ബഫർ സോണിലെ വീടുകൾക്ക് പച്ച പെയിന്‍റ് അടിക്കണോ? Wrong information spread over Wayanad buffer zone notification
ബഫർ സോണിലെ വീടുകൾക്ക് പച്ച പെയിന്‍റ് അടിക്കണോ?

ബഫർ സോണിലെ വീടുകൾക്ക് പച്ച പെയിന്‍റ് അടിക്കണോ? വയനാട്ടിലെ പ്രതിഷേധങ്ങൾക്കു പിന്നിൽ എന്ത്?

വയനാട് വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട ബഫർ സോൺ വിജ്ഞാപനത്തെക്കുറിച്ച് പ്രചരിക്കുന്നതിൽ പലതും തെറ്റായ വിവരങ്ങൾ. ഒരു അവലോകനം...

വി.കെ. സഞ്ജു

ഉപതെരഞ്ഞെടുപ്പിനു മുൻപുള്ള ദിവസങ്ങളിൽ വയനാട്ടിലെ വിവിധ വനം വകുപ്പ് ഓഫിസുകളിൽ പരാതികളും പ്രതിഷേധങ്ങളുമായി ജനക്കൂട്ടങ്ങൾ തന്നെ എത്തിയിട്ടുണ്ട്. വനാതിർത്തിയിലുള്ള ഗ്രാമങ്ങളിൽ താമസിക്കുന്നവർ ഉന്നയിച്ച ആശങ്കകൾ പലതായിരുന്നു:

  • വയനാട് വന്യജീവി സങ്കേതത്തിനുള്ളിലെ എൻക്ലോഷറുകൾ വന്യജീവി സങ്കേതമായി പ്രഖ്യാപിക്കാൻ പോകുകയാണോ?

  • വന്യജീവി സങ്കേതത്തിനു ചുറ്റും ബഫർ സോൺ വന്നാൽ അവിടെയുള്ള വീടുകൾക്കെല്ലാം പച്ച പെയിന്‍റ് അടിക്കണോ?

  • വൈകിട്ട് ആറ് മണി മുതൽ രാവിലെ ആറ് മണി വരെ വീടുകളിൽ ലൈറ്റിടുന്നതിനു നിരോധനം വരുമോ?

1. ആശങ്കകൾക്ക് അടിസ്ഥാനമില്ല: വനം വകുപ്പ്

വനം വകുപ്പ് ഉദ്യോഗസ്ഥരെ സംബന്ധിച്ച് തികച്ചും വിചിത്രമെന്നു തോന്നിക്കുന്നതായിരുന്നു ആശങ്കകളിൽ പലതും. വന്യജീവി സങ്കേതത്തിന്‍റെ പരിധിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന വടക്കനാട്, ചെതലയം, നൂൽപ്പുഴ, മുത്തങ്ങ എൻക്ലോഷറുകൾ വന്യജീവി സങ്കേതമായി പ്രഖ്യാപിക്കാൻ പോകുന്നു എന്ന പ്രചരണത്തിന് ഒരടിസ്ഥാനവുമില്ലെന്ന് സംസ്ഥാന വനം മന്ത്രി എ.കെ. ശശീന്ദ്രൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്. ഈ പ്രദേശങ്ങൾ റവന്യൂ ഭൂമിയാണെന്നും മന്ത്രി പറയുന്നു.

ബഫർ സോൺ സംബന്ധിച്ച കേന്ദ്ര സർക്കാർ വിജ്ഞാപനത്തിൽ ഒരിടത്തും വന്യജീവി സങ്കേതം, അഥവാ വൈൽഡ് ലൈഫ് സാങ്ച്വറി എന്ന പദം പോലുമില്ലെന്ന് രേഖകൾ സഹിതം ചൂണ്ടിക്കാട്ടിയിട്ടും ജനങ്ങൾക്ക് വിശ്വാസമായില്ലെന്നാണ് സമരക്കാരുമായി നേരിട്ട് സംസാരിച്ച ഒരു ഉദ്യോഗസ്ഥൻ പറയുന്നത്.

