അജയൻ
വയനാട്ടിൽ ഉരുൾപൊട്ടൽ നാശം വിതച്ച മേഖലകളിൽ തെരച്ചിൽ അവസാനഘട്ടത്തിലാണ്. രണ്ടു ഗ്രാമങ്ങളെ പൂർണമായും ഇല്ലാതാക്കിയ ദുരന്തം അനവധി വിവാദങ്ങൾക്കൊപ്പം പുനരധിവാസമെന്ന വലിയ വെല്ലുവിളി കൂടിയാണ് മുന്നോട്ടു വയ്ക്കുന്നത്. മുന്നറിയിപ്പുകളെയെല്ലാം അവഗണിച്ചതിനു പുറമേ ഇപ്പോൾ ദുരന്തമേഖലയിൽ നിന്ന് ഗവേഷകരെയും ഗവേഷണ സ്ഥാപനങ്ങളെയും അകറ്റി നിർത്താനുള്ള മുഖ്യമന്ത്രിയുടെ ഉത്തരവ് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. അതിനെല്ലാം പുറമേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം നൽകുന്നതുമായി ബന്ധപ്പെട്ടും വിവാദം കത്തിപ്പടർന്നു. ഇത്തരം വിവാദങ്ങളെയെല്ലാം അവഗണിച്ച് ആത്മപരിശോധന നടത്തേണ്ട സമയമാണിപ്പോൾ ആഗതമായിരിക്കുന്നത്. പരിസ്ഥിതിയെ പഴയ നിലയിലേക്ക് എത്തിക്കുന്നതിനും ദുരന്തത്തിൽ നിന്ന് രക്ഷപെട്ടവരെ സാമൂഹികവും സാമ്പത്തികവുമായി പുനരധിവസിപ്പിക്കേണ്ടതിനായുള്ള നടപടികൾ സ്വീകരിക്കേണ്ട സമയം. ഇടതു ചിന്തകനായ ഫ്രെഡറിക് ഏംഗൽസ് മുൻപേ പറഞ്ഞു വച്ചതു പോലെ പ്രകൃതിയുടെ പ്രതികാരത്തിൽ നിന്ന് നാം പഠിക്കേണ്ടിയിരിക്കുന്ന സമയം.
ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുക എന്നതിനു തന്നെയാണ് പ്രഥമ പരിഗണന നൽകേണ്ടത്. പ്രിയപ്പെട്ടവർക്കൊപ്പം വീടും സർവ സമ്പാദ്യവും ജീവിച്ചിരുന്ന ഗ്രാമം തന്നെയും നഷ്ടപ്പെട്ടവരാണ് അവരിൽ അധികവും. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കെ ആ നാട്ടിലേക്ക് തിരിച്ചു ചെല്ലുക എന്നത് അസാധ്യം തന്നെയാണ്. ഇതിനു മുൻപ് ഉരുൾപൊട്ടൽ ദുരന്തം വിതച്ച പുതുമലയും കവളപ്പാറയും പ്രദേശത്തുനിന്ന് അധികം അകലെയല്ലെന്നതും അപകടസാധ്യത വർധിപ്പിക്കുന്നു.
2015 - 2022 കാലഘട്ടത്തിൽ രാജ്യത്ത് 3,782 ഉരുൾപൊട്ടലുകളാണുണ്ടായതെന്ന് ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ തന്നെ 2,239 ഉരുൾപൊട്ടലും കേരളത്തിലായിരുന്നു. അതുകൊണ്ടു തന്നെ പ്രകൃതിദുരന്തങ്ങൾക്ക് ഏറെ സാധ്യതയുള്ള ഹോട്ട് സ്പോട്ടായി കേരളം മാറിയിരിക്കുന്നു. അതു കൂടാതെ 19,300 ചതുരശ്ര കിലോമീറ്റർ വരുന്ന കേരളത്തിലെ പ്രദേശങ്ങൾ ഉരുൾപൊട്ടൽ സാധ്യതയുള്ളവയാണെന്നും സർവേ റിപ്പോർട്ടിലുണ്ട്.
