കളി തുടങ്ങും മുന്‍പേ ആരവം തുടങ്ങി |വിജയ് ചൗക്ക്

എന്‍ഡിഎയുടെ രണ്ട് കേന്ദ്രമന്ത്രിമാരാണ് ഇത്തവണ കേരളത്തില്‍ മത്സരരംഗത്ത് ഉള്ളത്.
കളി തുടങ്ങും മുന്‍പേ ആരവം തുടങ്ങി |വിജയ് ചൗക്ക്
Updated on

സുധീര്‍ നാഥ്

തെരഞ്ഞെടുപ്പു കാലം ഉത്സവത്തിന്‍റെ പ്രതീതിയാണ് നമ്മുടെ നാട്ടില്‍. പക്ഷെ ഇത്തവണ കളി തുടങ്ങും മുമ്പ് ആരവം തുടങ്ങി എന്നതിനാണ് രാജ്യം സാക്ഷിയായിരിക്കുന്നത്. ഉത്സവാഘോഷ പ്രതീതി നാട്ടില്‍ തുടങ്ങി കഴിഞ്ഞിരിക്കുന്നു. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നടക്കും എന്നല്ലാതെ ഔദ്യോഗികമായി രാജ്യത്ത് ഇലക്‌ഷന്‍ കമ്മീഷന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. അതിനു മുന്‍പേ തന്നെ മുന്‍കാലങ്ങളിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ചരിത്രത്തില്‍ ആദ്യമായി മത്സരരംഗത്ത് ഉള്ള എല്ലാമുന്നണികളും സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നു. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും പൂര്‍ണമായും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. എന്‍ഡിഎഫ് അവരുടെ പകുതിയിലേറെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുകയാണ്. സ്ഥാനാർഥികളെ പ്രഖ്യാപിക്കുക മാത്രമല്ല പ്രചാരണ രംഗത്ത് ഓരോ രാഷ്‌ട്രീയ പാര്‍ട്ടിയും ഇറങ്ങി കഴിഞ്ഞിരിക്കുന്നു എന്ന് വേണം മനസിലാക്കുവാന്‍.

ഇലക്‌ഷന്‍ കണ്‍വെന്‍ഷനുകളും ഇലക്‌ഷന്‍ കമ്മിറ്റി ഓഫീസുകളുടെ ഉദ്ഘാടനവും പൊതുയോഗങ്ങളും എല്ലാം മണ്ഡലങ്ങളിലും നടക്കുന്നു എന്ന് നമ്മള്‍ കാണുന്നു. സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ പ്രചരണം തുടങ്ങിയ പല മണ്ഡലങ്ങളും ഉണ്ട്. അവിചാരിതമായി സ്ഥാനാർഥികളെ മാറ്റിയത് പ്രകാരം ചുമരെഴുത്ത് മാറ്റി എഴുതേണ്ട സാഹചര്യം വരെ തൃശൂര്‍ മണ്ഡലത്തില്‍ ഉണ്ടായി എന്നുള്ളത് യുഡിഎഫിന്‍റെ പ്രവര്‍ത്തകര്‍ക്ക് ഇരട്ടിപ്പണിയാക്കിയിട്ടുണ്ട്. മൂന്നു ലക്ഷത്തിലേറെ പോസ്റ്ററുകളും ആയിരത്തിലേറെ ചുമരുകളും തൃശൂരില്‍ പ്രതാപനുവേണ്ടി ഒട്ടിക്കുകയും, എഴുതുകയും ചെയ്തതിന് ശേഷമാണ് കെ. മുരളീധരനെ തൃശൂരില്‍ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.

