്ങളും കാറ്റിൽപ്പറത്തി ബന്ധുക്കളെയും വേണ്ടപ്പെട്ടവരെയും സർക്കാരിന്‍റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും തസ്തികകളിൽ തിരുകിക്കയറ്റുന്ന പ്രക്രിയ അഭംഗുരം തുടരുന്നു. അതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് "കിലെ'യുടെ കീഴിലെ നിയമനങ്ങൾ.

സർക്കാർ, അർധ സർക്കാർ, കമ്പനി, കോർപ്പറേഷൻ നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ടിട്ടില്ലെങ്കിൽ അവിടെ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകൾ മുഖേന മാത്രമേ നിയമനം നടത്താവൂ എന്നാണ് കമ്പൽസറി നോട്ടിഫിക്കേഷൻ ഓഫ് വേക്കൻസി ആക്റ്റിൽ (1959) വ്യവസ്ഥ ചെയ്തിട്ടുള്ളത്. സർക്കാർ വേതനം നൽകുന്ന താത്കാലിക ജോലികളിലും, പിഎസ്‌സിക്ക് വിടാത്ത തൂപ്പു ജോലി പോലെയുള്ള തസ്തികകളിലും യോഗ്യതയും സീനിയോറിറ്റിയും അനുസരിച്ച് എക്സ്ചേഞ്ചുകൾ നൽകുന്ന പട്ടികയിൽ നിന്നു മാത്രമേ നിയമനം പാടുള്ളൂ എന്നാണ് ചട്ടം. ഇത് കർശനമായി പാലിക്കണമെന്ന് ആവർത്തിച്ചുള്ള സർക്കാർ ഉത്തരവുകളും മന്ത്രിമാരടക്കം ഉത്തരവാദിത്തപ്പെട്ടവരുടെ പ്രഖ്യാപനങ്ങളുമുണ്ട്. എന്നിട്ടാണ് ഏതാണ്ടെല്ലാ വകുപ്പുകളും പിൻവാതിൽ നിയമനം സർവസാധാരണമാക്കി മാറ്റിയിരിക്കുന്നത്.

ഒടുവിൽ വിവാദമായിരിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്‍റിലും ("കിലെ') ഇതുതന്നെയാണ് സംഭവിച്ചിരിക്കുന്നത്. പബ്ലിസിറ്റി അസിസ്റ്റന്‍റ്, പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ, പ്യൂൺ തസ്തികകളിലേക്കായി 10 പേരുടെ നിയമനമാണ് ചട്ടങ്ങൾ ലംഘിച്ചു നടത്തിയത്. ഡിവൈഎഫ്ഐ വനിതാ നേതാവടക്കം തൊഴിൽ മന്ത്രിയുമായി അടുത്ത ബന്ധമുള്ള പാർട്ടിക്കാരാണ് ഈ നിയമനം ലഭിച്ചവരത്രയും.

ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് ഇപ്പോഴത്തെ തൊഴിൽ മന്ത്രി വി. ശിവൻകുട്ടി "കിലെ' ചെയർമാനായിരുന്ന കാലത്താണ് പാർട്ടിക്കാരായ ഇവർക്ക് ജോലി നൽകിയത്. ചട്ടലംഘനം ചൂണ്ടിക്കാട്ടി ധനവകുപ്പ് എതിർത്തെങ്കിലും അവരെ ഒഴിവാക്കാൻ "കിലെ' അധികൃതർ കൂട്ടാക്കിയില്ല. എന്നുമാത്രമല്ല ഇവരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യമാണ് പിന്നീട് ഉന്നയിച്ചത്. "കിലെ' ചെയർമാന്‍റെ ഈ ആവശ്യം കഴിഞ്ഞ മാർച്ചിൽ ധന വകുപ്പ് നിരസിച്ചിരുന്നു. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിനെ ഒഴിവാക്കിയുള്ള നിയമനങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും ജീവനക്കാരെ ആവശ്യമുണ്ടെങ്കിൽ എക്സ്ചേഞ്ചിനെ സമീപിക്കണമെന്നുമായിരുന്നു ധന വകുപ്പിന്‍റെ നിർദ്ദേശം.

