വന്യജീവി ആക്രമണം: അടിയന്തര നടപടികള്‍ക്കുള്ള വെല്ലുവിളികള്‍

എല്ലാം ഇവിടെ വിവരിക്കാന്‍ സാധിക്കുന്നതല്ലാത്തതിനാല്‍ അവ വായനക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ വിവിധ ഏജന്‍സികളുടെ വെബ്സൈറ്റുകളില്‍ നിന്നും മനസിലാക്കാം
വന്യജീവി ആക്രമണം: അടിയന്തര നടപടികള്‍ക്കുള്ള വെല്ലുവിളികള്‍
Updated on

കേരളത്തിന്‍റെ പലഭാഗങ്ങളിലും കഴിഞ്ഞ കുറെ കാലങ്ങളായി വന്യജീവി ആക്രമണങ്ങളും അതോടനുബന്ധിച്ചുള്ള മരണങ്ങളും കൃഷി – കന്നുകാലി നാശനഷ്ടങ്ങളും ഉണ്ടാകുകയും ചെയ്ത വ്യസനിപ്പിക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. തൊട്ടടുത്ത സംസ്ഥാനങ്ങളിലും ഇന്ത്യയുടെ മറ്റ് പല ഭാഗങ്ങളിലും ഇത്തരത്തില്‍ വന്യജീവി ആക്രമണത്തെ തുടര്‍ന്ന് മരണവും കൃഷിനാശവും ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട് എന്നത് രാജ്യത്തൊട്ടാകെയുള്ള മനുഷ്യ – വന്യജീവി സംരക്ഷണ സംവിധാനങ്ങളും നിയമങ്ങളും സംബന്ധിച്ച് സമയം പാഴക്കാതെ തന്നെ പുനര്‍ വിചിന്തനം നടത്തേണ്ടതിന്‍റെ ആവശ്യകതയിലേയ്ക്കാണ് വിരല്‍ ചുണ്ടുന്നത്.

ജനവാസമേഖലകളിലിറങ്ങുന്ന വന്യജീവികളെ വെടിവച്ചുകൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരമുണ്ടായിട്ടും അപ്രകാരം ചെയ്യുന്നില്ല എന്ന പ്രചാരണം വ്യാപകമായി നടക്കുന്നുണ്ട്. ഈ അവസരത്തില്‍ 1972-ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പ് 11 (1) (എ) -യും അതുപ്രകാരം വന്യജീവികളെ നേരിടുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയന്ത്രണങ്ങളും പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതാണ് എന്ന് കരുതുന്നു. ഏത് സാഹചര്യത്തിലാണ് കേന്ദ്ര നിയമത്തിലെ അപാകതകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടും നിയമഭേദഗതി ആവശ്യപ്പെട്ടുകൊണ്ടും നിയമസഭയില്‍ ഞാന്‍ പ്രമേയം അവതരിപ്പിച്ചത് എന്നും പൊതുജനങ്ങള്‍ക്കു മുന്‍പില്‍ വ്യക്തമാക്കേണ്ടതുണ്ട്.

കേന്ദ്ര നിയമത്തിലെ വകുപ്പ് 11(1) (എ)- യിലെ വ്യവസ്ഥകള്‍ പ്രകാരം അപകടകാരിയായ വന്യമൃഗങ്ങളെ കൊല്ലാന്‍ ഉത്തരവ് ഇടുന്നതിന് മുന്‍പ് അത്തരം വന്യമൃഗങ്ങളെ പിടികൂടാനോ മയക്കുവെടി വയ്ക്കാനോ, മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റാനോ സാധ്യമല്ല എന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് ബോധ്യപ്പെട്ടു എന്ന് കാര്യകാരണ സഹിതം എഴുതി രേഖപ്പെടുത്തണം എന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. മാത്രവുമല്ല, ഇങ്ങനെ പിടികൂടുന്ന മൃഗങ്ങളെ തടവില്‍ പാര്‍പ്പിക്കാനും പാടില്ല, മൃഗങ്ങള്‍ക്ക് യാതൊരു പരിക്കും പറ്റാനും പാടില്ല. മറ്റ് നടപടികളെല്ലാം സ്വീകരിച്ച് കഴിഞ്ഞ് അവ പരാജയപ്പെട്ടാല്‍ മാത്രമേ അവസാന വഴി എന്ന നിലയില്‍ മനുഷ്യജീവന്‍ രക്ഷിക്കാന്‍ മറ്റ് നിവൃത്തിയില്ല എന്ന് കാണുമ്പോള്‍ പട്ടിക I- ല്‍പ്പെട്ട ഒരു വന്യജീവിയെ കൊല്ലാന്‍ പാടുള്ളൂ.

