യെച്ചൂരി - ആദർശങ്ങളുടെ കാവലാൾ: ഒരു ഓർമക്കുറിപ്പ്

''ആഹ്... ഗൾഫ് - നിങ്ങൾ ഒരുപാട് മലയാളികൾ വന്നുചേരുന്ന ഇടം...'', വിരുദ്ധോക്തി പോലെ പെട്ടെന്നായിരുന്നു യെച്ചൂരിയുടെ കമന്‍റ്...
VS Achuthandan with Sitaram Yechury
വി.എസ്. അച്യുതാനന്ദനും സീതാറാം യെച്ചൂരിയും.File photo
Updated on

അജയൻ

എട്ടു വർഷം മുൻപാണ്, കൃത്യമായി പറഞ്ഞാൽ 2016 ഒക്റ്റോബർ 21ന്.

ഒമാൻ തലസ്ഥാനമായ മസ്കറ്റിൽ ശ്രീനാരായണ ഗുരു അനുസ്മരണ പ്രഭാഷണം നടത്താൻ എത്തിയതായിരുന്നു സീതാറാം യെച്ചൂരി. ഇന്ത്യൻ സോഷ്യൽ ക്ലബ്ബിന്‍റെ കേരള വിഭാഗം സംഘടിപ്പിച്ച പരിപാടി. യെച്ചൂരിയുടെ പാർട്ടിക്ക് നിർണായകമായൊരു സമയമായിരുന്നു അത്. ഒന്നാം പിണറായി സർക്കാർ കേരളത്തിൽ അധികാരമേറ്റിട്ട് രണ്ടു മാസമായിട്ടേയുള്ളൂ. അതിനുള്ളിൽ സ്വജന പക്ഷപാത ആരോപണം നേരിട്ട്, മുതിർന്ന നേതാവ് ഇ.പി. ജയരാജൻ മന്ത്രിസ്ഥാനം രാജിവച്ചുകഴിഞ്ഞിരുന്നു. സർക്കാരിനു പുത്തരിയിൽ കല്ലുകടിച്ച അവസ്ഥ.

സോഷ്യൽ ക്ലബ്ബിന്‍റെ ഒരു ഭാരവാഹിയുടെ വീട്ടിലാണ് യെച്ചൂരിക്ക് താമസസൗകര്യം ഒരുക്കിയിരുന്നത്. വൈകിട്ടത്തെ പ്രഭാഷണത്തിനു മുൻപ് ഇന്ത്യൻ മാധ്യമ പ്രവർത്തകരെ കാണാൻ പരിപാടിയുണ്ടായിരുന്നു. ആൾക്കൂട്ടത്തിനിടയിൽ ഈ ലേഖകനു മേൽ ദൃഷ്ടി പതിഞ്ഞതും ആ കണ്ണുകളിൽ അതിശയം വിരിഞ്ഞു. ഇതിനു മുൻപ് തമ്മിൽ കണ്ടിരിക്കുന്നത് കൊച്ചിയിൽ വച്ചാണ്, അദ്ദേഹം പാർലമെന്‍ററി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരിക്കുന്ന കാലത്ത്. ഞാനിപ്പോൾ ഒമാനിലാണെന്നറിഞ്ഞതോടെ പരിചിതമായ ആ ചിരി തെളിഞ്ഞു വന്നു. ''ആഹ്... ഗൾഫ് - നിങ്ങൾ ഒരുപാട് മലയാളികൾ വന്നുചേരുന്ന ഇടം...'', വിരുദ്ധോക്തി പോലെ പെട്ടെന്നൊരു കമന്‍റും വന്നു.

വാർത്താസമ്മേളനം തുടങ്ങാൻ പിന്നെയും അര മണിക്കൂറുണ്ട്. അതിനിടെ, സ്വകാര്യ സംഭാഷണത്തിൽ യെച്ചൂരിയോടു ഞാൻ ചോദിച്ചു, ''ഡൽഹിയിൽ നിന്നു നേരേ മസ്കറ്റിലേക്കു വരുകയായിരുന്നോ?''