വയനാട് വന്യജീവി സങ്കേതത്തിനു ചുറ്റും ബഫർ സോൺ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രചരണങ്ങളിൽ പലതും വ്യാജമാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ. പെരിയാറും പറമ്പിക്കുളവും ഇടുക്കിയും അടക്കം ഒരു വന്യജീവി സങ്കേതത്തിലും പച്ച പെയിന്‍റടിക്കണമെന്നോ രാത്രി ലൈറ്റ് ഇടരുതെന്നോ പറയുന്നില്ലെന്ന് വനം വകുപ്പിലെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഉയർന്ന ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി.

2. ESZ, ESA, ബഫർ സോൺ

1986ലെ എൺവയൺമെന്‍റ് ആക്റ്റിൽ വിശദീകരിക്കുന്ന ഇക്കോ സെൻസിറ്റീവ് സോണും (ESZ) ഇക്കോ സെൻസിറ്റീവ് ഏരിയയും (ESA) ബഫർ സോണുകളും തമ്മിലുള്ള വ്യത്യാസം മറച്ചുവച്ചാണ് പലരും വാസ്തവവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചതെന്നാണ് സൂചന. ഇക്കോ സെൻസിറ്റീവ് സോൺ (മേഖല) വന്യജീവി സങ്കേതങ്ങൾ, കടുവ സങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ളതാണ്. ഇവയുടെ അതിരിൽനിന്ന് ഒരു കിലോമീറ്റർ വരെ അകലത്തേക്കുള്ള സംരക്ഷിത പ്രദേശമാണ് ബഫർ സോണുകൾ. ബഫർ സോണുകളിൽ താമസിക്കുന്നതിനോ കൃഷി ചെയ്യുന്നതിനോ നിരോധനമില്ല. നിലവിലുള്ള കച്ചവട സ്ഥാപനങ്ങൾക്കും തടസമുണ്ടാകില്ല. ടൂറിസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും തുടരാം. വാണിജ്യ ആവശ്യത്തിനുള്ള വൻകിട ഖനനം, മേജർ അണക്കെട്ടുകൾ, റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട രാസവസ്തുക്കളുടെ ഉത്പാദനം, മലിനീകരണമുണ്ടാക്കുന്ന ഫാക്റ്ററികൾ തുടങ്ങിയവയ്ക്കാണ് നിരോധനമുള്ളത്. നിരോധനമല്ലാതെ, നിയന്ത്രണങ്ങളുള്ള പ്രവർത്തനങ്ങൾ പോലും, നിരീക്ഷണ സമിതിയുടെ അനുമതിക്കു വിധേയമായി മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കും.

ഇക്കോ സെൻസിറ്റീവ് സോണോ അതിന്‍റെ ബഫർ സോണോ വന്യജീവി സങ്കേതത്തിനുള്ള നിർവചനത്തിന്‍റെ പരിധിയിൽ വരുന്നില്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ആവർത്തിക്കുന്നത്. പെരിയാർ ടൈഗർ റിസർവിൽ ഉൾപ്പെടുന്ന ശബരിമലയിൽ പോലും നിയന്ത്രിതമായ തോതിൽ നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കുന്നുണ്ട്. റിസർവ് വനത്തിനുള്ളിലും അവശ്യ സൗകര്യത്തിനുള്ള റോഡുകൾ നിർമിക്കാം. അവിടെയാണ്, ഇതൊന്നുമല്ലാത്ത ബഫർ സോണിനെക്കുറിച്ച് തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കപ്പെടുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ഇക്കോ സെൻസിറ്റീവ് സോൺ (മേഖല) പ്രഖ്യാപനത്തോട് പലർക്കും എതിർപ്പില്ലെന്നാണ് പ്രതിഷേധവുമായി എത്തിയവരിൽ നിന്നു തന്നെ വ്യക്തമാകുന്നത്. വന്യജീവി സങ്കേതത്തിന്‍റെ ഭാഗമാക്കരുതെന്നാണ് അവർ ആവശ്യപ്പെടുന്നത്. അങ്ങനെയാക്കാൻ ഒരു നിർദേശവും നിലവിലില്ല താനും!

