രക്തസാക്ഷിയാകാനും തയാർ: വെള്ളാപ്പള്ളി

''ഗതികെട്ടാണ് ഇപ്പോൾ പ്രതികരിക്കുന്നത്. എല്ലാ ന്യൂനപക്ഷ സംഘടനകളെയും രാഷ്‌ട്രീയ കക്ഷികളെയും വെല്ലുവിളിക്കുന്നു'', എസ്എൻഡിപി യോഗം മുഖമാസികയായ "യോഗനാദ'ത്തിന്‍റെ മുഖപ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ
രക്തസാക്ഷിയാകാനും തയാർ: വെള്ളാപ്പള്ളി
Vellappally Nadesanfile
Updated on

വെള്ളാപ്പള്ളി നടേശൻ

ജനറൽ സെക്രട്ടറി, എസ്എൻഡിപി യോഗം

കേരളത്തിലെ ഇടതു, വലതു മുന്നണികൾ തുടരുന്ന അതിരുവിട്ട മുസ്‌ലിം പ്രീണനമെന്ന യാഥാർഥ്യത്തെക്കുറിച്ച് ഉറക്കെ വിളിച്ചുപറഞ്ഞതിന്‍റെ പേരിൽ എനിക്കെതിരെ വാളെടുക്കുന്നവരോടും ഉറഞ്ഞു തുള്ളുന്നവരോടും പറയാൻ ഒന്നേയുളളൂ; ഇത്തരം ഭീഷണികൾക്കു മുന്നിൽ തലകുനിക്കാൻ മനസില്ല. സത്യം പറഞ്ഞവർ ക്രൂശിക്കപ്പെട്ടതാണ് ലോകചരിത്രം. സ്വന്തം മതക്കാർക്കു വേണ്ടി രാഷ്‌ട്രീയ പാർട്ടികളോട് വിലപേശി പൊതുസമ്പത്ത് കൊള്ളയടിക്കുന്നവരുടെയും അധികാരക്കസേരകൾ വെട്ടിപ്പിടിക്കുന്നവരുടെയും മതേതര മുഖംമൂടികൾ അഴിഞ്ഞുവീഴുമ്പോൾ വേദനിച്ചിട്ട് കാര്യമില്ല. അവരുടെ വെല്ലുവിളികളെ നേരിടാൻ തയാറാണ്.

ഇതിന്‍റെ പേരിൽ എന്‍റെ ചോര കുടിക്കാൻ വെമ്പുന്നവർക്ക് മുന്നോട്ടുവരാം. രക്തസാക്ഷിയാകാനും ഭയമില്ല. മുന്നോട്ടുവച്ചത് കേരളത്തിലെ സാമൂഹ്യ യാഥാർഥ്യങ്ങളാണ്. വിയോജിപ്പുള്ളവരുണ്ടെങ്കിൽ കണക്കുകളും വസ്തുതകളും വച്ച് തെളിയിക്കട്ടെ. ഇന്ത്യ ജനാധിപത്യരാജ്യമാണ്. അഭിപ്രായ സ്വാതന്ത്ര്യമാണ് അതിന്‍റെ ആണിക്കല്ല്. അപ്രിയ സത്യങ്ങൾ ചൊല്ലുന്നവരെ ആക്ഷേപിക്കാനും ആക്രമിക്കാനും വെല്ലുവിളിക്കാനും മുതിരുന്നവർ അറിയുക; ഇതൊന്നും ഇവിടെ വിലപ്പോകില്ല. തിണ്ണമിടുക്ക് കാണിച്ച് ഭയപ്പെടുത്താൻ നോക്കിയാൽ കീഴടങ്ങുന്നവരല്ല ഞങ്ങൾ.

ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് എൽഡിഎഫ് 2 മുസ്‌ലിങ്ങളെയും യുഡിഎഫ് ഒരു ക്രിസ്ത്യാനിയെയും നോമിനേറ്റ് ചെയ്തതിലെ അനീതി ചൂണ്ടിക്കാണിച്ചതാണ് ഞാൻ ചെയ്ത പാതകം. കേരളത്തിൽ ആകെയുള്ളത് 9 രാജ്യസഭാ സീറ്റുകളാണ്. അതിൽ 5 പേരും മുസ്‌ലിങ്ങളാണ്. 2 പേർ ക്രിസ്ത്യാനികളും. ജനസംഖ്യയുടെ പകുതിയിലേറെയുള്ള ഹിന്ദുക്കൾക്ക് 2 മുന്നണികളും കൂടി നൽകിയത് രണ്ടേ രണ്ട് സീറ്റുകളും. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരെ നിശ്ചയിക്കുമ്പോഴും ഇരുമുന്നണികളുടെയും മുൻഗണന മതത്തിനാണ്. ഹൈന്ദവ ഭൂരിപക്ഷ മണ്ഡലങ്ങളിൽ വരെ ന്യൂനപക്ഷങ്ങളെ സ്ഥാനാർഥികളാക്കുമ്പോൾ മലപ്പുറത്തും കോട്ടയത്തും മറിച്ചു ചിന്തിക്കാൻ ഇവർക്ക് ധൈര്യമില്ല.

എറണാകുളത്ത് കെ.ജെ. ഷൈനെയും മലപ്പുറത്ത് വസീഫിനെയും കോട്ടയത്ത് തോമസ് ചാഴികാടനെയും മത്സരിപ്പിക്കുന്ന ഇടതുപക്ഷം, ഹിന്ദു ഭൂരിപക്ഷമുള്ള ആലപ്പുഴയിൽ എ.എം. ആരിഫിനെ സ്ഥാനാർഥിയാക്കുമ്പോൾ മാത്രമാണ് മതേതരരാകുന്നത്. മുസ്‌ലിം സ്വാധീനമുള്ള വടക്കൻ കേരളത്തിലെ മുസ്‌ലിം ഇടതു സ്ഥാനാർഥികൾക്കു പോലും മുസ്‌ലിങ്ങൾ വോട്ടു ചെയ്തില്ല. ബിജെപിയെ തോൽപ്പിക്കാൻ യുഡിഎഫിനെയാണ് അവർ വിജയിപ്പിച്ചത്. കമ്യൂണിസ്റ്റ് പാർട്ടികളുടെ തുടക്കം മുതൽ ജീവശ്വാസം പോലെ പാർട്ടിക്കൊപ്പം പാറപോലെ ഉറച്ചുനിന്ന പിന്നാക്ക, പട്ടികവിഭാഗ സമൂഹത്തിന്‍റെ വിശ്വാസത്തെ സിപിഎമ്മും സിപിഐയും ന്യൂനപക്ഷ പ്രീണനത്തിനായി ബലികഴിക്കുകയായിരുന്നു. എന്നിട്ടും പഠിക്കാതെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യാൻ അവർ വീണ്ടും കണ്ടെത്തിയത് മുസ്‌ലിം നേതാക്കളെ. ഇതെല്ലാം തുറന്നു പറഞ്ഞതാണ് തെറ്റെങ്കിൽ ആ തെറ്റ് തുടരാൻ തന്നെയാണ് തീരുമാനം.

കേരളത്തിലെ ഒരു സാമൂഹ്യവിഷയം മുന്നോട്ടുവച്ചപ്പോൾ ചില മുസ്‌ലിം നേതാക്കൾ തനിക്കെതിരേ കേസെടുക്കണമെന്നും ജയിലിൽ അടയ്ക്കണമെന്നും പ്രസ്താവനകളുമായി രംഗത്തുവന്നത് ഖേദകരമാണ്. പൊതുവേ മാന്യമായി സംസാരിക്കുന്ന ജംഇയ്യത്തുൽ ഉലമ നേതാവ് കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ വരെ കടുത്ത വാക്കുകളുമായി പ്രതികരിച്ചത് ദൗർഭാഗ്യകരമായിപ്പോയി. സ്വന്തം മതക്കാരുടെ അനീതികൾക്കെതിരേ ആരോപണങ്ങൾ വന്നപ്പോൾ സൗമ്യതയൊക്കെ പമ്പ കടന്നു.

കേരളത്തിലെ വർഗീയവാദികൾ ആരൊക്കെയാണെന്ന് എല്ലാവർക്കും അറിയാം. മതവെറിയും പരമത പരിഹാസങ്ങളും നിറഞ്ഞ പ്രഭാഷണങ്ങളും പ്രവർത്തനങ്ങളുമായി ലോകത്തെ ഏതെങ്കിലും കോണിലെ മതസംഘർഷങ്ങളുടെ പേരിൽ ഇവിടെ സ്വൈര്യജീവിതത്തിന് ഭീഷണിയുയർത്തുന്നവരാണോ സമാധാനത്തിന്‍റെ വെള്ളരിപ്രാവുകൾ? സുജന മര്യാദയുടെ പേരിൽ ആരും ഇതൊന്നും തുറന്നു പറയുന്നില്ലെന്നേയുള്ളൂ. വാണിജ്യ താത്പര്യങ്ങളാലാകാം പത്ര- ദൃശ്യ മാധ്യമങ്ങൾ പോലും പഞ്ചപുച്ഛമടക്കി മൗനം പാലിക്കുകയാണ്.

