കൊളംബൊ: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ നേപ്പാളിനെ 10 വിക്കറ്റിന് തകർത്ത് ഇന്ത്യ. തകർപ്പൻ ജയത്തോടെ ഇന്ത്യ സൂപ്പർ ഫോറിൽ പ്രവേശിച്ചു. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയുടേയും ശുഭ്മാന്‍ ഗില്ലിൻ്റെയും അര്‍ധസെഞ്ച്വറി പ്രകടനമാണ് ഇന്ത്യയ്ക്ക് മികച്ച വിജയം നേടിക്കൊടുത്തത്.
231 റണ്‍സ് വിജയലക്ഷ്യം തേടി ഇറങ്ങിയ ഇന്ത്യ 2 ഓവർ പിന്നിട്ടതും രസംകൊല്ലിയായി മഴ കളിമുടക്കി. പിന്നീട് 23 ഓവറില്‍ 145 റണ്‍സായി വിജയ ലക്ഷ്യം വെട്ടിക്കുറച്ചു. മത്സരം വീണ്ടും ആരംഭിച്ചതോടെ രോഹിതും ഗില്ലും തകർത്തടിക്കുകയായിരുന്നു. 20.1 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ ലക്ഷ്യം കണ്ടു. രോഹിത് ശര്‍മയാണ് മാന്‍ ഓഫ് ദ മാച്ച്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ നേപ്പാള്‍ 48.2 ഓവറില്‍ 230ന് പുറത്തായി. നേപ്പാളിനായി ആസിഫ് ഷെയ്ഖ് (58), സോംപാല്‍ കാമി (48) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് മൂന്ന് വിക്കറ്റ് വീതമുണ്ട്. മഴയെത്തുടര്‍ന്ന് മത്സരം ഇടയ്ക്ക് തടസപ്പെട്ടിരുന്നു. ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ പിഴവുകള്‍ നേപ്പാളിനെ സഹായിക്കുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ കുശാല്‍ ഭര്‍ട്ടല്‍ (38) ആസിഫ് സഖ്യം 65 റണ്‍സ് കൂട്ടിചേര്‍ത്തു. ഭര്‍ട്ടലിനെ പുറത്താക്കി ഷാര്‍ദുല്‍ താക്കൂര്‍ ആണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്.
പിന്നീടെത്തിയ ഭീം ഷര്‍ക്കി (7), ക്യാപ്റ്റന്‍ രോഹിത് പൗഡേല്‍ (5), കുശാല്‍ മല്ല (2) എന്നവര്‍ക്ക് തിളങ്ങാനായില്ല. മൂവരേയും ജഡേജ മടക്കി. ആസിഫിനെ മുഹമ്മദ് സിറാജ് പുറത്താക്കി. വിരാട് കോലിക്കായിരുന്നു ക്യാച്ച്. 23 റണ്‍സെടുത്ത ശേഷം ഗുല്‍ഷന്‍ ജായും പവലിയനില്‍ തിരിച്ചെത്തി. ഇതോടെ ആറിന് 144 എന്ന നിലയിലായി നേപ്പാള്‍. തുടര്‍ന്ന് ദിപേന്ദ്ര - സോംപാല്‍ സഖ്യം 34 കൂട്ടിചേര്‍ത്തു. ഇതിനിടെ മഴയെത്തുകയായിരുന്നു. മഴയ്ക്ക് ശേഷം ദിപേന്ദ്ര മടങ്ങിയെങ്കിലും വാലറ്റത്തെ കൂട്ടുപിടിച്ച് സോംപാല്‍ നേപ്പാളിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചു.