മുംബൈ: കപിലിന്റെ ചെകുത്താന്മാര് ലോകകിരീടത്തില്‍ മുത്തമിട്ടിട്ട് ഇന്ന് 40 വര്‍ഷം. 1983ലെ ജൂണ്‍ 25നായിരുന്നു നടാടെ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് സ്വന്തമാക്കുന്നത്. പ്രമുഖ വ്യവസായി ഗൗതം അദാനിക്കൊപ്പമാണ് ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമംഗങ്ങളുടെ ആഘോഷം. ചടങ്ങില്‍ ഗൗതം അദാനി ടീമംഗങ്ങളെ ആദരിച്ചു. ലോര്ഡ്സാലിയരുന്നു ലോകകപ്പ് വിജയത്തിന്റെ ആഘോഷം തീരുമാനിച്ചിരുന്നത്. എന്നാല്‍, ആഷസ് നടക്കുന്നതിനാല്‍ ആഘോഷപരിപാടികള്‍ മുംബൈയിലേക്കു മാറ്റി. 60 ഓവര്‍ മത്സരങ്ങളായിട്ടായിരുന്നു അന്നത്തെ ലോകകപ്പ് സംഘടിപ്പിച്ചത്.
ഫൈനലില്‍ അന്നത്തെ അതികായന്മാരായ വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം ചൂടിയത്. ആദ്യം ബാറ്റ് ചെയ്ത 54.4 ഓവറില്‍ 183 റണ്‍സ് മാത്രമെടുത്ത് ഓള് ഔട്ടായി. ഇതോടെ വെസ്റ്റ് ഇന്‍ഡീസ് ഒരിക്കല്‍ക്കൂടി ലോകകപ്പില്‍ മുത്തമിടുമെന്ന് ക്രിക്കറ്റ് ലോകം ഉറപ്പിച്ചു. എന്നാല്‍, ക്രിക്കറ്റ് ലോകം കണ്ടത് മറ്റൊന്നായിരുന്നു, തികച്ചും അദ്ഭുതമെന്നു വിശേഷിപ്പിക്കാവുന്ന തരത്തില്‍ ഇന്ത്യ മുന്നേറി.
ഓരോ കളിക്കാരനും കൈമെയ് മറന്ന് പോരാടി. ഇന്ത്യയുടെ ഓള് റൗണ്ടര്‍മാരുടെ മുന്നില്‍ വിറച്ച വിന്‍ഡീസ് 52 ഓവറില്‍ കേവലം 140 റണ്‍സിന് പുറത്തായി. ഇന്ത്യക്ക് 43 റണ്‍സ് വിജയം. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ മൊഹീന്ദര്‍ അമര്‍നാഥായിരുന്നു മാന്‍ ഓഫ് ദ മാച്ച്. ഓപ്പണര്‍ ശ്രീകാന്തായിരുന്നു ടോപ് സ്കോറര്‍. 57 പന്തില്‍ 38 റണ്‍സെടുത്ത് അദ്ദേഹം പുറത്തായി.
കേവലം 24 വയസുള്ള കപില്‍ദേവായിരുന്നു ടീം ഇന്ത്യയുടെ നായകന്. ശ്രീകാന്ത്, ദിലീപ് വെങ്സാര്‍ക്കര്‍, സുനില്‍ ഗാവസ്കര്‍, മൊഹീന്ദര്‍ അമര്‍നാഥ്, സയിദ് കിര്‍മാനി, മദന്‍ ലാല്‍, രവി ശാസ്ത്രി, മാന്‍ സിങ്, സന്ദീപ് പാട്ടീല്‍, ബല്‍വീന്ദര്‍ സന്ധു, റോജര്‍ ബിന്നി, കീര്‍ത്തി ആസാദ്, സുനില്‍ വില്‍സണ്‍, യശ്പാല്‍ ശര്‍മ എന്നിവരായിരുന്നു അന്ന് ടീമിലുണ്ടായിരുന്നത്. മലയാളിയായ സുനില്‍ വില്സണടക്കമുള്ളവര് അവസാന ഇലവനില്‍ ഉണ്ടായിരുന്നില്ല. യശ്പാല്‍ ശര്‍മ മാത്രം ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. 2021ല്‍ അദ്ദേഹം അന്തരിച്ചു. ഇന്നത്തെ പോലെ സ്പോണ്‍സര്‍മാര്‍ ഒന്നുമില്ലാതെയാണ് ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലെത്തിയത്.
അതുകൊണ്ടുതന്നെ ബിസിസിഐയാണ് ചെലവ് മുഴുവന്‍ വഹിച്ചത്. ഇന്ത്യന്‍ ടീം മുന്നേറില്ലെന്ന് വിശ്വസിച്ച് ടീമിന് പാസ് പോലും ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ലഭിച്ചിരുന്നില്ല. എന്നാല്‍, ഫൈനലിലെത്തിയതോടെ സ്പെഷല്‍ പാസ് നല്കി ടീമിനെ പ്രവേശിപ്പിച്ചു.കോച്ചും പരിശീലകനും ഫിസിയോയും ഒന്നുമില്ലാതെയായിരുന്നു ഇന്ത്യയെ ഇംഗ്ലണ്ടിലേക്ക് അയച്ചത്. എല്ലാക്കാര്യങ്ങളും അവരവര്‍ തന്നെ ചെയ്തു. ഒടുവില്‍ കഴിവിനപ്പുറം പോരാടിയ ടീം കിരീടവുമായി നാട്ടിലെത്തി. ഓരോ മത്സരത്തിനും ടീമിന് ലഭിച്ച തുക 2300 രൂപ മാത്രമായിരുന്നു. കിരീടം നേടി നാട്ടിലെത്തിയ ടീമിലെ ഓരോ അംഗത്തിനും ബിസിസിഐ ഓരോ ലക്ഷം രൂപ നല്കി.