മലിനമാണ് നമ്മുടെ വായു..!

ദീപാവലി ആഘോഷങ്ങൾക്കു ശേഷം അത് പടക്കത്തിന്‍റെ രാസപദാർഥങ്ങള്‍ നിറഞ്ഞ രൂക്ഷഗന്ധമായി മാറി എന്നത് ഒരു യാഥാർഥ്യമാണ്.
Vijay chouk special column on air pollution
മലിനമാണ് നമ്മുടെ വായു..!
Updated on

യമുന ഡൽഹിയിലൂടെ മലീമസമായി ഒഴുകുക്കൊണ്ടിരിക്കുന്നു. അതിനു പുറമെ, ഡല്‍ഹിയിലെ പുലര്‍ച്ചയുള്ള വായുവും വളരെ മലീമസമാണ്. ഇപ്പോള്‍ അന്തരീക്ഷം തണുപ്പിലേക്കു പോയ്‌ക്കൊണ്ടിരിക്കുന്നു. ഊഷ്മാവ് കുറഞ്ഞുകൊണ്ടിരിക്കുന്നു. മേഘങ്ങള്‍ കൈയെത്തും ഉയരത്തിലെത്തിയ അസസ്ഥ കാഴ്ച്ചയിലുണ്ടാകുന്നു. അത് മഞ്ഞല്ല, മേഘവുമല്ല. പുകമഞ്ഞാണ്. രാവിലെ പാര്‍ക്കില്‍ നടക്കുവാന്‍ ഇറങ്ങുമ്പോള്‍ കരിഞ്ഞ മണം നമ്മളെ വല്ലാതെ അസ്വസ്ഥരാക്കും. ദീപാവലി ആഘോഷങ്ങൾക്കു ശേഷം അത് പടക്കത്തിന്‍റെ രാസപദാർഥങ്ങള്‍ നിറഞ്ഞ രൂക്ഷഗന്ധമായി മാറി എന്നത് ഒരു യാഥാർഥ്യമാണ്.

ഡല്‍ഹിയില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് ശ്വാസതടസം ഉണ്ടാകുന്ന രീതിയിലാണ് വായുവിന്‍റെ ഇപ്പോഴത്തെ അവസ്ഥ. രാജ്യതലസ്ഥാനത്ത് താമസിക്കുന്ന പത്തു മനുഷ്യരില്‍ മൂന്നുപേര്‍ക്കും ശ്വാസതടസം എന്ന പരാതിയുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത്തവണ രാജ്യ തലസ്ഥാനത്ത് ചെറിയ കാറ്റ് വീശി എന്നതിനാൽ വലിയ അപകട നിലയില്‍ നിന്ന് രക്ഷപ്പെടുത്തി എന്നാണ് മനസിലാക്കേണ്ടത്.

വായു മലിനീകരണം പ്രധാനപ്പെട്ടതും പൊതുജനാരോഗ്യത്തെ അതിഭീകരമായി ബാധിക്കുന്ന ഭീഷണിയാണ്. പക്ഷാഘാതം, ഹൃദ്രോഗം, ശ്വാസകോശ അര്‍ബുദം, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, ന്യുമോണിയ ഉള്‍പ്പെടെയുള്ള ശ്വാസകോശ സംബന്ധമായ അണുബാധകള്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുന്നതാണ് വായു മലിനീകരണമെന്ന് നമ്മള്‍ അറിയണം. വായുമലിനീകരണത്തിന്‍റെ കാരണം ഒന്നുകൊണ്ട് മാത്രം പ്രതിവര്‍ഷം ഏഴ് ദശലക്ഷം ആളുകള്‍ മരിക്കുന്നതായി ഡബ്ലിയു.എച്ച്.ഒ കണക്കാക്കുന്നു. കണികകള്‍, കാര്‍ബണ്‍ മോണോക്‌സൈഡ്, ഓസോണ്‍, നൈട്രജന്‍ ഡയോക്‌സൈഡ്, സള്‍ഫര്‍ ഡയോക്‌സൈഡ് എന്നിവ മലിനീകരണത്തില്‍ ഉള്‍പ്പെടുന്നു.

കാര്‍ബണ്‍ മോണോക്‌സൈഡ് വായുമലിനീകരണത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ്. ഇത് മണമില്ലാത്തതും അദൃശ്യവുമായ വാതകമാണ്. ഡീസല്‍ വാഹനങ്ങളില്‍ നിന്നാണ് ഇത് കൂടുതല്‍ ഉത്പാദിപ്പിച്ച് അന്തരീക്ഷ മലിനീകരണ തോത് ഉയര്‍ത്തുന്നത്. അതുകൊണ്ടാണ് രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ചെറിയ ജനറേറ്ററുകളും, ചില വ്യാവസായിക കേന്ദ്രങ്ങളും കാര്‍ബണ്‍ മോണോക്‌സൈഡ് വാതകം ഗണ്യമായ അളവില്‍ പുറന്തള്ളുന്നു. ഊർജ നിലയങ്ങള്‍ താരതമ്യേന കുറച്ചാണെങ്കിലും കാര്‍ബണ്‍ മോണോക്‌സൈഡ് പുറന്തള്ളുന്നുണ്ട്. കാര്‍ബണ്‍ മോണോക്‌സൈഡുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് വളരെ ദോഷകരമാണ്. കാരണം ഇത് രക്തപ്രവാഹത്തിലെ ഓക്‌സിജനെ പെട്ടെന്ന് ഇല്ലാതക്കുന്നു. ഇത് ഉയര്‍ന്ന സാന്ദ്രതയിലും എക്‌സ്‌പോഷര്‍ സമയത്തും ശ്വാസംമുട്ടലിലേക്ക് നയിക്കുന്നു.

കാര്‍ബണ്‍ മോണോക്‌സൈഡ് പോലെ തന്നെ അപകടകരമായ മറ്റൊരു വാതകമാണ് സള്‍ഫര്‍ ഡയോക്‌സൈഡ്. വായുമലിനീകരണത്തിന് കാരണമാകുന്ന പ്രധാന വാതകമാണ് സള്‍ഫര്‍ ഡയോക്‌സൈഡും. കല്‍ക്കരിയും, എല്ലാതരം എണ്ണയും കത്തിക്കുന്ന സമയത്ത് സള്‍ഫര്‍ ഡയോക്‌സൈഡ് രൂപംകൊള്ളുന്നു. ശ്വാസംമുട്ടിക്കുന്നതും ദുര്‍ഗന്ധമുള്ളതുമായ നിറമില്ലാത്ത ഒരു വാതകമാണ് ഇത്. സള്‍ഫര്‍ ഡയോക്‌സൈഡ് കൂടുതലായും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്‍റുകളില്‍ നിന്നാണ് ഉണ്ടാകുന്നത്. ജീവജാലങ്ങളുടെ ശ്വാസകോശങ്ങളെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ് സള്‍ഫര്‍ ഡയോക്‌സൈഡ്. സള്‍ഫര്‍ ഡയോക്‌സൈഡ് വായുവിലെ ഓക്‌സിജനുമായി ചേര്‍ന്ന് ആസിഡ് മഴയായി ഭൂമിയിലേക്ക് എത്തുന്നു. ഇത് മനുഷ്യരെപ്പോലെ ജലജീവികളിലും മറ്റു ജീവജാലങ്ങളിലും രൂക്ഷമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. ഇത് ലോഹങ്ങളുടെ നാശത്തിനും കെട്ടിടങ്ങളുടെയും മറ്റും നാശത്തിനും കാരണമാകുന്നു എന്നാണ് ശാസ്ത്രലോകം ചൂണ്ടിക്കാണിക്കുന്നത്.

അന്തരീക്ഷത്തിലെ വായു മലിനീകരണ ഭീഷണിയില്‍ നിന്ന് രക്ഷപ്പെടുന്നതിനുവേണ്ടി പലരും വീടിനുള്ളില്‍ തന്നെ കഴിയുന്ന ഒരു സാഹചര്യം ഉണ്ട്. എന്നാല്‍ വീടിനുള്ളില്‍ കഴിയുന്നതും അപകടകരമാണെന്നാണ് ഇപ്പോള്‍ ശാസ്ത്ര ലോകം ചൂണ്ടിക്കാണിക്കുന്നത്. ഇന്‍ഡോര്‍ വായു മലിനീകരണവുമായി ബന്ധപ്പെട്ട പല റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. വീടിനുള്ളില്‍ കഴിയുന്ന അവസരത്തില്‍ വായു സഞ്ചാരം കുറവായത് തന്നെ ഓക്‌സിജന്‍റെ അളവ് ഗണ്യമായി കുറയുവാന്‍ കാരണമാകുന്നുണ്ട് എന്നാണ് പഠന റിപ്പോര്‍ട്ട്. അടുക്കളയില്‍ നിന്നും തണുപ്പ് അകറ്റാനുള്ള റൂം ഹീറ്ററുകളില്‍ നിന്നുമുള്ള ഊർജവും ഓക്‌സിജന്‍റെ അളവിനെ കുറയ്ക്കുന്നു എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇത് രൂക്ഷമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

