'അമ്മ' ക്ഷമിച്ചാലും മക്കൾ പൊറുക്കുമോ?

ഇനി പോലീസിൽ പരാതിയുമായി കയറിയിറങ്ങേണ്ടതു ഇരകളാണോ...? ഇതാണ് ചോദ്യം.
AMMA row
'അമ്മ' ക്ഷമിച്ചാലും മക്കൾ പൊറുക്കുമോ?
Updated on

ജോസഫ് എം. പുതുശേരി

"ഇനി ആ പണിയും ഞങ്ങളാണോ ചെയ്യേണ്ടത്?'- ചലച്ചിത്ര നടി പാർവതി ചോദിച്ച ഈ ചോദ്യം സാങ്കേതികമായി സർക്കാരിനോടാണ്, മുഖ്യമന്ത്രിയോടാണ്. എന്നാൽ ഈ ചോദ്യം റിട്ട. ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോർട്ട് ബാക്കി വയ്ക്കുന്ന ചോദ്യമാണ്. ഇതു കേരളീയ പൊതുസമൂഹത്തോടു തന്നെയാണ്. ചലച്ചിത്ര മേഖലയിൽ നിലനിൽക്കുന്ന അനഭിലഷണീയ പ്രവണതകൾ ഹേമ കമ്മിറ്റി റിപ്പോർട്ട് അക്കമിട്ട് നിരത്തിയിട്ടുണ്ട്. കമ്മറ്റിക്ക് മുമ്പിൽ സ്ത്രീകൾ പങ്കുവച്ച അനുഭവങ്ങളെ "ഷോക്കിങ് ' എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് വിശദീകരിക്കുന്നത്. ചിലരുടെയെങ്കിലും മൊഴികളും അതിലുണ്ട്. അതെല്ലാം മുന്നിലിരിക്കെ ഇനി പോലീസിൽ പരാതിയുമായി കയറിയിറങ്ങേണ്ടതു ഇരകളാണോ...? ഇതാണ് ചോദ്യം.

നിയമ നടപടികൾക്ക് സാങ്കേതിക തടസങ്ങൾ ചൂണ്ടിക്കാണിക്കാം, കണ്ടെത്താൻ ലോ പോയിന്‍റുകളും ഉണ്ടാകും. അപ്പോഴും "ഇനി ആ പണി കൂടി ഞങ്ങൾ തന്നെ ചെയ്യണമോ' എന്ന ചോദ്യം പൊതുമണ്ഡലത്തിൽ ബാക്കിയുണ്ടാകും.

മുമ്പ് പരാതി നൽകാൻ ധൈര്യം കാട്ടിയ എത്ര പേർക്ക് നീതി കിട്ടി?- പാർവതി വീണ്ടും ചോദിക്കുന്നു. പരാതിയുമായി പോയവർ കൂടുതൽ വേട്ടയാടപ്പെട്ട കഥകളാണേറെ. ഇരകളോട് വീണ്ടും കേസിന് പോകുവാൻ ആവശ്യപ്പെടുമ്പോൾ ആ ചോദ്യം അങ്ങനെ മുഴങ്ങിക്കൊണ്ടേ ഇരിക്കും.

അഡ്വ. ഹരീഷ് വാസുദേവൻ ചൂണ്ടിക്കാട്ടുമ്പോലെ "അനീതി നേരിട്ട ഇരയ്ക്ക് Right to Privacy യുടെ പേരിൽ മറഞ്ഞിരിക്കേണ്ടി വരുന്നുണ്ടെങ്കിൽ അത് അവരുടെ ഇഷ്ടപ്പെട്ട ചോയിസല്ല'. നീതിയും സംരക്ഷണവും ഡിഗ്നിറ്റിയും അവർക്ക് തുടർന്നും ലഭ്യമാക്കുന്നതിലുള്ള സംവിധാനങ്ങളുടെ പരാജയത്തിന്‍റെ പ്രതിഫലനമാണ്.