ഇത് മറികടക്കാൻ ഈ ഘട്ടത്തിൽ തൊഴിൽ മന്ത്രി വി. ശിവൻകുട്ടി തന്നെ നേരിട്ട് രംഗത്തുവന്നു. ദിവസ വേതനത്തിലും കരാറടിസ്ഥാനത്തിലും എക്സിക്യൂട്ടീവ് കൗൺസിൽ നിയമിച്ചവരെ തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി കത്ത് നൽകി. എന്നു പറഞ്ഞാൽ, തന്‍റെ കാലത്ത് പിൻവാതിൽ വഴി നിയമിച്ചവരെ സ്ഥിരപ്പെടുത്തണമെന്ന് ചുരുക്കം. നിയമവും ചട്ടവും അനുസരിച്ച് പ്രവർത്തിക്കുമെന്ന് സത്യപ്രതിജ്ഞ ചൊല്ലിയ മന്ത്രി തന്നെ നഗ്നമായ നിയമലംഘനത്തിന് ശുപാർശ നൽകുന്നു!

തുടർന്ന് നിയമവ്യവസ്ഥ ചൂണ്ടിക്കാട്ടി വാൾ ചുഴറ്റിയ ധന വകുപ്പും വാൾ താഴെ വയ്ക്കുന്നു. നിലവിലുള്ള സർക്കാർ ഉത്തരവുകളിലെ മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ ഭാവിയിൽ നിയമനം നടത്താവൂ എന്ന മുന്നറിയിപ്പും സാരോപദേശവും നൽകി ഇത് ഉൾപ്പെടെയുള്ള നിയമനങ്ങൾക്ക് ധന വകുപ്പ് അംഗീകാരം നൽകി.

ചട്ടവിരുദ്ധമായി പിൻവാതിൽ നിയമനങ്ങൾ നടത്തുക, ഇനി ആവർത്തിക്കരുതെന്ന് പറഞ്ഞ് അത് സ്ഥിരപ്പെടുത്തി കൊടുക്കുക. സർക്കാർ കാര്യം മുറപോലെ എന്നു പറയുന്നതു പോലെ ഈ നടപടിക്രമം സർക്കാർ സംവിധാനത്തിലെ ദൈനംദിന നടപടിയായി രൂപപ്പെട്ടിരിക്കുന്നു!

ഇവിടെ മറ്റൊരു സമീപകാല ചരിത്രം കൂടി പറയാതെ വയ്യ. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് അടക്കമുള്ളവർക്ക് ലഭിച്ച കരാർ നിയമനങ്ങളുടെ വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ താത്കാലിക നിയമങ്ങൾക്ക് തന്‍റെ വകുപ്പിന് കീഴിലുള്ള എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിനെ തന്നെ സമീപിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി നിർദേശിച്ചിരുന്നു. ഏതെങ്കിലും സ്ഥാപനങ്ങളിൽ അനധികൃത നിയമനം നടന്നിട്ടുണ്ടെങ്കിൽ അത് ഒഴിവാക്കണമെന്നും വ്യക്തമാക്കിയിരുന്നു. സ്വന്തം വാക്കുകൾ തന്നെ വിഴുങ്ങിക്കൊണ്ടാണ് "കിലെ'യിലെ നിയമവിരുദ്ധ നിയമനത്തിന് മന്ത്രി കുട പിടിച്ചത് എന്നതാണ് രസാവഹമായ വസ്തുത.

