വിഎസ് എന്ന പോരാട്ടം

ആ നാലുവയസുകാരനോടുള്ള വിധിയുടെ ക്രൂരത അവിടെ അവസാനിച്ചില്ല
vs achuthanandan at 101
വി.എസ്. അച്യുതാനന്ദൻ
Updated on

എം.ബി. സന്തോഷ്

അമ്മയ്ക്ക് രണ്ട് മക്കൾ.ഇളയമകന് നാലു വയസ്. വസൂരിവന്ന് മരിക്കാറായി കിടക്കുകയാണ് അമ്മ. അവർക്ക് അവസാനമായി തന്‍റെ മക്കളെ കാണണം. അതനുസരിച്ച് മക്കളെ തോട്ടിൻകരയിലെത്തിച്ചു. അകലെയുള്ള ഓലക്കൂരയിലെ ഓലക്കീറിന്‍റെ പഴുതിലൂടെ ആ അമ്മ മക്കളെ കണ്ണീരോടെ കണ്ടു. എന്താണ് കാര്യമെന്നറിയില്ലെങ്കിലും മക്കൾ കരയുകയാണ്. ഓമനിച്ചു മതിവരാത്ത ആ അമ്മ മക്കളെ കൈകാട്ടി വിളിക്കുന്നത് നാലുവയസുകാരൻ കണ്ടു... അങ്ങോട്ടു കുതിക്കാനുള്ള അവന്‍റെ ആഗ്രഹം മറ്റുള്ളവരുടെ പിടിയിൽ അമർന്നു...

ഇത് ഏതെങ്കിലും കഥയിലെയോ നോവലിലെയോ ഭാഗമല്ല. കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവിന്‍റെ ജീവിതത്തിൽനിന്നുള്ള കണ്ണീരുണങ്ങാത്ത ഏടുകളാണ്. ആ നേതാവ് വി.എസ്. അച്യുതാനന്ദനാണ്.

"അന്ന് വസൂരി പേടിപ്പെടുത്തുന്ന രോഗമാണ്. അതു വന്നാൽ, പിന്നെ മരണത്തിനു കീഴടങ്ങുകയേ വഴിയുള്ളൂ. അതുകൊണ്ട് രോഗിയെ ഒറ്റയ്ക്ക് മാറ്റിപ്പാർപ്പിക്കും. അങ്ങനെ മാറ്റിപ്പാർപ്പിച്ച അമ്മയ്ക്ക് മക്കളെ കാണണമെന്നു പറഞ്ഞപ്പോൾ ഞങ്ങളെ തോട്ടിൻകരയിൽ കൊണ്ടുനിർത്തിയതൊക്കെ ഓർമ്മയുണ്ട്... ചെറ്റക്കീറിന്‍റെ വിടവിലൂടെ അമ്മ എന്നെ കൈകാട്ടി വിളിച്ചിരുന്നു എന്നു തോന്നുന്നു. അന്ന് അമ്മ മരിച്ചു...'

ആ നാലുവയസുകാരനോടുള്ള വിധിയുടെ ക്രൂരത അവിടെ അവസാനിച്ചില്ല. അമ്മ അക്കമ്മയുടെ മരണശേഷം അച്ഛനും അമ്മയും ഒക്കെ അച്ഛൻ ശങ്കരനായിരുന്നു. പതിനൊന്നു വയസായതോടെ അച്ഛനും കടുത്ത രോഗത്തിന്‍റെ പിടിയിലായി. അധികം കഴിയുംമുമ്പ് അച്ഛനും അമ്മയുടെ ലോകത്തേക്കു പോയി.

