മുംബൈ: ലോകകപ്പില്‍ ഇന്ന് നിര്‍ണായക പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാന്, ഓസ്ട്രേലിയയെ നേരിടും. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും അഫ്ഗാനെ തകര്‍ത്തെറിഞ്ഞതിന്റെ ആത്മവിശ്വാസം ഓസീസിനുണ്ടെങ്കിലും ഇന്നത്തെ അഫ്ഗാനെ അത്രവേഗം പരാജയപ്പെടുത്താനാകില്ലെന്ന ഉറച്ച വിശ്വാസം ഓസീസിനുണ്ട്. ഏഴ് കളികളില്‍നിന്ന് അഫ്ഗാന് എട്ടും അത്രയും കളികളില്‍നിന്ന് ഓസീസിന് 10ഉം പോയിന്റുകളാണുള്ളത്. ഇന്നത്തെ മത്സരം വിജയിച്ചാല്‍ അഫ്ഗാനിസ്ഥാന് സെമി സാധ്യത നിലനിര്‍ത്താനാകും. ഓസ്ട്രേലയ്ക്കാകട്ടെ, ജയിച്ചാല്‍ സെമി ബെര്‍ത്ത് ഏറെക്കുറെ ഉറപ്പിക്കാനുമാകും. തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളില്‍ വിജയിച്ചാണ് ഓസ്ട്രേലിയയുടെ വരവ്. അഫ്ഗാനാവട്ടെ, മൂന്നു തുടര്ജയവും സ്വന്തമാക്കി.
സ്പിന്‍ ഓസീസിന് പ്രശ്നം
സ്പിന്‍ ബൗളിങ്ങിനെ നേരിടുന്നതാണ് ഓസ്ട്രലിയയുടെ ഏറ്റവും വലിയ പ്രശ്നം. ഇന്ത്യക്കെതിരേ അത് പ്രകടമായിരുന്നു. അഫ്ഗാന്റെ വലിയ കരുത്തും സ്പിന്‍ തന്നെ. മുജീബ് ഉര് റഹ്മാന്, മുഹമ്മദ് നബിസ റഷീദ് ഖാന് സ്പിന്‍ ത്രയം ഇതിനോടകം തന്നെ എതിര് ടീമുകളുടെ പേടിസ്വപ്നമായിട്ടുണ്ട്. അവര്‍ക്കൊപ്പം നൂര്‍ അഹമ്മദും സ്പിന്‍ ഓള് റൗണ്ടറായുണ്ട്. മുബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരമെന്നതും അഫ്ഗാന് ആത്മവിശ്വാസം നല്കുന്ന ഘടകമാണ്.
വെടിക്കെട്ട് ബാറ്റിങ് ലൈനപ്പാണ് ഓസീസിന്റേത്. വാര്‍ണറും മാര്‍ഷും ഹെഡ്ഡും മികച്ച ഫോമിലാണ്. അതേസമയം, തലകറക്കമുള്ളതിനാല് സ്റ്റീവ് സ്മിത്തിന്റെ സാന്നിധ്യം ടീമിലുണ്ടാകുമോ എന്നു വ്യക്തമല്ല. എന്നാല്‍, മത്സരത്തില്‍ കളിക്കാനാകുമെന്ന പ്രതീക്ഷയിലാണ് താരം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താരത്തിനു ഇടക്കിടെ തലചുറ്റല്‍ അനുഭവപ്പെടുന്നുതായി അദ്ദേഹം വെളിപ്പെടുത്തി. സ്മിത്ത് കളിച്ചില്ലെങ്കില്‍ ലാബുഷെയ്ന് അവസരം ലഭിക്കും. ഗ്ലെന്‍ മാക്സ്വെല് പരുക്കിന്റെ പിടിയിലാണെങ്കിലും ഇന്നു കളിക്കുമെന്നാണ് റിപ്പോര്‍ട്ട്.