എന്‍ഡിഎയുടെ രണ്ട് കേന്ദ്രമന്ത്രിമാരാണ് ഇത്തവണ കേരളത്തില്‍ മത്സരരംഗത്ത് ഉള്ളത്. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും ആറ്റിങ്ങലില്‍ വി. മുരളീധരനും. എല്‍ഡിഎഫ് സര്‍ക്കാരിലെ മന്ത്രിയായ കെ. രാധാകൃഷ്ണന്‍ ആലത്തൂരില്‍ മത്സര രംഗത്തുണ്ട്. ഒപ്പം സിറ്റിങ് എംഎല്‍എമാരും എല്‍ഡിഎഫിന്‍റെ സ്ഥാനാർഥികളായി മത്സരംഗത്തുണ്ട്. അതേസമയം യുഡിഎഫില്‍ കോൺഗ്രസ് പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്‍റ് തന്നെ കണ്ണൂരില്‍ മത്സരിക്കുന്നു. മത്സരരംഗത്തില്ല എന്ന് പറഞ്ഞ കെ. സുധാകരന്‍ ഒടുവില്‍ കണ്ണൂരില്‍ മത്സരിക്കാന്‍ തയാറെടുക്കുകയാണ്. കോണ്‍ഗ്രസിന്‍റെ രാഹുല്‍ ഗാന്ധി വയനാട്ടിൽ വീണ്ടും മത്സരിക്കുന്നു എന്നതും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ആലപ്പുയില്‍ മത്സരിക്കുന്നു എന്നതും എടുത്തു പറയേണ്ട കാര്യമാണ്. ടി.എന്‍. പ്രതാപന്‍ ഒഴിച്ച് ബാക്കി എല്ലാ സിറ്റിങ് പാര്‍ലമെന്‍റ് അംഗങ്ങളും ഇത്തവണ കേരളത്തിലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്ന വിശേഷണമുണ്ട്. യുഡിഎഫ് ലിസ്റ്റില്‍ സിറ്റിങ് പാര്‍ലമെന്‍റ് അംഗങ്ങള്‍ക്കൊപ്പം ഒരു സിറ്റിങ് എംഎല്‍എയും ഉണ്ട്.

സിറ്റിങ് പാര്‍ലമെന്‍റ് അംഗങ്ങളൊക്കെ കോണ്‍ഗ്രസില്‍ മത്സരിക്കണമെന്നായിരുന്നു ആദ്യ ധാരണ. പ്രതാപനൊഴികെ എല്ലാവരും ഇപ്പോള്‍ സ്ഥാനാർഥികളായി. എന്നാല്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ജയിച്ചാല്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിച്ചാല്‍ മന്ത്രിയാകാം എന്നും പല സിറ്റിങ് പാര്‍ലമെന്‍റ് അംഗങ്ങളും ആഗ്രഹിച്ചു എന്നത് വാസ്തവമാണ്. പ്രതാപന് അക്കാര്യത്തില്‍ ആശ്വാസിക്കാം. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ നിന്ന് ഒഴിവാക്കി എന്ന കാരണം പറഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാർഥിയാകാന്‍ ടി എന്‍ പ്രതാപന്‍ ശ്രമിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

ദേശീയതലത്തില്‍ നോക്കുകയാണെങ്കില്‍ എല്ലാ പാര്‍ട്ടിയിലെയും പ്രമുഖരും പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്നുള്ളതാണ് പ്രത്യേകത. എന്‍ഡിഎ മുന്നണിക്ക് ബദലായി രൂപം കൊണ്ട ഇന്ത്യാസഖ്യം വ്യത്യസ്ത കാഴ്ചപ്പാടുകളോടു കൂടിയാണ് രാജ്യത്തെ ഓരോ സംസ്ഥാനങ്ങളിലും നിലയുറപ്പിച്ചിരിക്കുന്നത്. പ്രാദേശിക രാഷ്‌ട്രീയ പാര്‍ട്ടികളുടെ സ്വാധീനം നമ്മുടെ രാജ്യത്ത് വര്‍ദ്ധിച്ചു വരുന്നതാണ് അതിനു കാരണം. ഉദാഹരണമായി കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും പരസ്പരം മത്സരിക്കുന്നു. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ അവര്‍ ഒന്നിച്ച് നിന്നാണ് മത്സരിക്കുന്നത്. ആംആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ കോണ്‍ഗ്രസുമായി ഒന്നിച്ചു. പക്ഷെ പഞ്ചാബില്‍ പരസ്പരം മത്സരിക്കുന്നു. ഇത്തരത്തില്‍ മത്സരിക്കാതെ ദേശിയ തലത്തില്‍ ഒരുമിച്ച് നില്‍ക്കുവാന്‍ ഇന്ത്യാ മുന്നണിക്ക് സാധിക്കാത്തതാണ് ബിജെപിയുടെ കരുത്ത്. പ്രതിപക്ഷ എൈക്യം ദുര്‍ബലമാണ് എന്ന രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍ ശരിയാണെന്ന് പറയാതെ നിവര്‍ത്തിയില്ല.

