vellappally natesan yoganadham special story
കോഴിയെ കട്ടവന്‍റെ തലയിലെ പൂട..!

കോഴിയെ കട്ടവന്‍റെ തലയിലെ പൂട..!

കമ്മ്യൂണിസം തങ്ങളുടെ ജീവരക്തമായി കരുതുന്ന ഈഴവരാദി പിന്നാക്കസമൂഹത്തെ തള്ളിക്കളഞ്ഞ് എൽഡിഎഫും 2 സീറ്റുകൾ മുസ്‌ലിമിനും ക്രൈസ്തവനും പങ്കുവച്ചു നൽകി
Published on

#കെ.എ. ബാഹുലേയൻ, അസി. സെക്രട്ടറി,എസ്എൻഡിപി യോഗം

അരനൂറ്റാണ്ടായി കേരളത്തിലെ ഭൂരിപക്ഷ ജനവിഭാഗങ്ങളുടെ, പ്രത്യേകിച്ച് പിന്നാക്ക പട്ടികജാതി- വർഗ വിഭാഗങ്ങളുടെ മനസിൽ പതിഞ്ഞ വിവേചനങ്ങളുടെയും ഒതുക്കപ്പെടലുകളുടെയും നീറുന്ന വേദന തുറന്നു പറഞ്ഞതിന്‍റെ പേരിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സംഘംചേർന്ന് ഒറ്റപ്പെടുത്തി ആക്രമിക്കാൻ ചിലർ ശ്രമിക്കുന്നതാണ് കുറച്ചു ദിവസങ്ങളായി ദൃശ്യമാകുന്നത്. സംസ്ഥാനത്ത് പരസ്യമായി തുടർന്നുവന്ന അധാർമികവും അതിരില്ലാത്തതുമായ ന്യൂനപക്ഷ പ്രീണനം കണ്ടുമടുത്തവരെ എത്രയോ കാലമായി വേദനിപ്പിച്ചുകൊണ്ടിരുന്ന സത്യങ്ങളാണ് അദ്ദേഹം എസ്എൻഡിപി യോഗം മുഖപത്രമായ "യോഗനാദ'ത്തിലൂടെ ചൂണ്ടിക്കാട്ടിയത്.

ആ സാമൂഹ്യ യാഥാർഥ്യം വലിയ ചർച്ചയായി. ആരെയും ദ്രോഹിക്കാനും മുറിവേൽപ്പിക്കാനും പറഞ്ഞതാണ് അക്കാര്യങ്ങളെന്ന് വിശേഷബുദ്ധിയുള്ളവർക്കൊന്നും തോന്നില്ല, മറിച്ച് ക്ഷമയുടെ നെല്ലിപ്പടി കടന്ന വലിയൊരു സമൂഹത്തിന്‍റെ മനസിലെ നീറുന്ന വേദന അദ്ദേഹത്തിന്‍റെ തൂലികയിലൂടെ പുറത്തുവന്നു എന്നു മാത്രമേയുള്ളൂ. ഭൂരിപക്ഷ സമൂഹത്തിന് അർഹതപ്പെട്ട പൊതുസമ്പത്തിന്‍റെ വിഹിതവും ആനുകൂല്യങ്ങളും പരിഗണനയും മറ്റുള്ളവരിലേക്ക് പോകുന്നതിലെ അദ്ദേഹത്തിന്‍റെ വേദന മഹാഭൂരിപക്ഷവും ഹൃദയത്തോടു ചേർത്ത് സ്വീകരിക്കുകയും ചെയ്തു. സ്വന്തം കാര്യത്തിനോ സ്വന്തം സമുദായത്തിനോ വേണ്ടി മാത്രവുമല്ല അദ്ദേഹം ആ വിഷയം പൊതുസമൂഹത്തിനു മുന്നിൽ ഉയർത്തിയത്. അതിൽ ഇത്ര വിറളിപിടിക്കേണ്ട ഒരു കാര്യവുമില്ല.

