ന്യൂഡൽഹി: ലോകകപ്പിൽ നെതർലൻഡ്സിനെതിരേ ഓസ്ട്രേലിയയുടെ ഗ്ലെൻ മാക്സ്വെല്ലിന് 40 പന്തിൽ സെഞ്ചുറി. ഇതോടെ ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയുടെ റെക്കോഡ് മാക്സിക്കു സ്വന്തമായി. ആകെ 44 പന്ത് മാത്രം നേരിട്ട മാക്സ്വെൽ ഓസ്ട്രേലിയൻ ഇന്നിങ്സിലെ അവസാന ഓവറിൽ 106 റൺസിനു പുറത്തായി. ഓസ്ട്രേലിയ അമ്പതോവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 399 റൺസും നേടി.
ഇതേ ടൂർണമെന്റിൽ ശ്രീലങ്കയ്ക്കെതിരേ ദക്ഷിണാഫ്രിക്കൻ ബാറ്റർ എയ്ഡൻ മാർക്രം സ്ഥാപിച്ച റെക്കോഡാണ് മാക്സ്വെൽ തകർത്തത്. വെസ്റ്റിൻഡീസിനെതിരേ 31 പന്തിൽ സെഞ്ചുറിയടിച്ച എബ്രഹാം ഡിവില്ലിയേഴ്സിന്റെ പേരിലാണ് ഈയിനത്തിലെ ലോക റെക്കോഡ്.
ഒരു ഓസ്ട്രേലിയന്‍ ബാറ്ററുടെ ഏറ്റവും വേഗമേറിയ സെഞ്ചുറി കൂടിയാണ് മാക്സി നേടിയത്. 2015 ലോകകപ്പില്‍ മാക്സ വെല്‍ തന്നെ ശ്രീലങ്കയ്ക്കെതിരേ 51 പന്തുകളില്‍ നേടിയ സെഞ്ചുറിയാണ് ഇതിനു മുമ്പുള്ള ഓസീസ് റെക്കോഡ്.
ഓസ്ട്രേലിയയ്ക്കും റെക്കോഡ്
ലോകകപ്പില്‍ റണ്‍സ് അടിസ്ഥാനത്തിലെ ഏറ്റവും വലിയ വിജയമാണ് ഓസീസ് നേടിയത്. ഏകദിനത്തില്‍ റണ്‍സ് അടിസ്ഥാനത്തില്‍ നേടുന്ന ഏറ്റവും വലിയ വിജയം ഇന്ത്യയുടെ പേരിലാണ്. ശ്രീലങ്കയ്ക്കെതിരേ നേടിയ 317 റണ്‍സ്. ഓസ്ട്രേലിയയുടെ ഈ വിജയം രണ്ടാം സ്ഥാനത്തും.
ലോകകപ്പില്‍ ഓസ്ട്രേലിയ നേടുന്ന ഉയര്‍ന്ന രണ്ടാമത്തെ സ്കോറാണിത്. 2015ല്‍ അഫ്ഗാനെതിരേ നേടിയ ആറിന് 417 ആണ് ഇതിനു മുമ്പത്തെ ഓസീസിന്റെ ഉയര്‍ന്ന സ്കോര്‍.
ലോകകപ്പിലെ സെഞ്ചുറി വേട്ടയില്‍ സാക്ഷാല്‍ സച്ചിന് ടെന്‍ഡുല്‍ക്കര്‍ക്കൊപ്പമെത്താനും ഡേവിഡ് വാര്‍ണര്‍ക്കായി. ഡേവിഡ് വാര്‍ണറുടെ ആറാം ലോകകപ്പ് സെഞ്ചുറിയാണിത്. റിക്കി പോണ്ടിങ്ങിന്റെ റെക്കോഡ് (5) മറികടന്ന് ഏറ്റവും കൂടുതല്‍ ലോകകപ്പ് സെഞ്ചുറി നേടുന്ന് ഓസീസ് താരമാകാനും വാര്‍ണര്‍ക്കായി. ലോകകപ്പില്‍ കൂടുതല്‍ സെഞ്ചുറി എന്ന റെക്കോഡ് ഇതേ ടൂര്‍ണമെന്റില്‍ത്തന്നെ ഇന്ത്യയുടെ രോഹിത് ശര്‍മ നേടിയിരുന്നു. ഏഴ് സെഞ്ചുറി അദ്ദേഹത്തിന്റെ പേരിലുണ്ട്.
ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങി എന്ന നാണക്കേടിന്റെ റെക്കോഡ് സ്വന്തമാക്കി നെതര്‍ലന്‍ഡ് താരം ബാസല്‍ ഡേ ലീഡെ. 10 ഓവറില്‍ 115 റണ്‍സാണ് അദ്ദേഹം വഴങ്ങിയത്. രണ്ട് വിക്കറ്റും ലഭിച്ചു. ഓസ്ട്രേലിയയുടെ മിക് ലൂയിസാണ് രണ്ടാമത്. 113 റണ്‍സ്. ഓസ്ട്രേലിയയുടെ ആദം സാംപയും 113 റണ്‍സ് വഴങ്ങിയിട്ടുണ്ട്. ഇതു രണ്ടും ദക്ഷിണാഫ്രിക്കയ്ക്കേതിരേയായിരുന്നു.