ലൈംഗിക അതിക്രമം, ലൈംഗിക ചൂഷണം തുടങ്ങിയവ കമ്മിറ്റി റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നുണ്ടെന്നും നടപടി ഉണ്ടായില്ലെങ്കിൽ ഇതുവരെ ചെയ്തതെല്ലാം പാഴ് വേലയാകുമെന്നും ഹൈക്കോടതിയും ചൂണ്ടിക്കാട്ടി. "പരാതി പറയാൻ പോലും മുന്നോട്ടു വരാൻ പറ്റാത്ത സാഹചര്യമുള്ള നിസഹായരാണ് ഉൾപ്പെട്ടിരിക്കുന്നത്. ഒരു വ്യക്തിയെ മാത്രം ബാധിക്കുന്ന വിഷയമല്ല, സമൂഹത്തെ ആകെ ബാധിക്കുന്ന കാര്യമാണ്. സ്വകാര്യ തർക്കമല്ലിത്. ഒരു കുറ്റകൃത്യം വെളിപ്പെട്ടാൽ കേസെടുക്കാൻ വ്യവസ്ഥയില്ലേ' എന്നും ആക്റ്റിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ചോദിച്ചു.

എന്നിട്ടും സർക്കാരിന് ഒരു കുലുക്കവുമില്ല. പരാതി കിട്ടിയാൽ അന്വേഷിക്കുമെന്ന പല്ലവി മുഖ്യമന്ത്രിയും സാംസ്കാരിക മന്ത്രിയും ഭരണമുന്നണി നേതാക്കളുമെല്ലാം ആവർത്തിച്ചു കൊണ്ടിരുന്നു. വനിതാ നേതാക്കൾ വരെ. എത്ര മ്ലേച്ഛമായ സമീപനം! കൂടെ മേമ്പൊടിക്ക് എത്ര ഉന്നതനായാലും നടപടി ഉണ്ടാവുമെന്ന വായ്ത്താരിയും. എന്നിട്ടാണോ കുറ്റകൃത്യങ്ങൾ എണ്ണിയെണ്ണി പറയുന്ന സുപ്രധാനമായ റിപ്പോർട്ട് ലഭിച്ചിട്ട് അതിൽ ഒരു നടപടിയും സ്വീകരിക്കാതെ നാലര വർഷം സർക്കാർ അതിന്മേൽ അടയിരുന്നത്. തങ്ങൾ ഇരകൾക്കൊപ്പമാണെന്ന് പറയുകയും വേട്ടക്കാർക്ക് എല്ലാ സംരക്ഷണവും ഒരുക്കി കൊടുക്കുകയും ചെയ്യുക!

സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമത്തെക്കുറിച്ച് വിവരം ലഭിച്ചാലുടൻ കേസെടുക്കണമെന്ന് നിയമമുള്ളടത്താണ് നാലര വർഷക്കാലം ഒരു നടപടിയും സ്വീകരിക്കാതെ റിപ്പോർട്ട് പൂഴ്ത്തി യതെന്ന വസ്തുത ഞെട്ടിക്കുന്ന സംഭവമായി അവശേഷിക്കുന്നു. നഗ്നമായ നിയമ നിഷേധം. അതുകൊണ്ടുതന്നെ റിപ്പോർട്ട് കൈവശം വച്ച മുഖ്യമന്ത്രിയും കഴിഞ്ഞ മന്ത്രിസഭയിലെയും ഈ മന്ത്രിസഭയിലെയും സാംസ്കാരിക മന്ത്രിമാരും നടത്തിയിരിക്കുന്നത് നഗ്നമായ സത്യപ്രതിജ്ഞാ ലംഘനം.