ചെറുചിരിയുടെ അകമ്പടിയോടെ മറുപടി, ''അതെങ്ങനെ പറ്റും! ആലപ്പുഴ വരെ ഒന്നു പോയി, തൊണ്ണൂറ്റിമൂന്നാം പിറന്നാൾ ആഘോഷിക്കുന്ന ചെറുപ്പക്കാരനെ ഒന്നു കാണാൻ''. 2015ലെ ഹൈദരാബാദ് പാർട്ടി കോൺഗ്രസിന്‍റെ പാതിക്കു വച്ച് മടങ്ങിയ വി.എസ്. അച്യുതാനന്ദൻ, പാർട്ടി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട യെച്ചൂരിയെ അഭിനന്ദിക്കാൻ തിരിച്ചെത്തിയത് ഓർമയിൽ തെളിഞ്ഞു.

യെച്ചൂരിയുടെ കണ്ണുകളിൽ ഗൃഹാതുരത്വത്തിന്‍റെ തിളക്കം. ''സഖാവ് വിഎസിനെ വീട്ടിൽ പോയി കാണാനാണ് ഞാൻ ഉദ്ദേശിച്ചിരുന്നത്. പക്ഷേ, അദ്ദേഹം ആലപ്പുഴ പാർട്ടി ഓഫിസിലേക്കു വന്നു. അതു വേണ്ടിയിരുന്നില്ല. അദ്ദേഹത്തിന്‍റെ വീട്ടുപടിക്കൽ ചെന്ന് ജന്മദിനാശംസ നേരാനുള്ള അസുലഭ മുഹൂർത്തമാണ് എനിക്കു നഷ്ടപ്പെട്ടത്''.

With Yechury in Kochi moe than a decade ago
സീതാറാം യെച്ചൂരിക്കൊപ്പം ലേഖകൻ, പത്തു വർഷം മുൻപ്.

കൂടുതൽ ഹൃദയംഗമമായൊരു വികാരത്തിന്‍റെ വേലിയേറ്റം യെച്ചൂരിയിൽ പ്രതിഫലിച്ചു. അതിഥികൾക്കു നേരേ ഒന്നു കണ്ണുപായിച്ച്, പുകവലിക്കാനെന്ന വ്യാജേന അദ്ദേഹം മുകൾ നിലയിലേക്കു നടന്നു. കൂടെ ചെല്ലാൻ എന്നോട് ആംഗ്യം കാണിച്ചു. ബാൽക്കണിയിൽ വാചാലമായ മൗനത്തിന്‍റെ കടും തോട് പൊട്ടിച്ച് യെച്ചൂരി പെട്ടെന്നു പറഞ്ഞു, ''നിങ്ങൾ കേരളത്തിലുള്ളവർക്ക് എന്താണു പറ്റിയത്? ഇ.പി. ജയരാജൻ രാജിവയ്ക്കണമെന്ന് സംസ്ഥാന നേതൃത്വത്തെ ബോധ്യപ്പെടുത്താൻ കുറച്ചൊന്നുമല്ല കഷ്ടപ്പെട്ടത്. വിലപ്പെട്ട രണ്ടു ദിവസം പോയി. ഒരു കമ്യൂണിസ്റ്റ് നിർബന്ധമായും പിന്തുടരേണ്ട ചില ആദർശങ്ങളുണ്ട്. അവയെ സംരക്ഷിക്കാൻ എനിക്ക് പല്ലും നഖവും ഉപയോഗിച്ച് പൊരുതേണ്ടി വന്നു.''

സംഭാഷണം കൂടുതൽ ഇരുണ്ട തലങ്ങളിലേക്കു തിരിയുകയായിരുന്നു. പാർട്ടി ആദർശങ്ങളിൽ നിന്നുള്ള വ്യതിചലനങ്ങളും അവ അവഗണിക്കപ്പെടാതിരിക്കാനുള്ള ബുദ്ധിമുട്ടുകളും.... യെച്ചൂരിയുടെ ചിന്തകൾ ആശങ്കയുടെ ആകാശങ്ങളിൽ അലഞ്ഞുതിരിയുകയായിരുന്നു എന്നു തോന്നി. അതെല്ലാം ഒടുവിൽ വിഎസിലേക്കു തന്നെ തിരികെ വന്നു- ആദർശങ്ങൾ മുറുകെപ്പിടിക്കാൻ നിരന്തരം പോരാടുന്ന ഒരു സഖാവിന്‍റെ സവിധത്തിലേക്ക്.

