ഓൾറൗണ്ടർമാർക്കായി പ്രത്യേക ബിസിസിഐ ക്യാമ്പ്; ടെൻഡുൽക്കറുടെ മകനും ക്ഷണം

അർജുൻ ടെൻഡുൽക്കറെ തെരഞ്ഞെടുത്തത് ബാറ്റിങ് / ബൗളിങ് സ്റ്റാറ്റിസ്റ്റിക്സ് മാത്രം പരിഗണിച്ചല്ലെന്നും, കഴിവ് കൂടി നോക്കിയാണെന്നുമാണ് ബിസിസിഐ അധികൃതർ അനൗദ്യോഗികമായി നൽകുന്ന വിശദീകരണം
ഓൾറൗണ്ടർമാർക്കായി പ്രത്യേക ബിസിസിഐ ക്യാമ്പ്; ടെൻഡുൽക്കറുടെ മകനും ക്ഷണം
Updated on

മുംബൈ: ഒന്നിലധികം മേഖലകളിൽ ശോഭിക്കാൻ കഴിയുന്ന ക്രിക്കറ്റ് താരങ്ങളെ കണ്ടെത്തി ദേശീയ ടീമിൽ കളിക്കാൻ സന്നദ്ധരാക്കാനുള്ള ഫാസ്റ്റ് ട്രാക്ക് പദ്ധതിയുടെ ഭാഗമായി ബിസിസിഐ ഇരുപത് ഓൾറൗണ്ടർമാരെ തെരഞ്ഞെടുത്ത് നാഷണൽ ക്രിക്കറ്റ് അക്കാഡമിയിലേക്ക് അയയ്ക്കുന്നു.

സച്ചിൻ ടെൻഡുൽക്കറുടെ മകൻ അർജുൻ ടെൻഡുൽക്കറുടേതാണ് പട്ടികയിലെ അപ്രതീക്ഷിത പേര്. ഏഴ് ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച അർജുന്‍റെ ബൗളിങ് ശരാശരി 45, ബാറ്റിങ് ശരാശരി 24 എന്നിങ്ങനെയാണ്. മുംബൈ ടീമിൽ സ്ഥാനമുറപ്പില്ലാത്ത സാഹചര്യത്തിൽ കഴിഞ്ഞ ആഭ്യന്തര സീസണിൽ അർജുൻ ഗോവയിലേക്കു മാറിയിരുന്നു. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് സ്ഥിരമായി ലേലത്തിൽ വിളിച്ചെടുക്കാറുണ്ടെങ്കിലും ഈ സീസണിൽ മാത്രമാണ് അരങ്ങേറ്റത്തിന് അവസരം കിട്ടിയത്. മൂന്നു മത്സരങ്ങളിൽ അവസരം കിട്ടിയെങ്കിലും മുതലാക്കാനായില്ല.

എൻസിഎ അധ്യക്ഷൻ വി.വി.എസ്. ലക്ഷ്മണിന്‍റെ മേൽനോട്ടത്തിലായിരിക്കും ക്യാംപ്. ശിവസുന്ദർ ദാസിന്‍റെ അധ്യക്ഷതയിലുള്ള സെലക്ഷൻ കമ്മിറ്റി തന്നെയാണ് ക്യാംപിൽ പങ്കെടുക്കാനുള്ള ഇരുപതു പേരെയും തെരഞ്ഞെടുത്തതെന്നാണ് വിവരം.

സൗരാഷ്‌ട്രയുടെ ഇടങ്കയ്യൻ സീമറും ഹാർഡ് ഹിറ്റിങ് ബാറ്ററുമായ ചേതൻ സക്കറിയ, പഞ്ചാബിന്‍റെ ഇടങ്കയ്യൻ ഓപ്പണറും സ്പിന്നറുമായി അഭിഷേക് ശർമ, ഗോവയുടെ ഓഫ് സ്പിന്നർ ഓൾറൗണ്ടർ മോഹിത് റെദ്കർ, രാജസ്ഥാന്‍റെ മാനവ് സുതർ തുടങ്ങിയവരും സംഘത്തിലുണ്ട്. ഡൽഹിയിൽ നിന്ന് രണ്ടു പേരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത് - ഹർഷിത് റാണയും ദിവിജ് മെഹ്റയും. ആഭ്യന്തര ക്രിക്കറ്റിലെയും ഏജ് ഗ്രൂപ്പ് ക്രിക്കറ്റിലെയും മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

അതേസമയം, അർജുൻ ടെൻഡുൽക്കറെ തെരഞ്ഞെടുത്തത് ബാറ്റിങ് / ബൗളിങ് സ്റ്റാറ്റിസ്റ്റിക്സ് മാത്രം പരിഗണിച്ചല്ലെന്നും, കഴിവ് കൂടി നോക്കിയാണെന്നുമാണ് ബിസിസിഐ അധികൃതർ അനൗദ്യോഗികമായി നൽകുന്ന വിശദീകരണം.

''അവന് 23 വയസായിട്ടുള്ളൂ, ഇനിയും മെച്ചപ്പെടാൻ അവസരമുണ്ട്'', പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മുതിർന്ന ബിസിസിഐ അംഗം പറഞ്ഞു.

എമെർജിങ് പ്ലെയേഴ്സ് ഏഷ്യ കപ്പിനുള്ള ടീം തെരഞ്ഞെടുക്കുന്നതിലും ഈ ക്യാംപിലെ പ്രകടനങ്ങൾ മാനദണ്ഡമാക്കുമെന്നാണ് സൂചന.

അർജുനെ ക്യാംപിലേക്ക് തെരഞ്ഞെടുത്തതായി ഗോവ ക്രിക്കറ്റ് അസോസിയേഷനും സ്ഥിരീകരിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.