2018 നവംബര്‍ 2-ന് മഹാരാഷ്‌ട്രയിലെ പണ്ടര്‍ കൗഡ എന്ന സ്ഥലത്ത് വച്ച് 13ഓളം മനുഷ്യരെ കൊന്നു എന്ന് പറയപ്പെടുന്ന "അവനി' എന്ന് ഒരു പെണ്‍ കടുവയെ കൊല്ലാന്‍ മഹാരാഷ്‌ട്ര ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ "ഷൂട്ട് അറ്റ് സൈറ്റ് ' ഓര്‍ഡര്‍ പുറപ്പെടുവിച്ചു. ഒരു മനുഷ്യ ശരീരത്തിന്‍റെ 60%വും കടുവ കഴിച്ചു എന്നായിരുന്നു ഇതിനുള്ള ഒരു കാരണം. എന്നാല്‍ ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബഞ്ച് ഈ കേസ് പരിഗണിക്കവെ നിരവധി ചോദ്യങ്ങള്‍ ചോദിക്കുകയും കടുവ "മാന്‍ ഈറ്റര്‍' അഥവാ "നരഭോജി' ആണ് എന്നതിനുള്ള തെളിവുകള്‍ വരെ പരിശോധിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെയും വെടിവെച്ച ആള്‍ക്കെതിരെയും ഉള്ള ഈ കേസ് അവസാനിച്ചിട്ടില്ല.

ക്രിമിനല്‍ നടപടി ക്രമത്തിലെ (CrPC) 133ാം വകുപ്പുപ്രകാരം അക്രമണകാരികളായ വന്യ മൃഗങ്ങളെ വെടിവെച്ചുകൊല്ലാന്‍ അധികാരം ഉണ്ടോ എന്ന് പരിശോധിച്ചതില്‍ ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ മാത്രമേ ഒരു വന്യജീവിയെ കൊല്ലാന്‍ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്‍റെ വകുപ്പ് 11 അനുവദിക്കുന്നുള്ളു എന്നും CrPC 133- ഉപയോഗിക്കാന്‍ സാധിക്കയില്ലാ എന്നും അപ്രകാരം വന്യജീവിക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഈ വകുപ്പ് ജില്ലാ കലക്റ്ററെ അനുവദിക്കുന്നില്ല എന്നും WP (C) No.13204/2021 നമ്പര്‍ കേസിൽ ഇക്കൊല്ലം ഫെബ്രുവരി 19ലെ ഉത്തരവില്‍ കേരള ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുണ്ട്.

പ്രസ്തുത നിയമത്തിലെ ഈ വ്യവസ്ഥ മാത്രമല്ല ഇവിടെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നത്. ഇത്തരം നടപടിക്രമങ്ങള്‍ വീണ്ടും കര്‍ശനമാക്കി 2013 ജനുവരി 30ലെ 15 – 37/2012 – NTCA നമ്പറായി കേന്ദ്ര സര്‍ക്കാരും നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അഥോറിറ്റിയും പുറപ്പെടുവിച്ച, ജനവാസ മേഖലകളില്‍ എത്തുന്ന കടുവകളെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് വിശദീകരിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീഡിയര്‍ (എസ്ഒപി) കാട്ടാനകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വിശദീകരിക്കുന്ന ഗൈഡ് ലൈന്‍സ് എന്നിവയും പൊതുജനങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. ഇങ്ങനെ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച അപ്രായോഗികമായ ചില പ്രധാന വ്യവസ്ഥകള്‍ ഇവിടെ സൂചിപ്പിക്കുന്നു.

മൃഗങ്ങളെ നേരിടുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍

"മനുഷ്യജീവന് ഭീഷണിയായിട്ടുള്ള' മൃഗങ്ങളെ നേരിടുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ അനുബന്ധം II-ല്‍ വിശദീകരിച്ചിട്ടുണ്ട്. ""മനുഷ്യജീവന് ഭീഷണി'' എന്ന് പറയാവുന്ന സാഹചര്യങ്ങള്‍ ""നരഭോജി'' ആകുന്നത് എപ്പോള്‍ എന്നും വിശദീകരിക്കുന്നുണ്ട്. ഇതുപോലുള്ള മറ്റ് നിരവധി നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്‍റേതായിട്ടുണ്ട്. എല്ലാം ഇവിടെ വിവരിക്കാന്‍ സാധിക്കുന്നതല്ലാത്തതിനാല്‍ അവ വായനക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ വിവിധ ഏജന്‍സികളുടെ വെബ്സൈറ്റുകളില്‍ നിന്നും മനസിലാക്കാം.

അടിയന്തര സാഹചര്യങ്ങളില്‍ കാട്ടാനകളെ നേരിടുന്നതിനും ഇപ്രകാരം മാര്‍ഗനിര്‍ദേശങ്ങളും എസ്ഒപിയും നിലവിലുണ്ട്. ആനയെ തിരിച്ചറിയുന്നതിനുള്ള നടപടികള്‍, അതിന്‍റെ ചലനം നിരീക്ഷിക്കല്‍, ക്യാമറകള്‍ സ്ഥാപിക്കല്‍ തുടങ്ങിയവ അതില്‍ ചിലത് മാത്രം. കാട്ടാന മനുഷ്യജീവനും സ്വത്തിനും അപകടകാരിയാണെന്ന് ബോധ്യപ്പെട്ടാല്‍ ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ കേന്ദ്ര നിയമ പ്രകാരം അതിനെ പിടികൂടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാം. ഇതിനായി ‍ഡിഎഫ്ഒ അല്ലെങ്കില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ റിപ്പോര്‍ട്ട്, അത് ശുപാര്‍ശ ചെയ്തുകൊണ്ട് സിസിഎഫിന്‍റെ റിപ്പോര്‍ട്ട് എന്നിവ ലഭിച്ചാല്‍ മാത്രമേ മയക്ക് വെടി വച്ച് പിടിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അനുമതി നല്‍കാന്‍ സാധിക്കുകയുള്ളൂ.

മേല്‍ പ്രസ്താവിച്ച പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കേണ്ടി വരുന്നതുകൊണ്ടാണ് മയക്കുവെടി വയ്ക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കാന്‍ പോലും കാലതാമസം നേരിടുന്നതും പൊതുജനങ്ങളുടെ പരാതിക്ക് കാരണമാകുന്നതും.

കേന്ദ്രനിയമത്തിന്‍റെ പട്ടിക II-ല്‍ പറഞ്ഞ കാട്ടുപന്നിയെ പോലും ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് അവയെ ഏതുവിധേനയും കൊല്ലുന്നതിന് നിരവധി തവണ സംസ്ഥാനം അനുമതി തേടിയെങ്കിലും കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ച് അനുമതി നിഷേധിച്ചിരിക്കുകയാണ്.

മേല്‍ സാഹചര്യങ്ങള്‍ നിലവിലുള്ളതുകൊണ്ടാണ് കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്നും അതിന്‍ കീഴില്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച എല്ലാ കര്‍ശന നിയന്ത്രണങ്ങളും നടപടിക്രമങ്ങളും ലഘൂകരിക്കണമെന്നും നിയമസഭാ പ്രമേയം വഴി കേന്ദ്ര സര്‍ക്കാരിനോട് അഭ്യർഥിച്ചിട്ടുള്ളത്.

ഇന്ത്യയിലെ പതിനൊന്ന് സംസ്ഥാനങ്ങള്‍ പ്രമേയം പാസാക്കിയ പ്രകാരമാണ് 1972ലെ പ്രസ്തുത കേന്ദ്രനിയമം ഭരണഘടനയുടെ 252ാം അനുച്ഛേദ പ്രകാരം പാര്‍ലമെന്‍റ് പാസാക്കിയിട്ടുള്ളത് എന്നതും അത് ഭേദഗതി ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് മാത്രം സാധിക്കുന്നതല്ല എന്നതും ശ്രദ്ധേയമാണ്.

പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ക്ക് പകരം വന്യജീവി ആക്രമണം ഫലപ്രദമായി തടയുന്നതിനുള്ള നിയമ വ്യവസ്ഥകളും നിയമഭേദഗതികളും ഉണ്ടാക്കേണ്ടതും കേന്ദ്ര പദ്ധതികുളും പ്രോജക്റ്റ് ടൈഗര്‍, പ്രോജക്റ്റ് എലിഫന്‍റ് എന്നിവ പ്രകാരം സംരക്ഷിത ലിസ്റ്റില്‍ പെടുന്ന കടുവ, കാട്ടാന എന്നിവകളുടെ ആക്രമണം തടയുന്നതിന് മതിയായ ധനസഹായം കേന്ദ്രസര്‍ക്കാര്‍ അനുവദിക്കേണ്ടതുമാണ്. രാഷ്‌ട്രീയ ഭേദമന്യേയും കേന്ദ്ര സര്‍ക്കാരിന്‍റെ പ്രായോഗിക നടപടികളിലൂടെയും കൂട്ടായി ശ്രമിച്ചാല്‍ മാത്രമേ വന്യജീവി ആക്രമണങ്ങള്‍ തടയുന്നതിന് ശാശ്വത പരിഹാരം കാണാന്‍ സാധിക്കുകയുള്ളു.

കടുവ / പുലി എന്നിവയെ എങ്ങനെ കൈകാര്യം ചെയ്യണം

1. കടുവ / പുലി ഇറങ്ങിയാല്‍ ആദ്യപടി എന്ന നിലയില്‍ ഒരു ആറംഗ സമിതി രൂപീകരിക്കണം. ഇതില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് പുറമെ എൻടിസിഎയുടെ പ്രതിനിധി, മൃഗ ഡോക്റ്റര്‍, പ്രദേശത്തെ എൻജിഒ പ്രതിനിധി, പ്രദേശത്തെ പഞ്ചായത്ത് പ്രതിനിധി, ഡിഎഫ്ഒ തുടങ്ങിയവര്‍ ഉണ്ടായിരിക്കണം. അതായത് ഇതൊരു സ്ഥിരം സമിതി ആയി രൂപീകരിക്കാന്‍ പറ്റില്ല. വന്യജീവി ആക്രമണം നടന്ന സ്ഥലത്തെ എൻജിഒ പ്രതിനിധി, പ്രദേശത്തെ പഞ്ചായത്ത് പ്രതിനിധി എന്നിവരെ ഉള്‍പ്പെടുത്തി സംഭവസ്ഥലത്ത് രൂപീകരിക്കേണ്ടതാണ്.

2. ക്യാമറ വച്ച് അതില്‍ ലഭിക്കുന്ന ചിത്രങ്ങള്‍ പരിശോധിച്ച് ആക്രമണം നടത്തിയ വന്യമൃഗത്തെ തിരിച്ചറിയാന്‍ നടപടി സ്വീകരിക്കണം.

3. പ്രദേശത്ത് കന്നുകാലികള്‍ക്ക് ഉണ്ടായിട്ടുള്ള പരിക്ക്, ഗുരുതരമായ ഏറ്റുമുട്ടല്‍ എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ ഉണ്ടെങ്കില്‍ അവ, കൂടാതെ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതിന്‍റെ കാരണം എന്നിവ നിശ്ചയിക്കുന്നതിന് ഒരു വിശദമായ ഗവേഷണവും നടത്തണം.

4. മനുഷ്യനും വളര്‍ത്തുമൃഗങ്ങള്‍ക്കും പരിക്ക്, പരസ്പരം ഏറ്റുമുട്ടല്‍ എന്നിവ ഉറപ്പ് വരുത്തിയാല്‍ ഓട്ടോമാറ്റിക് വാതിലുള്ള കെണി (കൂട്) വയ്ക്കാന്‍ നടപടി സ്വീകരിക്കണം.

5. ഇങ്ങനെ കൊല്ലപ്പെടുന്ന സ്ഥലത്തിനരികെ മൃഗത്തെ തിരിച്ചറിയാന്‍ ക്യാമറ ട്രാപ്പ് സ്ഥാപിക്കണം.

6. ഇങ്ങനെയുള്ള വന്യമൃഗത്തിന്‍റെ ദിവസേനയുള്ള ചലനം മനസിലാക്കാന്‍ പ്രഷര്‍ ഇംപ്രഷന്‍ പാഡുകള്‍ (PIPs) സ്ഥാപിക്കണം.

7. സ്ഥലത്ത് 144 പ്രഖ്യാപിച്ച് പൊതുജനങ്ങളെ നിയന്ത്രിക്കണം.

8. കൂട് വെയ്ക്കുന്നതും കെണി വയ്ക്കുന്നതും തുടര്‍ച്ചയായി പരാജയപ്പെട്ടാല്‍ മാത്രം മയക്കുവെടി വയ്ക്കാന്‍ നിര്‍ദേശിക്കാം. ഇതിനായി അനുബന്ധം I-ല്‍ ചേര്‍ത്ത നടപടിക്രമങ്ങള്‍ പാലിക്കണം.

9. മയക്കുവെടി വയ്ക്കപ്പെട്ട കടുവ / പുലി ആരോഗ്യമുള്ളതാണോ അല്ലയോ എന്നത് പ്രസ്തുത സമിതി പരിശോധിച്ച് ഉറപ്പ് വരുത്തണം. ആരോഗ്യമുള്ളതാണെങ്കില്‍ അതിന് റേഡിയോ കോളര്‍ ഘടിപ്പിച്ച് എൻടിസിഎയെ അറിയിച്ച് വനത്തിലേയ്ക്ക് തുറുന്നുവിടണം. പരിക്കേറ്റതാണെങ്കില്‍ മൃഗശാലയിലേയ്ക്ക് മാറ്റണം.

10. സ്ഥിരമായി മനുഷ്യന്‍റെ മരണത്തിന് കാരണമാകുന്ന, കൊല്ലുന്നത് ശീലമാക്കിയ കടുവയല്ലെങ്കില്‍ അതിനെ യാതൊരു കാരണവശാലും 1972-ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം കൊല്ലാന്‍ പാടുള്ളതല്ല.

Trending

No stories found.

Latest News

No stories found.