വിവാദത്തിനു പിന്നാലെ "കിലെ' അധികൃതർ നൽകുന്ന വിശദീകരണമാണ് അമ്പരപ്പിക്കുന്നതും അത്ഭുതപ്പെടുത്തുന്നതും. അനുഭവ പരിചയമുള്ളവരെ തഴഞ്ഞ് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ നിന്ന് ആളെ വച്ചാൽ സ്ഥാപനത്തിന്‍റെ പ്രവർത്തനം അവതാളത്തിലാകും എന്നതിനാലാണ് അനുഭവ പരിചയമുള്ളവരെ തുടരാൻ അനുവദിച്ചത് എന്നാണ് വിചിത്രമായ ആ കണ്ടെത്തൽ! സ്ഥാപനത്തിന്‍റെ നിലനിൽപ്പിനു വേണ്ടി നിതാന്ത ജാഗ്രതയും കരുതലും പ്രകടിപ്പിക്കുന്ന ഇത്തരം ദേശസ്നേഹികൾ ഇക്കാലത്ത് അപൂർവം തന്നെ! ഇവർക്ക് ആദ്യ നിയമനം നൽകിയപ്പോൾ പാർട്ടിയിലെ പ്രവർത്തന പരിചയമല്ലാതെ മറ്റെന്ത് അനുഭവ പരിചയമാണ് ഉണ്ടായിരുന്നത് എന്നുകൂടി "കിലെ' അധികൃതർ വിശദീകരിക്കണം. നിയമങ്ങളും ചട്ടങ്ങളും മറികടക്കാൻ കണ്ടുപിടിക്കുന്ന കൗശല പ്രയോഗങ്ങൾ! "തല പരിശോധിക്കണം' - ഒരു മന്ത്രി പണ്ട് വകുപ്പു സെക്രട്ടറിയെക്കുറിച്ച് ഫയലിൽ എഴുതിയ വിഖ്യാതമായ ഈ കുറിപ്പ് ഇവർക്കാണ് കൂടുതൽ യോജിക്കുക.

മഴ കാക്കുന്ന വേഴാമ്പലിനെപ്പോലെ ജോലിക്കു വേണ്ടി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ചെറുപ്പക്കാരെ നോക്കിയാണ് ഇവർ ഇത്തരത്തിൽ പല്ലിളിക്കുന്നത്. പത്താം ക്ലാസ് മുതൽ എംബിബിഎസ് വരെ വിവിധ യോഗ്യതകളുള്ള 28.7 ലക്ഷം യുവാക്കളാണ് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത്. അവരുടെ അവസരങ്ങൾക്കും സാധ്യതകൾക്കും മേലാണ് പിൻവാതിലൂടെയുള്ള ഈ വെള്ളിടി പ്രയോഗം.

ബന്ധുത്വവും സ്വാധീനവും ഇല്ലാത്തവർക്ക് പിൻവാതിൽ പോയിട്ട് അതിന്‍റെ ചവിട്ടുപടി പോലും കയറാനാവില്ല. അതേസമയം, ഭരണാധികാരികളുടെ തണലിൽ പാർട്ടിയുടെ ശുപാർശയിൽ സാധാരണക്കാരന് നീതിപൂർവം ലഭ്യമാകേണ്ട അവസരങ്ങൾ തട്ടിയെടുത്ത് ജോലിക്കാരും ശമ്പളക്കാരുമായി വിലസുന്ന ഈ "സ്പെഷ്യൽ ക്ലാസ്' അരങ്ങു വാഴുമ്പോൾ അത് നിയമസംവിധാനത്തെ തന്നെയാണ് വെല്ലുവിളിക്കുന്നത്.

എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന 2016 മുതൽ ഇക്കഴിഞ്ഞ ഏപ്രിൽ വരെയുള്ള 7 വർഷത്തിനിടെ ലക്ഷക്കണക്കിന് നിയമനങ്ങളാണ് വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലുമായി താത്കാലിക, കരാർ തസ്തികകളിൽ നടന്നത്. അതേസമയം, എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകൾ വഴി നടന്നത് വെറും 80,277 എണ്ണം മാത്രവും. തൊഴിൽ അവകാശത്തെക്കുറിച്ചും അതിന്‍റെ നീതിപൂർവമായ നിർവഹണത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്നവരുടെ യഥാർഥ മുഖം!