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണ് ശ്രദ്ധേയമായ മറ്റൊന്ന്. ഏതൊരു തെരഞ്ഞെടുപ്പ് ആയാലും വാഗ്ദാനങ്ങള്‍ കൊണ്ട് എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും വോട്ടര്‍മാര്‍ക്ക് മുന്നില്‍ എത്തുക പതിവുള്ള കാഴ്ചയാണ്. ഒരു തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ശ്രമിക്കുന്ന ഒരു സ്ഥാനാർഥി അല്ലെങ്കില്‍ രാഷ്‌ട്രീയ പാര്‍ട്ടി പൊതുജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനമോ ഉറപ്പോ ആണ് തെരഞ്ഞെടുപ്പ് വാഗ്ദാനം. തേനും പാലും ഒഴുക്കും എന്നുള്ള ആദ്യകാലങ്ങളില്‍ നല്‍കിയിരുന്ന വാഗ്ദാനങ്ങള്‍ ഒന്നും ഇന്ന് പ്രായോഗികമല്ല. അത്തരം വാഗ്ദാനങ്ങള്‍ ആക്ഷേപഹാസ്യമായി പോലും മലയാള സിനിമയില്‍ വന്നിട്ടുണ്ട് എന്നുള്ളത് ശ്രദ്ധേയമാണ്. ഇന്ന് സൗജന്യങ്ങളുടെ പെരുമ തന്നെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായി വരുന്നത് കാണാം.

ഓരോ മുന്നണികളും അവരുടെ പ്രകടനപത്രിക വരുന്നതിനു മുന്‍പ് തന്നെ ഒട്ടേറെ ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാ മുന്നണികളും ഒരേപോലെ പറയുന്നത് ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ യുവാക്കള്‍ക്ക് ഉണ്ടാക്കും എന്നാണ്. യുവജനങ്ങളുടെ വോട്ടുകള്‍ സ്വന്തമാക്കുന്നതിന് വേണ്ടി ആയിരിക്കും അവര്‍ അങ്ങനെ പറയുന്നത്. സ്ത്രീകളുടെ വോട്ടുകള്‍ സ്വന്തമാക്കുന്നതിന് വേണ്ടി അവര്‍ക്ക് അനുകൂലമായ പല വാഗ്ദാനങ്ങളും എല്ലാം മുന്നണികളും നടത്തുന്നുണ്ട്. അതുപോലെ തന്നെയാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ടിയുള്ള സേവനങ്ങളുടെ വാഗ്ദാനങ്ങള്‍. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വലിയ ആശ്വാസം നല്‍കുന്ന പ്രഖ്യാപനങ്ങള്‍ സര്‍ക്കാര്‍ നടത്തിയത് ഒരു തുടര്‍ഭരണം ഉണ്ടാകുന്നതിനു വേണ്ടിയാണ്. ഇത്തരത്തില്‍ വാഗ്ദാനങ്ങളുടെ പെരുമഴയാണ് ഓരോ മേഖല തിരിച്ച് ഇപ്പോള്‍ നടക്കുന്നത്.

കേരളത്തിലെ തെരഞ്ഞെടുപ്പില്‍ ബിജെപി വോട്ടുകള്‍ നിര്‍ണായകമാണ്. ബിജെപി പിടിക്കുന്ന വോട്ടുകള്‍ ആശ്രയിച്ചാണ് കേരളത്തില്‍ മുന്നണികള്‍ വിജയം പ്രതീക്ഷിക്കുന്നത്. ബിജെപി ഇത്തവണ കേരളത്തില്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ വിജയിക്കും എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യകാലങ്ങളില്‍ ബിജെപിയുടെ വോട്ടുകള്‍ സ്വന്തം മുന്നണിയുടെ ഭാഗമാക്കി മാറ്റുവാന്‍ കേരളത്തിലെ രണ്ട് രാഷ്‌ട്രീയ മുന്നണികളായ ഇടതുപക്ഷവും വലതുപക്ഷവും ശ്രമം നടത്തിയിരുന്നു എന്നത് പരസ്യമായ രഹസ്യവുമാണ്. ഇന്ന് ബിജെപി വോട്ടുകള്‍ ഒരു പക്ഷത്തേക്ക് കൊണ്ടുവരുക എന്നുള്ളത് ഏറെ ബുദ്ധിമുട്ടുള്ള കാര്യവുമാണ്. കാരണം പണ്ടത്തെക്കാള്‍ ബിജെപി രാഷ്‌ട്രീയ രംഗത്ത് ശക്തമായിരിക്കുകയാണ്. കേരളത്തില്‍ ബിജെപിക്ക് കുറേ വോട്ടുകള്‍ നേടുവാന്‍ സാധിക്കും എന്നത് വാസ്തവമാണ്. ബിജെപിക്ക് കേരളത്തില്‍ വോട്ടുകളുടെ ശതമാനം വര്‍ദ്ധിക്കുന്നതായി നമുക്ക് നിരീക്ഷിക്കാം.

ഒരു രാഷ്‌ട്രീയ പാര്‍ട്ടിക്ക് വലിയ ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ ആര് നിന്നാലും ജയിക്കും എന്ന സ്ഥിതി വിശേഷം പണ്ട് ഉണ്ടായിരുന്നു. ഈ അവസരത്തില്‍ പ്രയോഗിക്കുന്നതാണ് കുറ്റിച്ചൂല് എന്ന പ്രയോഗം. അവിടെ ഏത് കുറ്റിച്ചൂല് നിന്നാലും ജയിക്കുമെന്നത് ഏറെ സംസാരിക്കപ്പെട്ട ഒന്നാണ്. പണ്ടൊക്കെ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് മത്സരിച്ചിരുന്നത് കുറ്റിച്ചൂലുകളായിരുന്നുവെന്നാണ് പറഞ്ഞിരുന്നത്. ആദ്യകാലത്ത് രാജ്യത്ത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ നിര്‍ത്തുന്ന മികച്ച സ്ഥാനാർഥികളെ പോലും കുറ്റിച്ചൂലുകള്‍ തോല്‍പ്പിച്ചിരുന്നു. പക്ഷെ ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. ജനങ്ങള്‍ സ്ഥാനാർഥികളുടെ കഴിവ് പരിഗണിക്കുന്നു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് പ്രചരണങ്ങള്‍ തുടങ്ങി എന്നുള്ളത് ഓരോ പാര്‍ട്ടിയെയും സാമ്പത്തികമായി വലിക്കുന്ന ഒന്നാണ്. ഓരോ ദിവസവും ലക്ഷക്കണക്കിന് രൂപയാണ് ഓരോ മണ്ഡലങ്ങളിലും ഓരോ പാര്‍ട്ടിയും ചെലവാക്കേണ്ടി വരിക .കേരളത്തിലെ തെരഞ്ഞെടുപ്പ് ആദ്യഘട്ടത്തില്‍ തന്നെ നടക്കും എന്നുള്ള കാര്യത്തില്‍ സംശയവുമില്ല. നോമ്പുകാലം കഴിഞ്ഞ് ആദ്യ ആഴ്ചയില്‍ തന്നെ കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കും എന്നുള്ളത് അല്പം ആശ്വാസം നല്‍കുന്ന ഒന്നാണ്. കേരളത്തിലെ രാഷ്‌ട്രീയ സാഹചര്യം വച്ച് ബിജെപിക്ക് വലിയ നേട്ടം ഉണ്ടാകില്ല എന്നുള്ളത് കൊണ്ട് കേരളത്തില്‍ ആദ്യഘട്ടത്തില്‍ തന്നെ തെരഞ്ഞെടുപ്പ് നടക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. കളി തുടങ്ങും മുമ്പ് ആരവം കണ്ട ആവേശത്തിലാണ് കേരളത്തിലെ ജനങ്ങള്‍.

Trending

No stories found.

Latest News

No stories found.