അത് ചോദിച്ചത് മഹാപരാധം!

കേരളത്തിലെ ഒമ്പത് രാജ്യസഭാ സീറ്റുകളിൽ ഏഴും എങ്ങനെ ന്യൂനപക്ഷങ്ങൾക്ക് ലഭിച്ചുവെന്നതിന്‍റെ കണക്കു ചോദിച്ചതു മാത്രമാണ് അദ്ദേഹം ചെയ്ത "മഹാപരാധം'. 5 മുസ്‌ലിങ്ങളും 2 ക്രിസ്ത്യാനികളും 2 ഹിന്ദുക്കളുമാണ് രാജ്യസഭയിൽ നമ്മളെ പ്രതിനിധീകരിക്കുന്നത്. കമ്മ്യൂണിസം തങ്ങളുടെ ജീവരക്തമായി കരുതുന്ന ഈഴവരാദി പിന്നാക്കസമൂഹത്തെ തള്ളിക്കളഞ്ഞ് എൽഡിഎഫും 2 സീറ്റുകൾ മുസ്‌ലിമിനും ക്രൈസ്തവനും പങ്കുവച്ചു നൽകി. ഇടതും വലതും ഇക്കാര്യത്തിൽ ഒരേ സമുദായങ്ങളെ മാത്രമാണ് പരിഗണിച്ചത്.

കേരളത്തിലെ പ്രബല പിന്നാക്ക സമുദായത്തിന്‍റെ നേതാവായ വെള്ളാപ്പള്ളി ആ സമൂഹത്തിന്‍റെ പരിദേവനം ഒന്നുറക്കെ പറഞ്ഞെന്നേയുള്ളൂ. അതിലെന്താണ് തെറ്റ്? പഞ്ചായത്ത് തെരഞ്ഞെടുപ്പിൽപ്പോലും മതം പറഞ്ഞ് സീറ്റുകൾ വാരിക്കൂട്ടുന്നവർക്ക് ഈ കണക്കു പറയുമ്പോൾ വേദനിച്ചതെന്തിനാണ്? തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിർണയിക്കുന്നതിനു പുറമേ, നോമിനേറ്റ് ചെയ്യുന്ന ജനപ്രതിനിധികളുടെ കാര്യത്തിലും ന്യൂനപക്ഷ മേൽക്കോയ്മ സ്ഥാപിക്കുന്നതിനെക്കുറിച്ച് സൂചിപ്പിക്കുന്നത് രാജ്യദ്രോഹമാണോ?

ആ വാക്കുകളിൽ ദുഃഖം മാത്രം

ഒരു സാമൂഹ്യ യാഥാർഥ്യം തുറന്നുപറഞ്ഞതിന്‍റെ പേരിൽ ചില മുസ്‌ലിം സംഘടനകളും നേതാക്കളുമാണ് വെള്ളാപ്പള്ളിയെ കടിച്ചുകീറാൻ ആദ്യം മുതലേ രംഗത്തിറങ്ങിയത്. മുസ്‌ലിങ്ങളാണ് എല്ലാം തട്ടിയെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. തങ്ങൾ രക്തം കൊടുത്തു വളർത്തി പതിറ്റാണ്ടുകളായി നെഞ്ചേറ്റിയ സംഘടനകളും ആ സമൂഹത്തെ അവഗണിച്ച് ന്യൂനപക്ഷ പ്രീണനം പ്രധാന അജൻഡയാക്കിയതിലുള്ള ദുഃഖമായിരുന്നു ആ വാക്കുകളിൽ തുടിച്ചത്.