3. പ്രതിഷേധങ്ങൾക്കു പിന്നിൽ

കേരള ഇൻഡിപ്പെൻഡന്‍റ് ഫാർമേഴ്സ് അസോസിയേഷൻ (KIFA), കേരള കാത്തലിക് യൂത്ത് മൂവ്മെന്‍റ് (KCYM) തുടങ്ങിയ സംഘടനകൾ ഇക്കോ സെൻസിറ്റീവ് സോൺ, ബഫർ സോൺ തുടങ്ങിയ വിഷയങ്ങളിൽ കടുത്ത ആശങ്കകളാണ് ഉന്നയിക്കുന്നത്. ക്രൈസ്തവ സമൂഹത്തിന് ആശങ്കയുണ്ടാക്കുന്നതാണ് ബഫർ സോൺ വിഷയമെന്നാണ് കെസിവൈഎം മാനന്തവാടി രൂപത സമിതിയുടെ പക്ഷം. കത്തോലിക്കാ കോൺഗ്രസ് മാനന്തവാടി രൂപതയുടെ ആഭിമുഖ്യത്തിൽ പുൽപ്പള്ളിയിൽ നടത്തിയ സംഗമം വിശേഷിപ്പിക്കപ്പെട്ടത് ഇക്കോ സെൻസിറ്റീവ് ഏരിയ (ESA), ബഫർ സോൺ ഇരകളുടെ സംഗമം എന്നാണ്. ഇത്തരം വിഷയങ്ങളിൽ ക്രൈസ്തവ സമൂഹത്തോട് ഇരു മുന്നണികളും നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്ന വിമർശനവും ഇതിൽ ഉയർന്നു. (ഇക്കോ സെൻസിറ്റീവ് ഏരിയ അല്ല, ഇക്കോ സെൻസിറ്റീവ് സോണാണ് വയനാട്ടിൽ നിർദേശിച്ചിരിക്കുന്നത് എന്നതാണ് വസ്തുത).

വയനാട്ടിൽ ലോക്സഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് കാരണം രാഷ്ട്രീയ പാർട്ടികളും ഈ വിഷയം കാര്യമായി തന്നെ പരിഗണിച്ചു. കത്തോലിക്ക കോൺഗ്രസ് മാനന്തവാടി രൂപത സംഘടിപ്പിച്ച സംഗമത്തിൽ ഫ്രാൻസിസ് ജോർജ് എംപിയും പങ്കെടുത്തിരുന്നു. കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിലെ ബഫർ സോൺ നിയന്ത്രണങ്ങൾ പുനപ്പരിശോധിക്കണമെന്നാണ് വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയും ആവശ്യപ്പെട്ടത്. ഗോത്ര ജനതയുടെ അവകാശങ്ങൾ കേന്ദ്ര സർക്കാർ എടുത്തു മാറ്റുകയാണെന്നും, വിജ്ഞാപനത്തിൽ പറയുന്ന കാര്യങ്ങൾ അശാസ്ത്രീയവും അപ്രായോഗികവുമാണെന്നും പ്രിയങ്ക ആരോപിച്ചിരുന്നു.

അതേസമയം, വയനാട് വന്യജീവി സങ്കേതത്തിനു ചുറ്റുമുള്ള ജനവാസ മേഖലകൾ പൂർണമായി ഒഴിവാക്കിക്കൊണ്ട്, ദൂരപരിധി പൂജ്യം കിലോമീറ്ററായി നിശ്ചയിച്ചാണ് ഇപ്പോൾ ഭൂപടങ്ങൾ സമർപ്പിച്ചിട്ടുള്ളതെന്ന് വനം വകുപ്പ് അവകാശപ്പെടുന്നു. എന്നാൽ, ഈ വിഷയത്തിൽ വനം വകുപ്പ് ഒളിച്ചുകളിക്കുകയാണെന്നാണ് പ്രതിഷേധവുമായെത്തിയ നാട്ടുകാരുടെ ആരോപണം.

2013ൽ ടി.എൻ. പ്രതാപൻ അധ്യക്ഷനായ നിയമസഭാ സമിതി കൽപ്പറ്റയിൽ നടത്തിയ യോഗത്തിലും ഇക്കോ സെൻസിറ്റീവ് സോൺ പ്രഖ്യാപനത്തോട് അനുകൂല അഭിപ്രായമാണ് ഉയർന്നത്. അതിന്‍റെ അടിസ്ഥാനത്തിലാണ് വന്യജീവി സങ്കേതത്തിന്‍റെ ഉള്ളിലുള്ള റവന്യൂ എൻക്ലോഷറുകൾ ഇക്കോ സെൻസിറ്റീവ് സോണിൽപ്പെടുന്നതാണെന്ന് റിപ്പോർട്ട് നൽകുകയും ചെയ്തത്.

Trending

No stories found.

Latest News

No stories found.