'അച്ഛന്‍റെ രോഗം മാറണേ എന്നുപറഞ്ഞ് ഞാൻ പതിവായി പ്രാർഥിക്കുമായിരുന്നു. അറിയാവുന്ന എല്ലാ ദൈവങ്ങളോടും പ്രാർഥിച്ചു. വൈദ്യരുടെ അടുത്തുപോയി അച്ഛന് മരുന്നു വാങ്ങിച്ചിരുന്നതും ഞാനായിരുന്നു. പക്ഷെ, എന്തുകാര്യം? അച്ഛൻ മരിച്ചു. അതോടെ എന്‍റെ വിശ്വാസം നഷ്ടപ്പെട്ടു. പിന്നെ,ഞാൻ പ്രാർഥിച്ചിട്ടില്ല, ഒരു ദൈവത്തിനെയും വിളിച്ചുമില്ല. പിന്നീട് വലുതായി ശാസ്ത്ര പുസ്തകങ്ങൾ വായിച്ചപ്പോഴാണ് പ്രാർഥനയിലൊന്നും വലിയ കാര്യമില്ലെന്ന് മനസിലായത്.'- താൻ ഈശ്വരവിശ്വാസി അല്ലാതായത് സ്വന്തം ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് വി.എസ്.

ഇവിടെ തീരുന്നില്ല. ഇപ്പോഴത്തേത് അച്യുതാനന്ദന്‍റെ രണ്ടാം ജന്മമാണ്. ഒരർഥത്തിൽ പറഞ്ഞാൽ, ഒരു കള്ളന്‍റെ കാരുണ്യത്തിൽ കൈവന്ന ജീവിതം. അതുകൊണ്ടാവാം, പിന്നീടുള്ള കാലം എല്ലാത്തരം കള്ളത്തരങ്ങൾക്കുമുള്ള പേടി സ്വപ്നമായി വി.എസ്. മാറിയത്.

ആ കഥ ഇങ്ങനെ:

തിരുവിതാംകൂർ ദിവാനായിരുന്ന സർ സി.പി. രാമസ്വാമി അയ്യരുടെ അമേരിക്കൻമോഡൽ ഭരണത്തിനെതിരായി ആലപ്പുഴ ആലിശ്ശേരി മൈതാനത്ത് വമ്പിച്ച പൊതുയോഗം നടന്നു. എം.എൻ. ഗോവിന്ദൻ നായർ, ടി.വി. തോമസ്, എൻ.ശ്രീകണ്ഠൻ നായർ, ടി.കെ. ദിവാകരൻ, വർഗ്ഗീസ് വൈദ്യൻ, വി.എസ്.അച്യുതാനന്ദൻ എന്നിവരായിരുന്നു ആ യോഗത്തിലെ പ്രധാന പ്രസംഗകർ. അവർക്കെല്ലാം എതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചതിനെ തുടർന്ന് നേതാക്കൾക്ക് ഒളിവിൽ പോകേണ്ടിവന്നു. ആർ. സുഗതൻ, വി.എ. സൈമൺ എന്നിവരൊക്കെ ഇതിനകം ജയിലിലായിക്കഴിഞ്ഞിരുന്നു. 1946 സെപ്റ്റംബറായിരുന്നു കാലഘട്ടം.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തിപ്പെട്ടുവരികയായിരുന്ന കോട്ടയം ജില്ലയിലെ പൂഞ്ഞാറിലെ പ്രധാനപ്രവർത്തകർ ജയിലിലായതോടെ അവിടെ പ്രവർത്തനം തടസപ്പെടുന്ന അവസ്ഥയുണ്ടായി. അതൊഴിവാക്കാൻ അന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന കെ.വി. പത്രോസ് ,അച്യുതാനന്ദനോട് പൂഞ്ഞാറിൽ പോയി പ്രവർത്തിക്കാൻ നിർദേശം നൽകുകയായിരുന്നു. അറസ്റ്റ് വാറന്‍റ് നിലവിലുള്ളതിനാൽ വി.എസിന് ആലപ്പുഴയിൽ പരസ്യമായി പ്രവർത്തിക്കാൻ കഴിയാത്ത സ്ഥിതിയായതിനാൽ അദ്ദേഹം നേരെ പൂഞ്ഞാറിലേക്കു പോയി. മന്മഥൻ, രാജു, ജോസഫ് എന്നിങ്ങനെ പല പേരുകളിലായിരുന്നു അവിടെ പ്രവർത്തിച്ചത്. അവിടെ ചുരുങ്ങിയ സമയത്തിനുള്ളിൽ പാർട്ടി പുനഃസംഘടന പൂർത്തിയാക്കിയ വി.എസ്. ചെന്നുചാടിയത് പുന്നപ്രവയലാർ സമരത്തിന്‍റെ തീച്ചൂളയിലേക്ക്.