സത്യം മനസിലാക്കിയതുകൊണ്ടാകാം, മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളൊന്നും തന്നെ ഇതിനോട് പ്രതികരിക്കുകയുണ്ടായില്ല. മുസ്‌ലിം സമുദായ നേതാക്കളും സംഘടനകളും തീവ്ര വിമർശനവുമായി മുന്നോട്ടുവന്നത് നിഷ്കളങ്കമല്ലായിരുന്നു. കോഴി കട്ടവന്‍റെ തലയിൽ പൂടയുണ്ടെന്ന് പറയുമ്പോൾ തപ്പി നോക്കുന്നവന്‍റെ മാനസികാവസ്ഥയാണ് ഈ ക്ഷിപ്ര പ്രതികരണങ്ങളെന്ന് മനസിലാക്കാനുള്ള വിവേകം കേരള സമൂഹത്തിനുണ്ട്. പൊതുജനങ്ങൾ വെള്ളാപ്പള്ളി മുന്നോട്ടുവച്ച സത്യങ്ങളെയും ആശങ്കകളെയും ഹൃദയംകൊണ്ട് സ്വീകരിച്ചുവെന്ന വസ്തുത മറച്ചുവച്ച് അദ്ദേഹത്തെ ആക്ഷേപിക്കാനായിരുന്നു അവർക്ക് തിടുക്കം.

സത്യം സത്യമായി വിളിച്ചുപറയുമ്പോൾ അസ്വസ്ഥരായിട്ട് കാര്യമില്ല. ഇതിന്‍റെ പേരിൽ മതവിദ്വേഷം പരത്തുന്നത് ആരാണ്? ധവളപത്രമിറക്കാൻ സർക്കാരിനെ നിർബന്ധിക്കുന്നവരുടെ പശ്ചാത്തലമെന്താണ്? ആരാണ് മതവിദ്വേഷം ഉണ്ടാക്കുന്നതെന്ന് സ്വയമാണ് വിലയിരുത്തേണ്ടത്. എക്കാലത്തും മതസൗഹാർദവും മതസമന്വയവും പുലർത്താൻ ആഗ്രഹിക്കുന്നവരാണ് ഹൈന്ദവ സമൂഹം. അവർ ഒരു രാജ്യത്തെയും കീഴടക്കി മതം പ്രചരിപ്പിച്ചവരല്ല, മറ്റു വിശ്വാസികളുടെ ആരാധനാലയങ്ങൾ തകർത്ത് തലമുറകളുടെ അമൂല്യ സമ്പത്ത് കൊള്ളയടിച്ചവരല്ല, മതത്തിനായി വംശഹത്യ നടത്തിയവരല്ല, മതം മാത്രമാണ് എല്ലാമെന്ന് വിശ്വസിക്കുന്നവരുമല്ല.

കഴിയാറായി, ആ കാലം

സഹസ്രാബ്ദങ്ങളുടെ പാരമ്പര്യവും വിശാലമായ കാഴ്ചപ്പാടുകളും അവിശ്വാസികൾക്കു പോലും സ്ഥാനവുമുള്ള, എല്ലാ മതങ്ങളെയും ഇരുകൈയുംനീട്ടി സ്വീകരിച്ച മഹത്തായ സംസ്കാരത്തിന്‍റെ പിൻമുറക്കാരാണ് അവർ. മതത്തിന്‍റെ പേരിൽ ലോകത്തെവിടെയും വിദ്വേഷവും അക്രമവും നടത്തുന്നവർ ആരെന്ന് എല്ലാവർക്കും അറിയാം. അതിനായി കൈവെട്ടലും കാൽവെട്ടലും നടത്തിയവർ ഇവിടെയുമുണ്ട്. മണി പവറും മസിൽ പവറും മാൻ പവറും പൊളിറ്റിക്കൽ പവറും കൊണ്ട് എന്തും പറയാമെന്ന കാലം അവസാനിക്കുകയാണ്.

ന്യൂനപക്ഷങ്ങളുടെ സംഘടിത വോട്ടിനു വേണ്ടി രാഷ്‌ട്രീയക്കാർ തങ്ങളുടെ കാലു നക്കുന്നുവെന്ന അഹങ്കാരത്തിൽ എന്തും വിളിച്ചുപറയാമെന്ന് ഈ നേതാക്കൾ കരുതുന്നതാണ് കേരളത്തിലെ സാമൂഹിക, രാഷ്‌ട്രീയരംഗം ഇന്നു നേരിടുന്ന വെല്ലുവിളി. ഒരു പക്ഷേ ഇവരുടെ മനസിലുള്ള സവർണ വിരോധം കൂടി വെള്ളാപ്പള്ളിയുടെ പേരിൽ പൊട്ടിയൊലിച്ചതാകും.