ആദർശങ്ങളുടെയും വ്യതിയാനങ്ങളുടെയും സങ്കീർണമായ ചുഴികളിൽ യെച്ചൂരിയുടെ വാക്കുകൾ ചുറ്റിത്തിരിഞ്ഞു. സിഗരറ്റിന്‍റെ അവസാനത്തെ പുകച്ചുരുളും അന്തരീക്ഷത്തിൽ അലിഞ്ഞു ചേർന്നതിനു പിന്നാലെ യെച്ചൂരി പടിക്കെട്ടുകളിറങ്ങി, ഇനി മാധ്യമ പ്രവർത്തകരെ കാണണം.

ഔപചാരിക വാർത്താസമ്മേളനത്തിൽ യെച്ചൂരിയുടെ പ്രതികരണങ്ങളിലെ ഓരോ വാക്കും കരുതലോടെയായിരുന്നു. സൂക്ഷ്മമായ പരിഹാസം ഒളിച്ചുവച്ച പ്രശംസ പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തിനായി അദ്ദേഹം കരുതിവച്ചിരുന്നു. ഇ.പി. ജയരാജനെതിരേ സ്വീകരിച്ച 'അടിയന്തര' നടപടിയെ അദ്ദേഹം പുകഴ്ത്തി. പാർട്ടിയുടെ നയങ്ങളിലും ആദർശങ്ങളിലും വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് തറപ്പിച്ചു പറഞ്ഞു.

നിഴലുകൾക്ക് നീളം വച്ച സായംസന്ധ്യയിൽ യെച്ചൂരി ശ്രീനാരാ‍യണ ഗുരുവിനെ അനുസ്മരിക്കാൻ തയാറെടുത്തുകഴിഞ്ഞിരുന്നു. വേദിയിലേക്കു കയറും മുൻപ് അദ്ദേഹം ഒരു നിമിഷം നിന്നു, ഒന്നു തിരിഞ്ഞു നോക്കി, ''എന്തായിരുന്നു ഇപി ഉൾപ്പെട്ട ആ കൊടിമരത്തിന്‍റെ പ്രശ്നം?'' അദ്ദേഹം എന്നോടു ചോദിച്ചു. കൊടിമരം നിർമിക്കാൻ കാട്ടിൽ നിന്നു തേക്കുതടി കിട്ടാനുള്ള ഒരു അമ്പലക്കമ്മിറ്റിയുടെ അപേക്ഷയിൽ ഇപിയുടെ ശുപാർശ അനുബന്ധമായതായിരുന്നു വിഷയം. കാര്യം മനസിലായ യെച്ചൂരിയുടെ പുരികം ചുളിഞ്ഞു, ''പക്ഷേ, എന്തിന്? അമ്പലത്തിനും മറ്റും വേണ്ടി....'' ശബ്ദത്തിൽ തികഞ്ഞ അതൃപ്തി; ആദർശങ്ങൾ ആടിയുലയുന്നതിന്‍റെ ആശങ്ക.

പിരിയും മുൻപ് അദ്ദേഹം സ്വകാര്യമായി പറഞ്ഞു, ''ഇടയ്ക്ക് സംസാരിക്കണം, ആദ്യം ഒരു മെസേജ് അയ.ച്ചാൽ മതി, എന്നിട്ട് വിളിക്കുക''. അപൂർവ ജനുസിൽപ്പെടുന്ന അടിയുറച്ച കമ്യൂണിസ്റ്റിലേക്ക് ഇനിയൊരു ഫോൺ കോളും ചെന്നുചേരില്ല; ഓർമയിലെ സംഭാഷണങ്ങൾ മാത്രം ബാക്കി, ആദർശങ്ങളും....

Trending

No stories found.

Latest News

No stories found.