താത്കാലിക നിയമനങ്ങളെക്കുറിച്ച് നിയമങ്ങളിലും ചട്ടങ്ങളിലുമുള്ള കർശന വ്യവസ്ഥകളോടൊപ്പം തന്നെ കോടതികളുടെ നിരവധി ഇടപെടലുകളുമുണ്ടായിട്ടുണ്ട്. പിൻവാതിലൂടെ നിയമിക്കപ്പെടുന്നവരെ പിൻവാതിലിലൂടെത്തന്നെ പുറത്താക്കണമെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധി പോലും ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്‍റെ അവസാന നാളുകളിൽ താത്കാലിക, ദിവസവേതന, കരാർ തൊഴിലാളികളെ വലിയ തോതിൽ സ്ഥിരപ്പെടുത്തിയതിനെതിരേ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച വിധിയിലും പിൻവാതിൽ നിയമനങ്ങൾക്കെതിരേ കർശനമായ താക്കീതുണ്ട്. എന്നിട്ടും ഇതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന നിലയിൽ നിയമവിരുദ്ധ നടപടി ആവർത്തിച്ചുകൊണ്ടിരിക്കുന്നത് നിയമം വഴി സ്ഥാപിക്കപ്പെട്ട സംവിധാനത്തിലാണ് എന്നത് അപമാനവും അവഹേളനവുമല്ലാതെ മറ്റെന്താണ്?

വിവിധ വകുപ്പുകളിൽ ഉണ്ടാകുന്ന ഒഴിവുകൾ പിഎസ്‌‌‌സിക്ക് റിപ്പോർട്ട് ചെയ്യാതെ ആ തസ്തികകളിലേക്ക് ഇഷ്ടക്കാരെ താത്കാലിക അടിസ്ഥാനത്തിൽ തിരുകി റാങ്ക് ഹോൾഡേഴ്സിന്‍റെ അവസരങ്ങൾ നിഷേധിക്കുന്നതും പതിവാക്കിയിരിക്കുന്നു. കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് ലിസ്റ്റിൽ ഇടം നേടിയവർ അവസരം ലഭിക്കാതെ വന്നപ്പോൾ നടത്തിയ സമരങ്ങളും നിയമ പോരാട്ടങ്ങളുമെല്ലാം കൺമുന്നിൽ തന്നെയുണ്ട്. എന്നിട്ടും ഇതൊന്നും നമ്മുടെ മനസിനെ മഥിക്കുന്നില്ലെങ്കിൽ മനുഷ്യത്വം മരവിച്ച സ്വാർഥരായി മാറിയെന്നല്ലേ അത് വെളിവാക്കുന്നത്.

ഭരണക്കാരെയും ഭരണ സംവിധാനങ്ങളെയും വരുതിയിലാക്കി ഇത്തരം ലീലാവിലാസങ്ങൾ അലങ്കാരമാക്കി മേനി നടിക്കുന്നവരും ന്യായീകരണം നടത്തുന്നവരും ഒരു കാര്യം ഓർത്തുകൊള്ളുക. അന്യായമായി അവസരം നിഷേധിക്കപ്പെടുന്നവരുടെ ചുടുകണ്ണീരിൽ ഇതൊക്കെ വെന്തെരിയാൻ അധികം സമയത്തിന്‍റെ ആവശ്യമില്ല.

നിയമം പാലിക്കാനുള്ളതാണ്, ലംഘിക്കാനുള്ളതല്ല എന്ന് ഭരണകർത്താക്കളെങ്കിലും മനസിലാക്കുന്നില്ലെങ്കിൽ നിയമവ്യവസ്ഥ എങ്ങനെ നിലനിൽക്കും? ഇനി ആവർത്തിക്കരുതെന്ന മേമ്പൊടിയിൽ നിയമവിരുദ്ധ പിൻവാതിൽ നിയമനം സാധൂകരിക്കുന്നതിന് പകരം അവരെ പിരിച്ചുവിട്ട് പിൻവാതിൽ നിയമനത്തിന് നിലനിൽപ്പില്ല എന്ന് ബോധ്യപ്പെടുത്തുകയാണ് ആവശ്യം. നിയമപരമായ എന്തിനും മുൻവാതിൽ പ്രവേശമാണ് കൽപ്പിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ നിയമന പ്രവേശവും മുൻവാതിലിലൂടെ തന്നെയാവട്ടെ. അങ്ങനെ തന്നെ ആവണമെന്നാണല്ലോ നിയമം അനുശാസിക്കുന്നതും.

Trending

No stories found.

Latest News

No stories found.