കൊളംബൊ: ഏഷ്യാ കപ്പില്‍ നേപ്പാളിനെതിരായ മത്സരത്തില്‍ ക്യാച്ചുകള്‍ നഷ്ടപ്പെടുത്താന്‍ മത്സരിച്ച് ഇന്ത്യന്‍ താരങ്ങള്‍. ആദ്യ അഞ്ച് ഓവറിനിടെ മൂന്ന് ക്യാച്ചുകളാണ് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ വിട്ടുകളഞ്ഞത്. ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് മുഹമ്മദ് ഷമിയെറിഞ്ഞ ഒന്നാം ഓവറില്‍ തന്നെ നേപ്പാള്‍ ഓപ്പണര്‍ കുശാല്‍ ബര്ട്ടലിനെ പുറത്താക്കാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ സ്ലിപ്പില്‍ ശ്രേയസ് അയ്യര്‍ വിട്ടുകളഞ്ഞു.
മുഹമ്മദ് സിറാജ് എറിഞ്ഞ തൊട്ടടുത്ത ഓവറില്‍ ആസിഫ് ഷെയ്ഖിനെ കുടുക്കാനുള്ള അവസരവും ലഭിച്ചു. ഇത്തവണ ക്യാച്ച് കളഞ്ഞത് സാക്ഷാല്‍ വിരാട് കോലിയായിരുന്നു. അതും അനായാസമായ ക്യാച്ച്. ഷോര്‍ട്ട് കവറില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന കോലിക്ക് കയ്യിലൊതുക്കാനായില്ല.
അഞ്ചാം ഓവറില്‍ വീണ്ടും മറ്റൊരു അവസരം കൂടി. ഇത്തവണയും കുശാലിനാണ് ജീവന് ലഭിച്ചത്. മുഹമ്മദ് ഷമിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഇഷാന് കിഷന് വളരെ അനായാസമായ ക്യാച്ച് വിട്ടുകളഞ്ഞു. മറ്റു രണ്ട് ക്യാച്ചുകളെ അപേക്ഷിച്ച് ലളിതമായിരുന്നു ഇത്. ബര്‍ട്ടല്‍ 38 റണ്‍സാണ് നേടിയത്. ബര്ട്ടലിന്റെ ഒതുക്കാനുള്ള രണ്ട് അവസരം നഷ്ടമാവുമ്പോഴും താരം രണ്ടക്കം കണ്ടിരുന്നില്ല. ആസിഫ് 58 റണ്‍സ് നേടുകയും ചെയ്തു.
അതേസമയം ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ സ്വന്തമാക്കുന്ന ഫീല്‍ഡര്‍മാരുടെ പട്ടികയില്‍ നാലാം സ്ഥാനത്തെത്തി ഇന്ത്യയുടെ വിരാട് കോലി. ഇപ്പോള്‍ നടക്കുന്ന ഏഷ്യാ കപ്പില്‍ നേപ്പാള്‍ താരം ഷെയ്ഖ് ആസിഫിന്റെ ക്യാച്ചെടുത്തതോടെയാണിത്. 143 ക്യാച്ചുകളാണ് കോലിയുടെ അക്കൗണ്ടിലുള്ളത്. ഏറ്റവും കൂടുതല്‍ ക്യാച്ചുകളെടുക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ഫീല്‍ഡര്‍ കൂടിയാണ് കോലി. ഇക്കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ മുഹമ്മദ് അസറുദ്ദീനാണ് (156) ഒന്നാമന്. മുന്‍ ശ്രീലങ്കന്‍ താരം മഹേല ജയവര്‍ധനെയാണ് (218) പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ് (160) ആണ് രണ്ടാമത്. മൂന്നാം സ്ഥാനത്താണ് അസര്‍. ഇന്ന് മുന്‍ ന്യൂസിലന്‍ഡ് താരം റോസ് ടെയ്ലറെ (142)യാണ് കോലി മറികടന്നത്. സച്ചിന് ടെന്‍ഡുല്‍ക്കര്‍ (140), സ്റ്റീഫന്‍ ഫ്ളെമിങ് (133) എന്നിവര്‍ കോലിക്ക് പിന്നിലുണ്ട്.