അമേത്തി : പരുക്കേറ്റ് കിടന്ന പക്ഷിയെ പരിപാലിച്ച യുവാവ്. പറക്കാറായെങ്കിലും ജീവൻ രക്ഷിച്ച ആ കരങ്ങളുടെ കരുതലിൽ നിന്നും ആ പക്ഷി ഒരിക്കലും പറന്നകന്നില്ല. ഒപ്പം കൂടി. യാത്രയുടെ നടവഴികളിലെല്ലാം ഒപ്പം പറന്നു. പിരിയാതെ തോളത്തിരുന്നു. യുപി അമേത്തിയിൽ മുഹമ്മദ് ആരിഫ് എന്ന യുവാവും സാരസ് കൊക്കും തമ്മിലുള്ള അപൂർവസൗഹൃദത്തിന്‍റെ കഥ ഹൃദയം നിറയ്ക്കും. എന്നാൽ മനുഷ്യനുണ്ടാക്കിയ നിയമത്തിന്‍റെ കാർക്കശ്യങ്ങളിൽ ആ അപൂർവസൗഹൃദം ഇല്ലാതായിരിക്കുന്നു. മൃഗസംരക്ഷണ നിയമത്തിന്‍റെ നൂലാമാലകളിൽ കുരുങ്ങി ആ കൊക്കിനെ ആരിഫിൽ നിന്നും അകലെയാക്കിയിരിക്കുന്നു. സാരസ് കൊക്കിനെ ആരിഫിൽ നിന്നും വേർപെടുത്തി സമസ്പുർ ബേർഡ് സാങ്ച്വറിയിലേക്കു മാറ്റിയിരിക്കുന്നു അധികൃതർ.
സാമൂഹിക മാധ്യമങ്ങളിലെ ചെറു വീഡിയോകളിലൂടെയും ഫോട്ടൊകളിലൂടെയുമാണു അപൂർവസൗഹൃദത്തിന്‍റെ കഥ ലോകമറിഞ്ഞത്. കഴിഞ്ഞവർഷം ഫെബ്രുവരിയിലാണു കർഷകനായ ആരിഫിനു കൊക്കിനെ പരുക്കേറ്റ നിലയിൽ ലഭിക്കുന്നത്. നല്ല വലുപ്പമുള്ള വലിയ ചിറകുകളുള്ള പക്ഷി. ഇണങ്ങാൻ പ്രയാസമാണെങ്കിലും ആരിഫിനോട് മാത്രം ഇണങ്ങി. ബൈക്കിൽ പോകുമ്പോൾ കൂടെ പറന്നും, കൃഷിസ്ഥലത്ത് കാവലിരുന്നും ആ കൊക്ക് ആരിഫിന്‍റെ പ്രിയചങ്ങാതിയായി. കൊക്കിനു പാർക്കാൻ ആരിഫ് വീടിനോട് ചേർന്നു പ്രത്യേക ഇടമൊരുക്കി. സാമൂഹിക മാധ്യമങ്ങളിൽ ആ കാഴ്ച വൈറലായി.
ഇക്കാര്യം വനംവകുപ്പിന്‍റെ ശ്രദ്ധയിൽപെട്ടപ്പോഴാണു നിയമനടപടികൾ ആരംഭിച്ചത്. മൃഗസംരക്ഷണ വകുപ്പു പ്രകാരം സാരസ് കൊക്കിന്‍റെ സംരക്ഷണം ആരിഫിനെ ഏൽപ്പിക്കാനാവില്ല. ആവാസവ്യവസ്ഥയിലേക്കു മടക്കണം എന്ന തീരുമാനമെടുത്തു. ഒടുവിൽ ബേർഡ് സാങ്ച്വറിയിലേക്കു മാറ്റുകയും ചെയ്തു.
എന്തായാലും ഈ തീരുമാനം രാഷ്ട്രീയ ചർച്ചകൾക്കും തിരി കൊളുത്തിയിട്ടുണ്ട്. സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പക്ഷിയെ ബലമായി പിടിച്ചു കൊണ്ടു പോയെന്ന ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.