ദുബായ്: ഐസിസി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യയുടെ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിനെ പിന്തള്ളി മുന്‍ പാക്കിസ്ഥാന് ക്യാപ്റ്റന്‍ ബാബര്‍ അസം ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഗില്ലാണ് രണ്ടാമത്. കഴിഞ്ഞ മാസം നടന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ താരം ഒന്നാം സ്ഥാനത്തെത്തിയെങ്കിലും അതിനുശേഷം ഏകദിനമൊന്നും കളിച്ചിട്ടില്ല.
ആദ്യ അഞ്ച് സ്ഥാനക്കാരില്‍ മൂന്നും ഇന്ത്യന്‍ താരങ്ങളാണ്. ഗില്ലിനു പുറമെ വിരാട് കോഹ് ലി, രോഹിത് ശര്‍മ എന്നിവര്‍ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലുണ്ട്. ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് അഞ്ചാമത്. ഡാരില്‍ മിച്ചല്‍ (ന്യൂസിലന്‍ഡ്), ഹാരി ടെക്റ്റര്‍ (അയര്‍ലന്‍ഡ്), റാസി വാന്‍ ഡര് ഡസ്സന് (ദക്ഷിണാഫ്രിക്ക), ഡേവിഡ് മലാന് (ഇംഗ്ലണ്ട്), ഹെന്റിച്ച് ക്ലാസന് (ദക്ഷിണാഫ്രിക്ക) എന്നിവരും ആദ്യ പത്തിലുണ്ട്. ശ്രേയസ് അയ്യര്‍ 12-ാം സ്ഥാനത്തേക്ക് താഴ്ന്നപ്പോള്‍ കെഎല്‍ രാഹുല്‍ 16-ാം സ്ഥാനത്തെത്തി. ബൗളര്‍മാരുടെ പട്ടികയില്‍ ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജ് ഒന്നാം സ്ഥാനം നിലനിര്‍ത്തി.
ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ ജോഷ് ഹെയ്സല്‍വുഡ് ആണ് രണ്ടാമത്. മുഹമ്മദ് സിറാജ് മൂന്നാം സ്ഥാനത്തും ജസ്പ്രീത് ബുമ്ര അഞ്ചാം സ്ഥാനത്തുമാണ്. കുല്‍ദീപ് യാദവിന് എട്ടാം സ്ഥാനമാണ്. മുഹമ്മദ് ഷമി 11-ാം സ്ഥാനത്തും സ്പിന്നര്‍ രവീന്ദ്ര ജഡേജ 22-ാം സ്ഥാനത്തുമുണ്ട്. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസന് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ആദ്യ പത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ ആരും തന്നെയില്ല. ജഡേജയും (12) ഹര്‍ദിക് പാണ്ഡ്യയും (17) മാത്രമാണ് ആദ്യ 20ല്‍ ഇടം നേടിയ ഇന്ത്യന്‍ താരങ്ങള്‍.