കൊച്ചി: ബ്ലൂടൈഗേഴ്സ് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് പ്രീമിയര്‍ ലീഗില്‍ സെഞ്ചുറി നേട്ടവുമായി കൊച്ചിന് സൂപ്പര്‍ കിങ്സ് താരം അര്ജുന് നന്ദകുമാര്‍. ബ്ലൂടൈഗേഴ്സിന്റെ ആഭിമുഖ്യത്തില്‍ സെലിബ്രിറ്റി ക്രിക്കറ്റേഴ്സ് ഫ്രറ്റേണിറ്റി രാജഗിരി കോളജ് ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന ലീഗില്‍ സുവി സ്ട്രൈക്കേഴ്സിനെതിരേയാണ് അര്ജുന് സെഞ്ചുറി കരസ്ഥമാക്കിയത്.
47 പന്തില്‍ മൂന്നക്ക സ്കോറിലെത്തിയ അർജുൻ നോട്ടൗട്ടായിരുന്നു. 14 ഫോറും നാല് സിക്സും ഉള്‍പ്പെടുന്നതാണ് അര്‍ജുന്റെ ഇന്നിങ്സ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ കിംഗ്സ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ സുവി സ്ട്രൈക്കേഴ്സിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. 43 റണ്‍സെടുത്ത വി.ആർ. രാഹുലാണ് സുവി സ്ട്രൈക്കേഴ്സിന്റെ ടോപ് സ്കോറര്‍. സൂപ്പര്‍ കിങ്സിനു വേണ്ടി ഇന്ദ്രജിത്ത് രമേശ് മൂന്ന് വിക്കറ്റും നിതിന്‍ ഹരി രണ്ട് വിക്കറ്റും വീഴ്ത്തി.
മറ്റൊരു മത്സരത്തില്‍ ഇസിസി ഐഡിയാസും ക്ലബ് ടീം പ്രൊഡ്യൂസേഴ്സും കൊമ്പുകോര്‍ത്തു. മത്സരത്തില്‍ ഇസിസി 22 റണ്‍സിന് ജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇസിസി നിശ്ചിത ഓവറില്‍ ഉയര്‍ത്തിയ 114 റണ്‍സ് മറികടക്കാന്‍ ബാറ്റ് ചെയ്ത ക്ലബ് ടീമിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 44 റണ്‍സെടുത്ത സജേഷ് സുന്ദറാണ് ഇസിസിയുടെ ടോപ് സ്കോറര്‍. ഇസിസിക്കുവേണ്ടി പ്രഭിരാജ് നാലു വിക്കറ്റും അരുണ്‍ ബെന്നി, ഫിറോസ്, അഖില്‍ മാരാര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.