വി.കെ. സഞ്ജു
23 വർഷം മുൻപ്, കൃത്യമായി പറഞ്ഞാൽ 2000 നവംബർ 27ന്, ക്രിക്കറ്റിൽ നിന്ന് ബിസിസിഐ ആജീവനാന്ത വിലക്കേർപ്പെടുത്തുമ്പോൾ അജയ് ജഡേജയ്ക്ക് പ്രായം വെറും 29.
അരങ്ങേറ്റ മത്സരത്തിലെ അലൻ ബോർഡറുടെ ക്യാച്ച്... പാക്കിസ്ഥാനെതിരേ 25 പന്തിൽ നേടിയ 45 റൺസ്... ഇംഗ്ലണ്ടിനെതിരേ ഒറ്റ ഓവറിൽ നേടിയ മൂന്നു വിക്കറ്റ്... നയിച്ച 13 ഏകദിനങ്ങളിൽ എട്ടിലും ഇന്ത്യയെ ജയിപ്പിച്ച ക്യാപ്റ്റൻസി... ആകാശം മുട്ടെ വളർന്നുവന്ന പ്രതീക്ഷകളെല്ലാം, മനോജ് പ്രഭാകർ തുറന്നുവിട്ട ദുരൂഹമായ ഒത്തുകളി ആരോപണങ്ങളിൽ ഒറ്റ ദിവസംകൊണ്ട് മണ്ണോടു മണ്ണുചേർന്നു....
പ്രഭാകർ ഉയർത്തിയ ആരോപണത്തിന്‍റെ ശരിതെറ്റുകൾ ഇന്നും അജ്ഞാതമായി ശേഷിക്കുമ്പോൾ ഒന്നു മാത്രം ഉറപ്പുണ്ട്, അന്ന് അതിൽ പെട്ടുപോയപ്പോൾ രാജ്യത്തിനു നഷ്ടമായത് ഭാവിയിലെ ക്യാപ്റ്റൻ വരെ ആകാമായിരുന്ന ഒരു ക്രിക്കറ്റ് ബ്രെയിനാണ്.
ആജീവനാന്ത വിലക്ക് അഞ്ച് വർഷമായി കോടതി ഇളവ് ചെയ്തപ്പോഴേക്കും അയാളുടെ നല്ല കാലമൊക്കെ കഴിഞ്ഞുപോയിരുന്നു. അതിനുശേഷം ഡൽഹിയുടെ ക്യാപ്റ്റനായും രാജസ്ഥാന്‍റെ ക്യാപ്റ്റൻ-കം-കോച്ചായുമൊക്കെ ആഭ്യന്തര ക്രിക്കറ്റിൽ കറങ്ങിനടന്നതിനെക്കാൾ ഒരുപക്ഷേ അയാൾ ആസ്വദിച്ചിട്ടുണ്ടാകുക, അജ്ഞാതവാസത്തിൽ അഭിനയിച്ചുതീർത്ത സിനിമകളായിരിക്കാം!
പക്ഷേ, അയാളുടെ വഴി എപ്പോഴും ക്രിക്കറ്റ് തന്നെയായിരുന്നു. ഒഴിഞ്ഞ ഗ്യാലറികൾക്കു മുന്നിലെ വരണ്ട രഞ്ജി ട്രോഫി പിച്ചുകളിൽ നിന്ന് ജഡേജ സ്വാഭാവികമായും കമന്‍ററി ബോക്സിലേക്കു തന്നെ നടന്നു കയറി. ഇപ്പോൾ കൈയിൽ മൈക്കില്ലാതെ അയാൾ വീണ്ടും ടിവി സ്ക്രീനുകളിൽ നിറയുകയാണ്. ഇട്ടിരിക്കുന്ന ടീഷർട്ടിൽ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിന്‍റെ ലോഗോയുണ്ട്. പാതിവഴിയിൽ കരിയർ അവസാനിപ്പിച്ച മറ്റൊരു പ്രതിഭാധനനായ ക്രിക്കറ്ററുടെ, ജോനാഥൻ ട്രോട്ടിന്‍റെ, പരിശീലനത്തിനു കീഴിൽ ലോകകപ്പിൽ അദ്ഭുതങ്ങൾ വിരിയിക്കുന്ന അഫ്ഗാനിസ്ഥാൻ ടീമിന്‍റെ അസിസ്റ്റന്‍റ് കോച്ചും മെന്‍ററുമാണ് അജയ് ജഡേജ ഇപ്പോൾ.
നേരേ ക്യാച്ച് വന്നാൽ എടുക്കും, പന്ത് നേരേ വന്നാൽ പിടിക്കും, അതല്ലാതെ, ബൗണ്ടറിയിലേക്ക് ഒരു പന്ത് പാഞ്ഞാൽ അതിന് അകമ്പടി സേവിക്കുക എന്നതിൽക്കവിഞ്ഞൊരു ധർമം ഫീൽഡർമാർക്കില്ലാത്ത ഒരു കാലം ക്രിക്കറ്റിലുണ്ടായിരുന്നു. 1983ലെ ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ ക്യാപ്റ്റൻ കപിൽദേവ് വെസ്റ്റിൻഡീസ് ഇതിഹാസം വിവിയൻ റിച്ചാർഡ്സിന്‍റെ ക്യാച്ച് പിന്നോട്ടോടി എടുത്തതൊക്കെ അന്ന് വാഴ്ത്തപ്പെട്ടെങ്കിലും, ഇന്നു കാണുന്നവർക്ക് സിമ്പിൾ ക്യാച്ചായി തോന്നുന്നത് ഇതിനൊരുദാഹരണം മാത്രം.
അതിനപ്പുറത്തേക്ക് ഇന്നു കാണുന്ന നിലവാരത്തിൽ ഫീൽഡ് ചെയ്യാൻ ഒരു മുഹമ്മദ് അസറുദ്ദീൻ മാത്രമുണ്ടായിരുന്ന ടീമിലേക്കാണ് 1992 ലോകകപ്പിൽ അജയ് ജഡേജ എന്ന ഇരുപത്തൊന്നുകാരന്‍റെ കടന്നുവരവ്.
മുഴുനീള ഡൈവിൽ അലൻ ബോർഡറുടെ ക്യാച്ചും കൈയിലൊതുക്കി അയാളന്ന് ലാൻഡ് ചെയ്തത് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ ഹൃദയത്തിലേക്കായിരുന്നു. അതു കഴിഞ്ഞ് അയാളാ പ്രശസ്തമായ ചിരിയിലൂടെ കീഴടക്കിയത് ഒരുപാട് പെൺമനസുകളെക്കൂടിയായിരുന്നു.
ഓപ്പണർ എന്ന നിലയിൽ അന്താരാഷ്‌ട്ര കരിയറിനു തുടക്കം കുറിച്ച ജഡേജ ടീമിൽ സ്ഥാനമുറപ്പിക്കുന്നത് അതുവരെ ഇന്ത്യൻ ടീമിനു പരിചിതമല്ലാത്ത ഫിനിഷർ എന്ന റോളിലാണ്. ലോവർ മിഡിൽ ഓർഡറിൽ ഇടയ്‌ക്കൊരു വെടിക്കെട്ടൊക്കെ നടത്താൻ ഒരു കപിൽ ദേവുണ്ടായിരുന്നു എന്നതിൽക്കവിഞ്ഞ്, ഫിനിഷിങ് എന്നതൊരു സ്പെഷ്യലിസ്റ്റ് റോളായി വികസിപ്പിച്ചെടുത്ത ബാറ്റർമാർ അന്നില്ല. 1996ലെ ലോകകപ്പിന്‍റെ ക്വാർട്ടർ ഫൈനലിൽ വഖാർ യൂനിസിനെയടക്കം അടിച്ചു തകർത്ത് 25 പന്തിൽ 45 റൺസുമായി വിരിഞ്ഞു നിന്ന ജഡേജ ഇന്ത്യൻ ക്രിക്കറ്റിന് അക്ഷരാർഥത്തിൽ അവിശ്വസനീയമായ കാഴ്ചയായിരുന്നു അന്ന്.
ബൗൺസിനും സ്വിങ്ങിനുമെതിരായ ദൗർബല്യങ്ങൾ ടെസ്റ്റ് ക്രിക്കറ്റിൽ അയാളുടെ സാധ്യതകൾ പരിമിതപ്പെടുത്തി. 196 ഏകദിനങ്ങൾ കളിച്ചപ്പോൾ ടെസ്റ്റ് മത്സരങ്ങൾ 15 മാത്രം. ആറു സെഞ്ചുറിയും മുപ്പത് ഫിഫ്റ്റിയും അടക്കം 37.47 ശരാശരിയിൽ 5359 റൺസാണ് എം.എസ്. ധോണിക്കു മുൻപ് ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫിനിഷറുടെ ഏകദിന ക്രിക്കറ്റിലെ സമ്പാദ്യം. ടെസ്റ്റിൽ നാല് ഫിഫ്റ്റി അടക്കം 526 റൺസിൽ ഒതുങ്ങി; ക്രിസ് ശ്രീകാന്തിന്‍റെ ഓപ്പണിങ് പങ്കാളിയായി അരങ്ങേറിയിട്ടും ശരാശരി വെറും 26.18.
കളിച്ച 196 ഏകദിന മത്സരങ്ങളിൽ 52 എണ്ണത്തിൽ മാത്രമാണ് ജഡേജ പന്തെറിഞ്ഞിട്ടുള്ളത്. അതിൽ 20 വിക്കറ്റും കിട്ടി. സച്ചിൻ ടെൻഡുൽക്കറെക്കാൾ അൽപ്പം കൂടി വേഗത്തിൽ പന്തെറിയുന്ന ഒരു മിലിറ്ററി മീഡിയം പേസർ. പക്ഷേ, ഇന്ത്യ തോൽക്കുമെന്നുറപ്പിച്ച ഒരു മത്സരം ജഡേജ ബൗളിങ്ങിലൂടെ ജയിപ്പിച്ചിട്ടുണ്ട്- 1999ൽ ഇംഗ്ലണ്ടിനെതിരേ ഷാർജയിലായിരുന്നു അത്.
ഇന്ത്യ മുന്നോട്ടുവച്ച 222 റൺസ് വിജയലക്ഷ്യം പന്തുടർന്ന ഇംഗ്ലണ്ട്, 46 ഓവർ പൂർത്തിയാകുമ്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 196 റൺസുമായി ഏറെക്കുറെ ജയമുറപ്പിച്ചു കഴിഞ്ഞിരുന്നു. അഞ്ചാം ബൗളറായ റോബിൻ സിങ്ങും ചെയ്ഞ്ച് ബൗളറായി വന്ന സൗരവ് ഗാംഗുലിയും അത്യാവശ്യം അടിവാങ്ങിക്കൂട്ടിയ സാഹചര്യത്തിൽ 47ാം ഓവർ എറിയാൻ ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീൻ പന്തേൽപ്പിക്കുന്നത് തന്‍റെ ഡെപ്യൂട്ടിയായിരുന്ന ജഡേജയെ. രണ്ടാമത്തെ പന്തിൽ റോബർട്ട് ക്രോഫ്റ്റിനെ സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡർ ഹൃഷികേശ് കനിത്‌കറുടെ കൈകളിലെത്തിക്കുമ്പോഴും ഇന്ത്യയുടെ സാധ്യത തെളിഞ്ഞിട്ടില്ല. ഇംഗ്ലണ്ടിന്‍റെ വിശ്വസ്തനായ മധ്യനിര ബാറ്റർ നീൽ ഫെയർബ്രദർ 57 റൺസുമായി ക്രീസിലുണ്ട്. എന്നാൽ, തൊട്ടടുത്ത പന്തിൽ ഫെയർബ്രദറെ ജഡേജ വിക്കറ്റ് കീപ്പർ രാഹുൽ ദ്രാവിഡിന്‍റെ കൈകളിലെത്തിച്ചു. ഓവറിലെ അവസാന പന്തിൽ ഡാരൻ ഗഫ് ക്ലീൻ ബൗൾഡ്; മത്സരത്തിൽ ഒരോവർ മാത്രം എറിഞ്ഞ ജഡേജയുടെ ബൗളിങ് ഫിഗർ 3/3.
അതുകൊണ്ടും അവസാനിച്ചില്ല. ജവഗൽ ശ്രീനാഥ് എറിഞ്ഞ അടുത്ത ഓവറിൽ ഇയാൻ ഓസ്റ്റിനെ റണ്ണൗട്ടാക്കി ജഡേജ കളി ഫിനിഷ് ചെയ്യുമ്പോൾ 20 റൺസ് വിജയം ഇന്ത്യക്കൊപ്പമായിരുന്നു.
