മെല്‍ബണ്‍: തനിക്ക് 'പാർക്കിൻസൺസ്' രോഗമാണെന്ന് വെളിപ്പെടുത്തി ഓസ്‌ട്രേലിയയുടെ ക്രിക്കറ്റ് ഇതിഹാഹാസ താരം അലൻ ബോർഡർ. ന്യൂസ്‌കോര്‍പ്പ് എന്ന ഓസ്‌ട്രേലിയന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബോര്‍ഡര്‍ തൻ്റെ രോഗാവസ്ഥയെക്കുറിച്ച് പറഞ്ഞത്.
'2016ൽ ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം ഒരു ന്യൂറോ സര്‍ജനെ കണ്ടു. അദ്ദേഹം എനിക്ക് പാര്‍ക്കിന്‍സണ്‍സ് രോഗമാണെന്ന് പറഞ്ഞു. ഇതിൻ്റെ പേരില്‍ ആരും എന്നോട് അനുകമ്പ കാണിക്കുന്നതില്‍ എനിക്ക് താത്പര്യമില്ല. അതിനാൽ ‘ഈ രോഗവിവരം സ്വകാര്യമായിരിക്കാൻ ഇത്രയും കാലം ഞാനാഗ്രഹിച്ചു. എനിക്ക് പേടിയില്ല. ഈ മാസം എനിക്ക് 68 വയസ് തികയും. 80 വയസ്സുവരെ ജീവിച്ചിരിക്കാൻ സാധിച്ചാൽ അതൊരു അത്ഭുതമായിരിക്കും.' എന്നാണ് അലൻ ബോർഡർ അഭിമുഖത്തിൽ പറഞ്ഞത്.
1987-ല്‍ ഓസ്‌ട്രേലിയയ്ക്ക് ക്രിക്കറ്റ് ലോകകപ്പ് നേടിക്കൊടുത്ത നായകനാണ് അലൻ ബോർഡർ. ഇതിൻ്റെ ആദരസൂചകമായാണ് ഇന്ത്യ – ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്കു ബോർഡർ – ഗാവസ്കർ ട്രോഫി എന്നു പേരുവന്നത്. ഓസ്ട്രേലിയയിലെ ഏറ്റവും മികച്ച പുരുഷ ക്രിക്കറ്റർക്കുള്ള വാർഷിക പുരസ്കാരത്തിൻ്റെ പേര് അലൻ ബോർഡർ മെഡൽ എന്നാണ്.
ഓസ്‌ട്രേലിയയ്ക്ക് വേണ്ടി 156 ടെസ്റ്റുകള്‍ കളിച്ച താരം 11174 റണ്‍സെടുത്തിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായി 11000 റണ്‍സ് തികച്ച താരവും ബോര്‍ഡറാണ്. 273 ഏകദിനങ്ങള്‍ കളിച്ച താരം 6524 റണ്‍സെടുത്തിട്ടുണ്ട്. വിരമിച്ച ശേഷം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിൻ്റെ സെലക്ടറായും പിന്നീട് കമന്‍റേറ്ററായും പ്രവര്‍ത്തിച്ചു.
എന്താണ് പാർക്കിൻസൺസ് രോഗം
മസ്തിഷ്കത്തിന്റെ ചില പ്രത്യേക ഭാഗങ്ങളിലെ കോശങ്ങളിൽ ആല്ഫാ സിന്യൂക്ലിൻ എന്ന് പേരുള്ള ഒരുതരം മാംസ്യം ഉറഞ്ഞുകൂടി സൃഷ്ടിക്കപ്പെടുന്ന "ലൂയിവസ്തുക്കൾ" (Lewy bodies) അടിയുന്നതിനെത്തുടർന്ന് നാഡികൾക്ക് വ്യാപകമായി ക്ഷയമുണ്ടാകുന്ന ഒരു ചലനരോഗമാണ് പാർക്കിൻസൺസ് രോഗം.
പാർക്കിൻസൺസ് രോഗത്തിൻ്റെ ലക്ഷണങ്ങൾ
ശരീരഭാഗങ്ങൾക്ക് വിറയലുണ്ടാകുക (tremor),
പേശികൾക്ക് അയവില്ലാതാകുന്നതുമൂലം ശരീരഭാഗങ്ങളിൽ അസാധാരണമാം വിധം ദാർഢ്യം കാണപ്പെടുക(rigidity)
ശരീരത്തിൻ്റെ ചലനശേഷി കുറഞ്ഞുവരിക (bradykinesia)