അതീതം | എം.ബി. സന്തോഷ്
ക്ഷേത്ര എഴുന്നെള്ളിപ്പിന് കരയിലെ ഏറ്റവും വലിയ നടക്കുന്ന ജീവിയെ ഉപയോഗിക്കുന്നത് മനുഷ്യന്‍റെ അഹന്തയാണെന്ന ഹൈക്കോടതി വിമര്‍ശനം സമൂഹത്തിന്‍റെ കണ്ണു തുറപ്പിച്ചെങ്കിൽ എന്ന് ആഗ്രഹിക്കാനേ കഴിയൂ. തിമിംഗലം കരയിലെ ജീവി അല്ലാത്തതിന് ദൈവത്തിന് നന്ദി പറയണമെന്നും അല്ലെങ്കില്‍ തിമിംഗലത്തെയും എഴുന്നെള്ളിപ്പിന് ഉപയോഗിച്ചേനെയെന്നും ജസ്റ്റിസ് എ.കെ. ജയശങ്കർ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പരിഹസിച്ചു. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ വിമര്‍ശനം.
തിമിംഗലത്തെ എഴുന്നെള്ളിക്കാൻ കഴിയുമായിരുന്നുവെങ്കില്‍ ആനകള്‍ പുറത്തായേനെ. കാലുകള്‍ ബന്ധിക്കപ്പെട്ട് മണിക്കൂറുകളാണ് ആനകള്‍ നില്‍ക്കുന്നത്. ആനകളെ ചങ്ങലയ്ക്കിട്ട് നിര്‍ത്തുന്നു. മനുഷ്യര്‍ ഇങ്ങനെ നില്‍ക്കുമോ? നിന്നുതിരിയാന്‍ ഇടമില്ലാത്ത ഇടത്താണ് മൂന്നാനകളുടെ എഴുന്നെള്ളിപ്പെന്ന് എറണാകുളത്തെ ക്ഷേത്രത്തിലെ ഉദാഹരണം ചൂണ്ടിക്കാട്ടി കോടതി നിരീക്ഷിച്ചു.
ഉത്സവങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കുന്നത് ദുരിതവും ഭീകരവുമാണ്. ആനകള്‍ നേരിടുന്നത് അങ്ങേയറ്റത്തെ ക്രൂരതയാണ്. ആനയെഴുന്നെള്ളിപ്പ് ആചാരമല്ല, മനുഷ്യന്‍റെ വാശിയാണ്. ക്ഷേത്ര കമ്മിറ്റികള്‍ തമ്മിലുള്ള വൈരമാണ് വലിയ ആനകളുടെ എഴുന്നള്ളത്തിന് പിന്നില്‍. മൂകാംബിക ക്ഷേത്രത്തില്‍ ആന എഴുന്നെള്ളിപ്പില്ല, അവിടെയുള്ളത് രഥമാണ്. ആന എഴുന്നെള്ളത്തിന് അടുത്ത ഉത്സവ സീസണിന് മുൻപ് ചട്ടം കൊണ്ടുവരുമെന്ന കോടതി അറിയിപ്പ് അത്യന്തം സ്വാഗതാർഹമാണ്.
ഉത്സവപ്പറമ്പുകളിൽ 500ലധികം ആളുകളാണ് ഇതുവരെ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 2023ൽ മാത്രം ആനകൾ ഇടഞ്ഞ് ആൾക്കൂട്ടത്തിന് നേരെ ഓടിയ 293 സംഭവങ്ങൾ ഉണ്ടായി. ഇത്തരം സംഭവങ്ങളിൽ കഴിഞ്ഞ വർഷം 4 പാപ്പാന്മാർ കൊല്ലപ്പെടുകയും 26 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഈ വർഷം ജനുവരിയിൽ മാത്രം 15 ഇടത്ത് ആനകൾ ഇടഞ്ഞോടി.