ഭരണഘടനയിലെ വകുപ്പ് 162 പ്രകാരം സംസ്ഥാന സർക്കാരിനുള്ള അധികാരം ഉപയോഗിച്ചുള്ള ഉത്തരവിലൂടെയാണ് ജസ്റ്റിസ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. അതുകൊണ്ടുതന്നെ കമ്മിറ്റിയുടെയോ റിപ്പോർട്ടിന്‍റെയോ നിയമപരമായ സാധുത ചോദ്യം ചെയ്യാനാവില്ല. അങ്ങനെയൊരു കമ്മിറ്റിക്ക് മുന്നിൽ ലൈംഗികാതിക്രമം ഉൾപ്പെടെ ഉന്നയിച്ചു നൽകിയ മൊഴികൾ നിയമ സംവിധാനത്തിലൂടെ പരിശോധിക്കേണ്ടതും നടപടികൾ സ്വീകരിക്കേണ്ടതും സർക്കാരിന്‍റെ ഉത്തരവാദിത്വമാണ്, നിയമപരമായ ബാധ്യതയാണ്. നിലവിൽ നിലനിൽക്കുന്ന നിയമം അനുശാസിക്കുന്നതനുസരിച്ച് ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളെ കുറിച്ചുള്ള മൊഴികൾ റിപ്പോർട്ടിൽ ഉള്ളതിനാൽ പ്രത്യേക പരാതി ഇല്ലാതെ തന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം നടത്താൻ സർക്കാരിന് ബാധ്യതയുണ്ട്. ഒരു നടി നിന്ദ്യവും ക്രൂരവുമായി ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനും സിനിമാ മേഖലയിലെ അനഭലഷണീയമായ നടപടികൾ അവസാനിപ്പിക്കാനുമുള്ള ലക്ഷ്യം വച്ചുകൊണ്ട് അന്വേഷണത്തിന് നിയോഗിക്കപ്പെട്ട സമിതിയാണിതെന്ന എന്ന കാര്യം നടപടികളുടെ അനിവാര്യത വർധിപ്പിക്കുന്നു. കമ്മിറ്റി മുമ്പാകെ അതിക്രമത്തിന് ഇരയായവർ നൽകിയിരിക്കുന്ന മൊഴികൾ, റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചതോടെ സ്റ്റേറ്റിനു മുന്നിലുള്ള പരാതികളാണ്. അതിൽ നിന്ന് ഒഴിഞ്ഞുമാറാൻ സർക്കാരിന് എങ്ങനെ കഴിയും?

നിയമപരമായ സ്ഥിതി ഇതായിരിക്കേ റിപ്പോർട്ടിലെ മൊഴികളിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന വേട്ടക്കാരെ സംരക്ഷിക്കാൻ റിപ്പോർട്ട് പൂഴ്ത്തി എന്തെല്ലാം മുടന്തൻ ന്യായങ്ങളാണ് സർക്കാർ നിരത്തിക്കൊണ്ടിരിക്കുന്നത്. വിവരാവകാശ കമ്മിഷൻ മുമ്പാകെ ആയിരുന്നുവെന്നും റിപ്പോർട്ട് പ്രസിധീകരിക്കരുതെന്ന് ജസ്റ്റിസ് ഹേമ കത്ത് നൽകി എന്നുമൊക്കെയാണ് മുഖ്യമന്ത്രി തന്നെ പറഞ്ഞത്. പച്ചക്കള്ളം എന്നല്ലാതെ എന്തു പറയാൻ. അതിജീവിതരുടെ പേരുകൾ വെളിപ്പെടുത്തരുതെന്ന് മാത്രമാണ് ജസ്റ്റിസ് ഹേമ കത്തിൽ പറഞ്ഞിരുന്നതെന്ന് പിന്നീട് കത്ത് പുറത്തുവന്നപ്പോൾ വ്യക്തമാവുകയും മുഖ്യമന്ത്രി പിടിക്കപ്പെടുകയും ചെയ്തു. അല്ലെങ്കിൽ തന്നെ ഇങ്ങനെ ഒരു കത്തിന് എന്തു പ്രസക്തി. അവരുടെ പേരുകൾ വെളിപ്പെടുത്താൻ പാടില്ല എന്നത് നിലവിലുള്ള നിയമവ്യവസ്ഥയാണ്. അത് ലംഘിച്ച് ആർക്കാണ് പ്രവർത്തിക്കാനാവുക.