ലോകകപ്പിൽ അഫ്ഗാനിസ്ഥാൻ ഇംഗ്ലണ്ടിനെ തോൽപ്പിക്കുമ്പോൾ ക്രിക്കറ്റ് പണ്ഡിതരും മാധ്യമങ്ങളും ഒരേ സ്വരത്തിൽ അതിനെ വിശേഷിപ്പിച്ചത് അട്ടിമറിയെന്നാണ്. എന്നാൽ, പാക്കിസ്ഥാനെതിരേ അവർ കളിച്ച കളി കൂടി കണ്ടപ്പോൾ, പാക്കിസ്ഥാൻ ജയിച്ചാൽ അട്ടിമറി എന്നു പറയാമായിരുന്നു എന്നായി പലരും. അത്ര ആധികാരികമായിരുന്നു അഫ്ഗാന്‍റെ പ്രകടനം.
ഇതിനു പിന്നാലെയാണ് അജയ് ജഡേജയുടെ പഴയൊരു വീഡിയോ ക്ലിപ്പ് പുറത്തുവരുന്നത്. അതിലയാൾ പറയുന്നുണ്ട്, ''നോക്കൂ, ബാക്കി ടീമുകൾക്കെല്ലാം 100-150 വർഷത്തെ ക്രിക്കറ്റ് പാരമ്പര്യമുണ്ട്. അഫ്ഗാനിസ്ഥാൻ ഗൗരവമായി ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയിട്ട് ഏകദേശം ഇരുപതു വർഷമായിട്ടേയുള്ളൂ. പല ടൈറ്റ് മത്സരങ്ങളിലും അവർ ജയത്തിനടുത്തുവരെ എത്തിയിട്ടുണ്ട്. 2019ൽ ഇന്ത്യയെയും വിറപ്പിച്ചിട്ടുണ്ട്. എന്നിട്ടും അവരെ എല്ലാവരും കുഞ്ഞൻമാരായാണ് കാണുന്നത്. പക്ഷേ, അവർ വലിയ ടീമുകളെ തോൽപ്പിച്ചു തുടങ്ങട്ടെ, അപ്പോഴവർക്ക് വൻകിടക്കാരുടെ നിരയിൽ തന്നെ സ്ഥാനം കിട്ടും....''
ജഡേജയുടെ വാക്കുകൾ പ്രവചനാത്മകമായിരുന്നു എന്നു തെളിയിക്കുന്നതാണ് ഈ ലോകകപ്പ്. ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച നെതർലൻഡ്സിനെ ഇപ്പോഴും ആരും കാര്യമായെടുക്കുന്നില്ല. പക്ഷേ, അഫ്ഗാൻ സെമി ഫൈനലിൽ കടക്കാനുള്ള സാധ്യത പോലും തള്ളിക്കളയാനുമാവില്ല.
പാക്കിസ്ഥാനെതിരായ ജയത്തിനു ശേഷം പാക്കിസ്ഥാന്‍റെ മുൻ ക്യാപ്റ്റൻ ഷോയിബ് മാലിക് വരെ പ്രശംസിച്ചത് ജഡേജയെയാണ്. തന്‍റെ പഴയ കൂട്ടുകാരനുള്ള അഭിനന്ദനം ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ എക്സിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അഫ്ഗാന്‍റെ മുഖ്യ പരിശീലകൻ മുൻ ഇംഗ്ലണ്ട് താരം ജൊനാഥൻ ട്രോട്ടാണ്. പക്ഷേ, കുറഞ്ഞ പക്ഷം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെങ്കിലും അഫ്ഗാന്‍റെ വിജയങ്ങൾക്ക് ട്രോട്ടിനെക്കാൾ ക്രെഡിറ്റ് കിട്ടുന്നത് ജഡേജയ്ക്കു തന്നെ.
1994ൽ ശ്രീലങ്കയിൽ വച്ച് പാക്കിസ്ഥാനെതിരായ മത്സരം തോറ്റുകൊടുക്കാൻ ഒരു ഇന്ത്യൻ കളിക്കാരൻ തനിക്ക് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നാണ് മനോജ് പ്രഭാകർ 1997ൽ ആരോപിച്ചത്. ആറു വർഷത്തിനു ശേഷം പ്രഭാകർ ആ കളിക്കാരന്‍റെ പേരു പറഞ്ഞു- കപിൽ ദേവ്!
