എന്തുകൊണ്ട് ഇന്ത്യ തോറ്റു എന്നതിന് വിവിധ മേഖലകളിൽ ചർച്ചകൾ തുടരുകയാണ്. ടോസ് നഷ്ടപ്പെട്ടത് മുതൽ ഇന്ത്യ മാനസികമായി തോറ്റിരുന്നു. ഇന്ത്യൻ തോൽവിയുടെ പത്ത് കാരണങ്ങൾ എന്താണെന്ന് നോക്കാം.
അഹമ്മദാബാദിലെ പിച്ച്, പ്രതീക്ഷിച്ചതിലും വരണ്ടതും വേഗം കുറഞ്ഞതുമായിരുന്നു. ഇതോടെ ഇന്ത്യയുടെ തന്ത്രം പാളി, പ്രത്യേകിച്ച് രണ്ടാം ഇന്നിങ്സിൽ. ചെറിയ സ്കോറിനെതിരേ ഓസ്ട്രേലിയയ്ക്ക് അനായാസം സ്കോർ ചെയ്യാൻ സാധിച്ചു.
ഓസ്ട്രേലിയൻ ടീമിന്‍റെ ആസൂത്രണവും അത് മൈതാനത്ത് പ്രാവർത്തികമാക്കിയ രീതിയും ശ്രദ്ധേയമായിരുന്നു. ഇന്ത്യയുടെ തുടക്കത്തിലെ കുതിപ്പിനു ശേഷവും അവർ സംയമനം പാലിച്ചു. ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് തന്ത്രപരമായ ബൗളിങ് മാറ്റങ്ങൾ വരുത്തി, അത് ഇന്ത്യൻ ബാറ്റർമാരെ റൺസ് എടുക്കുന്നതിൽ നിന്ന് തടഞ്ഞു.
രോഹിത് ശർമ പുറത്തായ ശേഷം ബൗണ്ടറികൾ കണ്ടെത്താൻ ഇന്ത്യ പാടുപെടുകയായിരുന്നു. ആദ്യ 10 ഓവറുകൾക്ക് ശേഷം ബൗണ്ടറി നിരക്ക് കുത്തനെ ഇടിഞ്ഞത് റൺ റേറ്റിനെ കാര്യമായി ബാധിച്ചു.. 241 റൺസ് വിജയലക്ഷ്യം അപര്യാപ്തമാണെന്ന് തോന്നിപ്പിച്ചു.
വലിയ കൂട്ടുകെട്ടുകൾ ഉണ്ടാക്കിയെടുക്കാനുള്ള കഴിവില്ലായ്മ പ്രകടമായി. വിരാട് കോലിയും കെ.എൽ. രാഹുലും ചേർന്ന ഒരൊറ്റ അർധസെഞ്ചുറി കൂട്ടുകെട്ട് മാത്രം. മികച്ച സ്കോറിന് അനിവാര്യമായ കൂട്ടുകെട്ടുകൾ അതിനു മുൻപോ ശേഷമോ ഉണ്ടായില്ല.
ടൂർണമെന്‍റിൽ സ്ഥിരമായി മികച്ച പ്രകടനം നടത്തിയ മധ്യനിര നിർണായക ഘട്ടത്തിൽ പതറി. ശ്രേയസ് അയ്യർക്ക് കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞില്ല. കെ.എൽ. രാഹുലിന്‍റെ വേഗം കുറഞ്ഞ ഇന്നിങ്സ് ദുരിതമായി മാറി. സ്ലോഗ് ഓവർ ഹിറ്റിങ്ങിന്‍റെ സ്പെഷ്യലിസ്റ്റ് എന്ന നിലയിൽ മാത്രം ടീമിൽ നിലനിർത്തിയ സൂര്യകുമാർ യാദവിന്, വാലറ്റത്തെ സംരക്ഷിക്കുന്ന രീതിയിൽ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനോ ബിഗ് ഹിറ്റുകൾ നടത്താനോ സാധിച്ചില്ല.
വിദഗ്ധരുടെ വിമർശനത്തിന് ഇടയാക്കിയ ഫൈനലിലെ സ്ലോ വിക്കറ്റ് ഇന്ത്യയ്‌ക്കെതിരായി മാറി. ആദ്യം പന്തെറിയാനുള്ള ഓസ്‌ട്രേലിയയുടെ തീരുമാനം പിച്ചിന്‍റെ മാറുന്ന സ്വഭാവത്തെ മുതലെടുക്കാൻ സഹായിച്ചു. അതുകൊണ്ട് തന്നെ കളി പുരോഗമിക്കുമ്പോൾ അത് കൂടുതൽ ബാറ്റിങ്ങിന് അനുകൂലമായി.
തുടക്കം മുതലേ ആക്രമണോത്സുകമായ ബാറ്റിങ് എന്ന ഓസ്ട്രേലിയൻ ടീമിന്‍റെ തന്ത്രം ഫലം കണ്ടു. അവരുടെ ടോപ്പ് ഓർഡർ, പ്രത്യേകിച്ച് ട്രാവിസ് ഹെഡ്, ശക്തമായ സമീപനം നിലനിർത്തി. അത് വെല്ലുവിളി നിറഞ്ഞ ഒരു ചേസിനെ നിസാരമാക്കി മാറ്റി.
ഇന്ത്യൻ സ്പിന്നർമാരുടെ വിക്കറ്റില്ലായ്മയ്ക്ക് പ്രധാന കാരണമായത് മഞ്ഞുവീഴ്ച്ച കാരണം പന്തിൽ ഗ്രിപ്പ് നഷ്ടപ്പെട്ടതാണ്. നനഞ്ഞ പന്ത് കാരണം ടേണും കുറഞ്ഞു. ഇതുകാരണം ട്രാവിസ് ഹെഡിനും മാർനസ് ലബുഷെയ്നും കാര്യമായ വെല്ലുവിളിയുണ്ടായില്ല. വേഗക്കുറവ് പേസ് ബൗളർമാരുടെ മൂർച്ചയും കുറച്ചു.
നിർണായക ഘട്ടങ്ങളിൽ സ്പിന്നർമാർക്ക് സ്ലിപ്പ് ഫീൽഡർമാരെ അനുവദിച്ചില്ല. പഴയ പന്തിൽ അദ്ഭുതം കാട്ടിക്കൊണ്ടിരുന്ന ഷമിയെ ന്യൂബോൾ ഏൽപ്പിച്ചപ്പോൾ അമിതമായി സ്വിങ് കാരണം നിയന്ത്രണം നഷ്ടമായി. സ്വിങ്ങിനെ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കുന്ന സിറാജ് പന്തെറിയാനെത്തിയത് അഞ്ചാം ബൗളറായി മാത്രം.
രോഹിത് ശർമയും ശുഭ്‌മൻ ഗില്ലും മോശം ഷോട്ട് സെലക്ഷനിൽ വീണു. എക്സ്ട്രാ റൺസ് നൽകിയ ഇന്ത്യയുടെ ഫീൽഡിങ്ങും ഓസ്‌ട്രേലിയയുടെ അസാധാരണ ഫീൽഡിങ്ങും തമ്മിൽ അജഗജാന്തരമുണ്ടായിരുന്നു.