ശ്രീനാരായണ ഗുരുദേവന്‍റെ 'കരിയും കരിമരുന്നും' പാടില്ലെന്ന കൽപ്പന കര്‍ശനമായി നടപ്പാക്കണമെന്ന് വര്‍ക്കല ശിവഗിരി മഠം നിർദേശിച്ച് രണ്ടാമത്തെ സർക്കുലർ പുറപ്പെടുവിച്ചത് 2015ലാണ്. കരിയും കരിമരുന്നും പാടില്ലെന്ന ഗുരുകൽപന നടപ്പാക്കാന്‍ 2006ല്‍ ശിവഗിരി മഠം സര്‍ക്കുലര്‍ ഇറക്കിയിരുന്നെങ്കിലും പല ക്ഷേത്രങ്ങളും അതു പാലിച്ചില്ല. തുടര്‍ന്നാണ് 2015ൽ പുതിയ സര്‍ക്കുലര്‍ ഇറക്കിയത്. ശിവഗിരി ശ്രീനാരായണ ധർമ സംഘം ട്രസ്റ്റിന്‍റെ കീഴിലുള്ള ക്ഷേത്രങ്ങളുടെ ഉത്സവാഘോഷങ്ങള്‍ക്ക് ഇത് നിഴല്‍ വീഴ്ത്തിയതായി ആരോപിച്ച് അന്ന് എന്ത് കോലാഹലമായിരുന്നു! തിങ്കളാഴ്ച രാത്രി 12ന് കാസർഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിലെ വെടിക്കെട്ടപകടത്തിൽ 154 പേർക്കാണ് പരുക്ക്. അതിൽ ഒട്ടേറെ പേർക്ക് ഗുരുതര പരുക്കുള്ള സാഹചര്യത്തിൽ കരിമരുന്ന് അപകടങ്ങളെ ഈ കുറിപ്പിൽ നിന്ന് ഒഴിവാക്കുകയാണ്.
കേരളത്തില്‍ 6 മാസത്തിലധികം നീണ്ടു നില്‍ക്കുന്ന ഉത്സവ സീസണാണ്. ഇത്രയും നാള്‍ ഒന്നിനു പിറകേ ഒന്നായി ഉത്സവാഘോഷങ്ങള്‍ നടക്കുന്നതിനാല്‍ ആനകള്‍ക്ക് ആവശ്യമായ ഭക്ഷണമോ വിശ്രമമോ ലഭിക്കില്ല. പോരാത്തതിന് അസഹ്യമായ അന്തരീക്ഷ ഊഷ്മാവും ആളുകളുടേയും മേളത്തിന്‍റെയും വെടിക്കെട്ടിന്‍റെയും ശബ്ദവും തീവെട്ടിയില്‍ നിന്നും ഏല്‍ക്കുന്ന ചൂടും. ഇതൊക്കെ സഹിച്ച് പാവം ആനകള്‍ എത്ര നേരം നില്‍ക്കും. അവ ഇടഞ്ഞില്ലെങ്കിലെ അദ്ഭുതമുള്ളൂ. കൊടും വേനലിന്‍റെ ചൂട് സഹിക്കാനാകാത്തതാണ് മിണ്ടാപ്രാണികളായ ആനകൾ ഇടയുന്നതിന്‍റെ പ്രധാന കാരണം. മതിയായ വെള്ളവും ഭക്ഷണവും വിശ്രമവും നൽകാതെ പീഡിപ്പിക്കുന്നതും ആനയെ പ്രകോപിപ്പിക്കുന്നു. ആനക്ക് ഒരു ദിവസം ചുരുങ്ങിയത് 250 ലിറ്റർ വെള്ളവും അതനുസരിച്ചുള്ള ഭക്ഷണവും വേണം. എഴുന്നെള്ളത്തുകളിൽ നിന്ന് എഴുന്നെള്ളത്തുകളിലേക്ക് ഇവയെ പറത്തുന്നതു മൂലം ആനയ്ക്കും ആനക്കാരനും ശരിയാം വണ്ണം ഉറക്കം കിട്ടില്ല.