ഒക്റ്റോബർ 23. പുന്നപ്രയിലെ പൊലീസ് ക്യാമ്പിലേക്കുള്ള ആയിരത്തിലേറെ തൊഴിലാളികളുടെ പ്രകടനം ഉദ്ഘാടനം ചെയ്തശേഷം പാർട്ടി നിർദേശപ്രകാരം വി.എസ്. ചെത്തുതൊഴിലാളി യൂണിയൻ സെക്രട്ടറി ഒളോത്ര കൃഷ്ണൻകുഞ്ഞിന്‍റെ സഹോദരി ഭവാനിഅമ്മയുടെ പൂക്കൈത ആറിനരികിലുള്ള കരിമ്പാവുവളവിലുള്ള വീട്ടിലെത്തി.​പ്രകടനം പൊലീസ് സംഘത്തിന്‍റെ ക്യാമ്പിനടുത്തെത്തിയപ്പോഴേക്കും ഇൻസ്പെക്‌ടർ വേലായുധൻ നാടാർ തൊഴിലാളികൾക്കുനേരെ വെടിവയ്ക്കാൻ ഉത്തരവിട്ടു. തൊഴിലാളികൾ നിലത്തുകിടന്ന് മുന്നോട്ടിഴഞ്ഞ് വാരിക്കുന്തവും മറ്റുമായി പൊലീസിനെ നേരിട്ടു. അമ്പതോളം തൊഴിലാളികൾ വെടിയേറ്റുമരിച്ചു. തെങ്ങുകയറ്റത്തൊഴിലാളി ശങ്കരൻ, വേലായുധൻ നാടാരുടെ തല വെട്ടിമാറ്റി. എസ്.ഐ ഉൾപ്പെടെ പത്തോളം പൊലീസുകാരും മരിച്ചു. കുറേ തോക്കുകളും തൊഴിലാളികൾ പൊലീസിൽനിന്ന് പിടിച്ചെടുത്തു. അതിൽ രണ്ട് തോക്ക് വി.എസ്. ഇരുന്നിടത്തും തൊഴിലാളികൾ കൊണ്ടുവന്നു.

' അവ പൂക്കൈതയാറ്റിലിടാൻ ഞാൻ നിർദേശിച്ചു. പാർട്ടി ആവശ്യപ്പെട്ടതനുസരിച്ച് വീണ്ടും പൂഞ്ഞാറിലേക്ക് ഒളിവിൽ പോയി.'- വി.എസിന്‍റെ വാക്കുകൾ.

പൂഞ്ഞാറിൽ ഒരു ബീഡിത്തൊഴിലാളിയുടെ വീട്ടിൽ കഴിയുമ്പോഴാണ് വി.എസ്. പൊലീസിന്‍റെ പിടിയിലാവുന്നത്. പിടിച്ചവർക്ക് അത് പുന്നപ്ര വയലാർ കേസിലെ പ്രതിയാണെന്ന് അറിയില്ലായിരുന്നു. കമ്മ്യൂണിസ്റ്റുകാരനായതിനാൽ മർദിച്ച് ഈരാറ്റുപേട്ട പൊലീസ് ഔട്ട്പോസ്റ്റിലും പിന്നീട് പാലാ സ്റ്റേഷനിലും കൊണ്ടുവന്നു. എസ്.പി. വൈദ്യനാഥയ്യരുടെ വിശ്വസ്തനായ സിഐഡി വാസുപിള്ളയാണ് പിടിയിലായതു വി.എസ്. ആണെന്നു തിരിച്ചറിഞ്ഞത്. അതോടെ കടുത്ത മർദനം അഴിച്ചുവിട്ടു. ഇൻസ്പെക്‌ടരും പത്തോളം പൊലീസുകാരും കൊല്ലപ്പെട്ട കേസിലെ പ്രതിയെ കിട്ടിയതോടെ ക്രൂരമായ പീഡനമാണ് അനുഭവിക്കേണ്ടിവന്നത്.

