അങ്കമാലി: മാലദ്വീപിൽ നടത്തിയ ലോക ബോഡി ബിൽഡിങ് മത്സരത്തിൽ മാസ്റ്റേഴ്‌സ് വിഭാഗത്തിൽ അങ്കമാലി സ്വദേശി ഡോ. പീറ്റർ ജോസഫ് ഇന്ത്യയ്ക്കു വേണ്ടി വെള്ളി മെഡൽ നേടി. കഴിഞ്ഞ വർഷം ദക്ഷിണ കൊറിയയിൽ നടത്തിയ ഇതേ ചാംപ്യൻഷിപ്പിൽ ഇദ്ദേഹം സ്വർണ മെഡൽ ജേതാവായിരുന്നു. മറ്റൊരു മത്സര ഇനമായ ഭാരോദ്വഹനത്തിലും 2019ൽ യുഎസിൽ നടത്തിയ ലോകമത്സരത്തിൽ ഇന്ത്യക്കുവേണ്ടി സ്വർണ മെഡൽ നേടിയിട്ടുണ്ട്. ഭാരോദ്വഹനത്തിലും ബോഡി ബിൽഡിങ്ങിലും ലോകചാംപ്യനായിട്ടുള്ള ലോകത്തെ ഏക വ്യക്തി ഇദ്ദേഹമാണ്.
യുഎസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഫിറ്റ്നസ് പരിശീലനത്തിൽ ഓണററി ഡോക്ടറേറ്റ് നേടിയിട്ടുള്ള ഇദ്ദേഹം ബോഡി ബിൽഡിങ് മത്സരത്തിൽ 5 തവണ മിസ്റ്റർ ഇന്ത്യ, 2 തവണ മിസ്റ്റർ ഇന്ത്യൻ റെയിൽവേ എന്നീ പദവികളും കരസ്ഥമാക്കിയിട്ടുണ്ട്. 2023 കാഠ്മണ്ഡുവിലെ മാസ്റ്റേഴ്‌സ് മിസ്റ്റർ ഏഷ്യ (സ്വർണം), ദക്ഷിണ കൊറിയയിൽ 2023 മാസ്റ്റേഴ്‌സ് മിസ്റ്റർ വേൾഡ് (സ്വർണം), 2019ൽ യുഎസിൽ ഭാരോദ്വഹനത്തിൽ വേൾഡ് മാസ്റ്റേഴ്‌സ് (സ്വർണം), തായ്‌ലൻഡിൽ 2012 ലോക മാസ്റ്റേഴ്‌സ് ബോഡിബിൽഡിങ്ങിൽ (വെങ്കലം), ഗ്രീസിൽ 2017 ലോക ബോഡിബിൽഡിങ് (വെങ്കലം) എന്നിങ്ങനെ വിജയങ്ങളും നേടി.
കാലടി കൊറ്റമം ജന്മദേശമായ ഡോ. പീറ്റർ 19-ാം വയസിൽ കേരള സർവകലാശാലയിൽ ഭാരോദ്വഹനത്തിൽ സ്വർണമെഡൽ നേടിയാണ് കാലടി ശ്രീശങ്കര കോളെജിൽ നിന്ന് കായിക ജീവിതം ആരംഭിച്ചത്. ആലുവ യുസി കോളെജിൽ ബിരുദാനന്തര ബിരുദം നേടിയപ്പോൾ കേരള യൂണിവേഴ്സിറ്റി ബോഡി ബിൽഡിങ് സ്വർണ മെഡൽ നേടിയിരുന്നു.
റെയിൽവേ ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം വിആർഎസ് എടുത്ത് മത്സരത്തിൽ പ്രത്യേകം ശ്രദ്ധിച്ചാണ് ഈ നേട്ടങ്ങൾ കൈവരിച്ചത്. ഇദ്ദേഹം കണ്ടുപിടിച്ച മാജിക് ജിം എന്ന എക്‌സർസൈസ് മെഷീന് കഴിഞ്ഞ വർഷം പേറ്റന്‍റ് ലഭിച്ചിരുന്നു. എക്‌സർസൈസ് മെഷീന് പേറ്റന്‍റ് ലഭിച്ചിട്ടുള്ള ഏക മലയാളിയാണ്. ഈ മെഷീനിന്‍റെ നിർമാണവും വിൽപ്പനയും നടത്തിവരുന്നു. അങ്കമാലി ലീഹാൻസ് ജിമ്മിന്‍റെ ഉടമ കൂടിയാണ്.
ഭാര്യ: ബിസ പീറ്റർ (നൈപുണ്യ സ്കൂൾ അധ്യാപിക). മക്കൾ: മരിയ (ന്യൂസിലൻഡ്), എൽസ ഗ്രേസ് (വിദ്യാർഥിനി - ന്യൂസിലാൻഡ്), ലിയാൻ (വിദ്യാർഥി - ജർമനി).