അന്ന് ലോകം മുഴുവൻ കപിലിന്‍റെ കണ്ണീര് കണ്ടു. സച്ചിൻ ടെൻഡുൽക്കർക്ക് എല്ലാം അറിയമായിരുന്നെന്ന് പാക്കിസ്ഥാന്‍റെ വിക്കറ്റ് കീപ്പറായിരുന്ന റഷീദ് ലത്തീഫിന്‍റെ വെളിപ്പെടുത്തലും ഇതിനിടെ പുറത്തു വന്നു.
പക്ഷേ, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കപിലിനെയും സച്ചിനെയും അവിശ്വസിക്കാൻ ഇന്ത്യക്കാർ തയാറായിരുന്നില്ല.
പല സൂപ്പർ താരങ്ങളുടെയും ഒഫീഷ്യലുകളെയും വീടുകൾ റെയ്ഡ് ചെയ്യപ്പെട്ടു. ഒത്തുകളി നടത്തിയെന്ന ആരോപണം മുഹമ്മദ് അസറുദ്ദീന്‍റെ പേരിൽ മാത്രം തെളിയിക്കപ്പെട്ടു. കപിലിന്‍റെ ശിഷ്യനായി അറിയപ്പെട്ടിരുന്ന അജയ് ജഡേജയ്ക്കും, ഇന്ത്യയുടെ അതുവരെയുള്ള ഏറ്റവും മികച്ച സ്വിങ് ബൗളർ മനോജ് പ്രഭാകറിനും, ഫസ്റ്റ് ക്ലാസ് ക്രിക്കറ്ററായിരുന്ന അജയ് ശർമയ്ക്കും, ഇന്ത്യൻ ടീം ഫിസിയോ അലി ഇറാനിക്കും വാതുവയ്പ്പുകാരുമായുണ്ടായിരുന്ന ബന്ധവും തെളിയിക്കപ്പെട്ടു. വിലക്കുകൾ വന്നു.
വിലക്കിനെതിരേ കോടതിയെ സമീപിച്ച ജഡേജ സിനിമയിൽ ഭാഗ്യപരീക്ഷണം തുടങ്ങിക്കഴിഞ്ഞിരുന്നു. പക്ഷേ, മാധുരി ദീക്ഷിതിനെപ്പോലും മോഹിപ്പിച്ച മനോഹരമായ ആ പഴയ ചിരിക്ക് അപ്പോഴേക്കും ആരാധകർ വല്ലാതെ കുറഞ്ഞു പോയിരുന്നു. ഡൽഹി ഹൈക്കോടതി കേസെടുത്തപ്പോൾ ജഡേജയ്ക്കു വേണ്ടി ഹാജരാകാനും ആരുമെത്തിയില്ല. പിന്നീട് ശിക്ഷയിൽ ഇളവ് നൽകിയ മജിസ്ട്രേറ്റ് കോടതി, ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ അനുമതി നൽകിയെങ്കിലും, ക്രിക്കറ്റർ എന്ന നിലയിൽ കരിയർ മുന്നോട്ടു കൊണ്ടുപോകാനുള്ള പ്രായം കടന്നുപോയിരുന്നു അയാൾക്ക്.
ചുരുങ്ങിയ പക്ഷം ഏകദിന ക്രിക്കറ്റിലെങ്കിലും ഇന്ത്യയെ നയിക്കുമെന്നു പ്രതീക്ഷിക്കപ്പെട്ട ജഡേജയുടെ കരിയർ അതോടെ അവസാനിച്ചു. ഒരുപക്ഷേ, ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഏകദിന ക്യാപ്റ്റനാകേണ്ടിയിരുന്നയാൾക്ക് അതിനു സാധിക്കാതെ പോകാൻ കാരണം പ്രഭാകർ ആയിരുന്നോ, അതോ സ്വന്തം ചെയ്തികൾ തന്നെയായിരുന്നോ എന്ന് കാലം തെളിയിക്കട്ടെ. അതു തെളിയും വരെ, അഫ്ഗാനിസ്ഥാൻ ലോകകപ്പ് നേടിയാൽപ്പോലും ജഡേജ ഒരു പരിധിക്കപ്പുറം ആഘോഷിക്കപ്പെടാനും പോകുന്നില്ല.