ലണ്ടന്‍: ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ ഓസ്ട്രേലിയ കളം പിടിച്ചു. ഒന്നാം ഇന്നിങ്സില്‍ 173 റണ്‍സ് ലീഡ് നേടിയ ഓസീസ് രണ്ടാം ഇന്നിങ്സിൽ മൂന്നാംദിനം കളി നിര്‍ത്തുമ്പോള്‍ 4 വിക്കറ്റ് നഷ്ടത്തിൽ 296 റണ്‍സിൻ്റെ ലീഡ്.
13 റൺസെടുത്ത ഉസ്മാൻ ഖവാജ, ഒരു റണ്ണെടുത്ത ഡേവിഡ് വാർണർ 34 റൺസെടുത്ത സ്റ്റീവ് സ്മിത്ത്, 18 റൺസെടുത്ത ട്രാവിസ് ഹെഡ് എന്നിവരാണ് പുറത്തായത്. മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് എന്നിവർക്ക് ഓരോ വിക്കറ്റ് വീതവും രവീന്ദ്ര ജഡേജയ്ക്ക് 2 വിക്കറ്റും ലഭിച്ചു. ലാബുഷെയ്നും കാമറൂൺ ഗ്രീനുമാണ് ക്രീസിൽ.
നേരത്തെ കെന്നിംഗ്ടണ്‍ ഓവലില്‍ ഓസീസിന്റെ 469 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ വെറും 296 റണ്‍സിന് പുറത്തായി. അജിന് രഹാനെ (89), ഷാര്‍ദുല്‍ ഠാക്കൂര്‍ (51), രവീന്ദ്ര ജഡേജ (48) എന്നിവരാണ് ഇന്ത്യയെ വലിയ നാണക്കേടില്‍നിന്ന് കരകയറ്റിയത്. ഓസീസിനായി നായകന് പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റ് വീഴ്ത്തി. അജിന്‍ക്യ രഹാനെ (129 പന്തില്‍ 89), ഷാര്‍ദൂല്‍ ഠാക്കൂര്‍ (109 പന്തില്‍ 51) എന്നിവര്‍ ചേര്‍ന്നു നടത്തിയ ചെറുത്തുനില്‍പ്പാണ് ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ഇന്ത്യയെ സഹായിച്ചത്. ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 109 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതാണ് ഇന്ത്യന്‍ നിരയിലെ മികച്ച കൂട്ടുകെട്ടും. ജഡേജ ഏകദിന ശൈലിയില്‍ ബാറ്റ് വീശിയതോടെ ഇന്ത്യ മുന്നൂറിനരികേയെത്തി.
അഞ്ചുവിക്കറ്റിന് 151 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് വേണ്ടി അജിങ്ക്യ രഹാനെയും ശ്രീകര്‍ ഭരതും ക്രീസിലെത്തി. എന്നാല്‍ തുടക്കത്തില്‍ത്തന്നെ ശ്രീകര്‍ ഭരതിനെ നഷ്ടമായി. മൂന്നാം ദിനം ഒരുറണ്‍ പോലും നേടാനാകാതെ ഭരത് പുറത്തായി. താരത്തെ സ്കോട് ബോളണ്ട് ക്ലീന്‍ ബൗള്‍ഡാക്കി. ഇതോടെ ഇന്ത്യ 152 ന് ആറുവിക്കറ്റ് എന്ന സ്കോറിലേക്ക് വീണു.ഭരതിന് പകരം ശാര്‍ദൂല്‍ ഠാക്കുര്‍ ക്രീസിലെത്തിയതോടെ ഇന്ത്യ ഉണര്‍ന്നു. ശാര്‍ദൂലിനെ കൂട്ടുപിടിച്ച് രഹാനെ മികച്ച പ്രകടനം പുറത്തെടുത്തു.
വൈകാതെ താരം അര്‍ധസെഞ്ചുറി നേടുകയും ചെയ്തു. ശാര്‍ദൂലും പ്രതിരോധിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യന്‍ സ്കോര്‍ 200 കടന്നു.രഹാനെയുടെ മിന്നുന്ന ഷോട്ടുകള്‍ ഓസീസ് ബൗളര്‍മാരുടെ മനോവീര്യം കെടുത്തി. ഓസീസ് ബൗളര്‍മാരുടെ തീതുപ്പുന്ന പന്തുകളെ ശാര്‍ദൂലും രഹാനെയും കൂസലില്ലാതെ നേരിട്ടു. 60-ാം ഓവറിലെ നാലാം പന്തില്‍ ഇരുവരും സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
ഇതോടെ ഇന്ത്യ മത്സരത്തിലാദ്യമായി ബാറ്റിങ്ങില്‍ ഫോമിലേക്കുയര്‍ന്നു. ഒപ്പം ടീം സ്കോര്‍ 250 കടക്കുകയും ചെയ്തു. ഇരുവരും നനിന്നാല് ഇന്ത്യക്ക് ലീഡ് നേടാനാകുമെന്ന അവസ്ഥയായിരുന്നു അപ്പോള്‍ ഉണ്ടായിരുന്നത്..ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ ആറുവിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സ് എന്ന ഭേദപ്പെട്ട നിലയിലായിരുന്നു.
എന്നാല്‍ ഉച്ച ഭക്ഷണത്തിനുശേഷം കാര്യങ്ങള്‍ മാറിമറിഞ്ഞു. നായകന് പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ രഹാനെ ഗ്രീനിന് ക്യാച്ച് നല്കി മടങ്ങി. അവിശ്വസനീയ ക്യാച്ചിലൂടെയാണ് ഗ്രീന്‍ രഹാനെയെ പുറത്താക്കിയത്. 129 പന്തുകള്‍ നേരിട്ട രഹാനെ 11 ഫോറിന്റെയും ഒരു സിക്സിന്റെയും സഹായത്തോടെ 89 റണ്‍സെടുത്താണ് ക്രീസ് വിട്ടത്. ശാര്‍ദൂലിനൊപ്പം ഏഴാം വിക്കറ്റില്‍ 109 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്താനും താരത്തിന് സാധിച്ചു.രഹാനെയ്ക്ക് പകരം വന്ന ഉമേഷ് യാദവ് (5) കമ്മിന്‍സ് ഉമേഷിനെ ക്ലീന്‍ ബൗള്ഡാക്കുകയിരുന്നു.
പിന്നീട് ഷമിയെ കൂട്ടുപിടിച്ച് ശാര്‍ദൂല്‍ സ്കോര്‍ ഉയര്‍ത്തി. വൈകാതെ താരം അര്‍ധസെഞ്ചുറി നേടി. താരത്തിന്റെ നാലാം ടെസ്റ്റ് അര്‍ധസെഞ്ചുറിയാണിത്. എന്നാല്‍, അര്‍ധസെഞ്ചുറി നേടിയതിനുതൊട്ടുപിന്നാലെ ശാര്‍ദൂലിനെ കാമറൂണ്‍ ഗ്രീന്‍ പുറത്താക്കി. കൂറ്റനടിക്ക് ശ്രമിച്ച ശാര്‍ദൂലിന്റെ ബാറ്റിലുരസിയ പന്ത് വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരി കൈക്കലാക്കി. 51 റണ്‍സെടുത്താണ് ശാര്‍ദൂല്‍ ക്രീസ് വിട്ടത്.പിന്നാല ഷമിയും പുറത്തായി. 13 റണ്‍സെടുത്ത ഷമിയെ മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താക്കി. ഇതോടെ ഇന്ത്യന്‍ ഇന്നിങ്സ് അവസാനിച്ചു. ഓസ്ട്രേലിയയ്ക്ക് വേണ്ടി നായകന് പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, സ്കോട്ട് ബോളണ്ട്, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നഥാന്‍ ലിയോണ്‍ ഒരു വിക്കറ്റ് സ്വന്തമാക്കി.