ഹെഡിങ്ലി: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ ആദ്യ ഇന്നിങ്സില്‍ ഓസ്ട്രേലിയ 263 റൺസിനു പുറത്തായി. തുടക്കത്തിലെ തകര്‍ച്ചയ്ക്കുശേഷം മിച്ചല്‍ മാര്‍ഷലിന്റെയും ട്രാവിസ് ഹെഡ്ഡിന്റെയും മികവിലാണ് ഓസീസ് സ്കോർ ഇത്രയെങ്കിലുമെത്തിയത്.
സ്കോര്‍ബോര്‍ഡില്‍ 85 റണ്‍സ് മാത്രമുള്ളപ്പോള്‍ നാലു വിക്കറ്റുകള്‍ നഷ്ടപ്പെട്ട ഓസീസിനെ ഇരുവരും ചേര്‍ന്ന് കരകയറ്റി. മിച്ചല്‍ മാര്‍ഷ് സെഞ്ചുറി നേടി- 118 പന്തിൽ 118 റൺസ്.
സ്റ്റുവര്‍ട്ട് ബ്രോഡിന്റെയും മാര്‍ക്ക് വുഡിന്റെയും മിന്നുന്ന ബൗളിങ്ങില്‍ ഓസീസ് നിര തുടക്കത്തില്‍ വിയര്‍ത്തു. സ്കോര്‍ബോര്‍ഡില്‍ നാലു റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ സാക് ക്രൗളിയുടെ കൈകളിലെത്തിച്ചുകൊണ്ട് സ്റ്റുവര്‍ട്ട് ബ്രോഡ് ഓസീസിന് ആദ്യ പ്രഹരമേല്‍പ്പിച്ചു. ഇത് 16-ാം തവണയാണ് ബ്രോഡ് വാര്‍ണറെ പുറത്താക്കുന്നത്. പിന്നാലെ ഓസീസ് ബോര്‍ഡില്‍ 42 റണ്‍സുള്ളപ്പോള്‍ 13 റണ്‍സെടുത്ത ഉസ്മാന് ഖവാജയെ മാര്‍ക്ക് വുഡും പുറത്താക്കി. പിന്നീട് മാര്‍നസ് ലാബുഷെയ്നും സ്റ്റീവന്‍ സ്മിത്തും ചേര്‍ന്ന് ഓസീസിനെ കരകയറ്റുമെന്നു തോന്നിപ്പിച്ചെങ്കിലും ലാബുഷെയ്നിനെ (21) പുറത്താക്കി ക്രിസ് വോക്സും സ്മിത്തിനെ(22)പുറത്താക്കി ബ്രോഡും ഇംഗ്ലണ്ടിനു മേല്‍ക്കൈ സമ്മാനിച്ചു.
പിന്നീടാണ് ക്രീസില്‍ ട്രാവിഡ് ഹെഡും മിച്ചല്‍ മാര്‍ഷും ഒത്തുചേര്‍ന്നത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ മിച്ചല്‍ മാര്‍ഷ് 105 പന്തില്‍ സെഞ്ചുറി തികച്ചു. ഇതില്‍ 15 ബൗണ്ടറിയും മൂന്നു സിക്സുമുണ്ടായിരുന്നു. ഹെഡ് 39 റൺസുമായി മികച്ച പിന്തുണയും നല്കി. എന്നാൽ, ഇവരുടെ 155 റൺസ് കൂട്ടുകെട്ട് തകർന്നതോടെ ഓസ്ട്രേലിയ 240/4 എന്ന നിലയിൽ നിന്ന് വെറും 23 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ഓൾഔട്ടാകുകയായിരുന്നു. പരിക്ക് മാറി തിരിച്ചെത്തിയ മാർക്ക് വുഡ് 34 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. ക്രിസ് വോക്ക്സിനു മൂന്നും സ്റ്റ്യുവർട്ട് ബ്രോഡിനു രണ്ടും വിക്കറ്റ്.