#AshaTheHopeJoy

രണ്ട് വിക്കറ്റ് വീഴ്ത്തിയ രണ്ടാമത്തെ ഓവര്‍, മൂന്ന് വിക്കറ്റ് പിഴുത മൂന്നാമത്തെ ഓവര്‍
#AshaTheHopeJoy
Updated on

ശോഭന ആശ എന്ന പേരില്‍ ക്രിക്കറ്റ് ലോകം തിരിച്ചറിഞ്ഞു തുടങ്ങിയ തിരുവനന്തപുരംകാരി ആശയുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ AshaTheHopeJoy എന്നു വായിക്കാം. പ്രതിഭാസമ്പന്നമായ ടീമുണ്ടായിട്ടും വലിയ നേട്ടങ്ങള്‍ കൈവരിക്കാനാവാത്ത ടീമെന്ന ദുഷ്‌പേര് പുരുഷന്‍മാരുടെയും വനിതകളുടെയും ഐപിഎല്ലില്‍ സമ്പാദിച്ചുകഴിഞ്ഞ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ പ്രതീക്ഷയാണ് ഇപ്പോള്‍ ഈ ലെഗ് സ്പിന്നര്‍. യുപി വാരിയേഴ്‌സിനോടു തോല്‍ക്കുമെന്നുറപ്പിച്ച രണ്ടു ഘട്ടങ്ങളിലാണ് വിമെന്‍സ് പ്രീമിയര്‍ ലീഗില്‍ ആശ ഒറ്റയ്ക്ക് ആര്‍സിബിയെ മത്സരത്തിലേക്കു തിരിച്ചുകൊണ്ടുവന്നത്. രണ്ട് വിക്കറ്റ് വീഴ്ത്തിയ രണ്ടാമത്തെ ഓവര്‍, മൂന്ന് വിക്കറ്റ് പിഴുത മൂന്നാമത്തെ ഓവര്‍.

ഇതോടെ ട്വന്‍റി20 ക്രിക്കറ്റില്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരി എന്ന റെക്കോഡ് കൂടിയാണ് ആശ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്.

പതിറ്റാണ്ട് പിന്നിട്ട പരിചയസമ്പത്ത്

രേണുക സിങ്ങും എല്ലിസ് പെറിയും അടക്കം ലോകോത്തര ബൗളര്‍മാര്‍ ഉള്‍പ്പെട്ട ആര്‍സിബി നിരയില്‍ അന്താരാഷ്ട്ര മത്സരം കളിച്ചിട്ടില്ലാത്ത ഒരേയൊരു ബൗളര്‍ ആശയായിരുന്നു.

ഡബ്ല്യുബിഎല്ലില്‍ ഇതു രണ്ടാമത്തെ മാത്രം സീസണ്‍. കഴിഞ്ഞ സീസണില്‍ അഞ്ച് മത്സരങ്ങള്‍ക്കിറങ്ങി, അഞ്ച് വിക്കറ്റും നേടി. അതിഗംഭീരം എന്നു വിശേഷിപ്പിക്കാന്‍ ഒന്നുമില്ലാതിരുന്നിട്ടും ആര്‍സിബി ടീമില്‍ നിലനിര്‍ത്തിയതിനുള്ള പ്രത്യുപകാരം ആശ ചെയ്തു, ആദ്യ മത്സരത്തില്‍ നേടിക്കൊടുത്ത അപ്രതീക്ഷിത വിജയത്തിലൂടെ.അന്താരാഷ്ട്ര പരിചയമില്ലെങ്കിലും, ആശയുടെ പരിചയസമ്പത്ത് വലുതാണെന്നാണ് മത്സര ശേഷം ആര്‍സിബി ക്യാപ്റ്റന്‍ സ്മൃതി മന്ഥന പറഞ്ഞത്.

പന്ത്രണ്ട് വര്‍ഷത്തോളമായി ആഭ്യന്തര ക്രിക്കറ്റില്‍ സജീവമാണ് ആശ.ആശയുടെ നിരാശകള്‍തിരുവനന്തപുരത്തു ജനിച്ചു വളര്‍ന്ന ആശ തിരുവനന്തപുരം ജില്ലാ ടീമിലെ പ്രകടനത്തിലൂടെ കേരള വനിതാ ടീമിലും ഇടം പിടിച്ചെങ്കിലും അധികം അവസരങ്ങള്‍ കിട്ടിയില്ല. ഇതിനിടെയാണ് സ്ഥിരം ജോലി എന്ന ലക്ഷ്യവും, ഒപ്പം ക്രിക്കറ്റ് എന്ന മോഹവുമായി റെയില്‍വേസിലേക്കു പോകുന്നത്. പത്തു വര്‍ഷം റെയില്‍വേസ് ടീമില്‍ കളിച്ചിട്ടും ജീവിതം പുരോഗമിക്കുന്നില്ലെന്നു തോന്നിയപ്പോഴാണ് പുതുച്ചേരി ടീമിലേക്കുള്ള മാറ്റം.

ടീമിലെത്തിയ പാടേ യുവനിരയുടെ ക്യാപ്റ്റന്‍സിയാണ് മാനേജ്‌മെന്‍റ് വച്ചു നീട്ടിയത്. ആശ മോശമാക്കിയില്ലെങ്കിലും ടീമിന്‍റെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല. അതോടെ ക്യാപ്റ്റന്‍സിയും കൈമോശം വന്നു.

പ്രതീക്ഷയോടെ മുന്നോട്ട്

പുതുച്ചേരിക്കു വേണ്ടി കളിച്ചിരുന്ന കാലത്താണ് ആശയുടെ പ്രകടനം ആര്‍സിബി ടാലന്‍റ് സ്‌കൗട്ടിന്‍റെ ശ്രദ്ധയില്‍പ്പെടുന്നത്.

ലേലത്തില്‍ പത്ത് ലക്ഷം രൂപയ്ക്ക് ആശയെ അവര്‍ ടീമിലെടുക്കുകയും ചെയ്തു. ചെന്നൈയില്‍ മുന്‍ ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ എല്‍. ശിവരാമകൃഷ്ണന്‍റെ മേല്‍നോട്ടത്തില്‍ നടത്തിയ പരിശീലനവും ഗുണം ചെയ്തു. ഒടുവില്‍, ഈ മുപ്പത്തിരണ്ടാം വയസില്‍ ആശ തന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയത്തിന്‍റെ ആഹ്ലാദത്തിലാണ്.'

'ഒത്തിരി കഷ്ടപ്പെട്ടു, ഒത്തിരി അധ്വാനിച്ചു, ഒടുവില്‍ ഈ വിജയം മധുരതരമാണ്'', പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് ആശ പറഞ്ഞ വാക്കുകളില്‍ ആ ജീവിതയാത്രയുടെ കയ്പ്പും മധുരവും മുഴുവന്‍ നിറച്ചുവച്ചിട്ടുണ്ടായിരുന്നു.

Trending

No stories found.

Latest News

No stories found.