കാബുൾ: അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരം ഇഹ്‌സാനുള്ള ജാനത്തിനെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ( ICC ) അഞ്ച് വർഷത്തേക്ക് വിലക്കി. കൗൺസിലിന്‍റെ അഴിമതി വിരുദ്ധച്ചട്ടം ലംഘിച്ചെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. കൗൺസിലിന്‍റെ അഴിമതി വിരുദ്ധ ചട്ടത്തിന്‍റെ ആര്‍ട്ടിക്കിള്‍ 2.1.1 പ്രകാരമുള്ള കുറ്റം ചെയ്‌തെന്നാണ് കണ്ടെത്തൽ. ഒരു അന്താരാഷ്‌ട്ര മത്സരത്തിന്‍റെ ഫലം, പുരോഗതി, നടത്തിപ്പ്, അല്ലെങ്കിൽ മറ്റേതെങ്കിലും വശങ്ങൾ ഫിക്‌സ് ചെയ്യുന്നതും അവ നിയമവിരുദ്ധമായി സ്വാധീനിക്കുന്നതുമാണ് ആര്‍ട്ടിക്കിളിൽ ഉൾപ്പെടുന്നത്.
ജാനത്ത് കുറ്റം സമ്മതിക്കുകയും തെറ്റ് ഏറ്റുപറയുകയും ചെയ്തതായി അഫ്‌ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. 2016 ജൂലൈ 29-ന് നടന്ന 2015-17 ഐസിസി ഇന്‍റർ കോണ്ടിനെന്‍റെൽ കപ്പിൽ നെതർലാൻഡ്സിനെതിരെയാണ് അഫ്ഗാനിസ്ഥാനായി ജാനത് അരങ്ങേറ്റം നടത്തിയത്. മൂന്ന് ടെസ്റ്റുകളും 16 ഏകദിനങ്ങളും ഒരു ടി20യും കളിച്ചിട്ടുണ്ട്. ആറ് ടെസ്റ്റ് ഇന്നിംഗ്‌സുകളിൽ നിന്ന് ഒരു അർധസെഞ്ച്വറി ഉൾപ്പെടെ 110 റൺസാണ് 26-കാരൻ നേടിയത്. ഏകദിനത്തിൽ, 16 ഇന്നിംഗ്‌സുകളിൽ നിന്ന് 21.92 ശരാശരിയിൽ മൂന്ന് അർദ്ധ സെഞ്ച്വറികളടക്കം 307 റൺസ് നേടി. കഴിഞ്ഞ മേയിലാണ് അവസാനമായി അന്താരാഷ്‌ട്ര മത്സരം കളിച്ചത്.
ഒത്തുകളിയുമായി ബന്ധപ്പെട്ട് മറ്റ് മൂന്ന് താരങ്ങൾ സംശയത്തിന്‍റെ നിഴലിലാണ്. ഇവർക്കെതിരെ അന്ന്വേഷണം നടക്കുന്നുണ്ടെന്നും ആരോപണം സ്ഥിരീകരിക്കുന്ന പക്ഷം വേണ്ട നടപടി സ്വീകരിക്കുമെന്നും അഫ്‌ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു.