ഏറ്റവും പുതിയ പഠനമനുസരിച്ച്, വർഷങ്ങൾക്ക് മുൻപ് തന്നെ ഡിമെൻഷ്യയ്ക്കുള്ള സാധ്യതകൾ കണ്ണിൽ നോക്കി മനസിലാക്കമെന്ന് കണ്ടെത്തിയിരിക്കുന്നു. ഡിമെൻഷ്യ സ്ക്രീനിങ്ങിൽ കാഴ്ച സംബന്ധമായ പ്രശ്നങ്ങൾ പ്രധാന ഘടകമാണെന്നും നമ്മുടെ കണ്ണുകൾക്ക് നമ്മുടെ തലച്ചോറിന്‍റെ ആരോഗ്യത്തെക്കുറിച്ച് ധാരാളം കാര്യങ്ങൾ വെളിപ്പെടുത്താന്‍ സാധിക്കുമെന്നും ഇംഗ്ലണ്ടിലെ ലഫ്‌ബറോ സർകലാശാല ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.
യുഎസ് നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ നേത്ര രോഗനിർണയത്തിലൂടെ ഏകദേശം 12 വർഷം മുമ്പെങ്കിലും ഡിമെൻഷ്യ പ്രവചിക്കാൻ കഴിയുമെന്ന് വ്യക്തമാക്കുന്നു. ഇംഗ്ലണ്ടിലെ നോർഫോക്കിലെ 8,623 ആളുകളിൽ നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഗവേഷകർ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. പഠനത്തിന്‍റെ അവസാനത്തിൽ ഇതിൽ 537 പേർക്ക് ഡിമെൻഷ്യ സ്ഥിരീകരിച്ചു.
പങ്കെടുക്കുന്നവരെ വിഷ്വൽ സെൻസിറ്റിവിറ്റി ടെസ്റ്റിനു വിധേയരാക്കിക്കൊണ്ടായിരുന്നു പഠനത്തിന്‍റെ തുടക്കം. ചലിക്കുന്ന ഡോട്ടുകളുള്ള സ്ക്രീനിൽ ത്രികോണ രൂപം രൂപപ്പെടുന്നയുടൻ ബട്ടൺ പ്രസ് ചെയ്യണമെന്നായിരുന്നു നിർദേശം. എന്നാൽ ഡിമൻഷ്യ ലക്ഷണങ്ങൾ ഉണ്ടായിരുന്നവർ ത്രികോണ രൂപം കാണ്ടെത്താൻ മറ്റുള്ളവരെക്കാൾ വൈകിയെന്ന് ഗവേഷകർ പഠനത്തിൽ ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ ഡിമൻഷ്യയുടെ തുടക്കം പലപ്പോഴും കാഴ്ചയിലെ പ്രശ്നങ്ങളായും പ്രകടമാകാമെന്നും ഗവേഷകർ പറയുന്നു.
അൽസ്ഹൈമേഴ്സ് രോഗത്തിനു കാരണമായ അമിലോയിഡ് പ്ലേക്കുകൾ കാഴ്ചശക്തിയുമായി ബന്ധപ്പെട്ട തലച്ചോറിന്‍റെ ഭാഗങ്ങളെയാണ് ആദ്യം ബാധിക്കുക. പിന്നീട് രോഗം പുരോഗമിക്കുമ്പോൾ, മെമ്മറിയുമായി ബന്ധപ്പെട്ട ഭാഗങ്ങളിലേക്ക് ഈ കേടുപാടുകൾ പരക്കുന്നു. അതിനാൽ തന്നെ ഓർമ സംബന്ധമായ പരിശോധനകൾക്ക് മുമ്പേ തന്നെ കാഴ്ചപരിശോധന നടത്തേണ്ടത് പ്രധാനമാണെന്നും ഗവേഷകർ കൂട്ടിച്ചേർത്തു.
ദൈനംദിന പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്ന തരത്തിൽ ഒരു വ്യക്തിയുടെ ഓർമകളെയും ചിന്തകളെയും തീരുമാനങ്ങൾ എടുക്കാനുമുള്ള കഴിവിനെ തടസപ്പെടുത്തുന്ന ഒരു അവസ്ഥയാണ് ഡിമെൻഷ്യ എന്നു പറയുന്നത്. ഡിമെൻഷ്യയുടെ ഏറ്റവും സാധാരണമായ തരമാണ് അൽഷിമേഴ്‌സ്. മരണക്കാരണമായി പറയപ്പെടുന്ന ഏഴാമത്തെ പ്രധാന കാരണമാണ് ഡിമെൻഷ്യ. നിലവിൽ, ലോകമെമ്പാടുമുള്ള 55 ദശലക്ഷത്തിലധികം ആളുകൾക്ക് ഡിമെൻഷ്യയുണ്ട്.