അതിജീവിതരുടെയോ ആരോപിതരുടെയോ പേരുകൾ റിപ്പോർട്ടിൽ പറഞ്ഞിട്ടില്ലെന്നായിരുന്നു മറ്റൊരു ന്യായവാദം. എന്നാൽ മൊഴികളിൽ പേരുകൾ പറയുകയും അതിന്‍റെ ഡിജിറ്റൽ തെളിവുകളടക്കം ഹാജരാക്കുകയും ചെയ്തിട്ടുണ്ടെന്ന വസ്തുത സൗകര്യപൂർവ്വം വിസ്മരിക്കുന്നു. ഇതൊക്കെ ആർക്കുവേണ്ടി? വെളിച്ചം കാണാതിരിക്കാൻ ആവുന്നത്ര ശ്രമിച്ചിട്ടും നടക്കാതെ ഹൈക്കോടതി നിർദേശപ്രകാരം റിപ്പോർട്ട് പുറത്തുവിടുമ്പോൾ ഒഴിവാക്കണമെന്ന് പറഞ്ഞതിൽ ഏറെ ഭാഗം ഒഴിവാക്കി വീണ്ടും വേട്ടക്കാർക്ക് സംരക്ഷണ കവചം തീർത്തതും മറച്ചു പിടിക്കാനാവുമോ?

ഇതെല്ലാം കഴിഞ്ഞുo പരാതി ഉണ്ടെങ്കിലേ അന്വേഷിക്കാനാവൂ എന്ന് മുഖ്യമന്ത്രി അടക്കം ആവർത്തിച്ചു കൊണ്ടിരിക്കുക. വനിതാ മന്ത്രിമാരും വനിതകളായ പാർട്ടി നേതാക്കളുമെല്ലാം അത് ഏറ്റുപിടിക്കുക. എല്ലാവർക്കും ഒരേ സ്വരം! എന്നിട്ട് പുട്ടിനു പീര ഇടുന്നത് പോലെ കുറ്റവാളികൾ എത്ര ഉന്നതരായാലും വെറുതെ വിടുകയില്ല എന്ന വായ്ത്താരിയും. ഇരകളോടൊപ്പമാണെന്ന് പറയുന്നതിന്‍റെ ചേലുള്ള ദൃശ്യങ്ങൾ! ഇങ്ങനെയങ്ങ് അവസാനിക്കുമെന്നാണ് എല്ലാവരും കരുതിയത്.

എന്നാൽ ആ പ്രതീക്ഷ അസ്ഥാനത്താക്കി കൊണ്ടാണ് ഉഗ്രപ്രഹര ശേഷിയുള്ള ബോംബുകൾ ഒന്നൊന്നായി പൊട്ടിത്തുടങ്ങിയത്. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ വെളിപ്പെടുത്തലോടെയാണ് സ്ഫോടന ശബ്ദം മുഴങ്ങിക്കേട്ടത്. നാനാ കോണുകളിൽ നിന്നും രഞ്ജിത്തിന്‍റെ രാജി ആവശ്യം ഉയർന്നുവെങ്കിലും സാംസ്കാരിക മന്ത്രി അടക്കം സംരക്ഷണച്ചുമതല ഏറ്റെടുത്തു ഉറഞ്ഞുതുള്ളി. രഞ്ജിത്ത് ഈ രംഗത്തെ ഇതിഹാസമാണെന്നാണ് മന്ത്രി വിശേഷിപ്പിച്ചത്. അമ്മയുടെ സെക്രട്ടറി നടൻ സിദ്ദിഖിനെതിരായ ആക്ഷേപം തൊട്ടു പിന്നാലെ. തുടർ ശബ്ദങ്ങളും ചലനങ്ങളുമായി പിന്നീടങ്ങോട്ട് ഒരു കൂട്ട പൊരിച്ചിൽ. പിടിച്ചുനിൽക്കാനാവാത്ത അവസ്ഥ. ആദ്യം സിദ്ദിഖിന്‍റെ രാജി. നിവൃത്തിയില്ലാതെ ഒടുവിൽ രഞ്ജിത്തിലും ചെയർമാൻ സ്ഥാനം രാജിവച്ച് ഒഴിയേണ്ടി വന്നു.