"ലോക്കപ്പിന്‍റെ അഴികൾക്കിടയിലൂടെ കാല് പുറത്തേക്കിട്ടശേഷം രണ്ട് ലാത്തികൾ മുകളിലും താഴെയുമായി വച്ചുകെട്ടി. ലോക്കപ്പിന് പുറത്തുനിന്ന് പൊലീസുകാർ ലാത്തി ഉപയോഗിച്ച് കാലിന്‍റെ വെള്ളയിൽ അടിക്കും. കുറേ അടികൊണ്ടതോടെ കാല് മരവിച്ചു. ഒളിവിലിരുന്ന വീട്ടിൽനിന്ന് കിട്ടിയ പനയോലയിൽ എഴുതിയിരുന്ന പേരുവിവരം ആവശ്യപ്പെട്ടും കഠിനമായി മർദിച്ചു. ഒരു പൊലീസുകാരൻ ഇതിനിടയിൽ ഓടിവന്ന് തോക്കിന്‍റെ ബയണറ്റ് കാലിൽ കുത്തിയിറക്കി. (ആ പാട് ഇപ്പോഴും കാണാം- വി.എസ് കാലുയർത്തി.അവിടെ കടുത്ത നിറത്തിൽ നീണ്ട് ഒരു കല...) ലോക്കപ്പിലേക്ക് രക്തം തെറിച്ചു. അതോടെ ബോധരഹിതനായി '- ആ ഓർമകളിൽ വിപ്ലവനായകൻ ലയിച്ചിരുന്നു...

ഇതിനിടയിൽ ഒരു ദിവസം, "ഇടിയൻ' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന നാരായണപിള്ള ലോക്കപ്പിലേക്ക് കയറി. പിന്നെ, ഇടിയോടിടിയാണ്. ബൂട്ടിട്ട് മുതുകിൽ തൊഴിച്ചു. അവിടമാകെ ചുവന്നുവീർത്ത് രക്തം ചത്തുകിടന്നു. ഇടിയുടെ ആഘാതത്തിൽ മൂത്രതടസം നേരിട്ടു. അന്ന് ലോക്കപ്പിൽ കോലപ്പൻ എന്നൊരു കള്ളനുമുണ്ടായിരുന്നു. കോലപ്പൻ കൈയിൽ കരുതിയിരുന്ന എണ്ണയിട്ട് വി.എസിനെ തിരുമ്മി.

ഇതിനിടയിൽ ബോധംകെട്ട വി.എസ്. മരിച്ചുപോയെന്നാണ് പൊലീസ് കരുതിയത്. ചത്തെങ്കിൽ മൃതദേഹം കൊണ്ടുപോയി കാട്ടിൽ കളയാനായിരുന്നു ഇടിയന്‍റെ കല്പന. അതിന് കള്ളൻ കോലപ്പനെക്കൂടി കൂട്ടാനും നിർദേശിച്ചു. അതിനായി ജീപ്പിൽ കയറ്റി കൊണ്ടുപോകുമ്പോഴാണ് കോലപ്പന് "മൃതദേഹ'ത്തിൽ നേരിയ തുടിപ്പുണ്ടോ എന്നു സംശയം തോന്നിയത്. കോലപ്പൻ കരഞ്ഞു പറഞ്ഞതിനെ തുടർന്ന് പൊലീസുകാർ വണ്ടി നേരെ പാലായിലെ ജനറൽ ആശുപത്രിയിലേക്കു കൊണ്ടുപോയി. ഇടിയേറ്റ് നുറുങ്ങിയ ആ ശരീരത്തിൽ ജീവന്‍റെ തുടിപ്പുകൾ ബാക്കിയുണ്ടെന്ന് ഡോക്‌റ്റർമാർ കണ്ടെത്തിയതോടെ വി.എസിന് പുനർജന്മം.

