കൊളംബോ: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഫൈനലില്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. മഴഭീഷണി നിലനില്‍ക്കേയാണ് ഏഷ്യയിലെ ഏറ്റവും മികച്ച രണ്ട് ടീമുകള്‍ മത്സരത്തിന് കോപ്പുകൂട്ടുന്നത്. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നിനാണ് മത്സരം. ഇന്നു മത്സരം നടന്നില്ലെങ്കില്‍ നാളെ റിസര്‍വ് ദിനത്തില്‍ ഫൈനല്‍ നടക്കും. ഫൈനലിനായി തയാറെടുത്തതായി ഇരു ടീമിന്റെയും നായകര്‍ അറിയിച്ചു.
ബംഗ്ലാദേശിനെതിരായ അപ്രസക്തമായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പരാജയപ്പെട്ട ശേഷമാണ് ഇന്ത്യ വരുന്നതെങ്കില്‍ പാക്കിസ്ഥാനെ അവിശ്വസനീയ പ്രകടനത്തിലൂടെ പരാജയപ്പെടുത്തിയാണ് ഇന്ത്യ എത്തുന്നത്. ചരിത് അസലെങ്കയുടെ മികച്ച ബാറ്റിങ്ങാണ് ജയമൊരുക്കിയത്. ഇന്ത്യന്‍ ടീമില്‍ കഴിഞ്ഞ മത്സരത്തില്‍നിന്ന് മാറ്റങ്ങളുണ്ടാകാം. ഫൈനലുറപ്പിച്ചതിനാല്‍ ശ്രീലങ്കക്കെതിരെ കളിച്ച ടീമില്‍ ഞ്ച് മാറ്റങ്ങളുമായാണ് സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെതിരെ ഇറങ്ങിയത്.
വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ഷാര്‍ദ്ദുല്‍ താക്കൂര്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് ഷമി എന്നിവരാണ് ഇന്ത്യയുടെ അന്തിമ ഇലവനിലെത്തിയത്.
എന്നാല്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ ആറ് റണ്‍സിന്റെ അപ്രതീക്ഷിത തോല്‍വി വഴങ്ങിയതിന് പിന്നാലെ പ്രധാന താരങ്ങള്‍ക്ക് വിശ്രമം നല്‍കാനുള്ള ഇന്ത്യന്‍ ടീമിന്റെ തീരുമാനമാണ് തോല്‍വിക്ക് കാരണമെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഓപ്പണിംഗില്‍ ശുഭ്മാന്‍ ഗില്ലിന്റെ മിന്നും ഫോം ഇന്ത്യക്ക് പ്രതീക്ഷ നല്കുമ്പോള് ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് ബംഗ്ലാദേശിനെതിരായ നിരാശ മറികടക്കേണ്ടതുണ്ട്. തിലക് വര്‍മ നിരാശപ്പെടുത്തിയ സാഹചര്യത്തില്‍ മൂന്നാം നമ്പറില്‍ വിരാട് കോലി തിരിച്ചെത്തുമെന്നുറപ്പാണ്.
കെ എല്‍ രാഹുലും ഇഷാന് കിഷനും നാലാം നമ്പറിലും അഞ്ചാം നമ്പറിലും തുടരും. ആറാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവാണ് പ്രതീക്ഷിക്കുന്ന മറ്റൊരു മാറ്റം.ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജ തുടരുമ്പോള്‍ ഷാര്‍ദ്ദുല്‍ താക്കൂറിന് പകരം വാഷിംഗ്ടണ്‍ സുന്ദര്‍ നാളെ ടിമിലെത്തിയേക്കും.
ലങ്കന്‍ ബാറ്റിംഗ് നിരയിലെ ഇടം കൈയന്മാരുടെ സാന്നിധ്യമാണ് ഷാര്‍ദ്ദുലിന് പകരം ഓഫ് സ്പിന്നറായ വാഷിംഗ്ടണ്‍ സുന്ദറിനും അവസരം നല്കാന് ടീം മാനേജ്മെന്റിനെ പ്രേരിപ്പിക്കുന്നത്. കുല്‍ദീപ് യാദവ് അക്സറിന് പകരം ടീമില്‍ തിരിച്ചെത്തുമ്പോള്‍ പേസര്‍ ജസ്പ്രീത് ബുമ്രയും ടീമില്‍ തിരിച്ചെത്തും. സിറാജ് തിരിച്ചെത്തിയാല്‍ ഷമി പുറത്താവും.ശ്രീലങ്കന്‍ നിരയിലേക്കു വന്നാല്‍, പാക്കിസ്ഥാനെതിരേ വിജയിച്ച ടീമില്‍നിന്നു കാര്യമായ മാറ്റം വരുത്താനിടയില്ല. പാക്കിസ്ഥാനെതിരേ വിജയിച്ചതോടെ വലിയ ആത്മവിശ്വാസത്തിലാണ് അവര്‍. പതും നിസങ്ക, ധനഞ്ജയ ഡിസില്‍വ, ദുനിത് വെലലാഗെ എന്നിവരിലാണ് ലങ്കയുെ പ്രതീക്ഷ. ബൗളിങ്ങില്‍ ഹസരങ്ക, ലാഹിരു കുമാര, ദിഷന് മധുശങ്ക, ദുസമന്ദ ചമീര എന്നിവരില്‍ രണ്ടുപേര്‍ തിളങ്ങിയാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ വിഷമത്തിലാകും.