വെളിപ്പെടുത്തുകൾ തുടർക്കഥയാകുമ്പോൾ മുഖം നഷ്ടപ്പെടുകയാണെന്ന തിരിച്ചറിവിലേക്ക് എത്തിയോ എന്തോ മുഖ്യമന്ത്രി തന്നെ രംഗത്തുവന്നു. ഡി.ജി.പി അടക്കം ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ചർച്ച. ഒടുവിൽ നാലു വനിതകൾ അടക്കം 7 ഐ. പി. എസ്. ഉദ്യോഗസ്ഥരടങ്ങുന്ന അന്വേഷണസംഘം. ചാനലുകളിൽ നടത്തിയിരിക്കുന്ന വെളിപ്പെടുത്തലുകളെ കുറിച്ച് അന്വേഷിക്കാനാണെന്നാണ് പത്രക്കുറിപ്പ്. അപ്പോഴും ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളെക്കുറിച്ച് അന്വേഷണമില്ല. എങ്കിലും പരാതി എഴുതി തന്നാലേ അന്വേഷിക്കൂ എന്ന മുൻ നിലപാടിൽ നിന്നുള്ള മലക്കംമറിച്ചിൽ.

അവിടെയും ദുരൂഹതയും സംരക്ഷണ കവചത്തിന്‍റെ വ്യാപ്തിയും വർധിക്കുന്നു. അന്വേഷിച്ചിട്ട് ആവശ്യമെങ്കിൽ കേസെടുക്കുമെന്നാണ് പറയുന്നത്. എഫ്.ഐ.ആർ ഇല്ലാത്ത അന്വേഷണം. അതെങ്ങനെ അന്വേഷണമാവും? അതെങ്ങനെ നിയമപരമാവും?പഴയ സിആർപിസി 157 പ്രകാരവും പുതിയ ഭാരതീയ നാഗരിക സുരക്ഷ സംഹിത 76 പ്രകാരവും ലൈംഗികാതിക്രമത്തെ കുറിച്ചുള്ള വിവരമോ സംശയമോ ഉണ്ടായാൽ എഫ്ഐആർ ഇട്ട് മജിസ്ട്രേറ്റിന് റിപ്പോർട്ട് കൊടുത്തു സംഭവസ്ഥലത്ത് കുതിച്ചെത്തി അന്വേഷിക്കണമെന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. പിന്നെ എന്തിനാണ് ഇങ്ങനെ ഒരു ട്വിസ്റ്റ്. പരാതികൾ ഒതുക്കാനും പരാതിക്കാരെ പിന്തിരിപ്പിക്കാനും അതുവഴി അന്വേഷണം അട്ടിമറിച്ച് വേട്ടക്കാർക്ക് ക്ലീൻ ചിറ്റ് നൽകാനുള്ള ഗൂഢശ്രമം.അറസ്റ്റ് രേഖപ്പെടുത്താനോ തെളിവുകൾ ശേഖരിക്കാനോ കുറ്റപത്രം സമർപ്പിക്കാനോ ഒന്നും അധികാരമില്ലാത്ത വിഖ്യാത അന്വേഷണസംഘമായി ഇതു ചരിത്രത്തിൽ സ്ഥാനം പിടിക്കും. എഫ്ഐആർ ഇല്ലാത്ത അന്വേഷണത്തിന്‍റെ "ഗുട്ടൻസ് ' അതാണ്. അന്വേഷണസംഘത്തിൽ ഉൾപ്പെട്ടിട്ടുള്ള പോലീസ് ഓഫീസർമാരുടെ ക്രെഡിബിലിറ്റിയ ചോദ്യം ചെയ്യുന്നില്ല. പക്ഷേ ഇത്തരമൊരു അന്വേഷണം കൊണ്ട് എന്തു പ്രയോജനം എന്ന് അവരും വ്യക്തമാക്കേണ്ടതുണ്ട്. നിയമമനുശാസിക്കുന്നതിന് വിരുധമായ അന്വേഷണ പ്രക്രിയയ്ക്ക് വിശ്വാസ്യതയുള്ള ഉദ്യോഗസ്ഥർ നിന്നു കൊടുക്കുമോ എന്നും അറിയേണ്ടതുണ്ട്.

