മുംബൈ: ഇന്ത്യ ആദ്യമായി ക്രിക്കറ്റ് ലോകകപ്പില്‍ മുത്തമിട്ടതിന്റെ 40-ാം വാര്‍ഷികം അന്നു ടീമിലുണ്ടായിരുന്നവര്‍ ഇന്നലെ ആഘോഷിച്ചത് വിമാനത്തില്‍. 35,000 അടി ഉയരത്തില്‍ പറന്ന വിമാനത്തിലായിരുന്നു വിശ്വവിജയത്തിന്റെ ആഘോഷം.
അന്നത്തെ ടീം അംഗവും നിലവില്‍ രാഷ്ട്രീയ പ്രവര്‍ത്തകനുമായ കീര്‍ത്തി ആസാദ് വിജയത്തിന്റെ ആഘോഷ വീഡിയോകള്‍ ട്വിറ്ററിലൂടെ പങ്കുവച്ചു. അദാനി ഗ്രൂപ്പ് സംഘടിപ്പിച്ച 'ജീതേംഗേ ഹം' എന്ന ക്യാമ്പയ്നിന്റെ ഭാഗമായിട്ടായിരുന്നു ഇന്ത്യന്‍ സംഘത്തിന്റെ യാത്ര.സുനില്‍ ഗാവസ്ക്കര്‍, സയ്യിദ് കിര്‍മാണി, കെ. ശ്രീകാന്ത്, സന്ദീപ് പാട്ടീല്‍, ദിലീപ് വെങ്സാര്‍ക്കര്‍, ബല്‍വിന്ദര്‍ സിങ് സന്ധു, കീര്‍ത്തി ആസാദ്, ബിസിസിഐ പ്രസിഡന്റ് കൂടിയായ റോജര്‍ ബിന്നി, മദന്‍ ലാല്‍, സുനില്‍ വല്സന്, കപില്‍ ദേവ് തുടങ്ങിയവരെല്ലാം വിമാനത്തിലുണ്ടായിരുന്നു.
തുടര്‍ന്ന് എല്ലാവര്ക്കും അദാനി ഗ്രൂപ്പ് ഓഫ് ചെയര്മാന് ഗൗതം അദാനി ആദരവും നല്കി. ഇന്ത്യയുടെ കായിക ചരിത്രം തന്നെ മാറ്റിമറിച്ച 1983 ലോകകപ്പ് വിജയത്തിന്റെ 40-ാം വാര്‍ഷികമായിരുന്നു ഇന്നലെ. 1983 ജൂണ്‍ 25-ന് ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്സില്‍ കരുത്തരായ വെസ്റ്റിന്‍ഡീസിനെ 43 റണ്‍സിന് പരാജയപ്പെടുത്തിയായിരുന്നു കപില്‍ ദേവിന്റെയും സംഘത്തിന്റെയും കിരീടധാരണം.
ഇന്ത്യയില്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് വിത്തിട്ടത് ആ കിരീടനേട്ടമായിരുന്നു. പിന്നീട് 2011ല്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ ധോണിയുടെ നേതൃത്വത്തിലുള്ള സംഘം കിരീടം ചൂടിയിരുന്നു.