ഉത്സവാഘോഷങ്ങള്‍ പ്രധാനമായും നടത്തുന്നത് ദേശക്കാരോ കരക്കാരോ ആയിരിക്കും. അതത് പ്രദേശത്തിന്‍റെ അല്ലെങ്കിൽ കുടുംബത്തിന്‍റെ പണപ്പൊലിമ പ്രദർശിപ്പിക്കാനുള്ള ഇനമായാണ് പലരും ആനയെഴുന്നെള്ളിപ്പിനെ കാണുന്നത്. ആചാരപരമായി പലേടത്തും ഉത്സവത്തിന് തിടമ്പെടുക്കാന്‍ ഒരു ആന മാത്രമേ ആവശ്യമായുള്ളൂ. ബാക്കിയുള്ള ആനകളത്രയും പ്രദര്‍ശന വസ്തുക്കളാണ്. ആനയും ആനച്ചമയവും കോടികളുടെ കച്ചവടമാണ്. ആചാരങ്ങള്‍ എന്ന പേരില്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന വാടക ഈടാക്കാനുള്ള അവസരമാണ് ഇത്തരം എഴുന്നെള്ളിപ്പുകള്‍. അതുകൊണ്ടുതന്നെ ആനകളുടെ പേരിൽ പലേടത്തും ഫാൻസ് അസോസിയേഷനുകളും രൂപം കൊണ്ടിട്ടുണ്ട്.
ആനകളെ എഴുന്നെള്ളിക്കാൻ കൊണ്ടുപോകുമ്പോൾ ബന്ധപ്പെട്ട ഡിഎഫ്ഒമാരെ അറിയിച്ച് അനുമതി വാങ്ങേണ്ടതുണ്ട്. എന്നാലിത് മിക്കയിടത്തും നടക്കാറില്ല. മൂവ്മെന്‍റ് രജിസ്റ്റർ, ഭക്ഷണ രജിസ്റ്റർ, പ്രവൃത്തി രജിസ്റ്റർ, കുത്തിവയ്പ്പു രജിസ്റ്റർ, ചികിത്സാ രജിസ്റ്റർ തുടങ്ങി 5 രജിസ്റ്ററുകൾ ആനയോടൊപ്പം ആനക്കാരൻ സൂക്ഷിക്കണം. 2010ൽ ആനയെ പൈതൃക ജീവിയായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലും വന്യജീവി നിയമ പ്രകാരവും ആനകളെ പൂരത്തിനും ഉത്സവത്തിനും എഴുന്നുള്ളിപ്പിക്കരുതെന്ന് കേന്ദ്ര മൃഗ ബോർഡ് അറിയിച്ചിട്ടുണ്ടെങ്കിലും അത് കടലാസിലാണ്. വന്യജീവി സംരക്ഷണ നിയമപ്രകാരം ബന്ധിത ആനകളിൽ ചങ്ങലയടക്കം പരമാവധി 1,000 കിലോ ഭാരമേ പാടുള്ളൂ. എന്നാൽ എഴുന്നെള്ളിക്കുന്ന ആനകൾ ഇതേക്കാൾ ഭാരം വഹിക്കുകയാണ്. പൂരങ്ങൾക്കും ഉത്സവങ്ങൾക്കും എഴുന്നെള്ളിക്കുന്ന ആനകളും മനുഷ്യനെപ്പോലെ ജീവനും വികാരവുമുള്ള ജീവിയാണെന്ന് ആരും അംഗീകരിക്കുന്നില്ല.
ആചാരങ്ങളുടെ പേരിലാണ് ക്ഷേത്ര എഴുന്നെള്ളിപ്പിന് ആനകളെ ഉപയോഗിക്കുന്നത്. എന്നാല്‍, വിഗ്രഹം എഴുന്നെള്ളിക്കാനുള്ള വാഹനമായി ആനകളെ ഉപയോഗിക്കാമെന്ന് താന്ത്രിക ഗ്രന്ഥങ്ങളിലോ മറ്റു ഹൈന്ദവ പ്രാമാണിക ഗ്രന്ഥങ്ങളിലോ പറയുന്നില്ലെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിലെ തന്ത്രിമാര്‍ 2017 ഡിസംബറില്‍ ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയിരുന്നു. ആനയെഴുന്നെള്ളിപ്പ് ആചാരങ്ങളുടെ ഭാഗമാണെന്ന് വാദമുയര്‍ന്നപ്പോഴായിരുന്നു ഇത്.
തൃശൂർ ഇരിങ്ങാലക്കുടയ്ക്കു സമീപം കല്ലേറ്റുംകര ഇരിങ്ങാടപ്പിള്ളി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ എഴുന്നെള്ളിപ്പിന് കഴിഞ്ഞ വർഷത്തെ ഉത്സവത്തിൽ റോബോട്ടിക് ആന മതി എന്ന തീരുമാനത്തിലൂടെ പുതിയ ചരിത്രം കുറിച്ചു. ഒരു റോബോട്ടിക് ആനയുടെ മുകളിൽ തിടമ്പേറ്റി ഒരു ഉത്സവം അരങ്ങേറിയത് ആദ്യമായിട്ടായിരുന്നു. 10.5 അടി വരുന്ന തെച്ചിക്കോട്ട് രാമചന്ദ്രനെക്കാൾ ഉയരമുണ്ടായിരുന്നു ഇരിങ്ങാടപ്പിള്ളി രാമൻ എന്ന ഈ റോബോട്ടിക് ആനയ്ക്ക്. മേളത്തിനൊപ്പം തലയും ചെവിയുമാട്ടി കണ്ണിറുക്കുന്ന റോബോട്ടിക് ആന ഉത്സവത്തിന് എത്തിയവർക്ക് കൗതുകവും ആശ്ചര്യവുമുണർത്തി. മൃഗ സംരക്ഷണത്തിന് ഊന്നൽ നൽകുന്ന സംഘടനയായ "പെറ്റ ഇന്ത്യ'യാണ് ഈ ആനയെ നിർമിച്ചത്. ഒരു റോബോട്ടിക് ആനയുടെ നിർമാണ ചെലവ് 5 ലക്ഷം രൂപ. ഇരുമ്പ്, ഫൈബർ, സ്പോഞ്ച് എന്നിവ ഉപയോഗിച്ചായിരുന്നു നിർമാണം. അതുകൊണ്ടുതന്നെ നിശ്ചിത കാലപരിധിയില്ലാതെ എത്ര കാലം വേണമെങ്കിലും ഇവയെ ഉപയോഗിക്കാം. മോട്ടോർ ഉപയോഗിച്ചിട്ടാണ് ചെവി, കണ്ണ്, തല എന്നിവ പ്രവർത്തിപ്പിച്ചത്. തല വലത്തേക്കും ഇടത്തേക്കുമായി ചലിക്കും. ബാറ്ററിയിലും കറന്‍റിലും ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിലാണ് രൂപകൽപന.
തമിഴ്നാട്- കേരള അതിർത്തിയിൽ ഗൂഡല്ലൂരിലെ ദേവർഷോല ശ്രീ ശങ്കരൻ കോവിലിൽ ശ്രീ ശിവശങ്കര ഹരിഹരൻ എന്ന റോബട്ടിക് ആനയെ എഴുന്നെള്ളിച്ചത് സംസ്ഥാനത്ത് രണ്ടാമത്തേതായി. പിന്നാലെ എറണാകുളം മറ്റൂർ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് യന്ത്ര ആന തിടമ്പേറ്റിയപ്പോൾ അത് മൂന്നാമത്തേത്. പീപ്പിൾ ഫോർ ദ് എത്തിക്കൽ ട്രീറ്റ്മെന്‍റ് ഓഫ് അനിമൽസ് എന്ന മൃഗസംരക്ഷണ സംഘടന ഈ ആനയെ ഈ ക്ഷേത്രത്തിൽ സമർപ്പിക്കുകയായിരുന്നു. എഴുന്നെള്ളിപ്പിന് ആന കൂടിയേ തീരൂ എന്നുള്ളിടങ്ങളിൽ ഇത്തരം റോബോട്ടിക് ആനകളെ കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതിന് ആര് മുൻകൈയെടുക്കും?