വി.എസിനെ മർദിച്ചവരിൽ ഒരാൾക്ക് പിന്നീട് അദ്ദേഹത്തെ ആശ്രയിക്കേണ്ടിവന്നുവെന്നത് കാലത്തിന്‍റെ മറ്റൊരു തമാശ. തന്നെ ഇടിച്ചുപിഴിഞ്ഞ കൃഷ്ണൻനായർ എന്ന പൊലീസ് എസ്ഐയാണ് ജാള്യതയോടെയാണെങ്കിലും വി.എസിനെ തേടിയെത്തിയത്. അപ്പോഴേയ്ക്കും കേരളം പിറന്നു കഴിഞ്ഞിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സർക്കാർ അധികാരമേറ്റ കാലം. അന്ന് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ് വി.എസ്. പാർട്ടിയുടെ കോട്ടയം ജില്ലാ സെക്രട്ടറി സി.എസ്. ഗോപാലപിള്ളയുടെ കത്തുമായാണ് കൃഷ്ണൻ നായരുടെ വരവ്. സ്ഥാനക്കയറ്റത്തിന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ വി.എസ്. ശുപാർശ ചെയ്യണമെന്നതായിരുന്നു ആവശ്യം.

"വി.എസ്. എന്തുപറഞ്ഞു' എന്ന ചോദ്യത്തിന് "നോക്കട്ടെ' എന്നു പറഞ്ഞെന്ന് ഉത്തരം. "നോക്കിയോ' എന്നു ചോദിച്ചപ്പോൾ വിടർന്ന ചിരിയായിരുന്നു മറുപടി."​അയാൾക്ക് അർഹത ഉണ്ടായിരുന്നെങ്കിൽ കിട്ടിക്കാണും' എന്ന് കൂട്ടിച്ചേർക്കലും.

എട്ട് പതിറ്റാണ്ടുനീണ്ട പൊതുപ്രവർത്തന ചരിത്രത്തിൽ മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ, എൽഡിഎഫ് കൺവീനർ, സിപിഎം സംസ്ഥാന സെക്രട്ടറി, പൊളിറ്റ്ബ്യൂറോ അംഗം എന്നിങ്ങനെ വഹിച്ച സ്ഥാനങ്ങൾ ഏറെ. ഇതിൽ ഏറ്റവും സംതൃപ്തി തോന്നിയതെന്താണ് എന്നതിന് വി.എസിന്‍റെ ഉത്തരം ഇങ്ങനെ: ' ഈ കാലയളവിൽ ഒരു കമ്മ്യൂണിസ്റ്റുകാരനായി ജീവിക്കാനായി എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടതായി തോന്നുന്നത്. ഒന്നും ആഗ്രഹിച്ചല്ല പൊതുപ്രവർത്തകനായത്. അന്ന് ആഗ്രഹിച്ചതിൽ കുറേ കാര്യങ്ങൾ നേടിയെടുക്കാനായി. മർദനങ്ങളും എതിർപ്പും ആക്ഷേപങ്ങളും ഒക്കെ പല കോണുകളിൽനിന്നും അനുഭവിക്കേണ്ടിവന്നു. പതിത ജനവിഭാഗങ്ങളിൽനിന്ന് കിട്ടിയ അകമഴിഞ്ഞ പിന്തുണയാണ് അപ്പോഴൊക്കെയും സംതൃപ്തി നൽകിയത്'.