ഞാൻ വർഗീയ കലാപമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നാണ് ആരോപണം. ഭാവിയിൽ വർഗീയ കലാപങ്ങൾ ഉണ്ടാകാതിരിക്കാനും സാമുദായിക സമന്വയം നിലനിർത്താനും വേണ്ടിയാണ് ഒരു സമൂഹം നേരിടുന്ന വിവേചനങ്ങളെയും അസമത്വങ്ങളെയും ചോദ്യം ചെയ്യുന്നത്. ഗുരുതരമായ ഈ സാഹചര്യം സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ബാധ്യതയുണ്ട്. ഇല്ലെങ്കിൽ ചവിട്ടി ഒതുക്കപ്പെടുന്നവർ പ്രതികരിച്ചെന്നിരിക്കും. അനുദിനം പെരുകുന്ന അന്തരങ്ങളാണ് പ്രതിഷേധങ്ങളായി വളരുന്നത്. അതു മനസിലാക്കാനുള്ള വകതിരിവ് കാണിക്കാതെ വാളുമായി നേരിടാൻ ഇപ്പോഴേ ശ്രമിക്കുന്നവർ നാളെ എങ്ങനെ പ്രതികരിക്കുമെന്നു കൂടി ആലോചിക്കണം. വികാരമല്ല, വിചാരമാണ് നമ്മളെ നയിക്കേണ്ടത്.

തൃശൂരിൽ സുരേഷ് ഗോപി പാട്ടുംപാടി ജയിച്ചത് എങ്ങനെയാണെന്ന് എന്നെ ക്രൂശിക്കാൻ വരുന്നവർ ചിന്തിക്കുന്നത് നല്ലതാണ്. മതവിവേചനവും മതവിദ്വേഷവും തിരിച്ചറിഞ്ഞ ക്രിസ്ത്യാനികളുടെ വോട്ടാണ് സുരേഷ് ഗോപിയുടെ തുറുപ്പു ചീട്ട്. ഇത്രയുംകാലം ബിജെപിയെ എതിർത്തവരാണ് ക്രൈസ്തവ സമൂഹം. ഇരു മുന്നണികളുടെയും മുസ്‌ലിം പ്രീണനവും മുസ്‌ലിം ലീഗിന്‍റെയും കുറേ മുസ്‌ലിം സംഘടനകളുടെയും അഹങ്കാരവും കടന്നുകയറ്റവും സഹിക്കാനാവാതെ വന്നപ്പോൾ ക്രൈസ്തവർ ബിജെപിയെ രക്ഷകരായി കണ്ടു. സുരേഷ് ഗോപിയും ഭാര്യയും ചേർന്ന് ആലപിച്ച ക്രൈസ്തവ ഭക്തിഗാനമാണ് ഇപ്പോൾ അവരുടെ ഭവനങ്ങളിലെ ആരാധനാഗാനം.

മറ്റു മതസ്ഥരിലെ മനസുകളിലെ മാറ്റം തിരിച്ചറിഞ്ഞ് നിലപാടുകൾ പരിഷ്കരിക്കാൻ മുസ്‌ലിം ലീഗിന്‍റെയും മുസ്‌ലിം സമുദായങ്ങളുടെ നേതൃത്വം ഇനിയെങ്കിലും ചിന്തിക്കണം. തെറ്റു തിരുത്താതെയാണ് മുന്നണികൾ മുന്നോട്ടു പോകുന്നതെങ്കിൽ നാളെ ഹൈന്ദവരും, വിശേഷിച്ച് പിന്നാക്ക, പട്ടികവിഭാഗങ്ങളും ക്രൈസ്തവരുടെ പാത പിന്തുടരും. സഹിഷ്ണുതയാണ് ഹൈന്ദവ സംസ്കാരത്തിന്‍റെ കാമ്പ്. വാളെടുത്ത് നീതി നടപ്പാക്കുന്നത് ഹിന്ദുക്കളുടെ രീതിയുമല്ല. രാജ്യങ്ങൾ വെട്ടിപ്പിടിക്കാനും മതംമാറ്റാനും ആരാധനാലയ ധ്വംസനങ്ങൾക്കും ഹിന്ദുമതം മുതിർന്നിട്ടില്ല. നൂറ്റാണ്ടുകൾ വൈദേശികാധിപത്യത്തിൽ കഴിഞ്ഞ് പീഡനങ്ങളുടെ കടലുകൾ താണ്ടിക്കടന്നവരാണ് ഈ സമൂഹം. അതൊരു ബലഹീനതയായി കണ്ട് ഇനിയും ചവിട്ടിത്തേക്കാൻ മുതിരരുത്.

