കോപ്പ അമേരിക്ക: അർജന്‍റീനയ്ക്കു മുന്നിൽ കൊളംബിയൻ കടമ്പ

രണ്ടാം പകുതിയിൽ പത്തു പേരുമായി കളിച്ച കൊളംബിയ സെമി ഫൈനലിൽ ഉറുഗ്വെയെ വീഴ്ത്തിയത് ഏകപക്ഷീയമായ ഒരു ഗോളിന്
Argentina vs Columbia final in Copa America 2024
കൊളംബിയൻ താരം ജെഫേഴ്സൺ ലെർമയുടെ ഗോൾ ആഘോഷം.
Updated on

ന്യൂജേഴ്‌സി: തുടരെ രണ്ടാം വട്ടം കോപ്പ അമേരിക്ക സ്വന്തമാക്കാൻ അർജന്‍റീനയ്ക്കു മുന്നിൽ പ്രതിബന്ധമായി ഇനി കൊളംബിയ മാത്രം. സെമി ഫൈനലിൽ ഉറുഗ്വേയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് ഫൈനലിൽ ലോക ജേതാക്കളെ നേരിടാൻ കൊളംബിയ യോഗ്യത നേടിയിരിക്കുന്നത്; അതും രണ്ടാം പകുതി മുഴുവൻ പത്തു പേരുമായി കളിച്ചിട്ടും.

39ാം മിനിറ്റിലാണ് മത്സരത്തിലെ ഏക ഗോൾ പിറക്കുന്നത്. ജെഫേഴ്‌സൺ ലെർമ കൊളംബിയയുടെ വീരനായകനായി. സൂപ്പര്‍ താരം ജയിംസ് റോഡ്രിഗസിന്‍റെ പാസിൽ നിന്നായിരുന്നു ലെർമയുടെ ഗോൾ. കൊളംബിയയ്ക്ക് അനുകൂലമായി ലഭിച്ച കോര്‍ണര്‍ റോഡ്രിഗസ് പെനാല്‍റ്റി ബോക്‌സിലേക്ക് ഉയർത്തിക്കൊടുത്തത്, ലെർമ കൃത്യമായി വലയിലേക്ക് ഹെഡ് ചെയ്യുകയായിരുന്നു.

ഏറെക്കാലമായി മോശം ഫോമിലായിരുന്ന റോഡ്രിഗസ് ടൂര്‍ണമെന്‍റില്‍ നൽകുന്ന ആറാമത്തെ അസിസ്റ്റായിരുന്നു ഇത്. ഒരു കോപ്പ അമേരിക്ക ടൂര്‍ണമെന്‍റില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് നേടുന്ന താരമെന്ന റെക്കോര്‍ഡും ഇതോടെ റോഡ്രിഗസ് സ്വന്തം പേരിലാക്കി. 2021ൽ അർജന്‍റൈൻ ഇതിഹാസം ലയണൽ മെസി കുറിച്ച് അഞ്ച് അസിസ്റ്റിന്‍റെ റെക്കോഡാണ് പഴങ്കഥയായത്.

ആദ്യപകുതിയുടെ അധികസമയത്ത് ഡാനിയല്‍ മുനോസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെയാണ് കൊളംബിയ പത്തു പേരായി ചുരുങ്ങിയത്. ഉഗാര്‍ട്ടയുടെ നെഞ്ചില്‍ കൈമുട്ട് കൊണ്ട് ഇടിച്ചപ്പോൾ മുനോസിനു കിട്ടിയ രണ്ടാമത്തെ മഞ്ഞക്കാർഡാണ് ഫലത്തിൽ ചുവപ്പായി മാറിയത്. 31-ാം മിനിറ്റില്‍ അരോജോയെ ഫൗള്‍ ചെയ്തതിന് മുനോസ് നേരത്തെ ഒരു മഞ്ഞക്കാര്‍ഡ് വഴങ്ങിയിരുന്നു.

Trending

No stories found.

Latest News

No stories found.