ജീവജാലങ്ങള്‍ക്ക് അപകടകരമായ നിലയില്‍ വായുവില്‍ ഉണ്ടാകുന്ന ഏതൊരു മാറ്റത്തെയും വായുമലിനീകരണം എന്ന് പറയാം. ദോഷകരമായ വാതകങ്ങള്‍, പൊടി, പുക എന്നിവകൊണ്ട് ഉണ്ടാകുന്ന വായു മലിനീകരണം സസ്യങ്ങളെയും മൃഗങ്ങളെയും മനുഷ്യരെയും ജീവിതത്തെ സാരമായി ബാധിക്കുന്നു. വായുമലിനീകരണത്തെ ശാസ്ത്രീയമായി രണ്ടായി തരം തിരിക്കാം. അതില്‍ ഒന്നാമത്തേത് വായു മലിനീകരണത്തിന് നേരിട്ട് കാരണമാകുന്ന മാലിന്യങ്ങളെ പ്രാഥമിക മലിനീകരണം എന്ന് വിളിക്കുന്നു. ഫാക്റ്ററികളില്‍ നിന്ന് പുറന്തള്ളുന്ന സള്‍ഫര്‍-ഡയോക്‌സൈഡ് ഒരു പ്രാഥമിക മലിനീകരണമാണ്. പ്രാഥമിക മലിനീകരണ പദാർഥങ്ങളുടെ കൂടിച്ചേരലും പ്രതിപ്രവര്‍ത്തനവും വഴി രൂപം കൊള്ളുന്ന മാലിന്യങ്ങളെ ദ്വിതീയ മലിനീകരണം എന്ന് വിളിക്കുന്നു. പുകയും മൂടല്‍മഞ്ഞും കൂടിച്ചേര്‍ന്ന് രൂപപ്പെടുന്ന പുകമഞ്ഞ് ഒരു ദ്വിതീയ മലിനീകരണമാണ്.

നമ്മുടെ രാജ്യത്തെ നദികള്‍ രൂക്ഷമായി മലിനമായിരിക്കുകയാണ്. അത് മനുഷ്യരാശിയുടെ ആരോഗ്യത്തെ വളരെ ദോഷകരമായി തന്നെയാണ് ബാധിച്ചിരിക്കുന്നത്. കുടിവെള്ള ലഭ്യതയെ പോലും അത് ബാധിച്ചിരിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. സമാനമായ രീതിയിലുള്ള വായു മലിനീകരണവും മനുഷ്യരാശിയെ അപകടകരമായ രീതിയില്‍ കൊണ്ടെത്തിക്കുന്നുണ്ട്. രാജ്യത്തെ വ്യവസായം, ഗതാഗതം, കല്‍ക്കരി വൈദ്യുതി നിലയങ്ങള്‍, ഗാര്‍ഷിക ഖര ഇന്ധന ഉപയോഗം എന്നിവയൊക്കെ മലിനീകരണത്തിന് കാരണമാകുന്നുണ്ട്. ഇതൊക്കെ കാരണം ഭീകരമായി കൊണ്ടിരിക്കുന്ന അന്തരീക്ഷ മലിനീകരണം ജനങ്ങളുടെ ജീവിത നിലവാരത്തെ അതിദയനീയമായ രീതിയിലാണ് ബാധിക്കുന്നത്. സ്ത്രീകളെയും, നവജാത ശിശുക്കളെയും, കൊച്ചു കുട്ടികളെയും വളരെ ദോഷകരമായ രീതിയിലാണ് വായു മലിനീകരണം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്.

മുന്‍പൊക്കെ ദീപാവലി നാളില്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നത് അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍കുന്ന ബാക്റ്റീരിയകളുടെ ഉന്മൂലനത്തിനു വേണ്ടിയാണ് എന്നാണ് പറയാറ്. സമാനമായ ആശയമാണ് നമ്മുടെ നാട്ടില്‍ ക്ഷേത്ര ഉത്സവങ്ങള്‍ക്ക് ശേഷമുള്ള വെടിക്കെട്ടിനും പറയാറ്. അന്തരീക്ഷത്തെ ശുദ്ധീകരിക്കുക എന്നുള്ളതാണ് വെടിക്കെട്ടുകള്‍ കൊണ്ട് ആദ്യകാലങ്ങളില്‍ ഉദ്ദേശിച്ചതെങ്കില്‍ അതിനു ഘടകവിരുദ്ധമായ ഫലങ്ങളാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. വായുമലിനീകരണം രൂക്ഷമാകുന്നതിന് പടക്കം പൊട്ടിക്കുന്ന ദീപാവലി നാളുകള്‍ കാരണമാകുന്നു എന്നാണ് പറയുന്നത്. ഡല്‍ഹിയില്‍ വായുമലിനീകരണം അതീവഗുരുതരമായത് ദീപാവലിക്ക് പിന്നാലെയാണ്. നഗരത്തിലെ പലയിടങ്ങളിലും പുകമഞ്ഞ് രൂക്ഷമാണ്. വായു ഗുണനിലവാര സൂചിക 350ന് മുകളില്‍ തുടരുന്നു. ദീപാവലിയോട് അനുബന്ധിച്ചുള്ള പടക്കം, കരിമരുന്ന് പ്രയോഗം എന്നിവയാണ് രാജ്യതലസ്ഥാനത്തെ വായു ഗുണനിലവാരം മോശമാകാന്‍ മുഖ്യ കാരണം.

വായുമലിനീകരണ നിയന്ത്രണത്തിന് ലോകത്തെ എല്ലാ രാജ്യങ്ങളും പല നടപടികളും ക്കൈകൊള്ളുന്നുണ്ട്. വായു മലിനീകരണം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ഗ്ലോബല്‍ ആക്ഷന്‍ പ്ലാനും മോണിറ്ററിങ് ചട്ടക്കൂടും പിന്തുടരുന്നതില്‍ ആഗോളതലത്തില്‍ ഇന്ത്യ ഒന്നാമതാണ്. ഇന്‍ഡോര്‍ വായു മലിനീകരണം. കൂടാതെ, ദേശീയ ലക്ഷ്യങ്ങളും സൂചകങ്ങളും കൈവരിക്കുന്നതിന് സഹായിക്കുന്നതിന് ഒരു ദേശീയ മള്‍ട്ടിസെക്റ്ററല്‍ ആക്ഷന്‍ പ്ലാന്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. വായുമലിനീകരണ പ്രശ്‌നത്തെ സമഗ്രമായി കൈകാര്യം ചെയ്യുന്നതിനായി ആംബിയന്‍റ് വായു മലിനീകരണത്തിനായുള്ള നാഷണല്‍ ക്ലീന്‍ എയര്‍ പ്രോഗ്രാം പോലുള്ള നയങ്ങളും ഇന്ത്യാ ഗവണ്‍മെന്‍റ് രൂപപ്പെടുത്തിയിട്ടുണ്ട്.

വായുമലിനീകരണത്തിന്‍റെ ഭീകരാവസ്ഥ മാധ്യമങ്ങളിലൂടെ ദിവസവും വരുന്നുണ്ട്. ദൂഷ്യഫലങ്ങള്‍ എന്തൊക്കെയെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പല പദ്ധതികളും നടപ്പിലാക്കുന്നുണ്ട്. പക്ഷെ ജനങ്ങള്‍ അതത്ര കാര്യമാക്കുന്നില്ല. അവര്‍ ഇക്കുറിയും ദീപാവലി പടക്കങ്ങള്‍ പൊട്ടിച്ച് ആഘോഷിച്ചു. ജനങ്ങളുടെ നിലപാടുകള്‍ മാറ്റിയില്ലെങ്കില്‍ വരും തലമുറ ഏറെ പ്രയാസപ്പെടും.

Trending

No stories found.

Latest News

No stories found.