* പൊതുപ്രവർത്തനത്തിൽ നിരാശ തോന്നിയ അനുഭവങ്ങൾ?

അങ്ങനെ നിരാശപ്പെടേണ്ട സാഹചര്യങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നാൽ, വർഗീയശക്തികൾ ഇന്ത്യയിൽ വേരുകളാഴ്ത്തുന്നത് എന്നെ അങ്ങേയറ്റം ആശങ്കാകുലനാക്കുന്നുണ്ട്. ഇടത്, മതേതര, ജനാധിപത്യശക്തികൾ ഭിന്നതകൾ മറന്ന് അതിശക്തമായി ഒരുമിച്ച് പോരാടേണ്ട സമയമാണിത്. തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ താൽക്കാലികമാണ്. ജനങ്ങളെ വിശ്വാസത്തിലെടുത്ത് അവർക്കുവേണ്ടി പ്രവർത്തിച്ചാൽ അവർ നെഞ്ചേറ്റും.

* പൊതുപ്രവർത്തനം ആരംഭിച്ച കാലത്ത് സ്വപ്നം കണ്ട കാര്യങ്ങളിൽ പലതും ഇനിയും യാഥാർഥ്യമായില്ലല്ലോ?

സ്വപ്നം കാണുന്നതല്ല യാഥാർഥ്യം എന്നത് കമ്മ്യൂണിസ്റ്റുകാർക്ക് അറിയാം. ആഗ്രഹിച്ച പലതും നേടിയെടുക്കാൻ എത്ര വലിയ പോരാട്ടങ്ങളാണ് നടത്തിയത്. അതിൽ ചിലതിലൊക്കെ പങ്കാളികളായി. മറ്റു ചിലതിന്‍റെ മുന്നണിയിലുണ്ടായി. ഒരു കാര്യം ഉറപ്പുപറയാൻ കഴിയും - കേരളത്തെ ഇന്നത്തെ കേരളമാക്കിയത് അത്തരം പോരാട്ടങ്ങളാണ്. ഇനിയും ഏറെ മുന്നോട്ടുപോകേണ്ടതുണ്ട്.

* ഏറ്റവും ആവേശം കൊള്ളിച്ച മുദ്രാവാക്യം?

നാടിനെ മോചിപ്പിക്കാൻ വേണ്ടി നടന്ന പോരാട്ടത്തിന്‍റെ ഭാഗമായി ഉയർന്ന "അമേരിക്കൻമോഡൽ അറബിക്കടലിൽ 'എന്ന മുദ്രാവാക്യം.

* പ്രസംഗശൈലിയിലെ നീട്ടലും കുറുക്കലും വന്നത് എങ്ങനെയാണ്?

കുട്ടനാട്ടിൽ കർഷക തൊഴിലാളികളെ സംഘടിപ്പിക്കാൻ പ്രവർത്തിക്കുമ്പോൾ അവരെ പ്രസംഗത്തിലേക്ക് ആകർഷിക്കാൻ സ്വീകരിച്ച ശൈലിയാണിത്. പിന്നീട്, അതങ്ങ് ഉറച്ചു.

* മിമിക്രിക്കാർ വി.എസിനെ അനുകരിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ?

അത് ചിലപ്പോഴൊക്കെ കാണാറുണ്ട്. എന്നെ കളിയാക്കിക്കൊണ്ടുള്ള കാർട്ടൂണുകളും നോക്കും. അതൊക്കെ എന്നെ രസിപ്പിക്കാറുണ്ട്.