എഴുതാപ്പുറം വായിക്കുന്നവർ

ന്യൂനപക്ഷ പ്രീണനത്തിന്‍റെ പേരിൽ ഒരു സമൂഹം നേരിടുന്ന പ്രതിസന്ധികളെയും ആശങ്കകളെയും കുറിച്ച് സർക്കാരിനോടും ഇടതു, വലത് മുന്നണികളോടുമാണ് വെള്ളാപ്പള്ളി സംവദിച്ചത്. അതു മനസിലാക്കാതെയല്ല ഭീഷണികളുമായി ചിലർ രംഗത്തിറങ്ങിയത്. എഴുതാപ്പുറം വായിക്കുന്നവരുടെ യഥാർഥ ലക്ഷ്യം എന്തെന്ന് അറിയാൻ ബുദ്ധിയുള്ളവരാണ് വെള്ളാപ്പള്ളിയും എസ്എൻഡിപി യോഗവും. ഇടതു മുന്നണിയിലെ- വിശേഷിച്ച് സിപിഎമ്മിന്‍റെ രാഷ്‌ട്രീയ ബലത്തിന്‍റെ തായ്‌വേരാണ് ഈഴവരാദി പിന്നാക്ക സമുദായങ്ങൾ. ചോരയും നീരും നൽകി വളർത്തി വലുതാക്കിയ പ്രസ്ഥാനം ഇപ്പോൾ തങ്ങളെ അവഗണിച്ച് ഇന്നലെ വന്ന, എപ്പോൾ വേണമെങ്കിലും പോകുമെന്ന് ഉറപ്പുള്ള ന്യൂനപക്ഷങ്ങൾക്കു വേണ്ടി നിലകൊള്ളുമ്പോൾ തോന്നുന്ന വികാരമാണ് ഈഴവ സമൂഹത്തിലെ അനിഷേധ്യ നേതാവായ വെള്ളാപ്പള്ളി പ്രകടിപ്പിച്ചത്.

സമുദായ നേതാവെന്ന നിലയിൽ അത് അദ്ദേഹത്തിന്‍റെ കടമ കൂടിയാണ്. അതിന്‍റെ പേരിൽ അദ്ദേഹത്തെ ആക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും ഒറ്റപ്പെടുത്താമെന്നും ഭ്രഷ്ട് കൽപ്പിക്കാമെന്നും ആരെങ്കിലും ധരിച്ചുപോയിട്ടുണ്ടെങ്കിൽ അത് വെറും ദിവാസ്വപ്നം മാത്രമാണ്. ആക്ഷേപങ്ങളുടെയും അടിച്ചമർത്തലുകളുടെയും ഒറ്റപ്പെടലുകളുടെയും കടലുകൾ താണ്ടിക്കടന്നവരാണ് ഈ സമൂഹം. വെളിച്ചത്തിൽ സമാധാനത്തിന്‍റെ വെള്ളരിപ്രാവുകളും ഇരുട്ടിൽ വർഗീയതയുടെ തലതൊട്ടപ്പന്മാരുമായി ജീവിക്കുന്ന ഇക്കൂട്ടരുടെ മുഖംമൂടി വലിച്ചുകീറി യഥാർഥ മുഖം പുറത്തുകൊണ്ടുവരാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല. വാവിട്ട വാക്കും കൈവിട്ട കല്ലും തിരിച്ചെടുക്കാൻ കഴിയില്ലെന്ന പഴമൊഴിയെങ്കിലും എല്ലാവരും മനസിലാക്കുന്നത് നല്ലതാണ്.