കേരളത്തിൽ ന്യൂനപക്ഷ പ്രീണനം മുന്നണി രാഷ്‌ട്രീയം തുടങ്ങിയ കാലത്തു തന്നെ ആരംഭിച്ചതാണ്. മധ്യകേരളത്തിൽ ക്രൈസ്തവരും വടക്കൻ കേരളത്തിൽ മുസ്‌ലിങ്ങളും ചേർന്ന് പൊതുസമ്പത്ത് വെട്ടിപ്പിടിക്കുകയായിരുന്നു. വോട്ടുബാങ്കിന്‍റെ ബലത്തിൽ യുഡിഎഫ് ഭരണത്തിലാണ് ഇത് ശക്തിപ്രാപിച്ചത്. രണ്ടു വിഭാഗങ്ങളും സാമൂഹികമായും സാമ്പത്തികമായും ഉയർന്നു. ഭൂമി, വിദ്യാഭ്യാസം, അധികാരം, ആരോഗ്യം, കൃഷി, വ്യവസായം തുടങ്ങി സമസ്തമേഖലയിലും അരനൂറ്റാണ്ടിനിടെ ന്യൂനപക്ഷങ്ങൾ മേൽക്കൈ നേടിയതിന് നാം സാക്ഷ്യം വഹിച്ചു. പിന്നാക്ക, പട്ടികവിഭാഗങ്ങൾ കോളനികളിലേക്കും പുറമ്പോക്കുകളിലേക്കും തൊഴിലുറപ്പിലേക്കും ഒതുക്കപ്പെട്ടു. കുമരകം ബോട്ടു ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് എന്തു കിട്ടിയെന്നും ബേപ്പൂർ ബോട്ടപകടത്തിൽ എന്തു നൽകിയെന്നും ഒന്നു വിലയിരുത്തിയാൽ മരണത്തിൽപ്പോലും സർക്കാരുകൾ കാണിച്ച മത, ദേശ വിവേചനം വ്യക്തമാണ്.

പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിച്ചപ്പോൾ ആർക്കാണ് ഗുണമുണ്ടായത്? മലപ്പുറത്ത് എസ്എൻഡിപി യോഗത്തിന് ഒരു വിദ്യാലയം പോലും നൽകിയില്ല. ഡസൻ കണക്കിന് കോളെജുകളാണ് മറ്റുള്ളവർക്ക് ലഭിച്ചത്. അറബി കോളെജുകളെപ്പോലും സർക്കാർ ശമ്പളം നൽകുന്ന എയ്ഡഡ് സ്ഥാപനങ്ങളാക്കി, അറബി ധനതത്വശാസ്ത്രം വരെ പഠിപ്പിക്കുന്നത് കാണണമെങ്കിൽ മലപ്പുറത്തേക്ക് പോയാൽ മതി. മാന്യത കൊണ്ടാണ് ഇക്കാര്യങ്ങളിൽ ഇതുവരെ മൗനം പാലിച്ചത്. ഗതികെട്ടാണ് ഇപ്പോൾ പ്രതികരിക്കുന്നത്. ഇത്തരം ഒരുപാട് കഥകളുടെ പൊതികൾ കൈയിലുണ്ട്. അതൊക്കെ അഴിക്കാതിരിക്കുന്നതല്ലേ നല്ലത്?

കേരളത്തിൽ ഹൈന്ദവ പിന്നാക്ക വിഭാഗങ്ങൾ നേരിടുന്ന അസമത്വങ്ങളെക്കുറിച്ച് ബോധ്യമാകണമെങ്കിൽ ഇവിടെ ഒരു സാമൂഹ്യ, സാമ്പത്തിക സർവെ നടത്തുക തന്നെ വേണം. ഉന്നയിക്കപ്പെടുന്ന പരാതികളും ആരോപണങ്ങളും അപ്പോൾ വ്യക്തമാകും. ആധുനിക ലോകത്ത് കണക്കുകൾക്കും വസ്തുതകൾക്കുമാണ് വില. ഞാൻ പറഞ്ഞത് തെറ്റാണെന്ന് തെളിയിക്കാനുള്ള ഏകമാർഗം ഇതു മാത്രമാണ്. എന്നെയും സംഘടനയെയും പുലഭ്യം പറയുന്നത് നിർത്തി സാമൂഹ്യ, സാമ്പത്തിക സർവെ നടത്താൻ അവർ ആവശ്യപ്പെടട്ടെ. എല്ലാ ന്യൂനപക്ഷ സംഘടനകളെയും രാഷ്‌ട്രീയ കക്ഷികളെയും ഞാൻ വെല്ലുവിളിക്കുന്നു. നിലപാടുകളിൽ ആർജവമുള്ളവർക്ക് മുന്നോട്ടുവരാം.

Trending

No stories found.

Latest News

No stories found.