മാത്രമല്ല അന്വേഷണം പുതിയ വെളിപ്പെടുത്തലുകളിൽ മാത്രം ഒതുങ്ങേണ്ടതല്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന മൊഴികളിൽ മേലും അന്വേഷണം വേണം. അതൊരു സർക്കാരിന്‍റെയോ മുഖ്യമന്ത്രിയുടെയോ ഔദാര്യത്തിന്‍റെ പ്രശ്നമല്ല. നിയമം ബാധ്യതപ്പെടുത്തുന്ന ചുമതലയാണ്. അത് നിർവഹിച്ചേ മതിയാവൂ. പോലീസ് സ്റ്റേഷനിൽ പോയി പരാതി എഴുതി നൽകണമെന്ന ബാലിശവും നിയമവിരുധവുമായ വാദഗതി ഇപ്പോഴും ആവർത്തിക്കുന്നവർ എങ്കിൽ പിന്നെ എന്തിനായിരുന്നു ഈ ഹേമ കമ്മിറ്റി എന്നുകൂടി വ്യക്തമാക്കണം. "ഇനി ആ പണി കൂടി ഞങ്ങൾ തന്നെ ചെയ്യണമോ' എന്ന ചോദ്യത്തിന്‍റെ പ്രതിധ്വനി കേൾക്കാതെ പോകാനാവുമോ?

നടി ആക്രമിക്കപ്പെട്ട സമയത്ത് ഡബ്ല്യുസിസി നടത്തിയ പോരാട്ടത്തിന്‍റെ ഉൽപ്പന്നമാണ് ഹേമ കമ്മറ്റി. സമയമെടുത്ത്, പരാതിക്കാരെ കേട്ട് വിശദമായ പഠനത്തിനോടുവിൽ ലൈംഗികാതിക്രമം, ലിംഗ വിവേചനം, ദ്വയാർഥ സംഭാഷണം, ഭീഷണി എതിർത്താൽ പുറത്താക്കൽ, വിലക്ക് എന്നുവേണ്ട അടിമുടി നടമാടുന്ന ചൂഷണം അക്കമിട്ട് നിരത്തി കമ്മറ്റി ആ ദൗത്യം നിർവഹിക്കുകയും ചെയ്തു. അത് ലക്ഷ്യപ്രാപ്തിയിലെത്താൻ തുടർനടപടികൾ കൂടിയേ തീരൂ. അതിനുപകരം വീണ്ടും പരാതി നൽകണം എന്ന് പറഞ്ഞ് വീണ്ടും അവരെ പീഡിപ്പിക്കാനും മാനസിക സമ്മർദത്തിലാക്കാനും ശ്രമിക്കുന്നത് പീഡകർ ചെയ്തതിനേക്കാൾ വലിയ കുറ്റമാണ്. നടപടിക്ക് റിപ്പോർട്ടും അതിലെ മൊഴികളും മതിയായിരിക്കെ അതിന് ശ്വാസക്ലേശം സൃഷ്ടിച്ച് റിപ്പോർട്ട് ഞെരിച്ചമർത്താൻ ശ്രമിക്കുന്നവർ ഉത്തരം പറയേണ്ടിവരും.

ഇവിടെ നിസംഗതയും മൗനവും അവലംബിക്കുന്നത് ഒളിച്ചോട്ടമാണ്. ഈ മൗനം ആത്മനിന്ദയാണ്. മുഖ്യധാരാ മാധ്യമങ്ങൾ, സാംസ്കാരിക പ്രവർത്തകർ,ചലച്ചിത്ര സഘടനകൾ, അഭിപ്രായം പറയാൻ ധാർമ്മികമായി അവകാശവും കടമയുമുള്ള ചലച്ചിത്ര മേഖലയിലെ മുതിർന്നവർ ഒക്കെ മുന്നോട്ടുവരേണ്ട സമയമാണിത്. അല്ലാത്തപക്ഷം കാലം അവരെ കുറ്റക്കാരെന്നു വിളിക്കും.

"ഇനി ആ പണിയും ഞങ്ങളാണോ ചെയ്യേണ്ടത്?'- ഇരകളാക്കപ്പെടുന്നവരുടെ ഈ ചോദ്യത്തിനുള്ള ഉത്തരം കേരളീയ പൊതുസമൂഹം കണ്ടെത്തിയേ തീരൂ. അതാവണം ഹേമാ കമ്മിറ്റി റിപ്പോർട്ടിന്‍റെ സാമൂഹിക സംഭാവന.

Trending

No stories found.

Latest News

No stories found.