ഈ അടുത്ത കാലത്താണ് ഹിന്ദി പഠിച്ചത്. ഹിന്ദിയിൽ പ്രസംഗിക്കണമെന്ന ഒരു താല്പര്യം. പിന്നൊന്നും ആലോചിച്ചില്ല. ഹിന്ദി അധ്യാപകനെ വിളിച്ചു വരുത്തി പഠനം ആരംഭിച്ചു. അതിനാൽ, രാഷ്ട്രഭാഷയും ഇപ്പോൾ വി.എസിനു വഴങ്ങും.

ഒരു കാര്യം തീരുമാനിച്ചാൽ അതിൽ ഒട്ടും വിട്ടുവീഴ്ചയില്ല. ഈ ചിട്ടതന്നെയാണ് ഈ പ്രായത്തിലും വി.എസിന്‍റെ ആരോഗ്യരഹസ്യം. ചെറുപ്പത്തിൽ നന്നായി പുകവലിക്കുമായിരുന്നു. ബീഡിയും സിഗരറ്റും ഇഷ്ടംപോലെ വലിക്കും. ചെയിൻ സ്മോക്കർ, ഒന്നിൽനിന്ന് അടുത്തത് കൊളുത്തുന്ന രീതി. 1959ൽ ഒരു പനി വന്നു. അത് ആസ്ത്മയിലേക്ക് മാറി. ഡോ.കെ.എൻ. പൈയാണ് പുകവലി ഒഴിവാക്കണമെന്ന് നിർദേശിച്ചത്. 'പുകവലി ഒഴിവാക്കിക്കൂടേ' എന്ന് ഡോക്‌ടർ ചോദിച്ചു. 'ഒഴിവാക്കാം' എന്ന് സമ്മതിച്ചു. ഡോക്‌ടർ അത് തമാശയായാണെടുത്തത്. 'എപ്പോൾ മുതൽ'എന്നായി ഡോക്‌ടറുടെ ചോദ്യം. 'ഇപ്പോൾ മുതൽ 'എന്ന് വി.എസിന്‍റെ മറുപടി. കാപ്പിയും ചായയും ഉൾപ്പെടെയുള്ള ലഹരി പദാർഥങ്ങൾ ഒഴിവാക്കണമെന്നായിരുന്നു ഡോ. പൈ അന്ന് നിർദേശിച്ചത്. അന്നുമുതൽ പുകവലി മാത്രമല്ല, ഈ 'രോഗി' പിന്നീട് ചായയും കാപ്പിയും ഉപയോഗിച്ചിട്ടേയില്ല!

ആലപ്പുഴ മെഡിക്കൽ കോളെജ് ആശുപത്രിയിൽനിന്ന് ഹെഡ്നഴ്സ് ആയി വിരമിച്ച വസുമതിയാണ് ഭാര്യ. രണ്ടുമക്കൾ: മകൻ വി.എ. അരുൺ ഐ.എച്ച്.ആർ.ഡിയിൽ അഡീഷണൽ ഡയറക്‌ടർ. മരുമകൾ ഡോ. രജനി. രാജീവ് ഗാന്ധി സെന്‍റർ ഫോർ ബയോടെക്നോളജിയിലെ ശാസ്ത്രജ്ഞ ഡോ. ആശയാണ് വി.എസിന്‍റെ മകൾ. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചീഫ് സർജൻ ഡോ.തങ്കരാജാണ് മരുമകൻ. ഭാര്യയും മക്കളും കൊച്ചുമക്കളും മാത്രമല്ല നാട്ടുകാരും അടങ്ങുന്നതാണ് വി.എസിന്‍റെ കുടുംബം. ഈ പ്രായത്തിലും നാടിനും നാട്ടുകാർക്കും കാവലാളായി നിലകൊള്ളുന്നു എന്നതാണ് കേരളത്തിലെ ഏറ്റവും ജനകീയ നേതാവായി വി.എസിനെ ഇപ്പോഴും കേരളീയർ ഹൃദയത്തിൽ പ്രതിഷ്ഠിക്കാൻ കാരണം.

Trending

No stories found.

Latest News

No stories found.