വെലലാഗെ ഏഷ്യാ കപ്പില്‍ 10 വിക്കറ്റ് നേടി മികച്ച ഫോമിലാണെന്നു തെളിയിക്കുകയും ചെയ്തു. മികച്ച ഫോമിലുണ്ടായിരുന്ന മഹീഷ് തീക്ഷണ പരുക്കിനെത്തുടര്‍ന്ന് കളിക്കാത്തത് ലങ്കയ്ക്ക് തിരിച്ചടിയാണ്. എന്നിരുന്നാലും സ്വന്തം നാട്ടില്‍ നടക്കുന്ന ഫൈനലില്‍ ജയിക്കാനാകുമെന്നാണ് ലങ്കയുടെ വിശ്വാസം.
സാധ്യതാ ടീം
ഇന്ത്യരോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ.എല്‍. രാഹുല്‍, ഇഷാന് കിഷന്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ ഠാക്കുര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
മഴ പെയ്യാന്‍ 90 ശതമാനം സാധ്യത മുടങ്ങിയാൽ നാളെ പോരാട്ടം
ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയും ശ്രീലങ്കയും പോരാട്ടത്തിനിറങ്ങുമ്പോള്‍ മഴ വില്ലനാകുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. ഏഷ്യാ കപ്പിലെ ഭൂരിഭാഗം മത്സരങ്ങളിലും ആവേശം ചോര്‍ത്തി മഴ വില്ലനായി എത്തിയിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യ-പാക്കിസ്ഥാന് പോരാട്ടം മഴ മൂലം പൂര്‍ത്തിയാക്കാനാവാതെ ഉപേക്ഷിച്ചപ്പോള്‍ സൂപ്പര്‍ ഫോറിലെ ഇന്ത്യ-പാക്കിസ്ഥാന് പോരാട്ടത്തിന് മാത്രമായി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ റിസര്‍വ് ദിനം പ്രഖ്യാപിച്ചു. എന്നാല്‍ ഇന്ത്യ-പാക് മത്സരത്തിന് മാത്രം റിസര്‍വ് ദിനം പ്രഖ്യാപിച്ചത് വിമര്‍ശനത്തിന് കാരണമായെങ്കിലും റിസര്‍വ് ദിനത്തില്‍ പൂര്‍ത്തിയാക്കിയ മത്സരത്തില്‍ ഇന്ത്യ 228 റണ്‍സിന്റെ വമ്പന്‍ ജയം നേടി.
കൊളംബോയില്‍ വൈകിട്ട് മുതല്‍ രാത്രി വരെ മഴ പെയ്യാനുള്ള സാധ്യത 90 ശതമാനമാണ് പ്രവചിച്ചിരിക്കുന്നത്. കനത്ത കാറ്റും മഴയും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇതോടെ ഇന്നും മഴയുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്.
എന്നാല്‍ ഫൈനലിനും റിസര്‍വ് ദിനമുണ്ടത് എന്നത് ആശ്വാസകരമാണ്. ഫൈനലിന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ റിസര്‍വ് ദിനം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ മഴമൂലം മത്സരം മുടങ്ങിയാലും തിങ്കളാഴ്ച മത്സരം പുനരാരംഭിക്കും. എന്നാല്‍ റിസര്‍വ് ദിനമായ തിങ്കളാഴ്ചയും കൊളംബോയില്‍ മഴ പെയ്യാനുള്ള സാധ്യത 80 ശതമനമുണ്ട്, അങ്ങനെ വന്നാല്‍, മത്സരം ഉപേക്ഷിച്ച് ഇരുടീമിനെയും വിജയികളായി പ്രഖ്യാപിക്കും. 20 ഓവറെങ്കിലും ഇരുടീമിനും കളിക്കാനായാല്‍ വിയികളുണ്ടാകും.