അനധികൃത ക്വാറികളും, തോന്നുംപടിയുള്ള നിർമാണപ്രവർത്തനങ്ങളും, ഒരേ വിളയുടെ നിരന്തരമായ കൃഷിയും മൂലം വയനാടിന്‍റെ 32 ശതമാനം വരുന്ന ഭാഗവും സുരക്ഷിതമല്ലെന്നും പല വിധത്തിലുള്ള അപകടങ്ങൾക്ക് സാധ്യതയുള്ള മേഖലയായി മാറിയിരിക്കുന്നുവെന്നും ഡൽഹി ഐഐടിയിലെ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. വയനാട്ടിലെ പ്ലാന്‍റേഷനുകൾ മൂലമുള്ള വനംനശീകരണത്തെക്കുറിച്ച് 2022ൽ ഇന്‍റർനാഷണൽ ജേണൽ ഒഫ് എൻവയൺമെന്‍റ് റിസർച്ച് ആൻഡ് പബ്ലിക് ഹെൽത്തിൽ പ്രസിദ്ധീകരിച്ച പഠനം കുറച്ചു കൂടി ഭീതിജനകമായൊരു ചിത്രമാണ് വരച്ചു കാട്ടുന്നത്. 1950 മുതൽ 2018 വരെയുള്ള കാലഘട്ടത്തിൽ 62 ശതമാനം വനമാണ് വയനാട്ടിൽ ഇല്ലാതായത്. മാത്രമല്ല, കൃഷിയിടങ്ങളുടെ വ്യാപ്തിയിൽ 1800 ശതമാനം വർധനയുമുണ്ടായിട്ടുണ്ട്.
പ്ലാന്‍റേഷനുകൾ നിർമിക്കാൻ മരങ്ങൾ വെട്ടുന്നതാണ് അടിസ്ഥാന പ്രശ്നമെന്ന് ജിയോളജിസ്റ്റ് സി.പി. രാജേന്ദ്രൻ പറയുന്നു. ഇതോടെ മണ്ണിടിച്ചിൽ തടഞ്ഞു നിർത്തുന്ന വേരുകൾ അഴുകി ദ്രവിക്കുകയും പകരം വലിയ അളകൾ മണ്ണിനടിയിൽ രൂപപ്പെടുകയും ചെയ്യും. ഉറവകളിലൂടെ ഇത്തരം അളകളിൽ ധാരാളമായി വെള്ളം വന്നു നിറയുന്നത് സോയിൽ പൈപ്പിങ്ങിനു കാരണമാകും. അതു തന്നെയാണ് ചൂരൽമലയിലും മുണ്ടക്കൈയിലും സംഭവിച്ചതും, വലിയ ദുരന്തത്തിന് ഇടയാക്കിയതും.
ഇതിനെല്ലാം പുറമേ, മരങ്ങൾ വെട്ടുന്നതോടെ ഉപരിതലത്തിലെ മണ്ണ് വലിയ രീതിയിൽ ഒലിച്ചു പോയി വലിയ പാറക്കല്ലുകൾ പുറത്തുവരും. ഇവയാണ് ഉരുൾപൊട്ടലുകളിൽ താഴേക്കുരുണ്ട് അപകടത്തിന്‍റെ തീവ്രത വർധിപ്പിക്കുന്നത്.
ശക്തമായ മഴയും ഉരുൾപൊട്ടലിന്‍റെ കാരണങ്ങളിലൊന്നാണെന്ന് അധികൃതർ പറയുന്നു. മുണ്ടക്കൈയിൽ അപകടം നടക്കുന്നതിന് 48 മണിക്കൂർ മുൻപ് 527 മില്ലീമീറ്റർ മഴയാണു പെയ്തത്. ഇത്രയും കനത്ത മഴയല്ലെങ്കിലും, അതിനു മുൻപുള്ള ദിവസങ്ങളിലും ശക്തമായ മഴ തന്നെ ഈ മേഖലയിൽ ലഭിച്ചിരുന്നതിനാൽ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ കാലഘട്ടത്തിൽ ഇതൊരു അസാധാരണ പ്രതിഭാസമായി കണക്കാക്കിയതുമില്ല.
വർഷങ്ങളായി തുടരുന്ന കൈയും കണക്കുമില്ലാത്ത ക്വാറിയിങ്ങിന്‍റെ ഭാഗമായാണ് ഈ മേഖലകളിൽ ചെറിയ സമയത്തേക്ക് കനത്ത മഴ പെയ്യുന്ന പ്രതിഭാസം വർധിച്ചതെന്ന് പരിസ്ഥിതി വിദഗ്ധൻ മാധവ് ഗാഡ്ഗിൽ പറയുന്നു. ക്വാറികളിൽ നിന്നുള്ള കനം കുറഞ്ഞ പൊടി അന്തരീക്ഷമാകെ നിറയുന്നതു മൂലം അന്തരീക്ഷത്തിലെ ജല കണികകളുടെ അളവ് വർധിക്കുന്നതാണ് ശക്തമായ മഴയ്ക്ക് ഇടയാക്കുന്നത്. പല ദിവസങ്ങളിലായി പെയ്യേണ്ടത്ര മഴ ചിലപ്പോൾ ഒരു മണിക്കൂറിൽ ഇവിടെ പെയ്തു നിറയാറുണ്ട്. പൊടി അന്തരീക്ഷത്തിൽ നിറയുന്നതു മൂലം മഴ വർധിക്കുന്നതു മാത്രമല്ല സൂര്യനിൽ നിന്നുള്ള വികിരണങ്ങൾ ശേഖരിക്കപ്പെടുകയും അതു ഹാനികരമായ പല പ്രശ്നങ്ങൾക്ക് ഇടയാക്കുകയും ചെയ്യുന്നുണ്ട്.
കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് സംസ്ഥാനത്തിനു മുന്നറിയിപ്പ് നൽകിയിരുന്നതായി ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്‍റിൽ പറഞ്ഞിരുന്നു. എന്നാൽ, വെറും ഓറഞ്ച് അലർട്ട് മാത്രമാണ് നൽകിയിരുന്നതെന്ന് കേരളം ഇതിനു മറുപടി നൽകി. ഇത്തരം വാക്പോരുകളൊന്നും ദുരന്തത്തിനിടയാക്കിയ വീഴ്ചകളെ പൂർണമായി മായ്ച്ചു കളയില്ല. അതു മാത്രമല്ല, പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കിക്കൊണ്ട് ദുരന്ത മേഖലയിലേക്ക് ശാസ്ത്രജ്ഞരെയും ഗവേഷകരെയും വിലക്കിക്കൊണ്ടുള്ള ഉത്തരവും കേരളം പുറത്തിറക്കി. വിവാദമായതിനെത്തുടർന്ന് ഈ ഉത്തരവ് പിൻവലിക്കേണ്ടതായും വന്നു. മൂലകാരണം കണ്ടെത്തി പരിഹാരം നിർദേശിക്കുന്ന ഗാഡ്ഗിൽ റിപ്പോർട്ട് അവഗണിച്ചുകൊണ്ട് ജനങ്ങളെ ദുരന്തത്തിലേക്ക് തള്ളിയിടുകയായിരുന്നു അധികാരികൾ. അധികാരികൾ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് സമഗ്രമായി വിലയിരുത്തേണ്ടതുണ്ട്.
കയ്പ്പേറിയ യാഥാർഥ്യങ്ങൾ ഇതൊക്കെയാണെങ്കിൽ തന്നെയും, സർവവും നഷ്ടപ്പെട്ടവരെ എത്രയും പെട്ടെന്ന് പുനരധിവസിപ്പിക്കാനാണ് സർക്കാർ നടപടി സ്വീകരിക്കേണ്ടത്. ചൂരൽമലയിലും മുണ്ടക്കൈയിലും മാത്രമല്ല, വയനാട്ടിലെ മറ്റു പ്രദേശങ്ങളിലും ദുരന്തസാധ്യതയുണ്ട്. അതുകൊണ്ടു തന്നെ ജില്ലയെ മുഴുവൻ ഉൾപ്പെടുത്തിക്കൊണ്ടിയിരിക്കണം പുനരധിവാസം ആസൂത്രണം ചെയ്യേണ്ടത്. നിത്യജീവിതം സുഗമമാക്കുന്നതിനുള്ള സൗകര്യങ്ങളെല്ലാം ഉറപ്പാക്കുന്നതിനൊപ്പം ദുരന്തബാധിതർക്ക് സാമൂഹികവും സാമ്പത്തികവുമായി പുനരധിവാസവും സാമൂഹിക ബന്ധങ്ങൾ ഉറപ്പു വരുത്താനുള്ള പദ്ധതികളും ആസൂത്രണത്തിൽ ഉൾപ്പെടുത്തണം. ദുരന്തത്തിന് ആക്കം കൂട്ടിയ പ്ലാന്‍റേഷനുകൾ തിരിച്ചെടുക്കാനും തെറ്റായ വികസന അജൻഡയിൽ നിന്ന് മാറി ചിന്തിക്കാനും സർക്കാർ തയാറാകണം.
ഈ ഉദ്യമം എത്രമേൽ വിജയിക്കുമെന്ന് ആർക്കും പ്രവചിക്കാനാകില്ല. 2018ലെ പ്രളയ പുനരധിവാസം കണക്കിലെടുക്കുമ്പോൾ പ്രത്യേകിച്ചും. അധികാരത്തിലുള്ളവരുടെ ചെവിയിൽ എപ്പോഴും ഏംഗൽസിന്‍റെ വാക്കുകൾ മുഴങ്ങണം. വിദേശികൾക്കു മേൽ അധികാരം സ്ഥാപിക്കുന്ന സമ്രാട്ടിനെപ്പോലെ പ്രകൃതിക്കു പുറത്തു നിന്നു നാം പ്രകൃതിക്കുമേൽ അധികാരം സ്ഥാപിക്കാൻ ശ്രമിക്കരുതെന്ന് നമ്മുടെ ഓരോ ചുവടുകളിലും ഉറപ്പാക്കണം.